Tuesday, March 29, 2011

വിദ്വേഷത്തിന്റെ സുവിശേഷം പ്രചരിപ്പിക്കുന്ന മിഷനറിമാര്‍

മലപ്പുറം ജില്ലയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ പൊന്നാനിയിലെ മുസ്ലിം വീടുകളില്‍ ഒരു ക്രിസ്ത്യന്‍ മിഷനി കഴിഞ്ഞയാഴ്ച വിതരണം ചെയ്ത പുസ്തകത്തിന്‍റെ പുറം കവറാണ് ചിത്രത്തില്‍  കാണിച്ചിരിക്കുന്നത്.  പുസ്തകത്തിന്‍റെ പേര്   “ഒരു അന്വഷണത്തിന്റെ അന്ത്യം”, ഗ്രന്ഥകര്‍ത്താവിന്‍റെ പേരായി പുസ്തകത്തില്‍ കാണിച്ചിരിക്കുന്നത് ഖിസ്സിസ്‌ കെ ഷാലിയഖ് എന്നാണ്.  മലപ്പുറം ജില്ലയിലെ ഒരു പാരമ്പര്യ പുരോഹിത കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഷാലിയാഖ് എന്ന വ്യക്തിയുടെ ക്രിസ്തുമതാശ്ലേഷമാണ് പുസ്തകത്തിന്‍റെ ഇതിവൃത്തം എന്നാണ് പുസ്തകത്തിന്‍റെ പിന്‍ചട്ടയില്‍ ഈ പുസ്തകത്തെ ക്കുറിച്ച് പരിചയപ്പെടുത്തുന്നത്,

ഈ പുസ്തകം കണ്ടപ്പോള്‍ കൌതുകം തോന്നിയത് ഖിസ്സിസ്‌ കെ ഷാലിയഖ്  എന്ന പേരാണ്. മുസ്ലിംക‍ളോ ക്രിസ്ത്യാനികളോ ഇത്തരം ഒരു പേര് കേരളത്തില്‍ ഉപയോഗിക്കുന്നത് കെട്ടിട്ടില്ല, മലപ്പുറം ജില്ലയില്‍ ജീവിക്കുന്നു എന്നവകാശപ്പെടുന്ന ഇത്തരം ഒരു ക്രിസ്ത്യാനിയെക്കുറിച്ച് മുമ്പ് കേട്ടിട്ടും ഇല്ല. പുസ്തകത്തില്‍ പറയുന്നത് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത് `1977 ല്‍ ഇന്ഗ്ലീഷ് ഭാഷയില്‍ ആണെന്നാണ്. ഏതായിരുന്നാലും ഗ്രന്ഥകര്‍ത്താവിനെ ക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ പുസ്തകത്തിന്‍റെ പേര് ഇന്റര്‍നെറ്റില്‍ ചെയ്തു.

നെറ്റില്‍ സേര്‍ച്ച്‌ ചെയ്തപ്പോള്‍, ഈ പുസ്തകത്തിന്‍റെ ഇന്ഗ്ലീഷ് മൂലം അതെ പടി പല മിഷനറിസംഘടകളുടെ വെബ്സൈററ്റുകളിലും ലഭ്യമാണ് എന്ന് മനസ്സിലായി. ഗ്രന്ഥ കര്‍ത്താവ് പക്ഷെ ഖിസ്സിസ്‌ കെ ഷാലിയഖ്  അല്ല മറിച്ചു ഫാദര്‍ കെ കെ അലവി ആണ്!. ആ വെബ്സൈറ്റുകള്‍ ഈ പുസ്തകത്തെ പരിചയപ്പെടുത്തുന്നത് , ഇന്ത്യയിലെ മലപ്പുറം എന്ന മുസ്ലിംകള്‍ തിങ്ങി പ്പാര്‍ക്കുന്ന പ്രദേശത്ത് ക്രിസ്ത്യാനികള്‍ മുസ്ലിംകളില്‍ നിന്ന് അനുഭവിക്കുന്ന പീഡനത്തെ ക്കുറിച്ച് പറഞ്ഞുകൊണ്ടാണ്. ഫാദര്‍ അലവിയുടെ പീഡന കഥ, മുസ്ലിംകള്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തുന്ന കൊടിയ പീഡനത്തിന്റെ ചെറിയ ഒരു ഉദാഹരണം മാത്രമായാണ് അവര്‍ അവതരിപ്പിക്കുന്നത്‌. ഇന്റെര്‍നെറ്റില്‍ മിഷനറി സൈറ്റുകളില്‍ കൊടുത്തിരിക്കുന്ന വിവരം അനുസരിച്ച് ഈ പുസ്തകം ഇന്ഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് സ്വിറ്റ്സര്‍ലന്റിലെ ഒരു മിഷനറി സംഘടനയാണ്.‍ മലയാളത്തില്‍ എനിക്ക് കിട്ടിയ ഈ പുസ്കതത്തിന്റെ ആ മുഖത്തില്‍ പറയുന്നതനുസരിച്ച്, പുസ്തകം ആദ്യം പ്രസിദ്ധീകരിച്ചത് 1977ല്‍ ഇന്ഗ്ലീഷില്‍ ആണ്, പിന്നീട് അറബിയില്‍ പരിഭാഷപ്പെടുത്തി ഈജിപ്തില്‍ പ്രസിദ്ധീകരിച്ചു. അതെ പോലെ തെന്നെ മലയാളത്തിലും മറ്റു ലോക ഭാഷകളിലും ഭാഷകളിലും അതിന്‍റെ പരിഭാഷയും വന്നു.

ഈ ഫാദര്‍ അലവിയെ ക്കുറിച്ച് ഞാന്‍ ആദ്യം കേള്‍ക്കുന്നത് കുറെ വര്‍ഷങ്ങള്‍ക്കു മുമ്പാണ്. മര്‍കസുല്‍ ബിഷാറ എന്ന പേരില്‍, മഞ്ചേരി കേന്ദ്രമായി  മുസ്ലിംകള്‍ക്കിടയില്‍ മിഷനറി പ്രവര്‍ത്തനം നടത്താന്‍ വേണ്ടി സ്ഥാപനം ഉണ്ടാക്കിയ വ്യക്തിയായിരുന്നു ഫാദര്‍ അലവി. ദുരൂഹമായി പ്രവര്‍ത്തന രീതിയുണ്ടായിരുന്ന ഈ സ്ഥാപനം പിന്നീട് പെണ്‍വാണിഭ ആരോപണങ്ങളില്‍ പെടുകയും പോലീസ്‌ കേസെടുക്കുകയും ചെയ്തതിന് ശേഷം അടച്ചു പൂട്ടുകയാണ് ഉണ്ടായത് . ഫാദര്‍ അലവിയെക്കുറിച്ചോ, മര്‍കസുല്‍  ബിഷാറയെ ക്കുറിച്ചോ പിന്നീട് അധികം ഒന്നും ഞാന്‍ കേട്ടിട്ടില്ല. അദ്ദേഹം ഇപ്പോഴും മിഷനറി രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും അറിയില്ല.

ഏതായിരുന്നാലും ഈ പുസ്തകത്തില്‍ മലപ്പുറം ജില്ലയിലെ മുസ്ലിംകളെ അത്യന്തം ക്രൂരന്മാരും ഭീകരന്മാരുമായാണ് ചിത്രീകരിക്കുന്നത്. മുസ്ലിം ആയിരുന്ന ഒരു വ്യക്തി ക്രിസ്തുമതത്തെ ക്കുറിച്ച് പഠിച്ചു, ഇസ്ലാമിനെയും ക്രിസ്തുമതത്തെയും താരതമ്യം ചെയ്തു  ക്രിസ്തുമതത്തിന്റെ മേന്മ വിവരിക്കാന്‍ വേണ്ടി എഴുതിയ ഒരു പുസ്തകം ആയിരുന്നു ഇതെങ്കില്‍ എനിക്ക് എതിര്‍പ്പുണ്ടാകുമായിരുന്നില്ല.  എന്നാല്‍  ഈ പുസ്തകത്തില്‍, ഖിസ്സിസ്‌ കെ ഷാലിയഖ്  എന്ന ഫാദര്‍ അലവി നേരിടേണ്ടി വന്നു എന്ന് പറയുന്ന പീഡനങ്ങള്‍ അത്യന്തം ഭീകരമായ് രീതിയില്‍ വിവരിച്ചു അത് ഇസ്ലാമിന്‍റെ പേരില്‍ ആരോപിക്കുകയാണ് ചെയ്യുന്നത്.  മത സമൂഹങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയും അകല്‍ച്ചയും വെറുപ്പും വളര്‍ത്താന്‍ മാത്രം ഉതകുന്നതാണ് ഈ പുസ്തകം. മലപ്പുറം ജില്ലയില്‍ കൃസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നു എന്ന് പാശ്ചാത്യനാടുകളില്‍ പ്രചരിപ്പിക്കുന്നത് മിഷനറി ഫണ്ടിങ്ങിനു സഹായകരാമയെക്കാം, എന്നാല്‍ വിവിധ മത വിഭാഗങ്ങള്‍ അത്യന്തം സൌഹൃതതോടെ കഴിയുന്ന, പൊന്നാനി പോയുള്ള ഗ്രാമ പ്രദേശങ്ങളില്‍ ഒരു സമൂഹത്തെ മൊത്തം കരിവാരിത്തെക്കുന്ന ഇത്തരം വിതരണം ചെയ്യുന്നത് അത്യന്തം അപകടകരമാണ്. സമുദായങ്ങള്‍ തമ്മിലുള്ള  സ്പര്‍ദ്ധയും കാലുശ്യവും വളര്‍ത്താന്‍ മാത്രമേ ഇത്തരം പുസ്തകങ്ങള്‍ ഉതകൂ.

പുസ്തകത്തിന്‍റെ ഉള്ളടക്കം

ഖിസ്സിസ്‌ കെ ഷാലിയഖ്  എന്ന വ്യക്തി ക്രിസ്റ്യാനിയിലേക്ക് മതം മാറുന്നതും അതിനോടനുബന്ധിച്ചു നേരിടേണ്ടി വരുന്ന പീഡനങ്ങളും ആണ് പുസ്തകത്തിന്‍റെ മുഖ്യ പ്രദിപാദനം. പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന സമയത്ത് ഈ ഖിസ്സിസ്‌ കെ ഷാലിയഖിന്റെ പ്രായം എത്രയാണെന്നറിയെണ്ടേ? വെറും പതിനൊന്ന് വയസ്സ്, അഥവാ ആറാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥി. മലപ്പുറം ജില്ലയിലെ ചെറുകുന്ന് ദേശത്ത് ഒരു “മുസ്ലിം പുരോഹിതന്‍റെ” മകനായാണത്രേ ഖിസ്സിസ്‌ ജനിച്ചത്‌. അങ്ങിനെ കോട്ടക്കലില്‍ ഉള്ള ഗവര്‍മെന്റ് മാപ്പിള യു പി സ്കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍, ഒരു ദിവസം കോട്ടക്കല്‍ ചന്തയില്‍ വെച്ച്, ഒരു മിഷനറി  വിതരണം ചെയ്യുകയായിരുന്ന “തമ്പിയുടെ ഹൃദയം” എന്നാ പുസ്തകം ഖിസ്സിസിന് ലഭിക്കുവാന്‍ ഇടയായി. സുഹൃത്തിന് കിട്ടിയ പുസ്തകം അവന്‍ “നസ്രാണികളോടുള്ള ഒടുങ്ങാത്ത വിരോധം പ്രകടിപ്പിക്കാനായി പിച്ചിച്ചീന്തി ക്കളഞ്ഞു". നസ്രാണികള്‍ എന്ന് “മുസ്ലിംകളായ ഞങ്ങള്‍ വിളിക്കുന്ന” ക്രിസ്ത്യാനികളോട് എനിക്കും പുച്ഛമനോഭാവം ആയിരുന്നു എന്നും ഖിസ്സിസ്‌ പറയുന്നുണ്ട്. പിന്നീട് ഈ പുസ്തകത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌, ഖിസ്സിസ്‌ എന്ന ആറാം ക്ലാസുകാരന്‍, ക്രിസ്തുവിനെ ക്കുറിച്ച് കൂടുതല്‍ അറിയാന്‍  തപാല്‍ വഴി നടത്തെപ്പെടുന്ന ബൈബിള്‍ പഠന പദ്ധതിയില്‍ ചേര്‍ന്നു.

ഇതറിഞ്ഞ ഖിസ്സിസിന്റെ പിതാവ് അയാളെ ഒരു തൂണില്‍ കെട്ടിയിട്ട് അവശനാകുന്നത് വേരെ പൊതിരെ തല്ലുന്നു. എന്നിട്ട് പറഞ്ഞു. “മുസ്ലിംകളായ നാം ഇത്തരം പുസ്തകങ്ങള്‍ വായിച്ചു കൂടാ. അവ ഹറാം ആണ്. പ്രത്യേകിച്ച് ക്രിസ്ത്യാനികളുടെ പുസ്തകങ്ങള്‍. കാരണം അവ അത്യാകര്‍ഷകമത്രേ അവ വായിച്ചാല്‍ നാം കൂടെ ക്രിസ്ത്യാനികളായി പോകും..”

ഖിസ്സിസ്‌  എന്ന പതിനൊന്ന് കാരന്‍ പിന്നീട് ഖുറാനിലും “ഖിസ്സസുല്‍ അമ്പിയാ” പോലെയുള്ള മത ഗ്രന്ഥങ്ങളിലും യേശുവിനെ ക്കുറിച്ച് എന്ത് പറയുന്നു എന്ന് സമഗ്രമായി പഠിക്കുന്നു. പുസ്തകത്തില്‍ പിന്നീട് കൊടുത്തിട്ടുള്ളത് ഖിസ്സിസ്സിന്റെ സമഗ്ര പഠനം വഴി കണ്ടത്തിയ,  യേശുവിനെ ക്കുറിച്ച് പറയുന്ന കുറെ ഖുര്‍ആന്‍ വചനങ്ങളാണ്. ഏതായിരുന്നാലും സംശയങ്ങള്‍ വര്‍ദ്ധിച്ച ഖിസ്സിസ്‌ മലപ്പുറത്തെ ക്രിസ്ത്യന്‍ മിഷനറി ആശുപത്രില്‍ പോയി, മിഷനറി റവ.റോളണ്ട് ഇ. മില്ലറെ കാണുന്നു. അദ്ദേഹം പ്രായപൂര്തിയായിട്ടില്ലാത്ത ഖിസ്സിസിനോട് സണ്ടേസ്കൂളില്‍ ചേരാന്‍ ആവശ്യപ്പെടുന്നു. അങ്ങിനെ മാതാപിതാക്കളെ അറിയിക്കാതെ ഖിസ്സിസ്സും സുഹൃത്ത് അബുല്ലയും കൂടി, കോട്ടപ്പടിയിലുള്ള ഒരു ക്രിസ്ത്യന്‍ മിഷന്‍ വായനാശാലയുടെ പ്രവര്‍ത്തകന്‍ വഴി, സണ്ടേസ്കൂളില്‍ പോയിതുടങ്ങുന്നു. വായനാ ശാലാ പ്രവര്‍ത്തകര്‍ ബസ്സുകൂലിയടക്കം ഖിസ്സിസിന് വേണ്ടുന്ന സഹായങ്ങള്‍ ‍ ചെയ്തുകൊടുക്കുന്നു,

ഇത് വായിച്ചപ്പോള്‍ ഓര്‍ത്തത് ലവ് ജിഹാദ് വിവാദമാണ്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ പറഞ്ഞു പെറ്റിച്ചു മതം മാറ്റുന്നു എന്നയിരുന്നുവല്ലോ, കെ സി ബി സി യുടെ പരാതി. പ്രായപൂര്തിയാകത്തെ ബാലന്മാരെ, അവരുടെ വീട്ടുകാരറിയാതെ സണ്ടേ സ്കൂളില്‍ ചേര്‍ക്കുന്നതിനെയും മതം മാറ്റാന്‍ ശ്രമിക്കുന്നതിനെയും എന്ത് ജിഹാദ്‌ എന്നാണാവോ വിളിക്കേണ്ടത്?

ഖിസ്സിസ് സണ്ടേസ്കൂളില്‍ പോകുന്നത് പിതാവ് അറിയുന്നു.പിന്നീട് പിതാവ്  തെന്റെ  ആറാം ക്ലാസ്സുകാരനായ മകനെതിരെ കൈകൊള്ളുന്ന ശിക്ഷണരീതി പുസ്തകത്തില്‍ വിവരിക്കുന്നത് ഇങ്ങനെ.

“ഞാന്‍ വീട്ടിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ പെട്ടന്ന് എന്റെ പിതാവ് ഉച്ചത്തില്‍ അലറിക്കൊണ്ട് വന്ന് എന്നെ പിടിച്ചു കൈ രണ്ടും പിന്നിലേക്ക്‌ കെട്ടി ഒരു ചുമരരുകില്‍ കിടത്തി അടിക്കുകയും കണ്ണിലും മുഖത്താകമാനം അരച്ച കാന്താരിമുളക് പുരട്ടുകയും ചെയ്തു. ആസമയതെല്ലാം ഞാന്‍ ക്രിസ്ത്യന്‍ പുസ്തകങ്ങള്‍ വായിച്ചതെന്തിനെന്നും ക്രിസ്ത്യാനികളും ആയി കൂട്ടുകൂടുന്നതെന്തിനെന്നും ചോദിച്ചുകൊണ്ടിരിന്നു..ഈ രീതിയിലുള്ള ശിക്ഷ പല പ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്”

മലപ്പുറം ജില്ലയില്‍, പതിനൊന്ന് വയസ്സുകാരനെ പോലും ക്രൂരമായി പീഡിപ്പിക്കുന്ന മുസ്ലിംകള്‍ എന്ന ഒരു ജനവിഭാഗം ഉണ്ട് എന്ന് അവരില്‍ നിന്നും ക്രിസ്ത്യാനികളെ രക്ഷിക്കാന്‍ ഫണ്ട് തരണം എന്നും പാശ്ചാത്യരെ ബോധ്യപ്പെടുത്താന്‍ എഴുതിയതാണ് ഈ വരികള്‍ എന്ന് വ്യക്തം.

പിതാവിന്‍റെ ക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷവും  ഖിസ്സിസ്‌ സണ്ടേസ്കൂളില്‍ പോകുന്നു, പിതാവ് ഖിസ്സിസിനെ പിടികൂടുന്നു വീണ്ടും  ക്രൂരമായി മര്‍ദ്ധിക്കുന്നു. തുടര്‍ന്ന് നാട്ടില്‍ വിവരം അറിയുകയും ജനങ്ങള്‍ എല്ലാം ഖിസ്സിസ്‌ എന്ന ബാലനെ പരിഹസിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ആവിവരണം ഇങ്ങനെ.

“ജനങ്ങള്‍ എന്നെ പരിഹസിക്കുകയും പേരുകള്‍ വിളിക്കുകയും എന്റെ നേരെ കല്ലെറിയുകയും പതിവായി തീര്‍ന്നു. സ്കൂള്‍ വിട്ടു വീട്ടില്‍ പോകുമ്പോള്‍ :ശപിക്കപ്പെട്ടവന്‍ ഇതാ പോകുന്നു”, “മത്തായി ഇതാ വരുന്നു; നസ്രാണി വരുന്നു" എന്നല്ലാം പറഞ്ഞു കൂവി വിളിക്കുക പതിവായിരുന്നു. ബന്ധുക്കളും സുഹൃത്തുകളും അദ്ധ്യാപകര്‍ പോലും എന്നോട് ക്രൂരമായി പെരുമാറി”

ഖിസ്സിസു പിന്നീടും ക്രിസ്ത്യന്‍ മിഷനറി മാരും ആയുള്ള ബന്ധം തുടര്‍ന്നുകൊണ്ടിരിന്നു. അങ്ങിനെ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട് വിട്ടിറങ്ങുകയും പിന്നീട് പിടിക്കപ്പെടുകയും ഉണ്ടായി. അതിന് ശേഷം സംഭവിച്ചത് ഇങ്ങനെയാണ്:

“കുറെ സമയത്തിന് ശേഷം ചില മുസ്ലിംകള്‍ എന്നെ കണ്ടു പിടിച്ചു. ‘മാപ്പിള നാട്‘ എന്ന് പേരുള്ള ഒരു മുസ്ലിം വായനാശാലയില്‍ അവര്‍ എന്നെ കൊണ്ട് പോയി ചോദ്യങ ചെയ്തു. എന്റെ നേരെ അട്ടഹസിക്കുകയും ക്രൂരമായി പെരുമാറുകയും ചെയ്തു. ആ സമയത്ത് ജ്യേഷ്ഠന്റെ ഭാര്യാസഹോദരന്മാര്‍ അവിടെയെത്തുകയും ആ ഭീകരന്‍മാരില്‍ നിന്നും എന്നെ രക്ഷിക്കുകയും ചെയ്തു”

പൊന്നാനിയിലെ സാധാരണക്കാരായ മുസ്ലികളുടെ വീടുകളില്‍  അഥിതികളെ പോലെ വന്ന് , വിതരണം ചെയ്ത പുസ്തകത്തില്‍ അവരെക്കുറിച്ച് ഉപയോഗിച്ച പദമാണ് ഭീകരര്‍ എന്ന്. ഇങ്ങനെയാണോ സുഹൃത്തുക്കളെ മതം പ്രച്പ്പിക്കേണ്ടത് ??

പിന്നീട് വീട്ടിലെക്കിത്തിയെ ഖിസ്സിസ്സ് എന്ന ബാലനെ എന്ത് ചെയ്യണം എന്ന് കൂടിയാലോചിക്കുകയാണ് പിതാവും ബന്ധുക്കളും. ആ വിവരണം വായിക്കൂ.

“എല്ലാവരും എത്തി കഴിഞ്ഞപ്പോള്‍ ഓരോരുത്തരോടുമായി പിതാവ് ചോദിച്ചു: ‘നമ്മുക്കിവനെ ഇനി എന്ത് ചെയ്യണം ?..എന്നെ കഴുതറുത്ത് കൊല്ലാനാണ് ഒന്നാമത്തെ എളാപ്പ നിര്‍ദ്ദേശിച്ചത്. ഒരു ഖുര്‍ആന്‍ വചനം ഉദ്ധരിച്ചുകൊണ്ട് രണ്ടാമത്തെ എളാപ്പയും അത് തെന്നെ നിര്‍ദ്ദേശിച്ചെങ്കിലും കുറച്ചു കൂടെ തന്ത്രപരമായി അത് ചെയ്യണം എന്നായി. മൂന്നാമത്തെ എളാപ്പക്ക് വിത്യസ്തമായ ഒരഭിപ്രായമാണ് ഉണ്ടായിരുന്നത്. പട്ടിണിക്കിട്ട് കൊല്ലണം എന്നായിരുന്നു അദ്ദേഹം നിര്‍ദ്ദേശിച്ചത്. കാരണം ഒന്നാമത്തെയും രണ്ടാമത്തെയും എളാപ്പമാര്‍ പറഞ്ഞ പ്രകാരം പ്രവര്‍ത്തിച്ചാല്‍ കുടുംബം മൊത്തം ജയിലില്‍ പോകേണ്ടി വരും.”

നോക്കൂ, കൊല്ലണം എന്നതില്‍ ആര്‍ക്കും അഭിപ്രായ വിത്യാസമില്ല, ഒരു എളാപ്പ ഖുര്‍ആന്‍ ആയത് വരെ ഉദ്ധരിച്ചുവത്രേ. ബാക്കി കൂടി വായിക്കൂ.

“മൂന്നാമത്തെ എളാപ്പയുടെ തീരുമാനം പരക്കെ അന്ഗീകരിക്കപ്പെട്ടു. ഉടന്‍ തെന്നെ ഒരു എളാപ്പ എന്നെ ക്രൂരമായി തല്ലി. പിതാവ് വന്ന് നിര്‍ത്തുന്നത് വരെ അടിച്ചു. പിതാവ് എന്‍റെ കൈകള്‍ പിറകോട്ട് കെട്ടി മൂന്നഴ്ച്ചക്കാലം എന്നെ ബന്ധനസ്തനായിക്കിടത്തി..അവസാനം പിതാവിന്‍റെ കല്പന പ്രകാരം എന്‍റെ കാലുകളില്‍ ഇരുമ്പുവളയങ്ങള്‍ ഇട്ടു ചങ്ങല ഇട്ടു പൂട്ടി. ആറാഴ്ചക്കാലം ഞാന്‍ ആ അവസ്ഥയില്‍ ചങ്ങലയില്‍ കിടന്നു”

പിന്നീട് ഖിസ്സിസ്‌ രക്ഷപ്പെട്ട് നാട് വിടുന്നതും പിന്നീട് സെമിനാരിയില്‍ ചേരുന്നതും അങ്ങിനെ സുവിശേഷകനാകുന്നതും ഒക്കെയാണ് വിവരണം. മലപ്പുറത്ത്‌ ഉച്ചഭാഷിണിയിലൂടെ പേരെടുത്തു പറഞ്ഞു കൊണ്ട് ക്രിസ്ത്യന്‍ മിഷനറിമാരെ ഉപദ്രവിച്ചുകൊണ്ടിരുന്നതും, ക്രിസ്ത്യന്‍ മിഷനറി സ്കൂളിലേക്ക് കുട്ടികളെ വിടരുത് എന്ന് മുസ്ലിം മതനേതാക്കള്‍ ആഹ്വാനം നല്‍കി എന്നും ഇതുറപ്പു വരുത്താന്‍ മുസ്ലിംകള്‍ കാവല്‍ക്കാരെ നിറുത്തി എന്നുമൊക്കെയുള്ള വിവരണങ്ങള്‍ ഉണ്ട്..

സ്നേഹത്തിന്‍റെ മോത്തക്കച്ചവടക്കാരായ ക്രിസ്ത്യന്‍ മിഷനറിമാര്‍ വ്യക്തമാക്കേണ്ടതുണ്ട്, ഈ പുസ്തകം കേരളം പോലെയുള്ള ഒരു പ്രദേശത്ത് വിതരണം ചെയ്താല്‍ സ്നേഹമാണോ വെറുപ്പാണോ കൂടുക? വിത്യസ്ത സമൂഹങ്ങള്‍ തമ്മില്‍ അടുപ്പമാണോ അകല്‍ച്ചയാണോ ഉണ്ടാകുക? ഇങ്ങനെ കള്ളക്കഥകള്‍ പറഞ്ഞും വികാരം ഇളക്കിവിട്ടും നടത്തെണ്ടാതാണോ മത പ്രചരണം ?

പുസ്തകത്തിന്‍റെ തുടര്‍ന്നുള്ള ഭാഗം ഖുര്‍ആന്‍ സൂക്തങ്ങളും നബി വചന ങ്ങളും ഉദ്ധരിച്ചു ക്രിസ്തുമതത്തെ സ്ഥാപിക്കാനുള്ള ശ്രമമാണ്. മിഷനറിമാര്‍ ഖുര്‍നാന്‍ ഉദ്ധരിക്കുന്നതിലോ വിമര്‍ശിക്കുന്നതിലോ ‍ എനിക്ക് എതിര്‍പ്പില്ല, പക്ഷെ വിമര്‍ശനം കള്ളത്തരങ്ങള്‍ നടത്തികൊണ്ടായിരിക്കരുത്. ഈ പുസ്തകത്തിലെ കള്ളത്തരത്തിന് ഒരു ഉദാഹരണം മാത്രം നല്‍കാം. ഇസ്ലാമിലെ മോക്ഷത്തിന്റെ മാര്‍ഗമാണ് ജിഹാദ് എന്ന് പറഞ്ഞുകൊണ്ട് അതുമായി ബന്ധപ്പെട്ടു കുറെ സൂക്തങ്ങള്‍ വികലമായ പരിഭാഷയില്‍ തലയും വാലും മുറിച്ചു ഈ പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്‌. അത്തരത്തില്‍ പെട്ട ഒരു സൂക്തം   നോക്കൂ.

“മര്‍ദനം ഇല്ലാതായിതീരുകയും മതം അല്ലാഹുവിന്‍റെത് മാത്രമായിത്തീരുകയും ചെയ്യുന്നത് വരെ നിങ്ങളവരെ കൊലനടത്തിക്കൊള്ളുക” (1:193)

ഇനി ഈ സൂക്തത്തിന്റെ ശരിയായ പരിഭാഷ താഴെ വായിക്കുക.

193.മര്‍ദ്ദനം ഇല്ലാതാകുകയും, മതം അല്ലാാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ ( യുദ്ധത്തില്‍നിന്ന് ) വിരമിക്കുകയാണെങ്കില്‍ (അവരിലെ ) അക്രമികള്‍ക്കെതിരിയല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളല്ല (1:193)

നോക്കൂ, ഒരു സൂക്തം നമ്പറിട്ട് കൊടുത്തിട്ട് അത് പൂര്‍ണമായും ഉദ്ധരിച്ചില്ല. മാത്രവുമല്ല യുദ്ധം എന്ന വാക്കിനെ കൊല എന്ന് മാറ്റി, നിങ്ങളവരെ കൊല നടത്തികൊള്‍ക എന്നാക്കി. ഇവിടെ സൂചിപ്പിക്കുന്നത് ഇങ്ങോട്ട് യുദ്ധം ചെയ്യുന്നവരെ പ്രതിരോധിക്കുന്നതിനെ ക്കുറിച്ചാണ് അതും ശത്രുക്കള്‍ യുദ്ധത്തില്‍ നിന്നും പിന്മാറുന്നത് വരെ മാത്രം.  എന്നാല്‍ പുസ്തകത്തിലെ ഉദ്ധരണി വായിച്ചാല്‍ മുസ്ലിംകള്‍ ഏകപക്ഷീയമായി കൊലനടത്താനുള്ള ആഹ്വാനമായാണ് തോന്നുക. അതിന് വേണ്ടി ആ സൂക്തത്തിന്റെ രണ്ടാമത്തെ ഭാഗം മറച്ചു വെക്കുകയും ചെയ്തു.

നുണകള്‍ പറഞ്ഞും തെറ്റിദ്ധരിപ്പിച്ചും മതം പ്രചരിപ്പിക്കാന്‍ യേശു ക്രിസ്തു പറഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കേണ്ടത് മിഷനറിമാരാണ്.

ഇത്തരം അപകടകരമായ പുസ്തകങ്ങള്‍ ഗ്രാമ പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതില്‍ നിന്ന് മ,മിഷനറിമാരെ തടയാന്‍ വിവേകമുള്ള കൃസ്ത്യാനികള്‍ തയ്യാറാകണം എന്നാണ് എനിക്ക് പറയാനുള്ളത്..

Tuesday, February 15, 2011

മിശിഹൈക പ്രവചനങ്ങള്‍

യേശു യഹൂദര്‍ പ്രതീക്ഷിച്ചിരുന്ന വാഗ്ദത്ത മിശിഹയാണ് എന്നാണ് ക്രൈസ്തവ വിശ്വാസം. ഇന്ഗ്ലീഷില്‍ ക്രിസ്തു എന്ന് പറയുന്നത് മിശിഹ എന്ന ഹീബ്രു പദത്തിന്റെ വിവര്തനമായിട്ടാണ്.  യേശുവിന് മുമ്പ് എഴുതപ്പെട്ട ഹീബ്രു വേദഗ്രന്ഥത്തില്‍ (പഴയ നിയമം) പറയപ്പെട്ട വാഗ്ദത്ത മിശിഹയെ ക്കുറിച്ചുള്ള പ്രവചനങ്ങള്‍ യേശുവില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു എന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. ഇത്തരത്തില്‍ പെട്ട നൂറോളം മിശിഹൈക പ്രവചനങ്ങള്‍ ബൈബിളില്‍ ഉണ്ട് എന്ന് ക്രിസ്ത്യന്‍ സുവിശേഷകര്‍ അവകാശപ്പെടാറുണ്ട്. ബൈബിളിന്റെ സത്യതയും ദൈവികതയും സമര്‍ത്ഥിതിക്കുന്നതിനു വേണ്ടി, ഇത്തരത്തില്‍ പെട്ട പ്രവചനങ്ങളാണ് കൂടുതലായും ഉപയോഗിക്കാറുള്ളത്. യേശുവിന്റെ ജീവിതത്തെ ക്കുറിച്ച് വിവരിക്കുന്ന പുതിയ നിയമത്തിലെ നാല് സുവിശേഷങ്ങളും യേശുവിന്‍റെ ജീവതത്തിലെ പല സംഭവങ്ങളും പഴയ നിയമത്തിലെ പ്രവചനങ്ങളുടെ പുലര്‍ച്ചയായിട്ടു അവതരിപ്പിക്കുന്നുമുണ്ട്. മത്തായിയുടെ സുവിശേഷമാണ് ഈ വിഷയത്തില്‍ ഏറ്റവും അധികം പ്രവചനങ്ങള്‍ നിരത്തുന്നത്.

എന്നാല്‍ യഹൂദന്മാര്‍, ഈ പ്രവചങ്ങള്‍ ഒന്നും തെന്നെ അന്ഗീകരിക്കുന്നില്ല. മിശിഹൈക പ്രവചനങ്ങള്‍ യേശുവില്‍ പുലര്‍ന്നിട്ടില്ല എന്ന് അവര്‍ കരുതുന്നു. മാത്രവുമല്ല,  ക്രിസ്ത്യാനികള്‍ അവകാശപ്പെടുന്ന പല പ്രവചനങ്ങളും, തങ്ങളുടെ വേദഗ്രന്ഥം സുവിശേഷ കര്‍ത്താക്കള്‍ തെറ്റായി ഉദ്ധരിക്കുകയോ, ദുര്‍വ്യാഖ്യാനിക്കുകയോ ചെയ്തവയാണ് എന്നും അവര്‍ വാദിക്കുന്നു. അതുകൊണ്ട് തെന്നെ യഹൂദര്‍ ഇപ്പോഴും മിശിഹായുടെ വരവിനെ പ്രതീക്ഷിക്കുന്നു. മുസ്ലിംകള്‍ യേശു മിശിഹയാണ് എന്ന് വിശ്വസിക്കുന്നു. അതുകൊണ്ട് തെന്നെ മിശിഹയെക്കുറിച്ചുള്ള നിവൃത്തിയായ പ്രവചനങ്ങള്‍, ഹീബ്രു വേദഗ്രന്ഥത്തില്‍ ഉണ്ടായിരുന്നിരിക്കണം എന്ന് തെന്നെയാണ് മുസ്ലിംകള്‍ കരുതുക.

എന്നാല്‍ നിലവിലുള്ള പഴയ നിയമവും അവ അതിനെ അടിസ്ഥാനമാക്കിയുള്ള സുവിശേഷകരുടെ അവകാശവാദവും നിഷ്പക്ഷമായി പരിശോധിച്ചാല്‍, അതില്‍ വ്യക്തമായ പ്രവചനങ്ങള്‍ ഒന്നും തെന്നെയില്ല എന്നാണ് നിര്‍ഭാഗ്യവശാല്‍ കാണാന്‍ കഴിയുക.  സുവിശേഷ കര്‍ത്താക്കള്‍ ബോധപൂര്‍വമോ അല്ലാതെയോ, പ്രവചനങ്ങള്‍ ഉണ്ടാക്കുന്നതിന്‌ വേണ്ടി പഴയനിയമത്തെ തെറ്റായി ഉദ്ധരിക്കുകയോ, തെറ്റായി വ്യഖാനിക്കുകയോ ചെയ്യുന്നതാനും നാം കാണുന്നു.

മിശിഹൈക പ്രവചനങ്ങളെ ക്കുറിച്ചുള്ള സുവിശേഷകരുടെ അവകാശവാദത്തെ താഴെക്കൊടുത്ത കഥയോട് ഉപമിക്കാവുന്നതാണ്.

ഒരിക്കല്‍ ഒരാള്‍ ഒരു കാട്ടിലൂടെ സഞ്ചരിക്കുകയായിരിന്നു. അദ്ദേഹം പോകുന്ന വഴിയിലുള്ള മരങ്ങളില്‍ ഒരു വൃത്തം വരച്ചിരിക്കുന്നതായും ആ വൃത്തത്തിന്റെ കൃത്യം നടുവിലായി ഒരു അമ്പ് തറച്ചിരിക്കുന്നതായും അയാളുടെ ശ്രദ്ധയില്‍ പെടുന്നു. അദ്ദേഹം വീണ്ടും മുന്നോട്ട് പോയപ്പോള്‍, കൃത്യമായ ലക്ഷ്യത്തില്‍ അമ്പുകള്‍ തറച്ച  ഇത്തരത്തില്‍ പെട്ട കൂടുതല്‍ മരങ്ങള്‍ അയാള്‍ കണ്ടു. എല്ലാ മരങ്ങളിലും, എല്ലായ്പ്പോഴും വളരെ കൃത്യമായി വൃത്തത്തിന്റെ നടുവില്‍ തെന്നെ അമ്പ് കൊള്ളിക്കുന്ന അമ്പെയ്ത്ത് കാരന്‍റെ കഴിവ്  ഓര്‍ത്ത്‌  അയാള്‍ അത്ഭുതപ്പെട്ടു.  വീണ്ടും മുന്നോട്ട് പോയപ്പോള്‍ അയാള്‍ ആ അമ്പെയ്തുകാരനെ കണ്ടുമുട്ടി. അയാള്‍ അമ്പെയ്ത്ത് കാരനോട് അദ്ദേഹത്തോട് ചോദിച്ചു "എങ്ങിനെയാണ് നിങ്ങള്‍ ഒരിക്കല്‍ പോലും തെറ്റാതെ, ഇത്ര കൃത്യമായി കൃത്യമായി ലക്ഷ്യത്തിലേക്ക് തെന്നെ അമ്പെയ്ത് കൊള്ളിക്കുന്നത് ?". അമ്പെയ്തുകാരന്‍ പ്രതിവചിച്ചു. "അത് വളരെ എളുപ്പമാണ്, ഞാന്‍ ആദ്യം അമ്പെയ്യും പിന്നെ അതിന് ചുറ്റും ഒരു വൃത്തം വരക്കും!".

പല ബൈബിള്‍ പ്രവചനങ്ങളുടെയും അവസ്ഥ മുകളില്‍ പറഞ്ഞ കഥയോട് സമാനമാണ്. സുവിശേഷ കര്‍ത്താക്കള്‍, യേശു വാഗ്ദത്ത മിശിഹയാണ് എന്ന് തങ്ങളുടെ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ്, യേശുവിന് പതിറ്റാണ്ടുകള്‍ക്കു ശേഷം കേട്ടറിവുകള്‍ വെച്ച് സുവിശേഷങ്ങള്‍ രചിക്കുന്നത്. സ്വാഭാവികമായും ആ സമൂഹത്തില്‍ മിശിഹ എങ്ങിനെയാകണം എന്നതിനെക്കുറിച്ച് നിലനിന്ന ധാരണകള്‍ക്ക് അനുസൃതമായി അവര്‍ യേശുകഥകള്‍ രചിച്ചു അഥവാ സുവിശേഷങ്ങളില്‍ ഉള്ളത് പ്രവചനങ്ങള്‍ ചരിത്രമായി പുലര്‍ന്നതല്ല മറിച്ചു ചരിത്രം പ്രവചനങ്ങള്‍നുസൃതമായി എഴുതപ്പെട്ടതാണ്. ഒരു ചെറിയ ഉദാഹരണം നോക്കുക.

യേശുവിന്‍റെ ജെറുസലേമിലേക്ക് യേശുവിന്‍റെ രാജകീയ പ്രവേശനവുമായി ബന്ധപ്പെട്ട് മത്തായി പറയുന്ന ഒരു പ്രവചനം ഇതാണ്.

1 അവര്‍ ജറുസലെമിനെ സമീപിക്കവേ, ഒലിവുമലയ്ക്കരികെയുള്ള ബഥ്ഫഗെയിലെത്തി. അപ്പോള്‍ യേശു തന്റെ രണ്ടു ശിഷ്യന്‍മാരെ ഇപ്രകാരം നിര്‍ദേശിച്ചയച്ചു:2 എതിരേ കാണുന്ന ഗ്രാമത്തിലേക്കു പോകുവിന്‍. അവിടെ ഒരു കഴുതയെയും അടുത്ത് അതിന്റെ കുട്ടിയെയും കെട്ടിയിരിക്കുന്നത് ഉടനെ നിങ്ങള്‍ കാണും. അവയെ അഴിച്ച് എന്റെ അടുക്കല്‍ കൊണ്ടുവരുക.3 ആരെങ്കിലും നിങ്ങളോട് എന്തെങ്കിലുംചോദിച്ചാല്‍, കര്‍ത്താവിന് അവയെക്കൊണ്ട് ആവശ്യമുണ്ടെന്നു പറയുക, അവന്‍ ഉടനെ തെന്നെ അവയെ വിട്ടുതരും.4 പ്രവാചകന്‍ വഴി പറയപ്പെട്ട വചനം പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്.5   സീയോന്‍പുത്രിയോടു പറയുക: ഇതാ, നിന്റെ രാജാവ് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് നിന്റെ അടുത്തേക്കു വരുന്നു.6 ശിഷ്യന്‍മാര്‍പോയി യേശു ക.പിച്ചതുപോലെ ചെയ്തു.7 അവര്‍ കഴുതയെയും കഴുതക്കുട്ടിയെയും കൊണ്ട് വന്ന് അവയുടെമേല്‍ വസ്ത്രങ്ങള്‍ വിരിച്ചു. അവന്‍ കയറി ഇരുന്നു (മത്തായി 21:1-7)

യേശു ഒരു കഴുതയുടേയും അതിന്‍റെ കുട്ടിയുടെ പുറത്ത് കയറിയാണ് ജെറുസസലേമില്‍ പ്രവേശിച്ചത് എന്നാണ് മത്തായി പറയുന്നത്. ഒരേ സമയം രണ്ടു കഴുതകളുടെ പുറത്തു യാത്ര ചെയ്യുന്ന മിശിഹായേ സങ്കല്പിച്ചു നോക്കൂ. എങ്ങിനെയായിരിക്കും അദ്ദേഹം ഇരുന്നിട്ടുണ്ടാണ്ടാകുക? ഇത്തരത്തില്‍ യാത്രചെയ്താല്‍ യേശു പരിഹാസ്യനാകുകയല്ലേ ചെയ്യുക, എങ്ങിനെയാണ് ഇത് രാജകീയ യാത്രയാകുക ?  ഇത് വായിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന സ്വാഭാവിക സംശയങ്ങള്‍ ആണ് ഇവ.

പക്ഷെ മത്തായിയെ സംബന്ധിച്ചടത്തോളം ഈ ചോദ്യങ്ങള്‍ പ്രസക്തമായിരുന്നില്ല. കാരണം അദ്ദേഹത്തിന് പഴയനിയമതത്തില്‍ ഉണ്ട് എന്ന് അദ്ദേഹം കരുതുന്ന പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ തെന്നെ യേശുവില്‍ പുലര്‍ന്നു എന്ന് കാണിക്കല്‍ മാത്രമായിരുന്നു ഉദ്ദേശം. ചരിത്രം അതിന് ശേഷം മാത്രം വരുന്ന കാര്യമായിരുന്നു. യഥാര്‍ത്ഥത്തില്‍ മത്തായി ഉദ്ധരിച്ച പഴയനിയമ ഭാഗം എന്താണ് പറയുന്നത്?  സഖറിയാ 9:9  ആണ് മത്തായി ഉദ്ധരിക്കുന്നത്. ആ വചനങ്ങള്‍ ഇങ്ങനെയാണ്.

സീയോന്‍ പുത്രീ, അതിയായി ആനന്ദിക്കുക. ജറുസലെം പുത്രീ, ആര്‍പ്പുവിളിക്കുക. ഇതാ, നിന്റെ രാജാവ് നിന്റെ അടുക്കലേക്കു വരുന്നു. അവന്‍ പ്രതാപവാനും ജയശാലിയുമാണ്. അവന്‍ വിനയാന്വിതനായി, കഴുതപ്പുറത്ത്, കഴുതക്കുട്ടിയുടെ പുറത്ത്, കയറിവരുന്നു(സഖറിയാ 9:9 )

ഹീബ്രു കാവ്യ ഭാഷയില്‍ എഴുതപ്പെട്ട ഈ വചനത്തില്‍ ഒരു കഴുതക്കുട്ടിയുടെ കാര്യമാണ് പറഞ്ഞിട്ടുള്ളത്. കഴുതപ്പുറത്തു എന്ന് പറഞ്ഞതിന് ശേഷം, അതിനെ വിശദീകരിച്ചാണ് കഴുതക്കുട്ടി എന്ന് പറഞ്ഞത്. അതായത് ഇവിടെ ഒരു കഴുതയെക്കുറിച്ചേ പറയുന്നുള്ളൂ. എന്നാല്‍ മത്തായി ഇത് കഴുതയും കഴുതകുട്ടിയും ആയി തെറ്റിദ്ധരിച്ചു, യേശുവിനെ ഒരേ സമയം കഴുതയുടെയും കഴുതകുട്ടിയുടെയും മേല്‍ ഇരുത്തി യാത്ര ചെയ്യിച്ചു.

മത്തായിക്ക് ഇവിടെ തെറ്റിയെങ്കിലും മാര്‍കോസും ലൂകൊസും ഈ വചനം ശെരിയായി മനസ്സിലാക്കിയിട്ടുണ്ട്. മാര്‍കോസില്‍ വചനങ്ങള്‍ ഇങ്ങനെയാണ് കൊടുത്തിട്ടുള്ളത്.

.4 അവര്‍ പോയി, തെരുവില്‍ ഒരു പടിവാതില്‍ക്കല്‍ ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു. അവര്‍ അതിനെ അഴിക്കുമ്പോള്‍5 അവിടെ നിന്നിരുന്നവര്‍ അവരോടു ചോദിച്ചു: നിങ്ങളെന്തിനാണ് കഴുതക്കുട്ടിയെ അഴിക്കുന്നത്?6 യേശു പറഞ്ഞതുപോലെ ശിഷ്യന്‍മാര്‍ മറുപടി പറഞ്ഞു. അതിനെ കൊണ്ടുപോകാന്‍ അവര്‍ അനുവദിച്ചു.7 അവര്‍ കഴുതക്കുട്ടിയെ യേശുവിന്റെ അടുത്തു കൊണ്ടുവന്ന്, അതിന്റെ പുറത്ത് തങ്ങളുടെ വസ്ത്രങ്ങള്‍ വിരിച്ചു. അവന്‍ കയറിയിരുന്നു(മാര്‍കോസ് 11:4-7)

മാര്‍കോസില്‍നിന്നും ലൂകൊസില്‍ നിന്നും വിത്യസ്തമായി മത്തായി യേശു ശിഷ്യനാണ് എന്നാണ് ക്രൈസ്തവ പാരമ്പര്യം. ഇവിടെ പക്ഷെ ശിഷ്യന്മാരല്ലാത്ത മാര്‍ക്കോസും, ലൂകൊസും ആണ് പഴയ നിയമം ശരിയായി മനസ്സിലാക്കിയത്‌.

തുടര്‍ന്ന് വരുന്ന പോസ്റ്റുകളില്‍ മറ്റു ചില പ്രവചനങ്ങളും പരിശോധിക്കുന്നതാണ്.

കടപ്പാട്: ഈ ബ്ലോഗിലെ പോസ്റ്റുകള്‍ക്ക് പൊതുവായും, പ്രവചനങ്ങള്‍ സംബന്ധിച്ച പോസ്റ്റുകള്‍ക്ക് പ്രത്യേകമായും, ഓര്‍ക്കുട്ട് കമ്മ്യൂനിടികളില്‍ വച്ച് പരിചയപ്പെട്ട സുഹൃത്ത്‌ ശര്‍ജീലിനോട് കടപ്പാടുണ്ട്. ഗ്രീക്ക്‌ ഭാഷയിലും ബൈബിള്‍ വിഞ്ജാനീയങ്ങളിലും അപാരമായ പാണ്ഡിത്യം ഉണ്ടായിരുന്ന ആ സുഹൃത്ത് അകാലത്തില്‍ നിര്യാതനായി. അദ്ദേഹത്തിന് അല്ലാഹു പൊറുത്തുകൊടുക്കയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യേട്ടെ.

Tuesday, February 1, 2011

ക്രൂശീകരണം നടന്നതെപ്പോള്‍ - മാര്‍കോസും യോഹന്നാനും ഒരു താരതമ്യം

യേശുവിന്‍റെ ക്രൂശീകരണം നാല് സുവിശേഷങ്ങളിലും പറയുന്നതാണ്. ഇവയില്‍ മാര്‍കോസ്, ലൂകൊസ്‌, മത്തായി എന്നിവരുടെ പേരില്‍ അറിയപ്പെടുന്ന സുവിശേഷങ്ങള്‍ സമാന്തര സുവിശേഷങ്ങള്‍ (synoptic gospels)എന്നറിയപ്പെടുന്നു. മത്തായിയും, ലൂകൊസും തങ്ങളുടെ സുവിശേഷങ്ങള്‍ എഴുതിയത് മാര്‍കോസിന്റെ സുവിശേഷം അടിസ്ഥാനമാക്കിയാണ് എന്നതാണ്. അതിനാല്‍ തെന്നെ ഈ മൂന്നു സുവിശേഷങ്ങളും തമ്മില്‍ ധാരാളം സാമ്യങ്ങള്‍ ഉണ്ട്. ലൂകൊസും മത്തായിയും മാര്‍കോസിന്റെ സുവിശേഷം ഏകദേശം മുഴുവനായും തെന്നെ തങ്ങളുടെ സുവിശേഷങ്ങളില്‍ പകര്‍ത്തിയിട്ടുണ്ട് എന്ന് പറയാം. എന്നാല്‍ അവസാനം എഴുതപെട്ട സവിശേഷമായ യോഹന്നാന്‍റെ സുവിശേഷം, സമാന്തര സുവിശേഷത്തില്‍ തികച്ചും വിത്യാസപ്പെട്ടിരിക്കുന്നു. സമാന്തര സുവിശേഷങ്ങള്‍ നല്‍കുന്നതില്‍ തികച്ചും വിത്യസ്തമായ ഒരു യേശുവിന്‍റെ ചിത്രമാണ് യോഹന്നാന്‍റെ സുവിശേഷം വരച്ചു കാണിക്കുന്നത്. പല വിവരണങ്ങളിലും യോഹന്നാനും സമാന്തര സുവിശേഷങ്ങളും പ്രകടമായ വൈരുധ്യം പുലര്‍ത്തുന്നത് കാണാം. ഇത്തരത്തില്‍ പെട്ട ഒരു വൈരുധ്യമാണ് യേശുവിനെ ക്രൂശിച്ച ദിവസത്തെ ക്കുറിച്ച് യോഹന്നാനും സമാന്തര സുവിശേഷങ്ങളും നല്‍കുന്ന വിവരണം. ഇവിടെ ക്രൂശീകരണം നടന്ന ദിവസത്തെ ക്കുറിച്ച്  യോഹന്നാന്‍റെ സുവിശേഷവും സമാന്തര സുവിശേഷങ്ങളില്‍ ആദ്യം എഴുതപ്പെട്ട മാര്‍കൊസും പറയുന്നത് താരതമ്യം ചെയ്യുകയാണ്  സുവിശേഷങ്ങള്‍ ക്രൂശീകരണം നടന്ന ദിവസത്തെ ക്കുറിച്ച്  പെസഹ ആഘോഷത്തോട് ബന്ധപ്പെടുത്തി പറയുന്നതിനാല്‍ ആദ്യം പെസഹ എന്താണ് എന്ന് മനസ്സിലാക്കാം.

പെസഹ (Passover)

പെസഹ എന്നത് ജൂതന്മാരുടെ വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. യേശുവിനും നൂറ്റാണ്ടുകള്‍ക്കു മുമ്പ്, മോശയുടെ കാലത്ത് നടന്ന, പുറപ്പാട് 5-15‍ ല്‍ വിവരിച്ചിരിക്കുന്ന സംഭവങ്ങളുടെ ഓര്‍മക്കായിട്ടാണ് പെസഹ ആചരിക്കുന്നത്. ആ സംഭവങ്ങളുടെ ചുരുക്കം ഇങ്ങനെയാണ്. നാനൂറ് വര്‍ഷത്തോളം ഇസ്രായീല്‍ മക്കള്‍ ഈജിപ്തില്‍ അടിമകളായി ജീവിച്ചു. അവസാനം ദൈവം അവരുടെ ദീന രോദനം കേള്‍ക്കുകയും, അബ്രഹാതിനോടും ഇസഹാക്കിനോടും യാകൊബിനോടും ചെയ്ത ഉടമ്പടി ഓര്‍മിക്കുകയും തല്‍ഫലമായി  മോശെയെ അവരുടെ രക്ഷകനായി നിയോഗിക്കുകയും ചെയ്യുന്നു. അങ്ങിനെ മോശെയും സഹോദരന്‍ അഹരോനും കൂടി, കര്‍ത്താവിന്റെ നിര്‍ദേശ പ്രകാരം   ഫറോവയുടെ അടുത്ത് ചെല്ലുകയും ഇസ്രെയീലി മക്കളെ വിട്ടയക്കണം എന്നാവശ്യപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഫറോവ ചക്രവര്‍ത്തി ആ ആവശ്യം നിരസിക്കുന്നു. ഇസ്രായേല്‍ മക്കളെ വിട്ടയക്കാന്‍ ഫറോവയെ  പ്രേരിപ്പിക്കുന്നതിന് വേണ്ടി,  കര്‍ത്താവ്  ഈജിപ്ത്കാര്‍ക്ക് നേരെ, ജലം രക്തമാക്കുക, തവളെകളെ വര്‍ദ്ധിപ്പിക്കുക, പേന്‍ വര്‍ദ്ധിപ്പിക്കുക, വെട്ടുകിളികളെ അയക്കുക തുടങ്ങിയ   പത്ത് മഹാമാരികള്‍ അയക്കുന്നു. ‍ ഇതില്‍ പത്താമത്തെതാണ് ഏറ്റവും ഭയാനകമായത്. ഈജിപ്ത്കാര്‍ക്ക് നേരെ ദൈവം അയച്ച പത്താമത്തെ മഹാമാരി,   അവരുടെ എല്ലാ ആദ്യജാത സന്താനങ്ങളെയും .കാലികളുടെ കടിഞ്ഞൂല്‍ സന്താനങ്ങളെയും വധിക്കുക എന്നതാണ്. കര്‍ത്താവ്‌ ഈജിപ്ത്കാരുടെ ആദ്യജാതരെ വധിക്കുമ്പോള്‍, ഇസ്രെയീലീ കുടുംബങ്ങളെ തിരിച്ചറിയാനും അത് വഴി അവരുടെ  സന്താനങ്ങള്‍ ദൈവത്തിന്‍റെ ദൂതനാല്‍ വധിക്കപ്പെടാതിരിക്കാനും ദൈവം  ഓരോ ഇസ്രീയീല്‍ കുടുംബവുത്തോടും  ഒരു ആടിനെ അറുത്ത് അവയുടെ രക്തം വീടിന്‍റെ മുമ്പില്‍ തളിക്കണം എന്ന് നിര്‍ദേശിച്ചു. ദൈവത്തിന്‍റെ ദൂതന്‍ ആദ്യ ജാതരെ വധിക്കാനായി വീടുകള്‍ തോറും വരുമ്പോള്‍, വീട്ടു പടിക്കാള്‍ രക്തം തളിചിരിക്കുന്നത് കണ്ടാല്‍ ‍ അത് ഇസ്രായേല്‍ വീടാണ് എന്ന് മനസ്സിലാകുകയും ആ വീട്ടിലെ ആളുകളെ കൊല്ലാതെ ആ വീട് മറികടക്കുകയും (passover in English, pâsach in Hewbrew) ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഇത്.

കര്‍ത്താവ് പറഞ്ഞ പോലെ തെന്നെ സംഭവിക്കുകയും ഈജിപ്തുകാരുടെ മനുഷ്യരുടെയും മൃഗങ്ങളുടെയും, ആദ്യ സന്താനങ്ങള്‍ കര്‍ത്താവിന്റെ ദൂതനാല്‍ വധിക്കപ്പെടുകയും ചെയ്തു. ഈ പത്താമത്തെ മഹാമാരിയില്‍ ഭയ ചകിതനായ ഫറോവ ഇസ്രയീലുകാരെ പോകാന്‍ അനുവദിച്ചു. എന്നാല്‍ പിന്നീട് ഫറോവയുടെ മനസ്സ് മാറുകയും തെന്റെ സൈന്യവുമായി അവരെ പിന്തുടരുകയും ചെയ്തു. പക്ഷെ ദൈവം ചെങ്കടല്‍ പിളര്‍ത്തി മോശയെയും ജനത്തെയും രക്ഷിക്കുകയും, അവരെ പിന്തുടര്‍ന്നിരുന്ന ഫറോവയെ ചെങ്കടലില്‍ മുക്കികൊല്ലുകയും ചെയ്തു.

ഇസ്രായേല്‍ മക്കള്‍ ഈജിപ്തിലെ അടിമത്തത്തില്‍ മോചിതരായ ഈ സംഭവത്തിന്റെ ഓര്‍മക്കായിട്ടാണ് ജൂതന്മാര്‍ പെസഹ ആചരിക്കുന്നത്. യേശുവിന്‍റെ കാലത്ത് യഹൂദന്മാര്‍ വിവിധഭാഗങ്ങളില്‍ നിന്നും പെസഹ ആചരിക്കാന്‍ വേണ്ടി ജെറുസലേമില്‍ വരുമായിരുന്നു. പെസഹ ആരംഭിക്കുന്നത് യഹൂദ കലണ്ടറിലെ ആദ്യമാസത്തിലെ (Nisan/Abib) 15 ന് ആണ്. യഹൂദന്മാര്‍ മുസ്ലിംകളെ പോലെ, ചാന്ദ്രകലണ്ടര്‍ ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് ഒരു ദിവസം ആരംഭിക്കുന്നത് സൂര്യാസ്തമയാതോട് കൂടിയാണ്. പെസഹയുടെ തലേ  ദിവസമാണ് (നിസാന്‍ 14) പെസഹയുടെ ഒരുക്കനാള്‍ എന്നറിയപ്പെടുന്നത്. പെസഹയുടെ ഒരുക്ക നാള്‍ യഹൂദര്‍ അറുക്കുന്നതിനുള്ള ആടിനെ ജെറുസലേമിലേക്ക് കൊണ്ട് വരികയും പുരോഹിതര്‍ അറുക്കുകായും ചെയ്യും. ഇത് വീട്ടില്‍ കൊണ്ട് പോയി പാചകം ചെയ്ത ശേഷം, അന്ന് സൂര്യന്‍ അസ്തമിച്ചതിന് ശേഷം (സൂര്യാസ്തമനതോടെ പെസഹയുടെ ദിവസം, നിസാന്‍ 15 ആരംഭിക്കുന്നു) കഴിക്കുകയും ചെയ്യും. ഇതിനെയാണ് പെസഹ അത്താഴം എന്ന് പറയുന്നത്.

ക്രൂശീകരണം നടന്ന ദിവസവും സമയവും മാര്‍ക്കോസില്‍

മാര്‍കോസ് ക്രൂശീകരണ സംഭവങ്ങള്‍ വിവരിക്കുന്നത് ഇപ്രകാരമാണ്. യേശുവും ശിഷ്യന്മാരും ജെരുസേലമിലേക്ക് വരുന്നു. ജറുസലേമില്‍ വെച്ച് ശിഷ്യന്മാര്‍ യേശുവിനോട് എവിടെയാണ് പെസഹ ഒരുക്കേണ്ടത് എന്ന് ചോദിക്കുന്നു. അതായത് ആ ദിവസം പെസഹയുടെ ഒരുക്കനാളാണ് (നിസാന്‍ 14)എന്നര്‍ത്ഥം. മാര്‍കോസ് പറയുന്നത് നോക്കൂ.

12   പെസഹാബലി അര്‍പ്പിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം, ശിഷ്യന്‍മാര്‍ യേശുവിനോടു ചോദിച്ചു: നിനക്കു ഞങ്ങള്‍ എവിടെ പെസഹാ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?13 അവന്‍ രണ്ടു ശിഷ്യന്‍മാരെ അയച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍ നഗരത്തിലേക്കുചെല്ലുക. ഒരുകുടം വെള്ളം ചുമന്നുകൊണ്ട് ഒരുവന്‍ നിങ്ങള്‍ക്കെതിരേ വരും. അവനെ അനുഗമിക്കുക.14 അവന്‍ എവിടെ ചെന്നുകയറുന്നുവോ അവിടത്തെ ഗൃഹ നാഥനോടു പറയുക: ഗുരു ചോദിക്കുന്നു, ഞാന്‍ എന്റെ ശിഷ്യന്‍മാരുമൊത്തു പെ സഹാ ഭക്ഷിക്കുന്നതിന് എന്റെ വിരുന്നുശാല എവിടെയാണ്?15 സജ്ജീകൃതമായ ഒരു വലിയ മാളികമുറി അവര്‍ കാണിച്ചുതരും. അവിടെ നമുക്കുവേണ്ടി ഒരുക്കുക (മാര്‍കോസ് 14:12-15)

ശിഷ്യന്മാര്‍ യേശു പറഞ്ഞത് പോലെ ചെയ്യുകയും, സന്ധ്യയായപ്പോള്‍ (പെസഹയുടെ ദിവസംതുടങ്ങിയപ്പോള്‍) അവര്‍ പെസഹ ഭക്ഷിക്കുകയും ചെയ്യുന്നു.

16 ശിഷ്യന്‍മാര്‍ പുറപ്പെട്ട് നഗരത്തിലെത്തി, അവന്‍ പറഞ്ഞിരുന്നതുപോലെ കണ്ടു.17 അവര്‍ പെസഹാ ഒരുക്കി. സന്ധ്യയായപ്പോള്‍ അവന്‍ പന്ത്രണ്ടുപേരുമൊരുമിച്ചു വന്നു.18 അവര്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ യേശു പറഞ്ഞു.. (മാര്‍കോസ് 14)

യേശുവും ശിഹ്യന്മാരും പെസഹ ഭക്ഷിച്ച ശേഷം, ഗത്സമന തോട്ടത്തിലേക്ക് പൊകുകയും അവിടെ വെച്ച് യേശു ദുഖിതനായി നിലത്ത് വീണ്, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും നീക്കണേ എന്ന് ദൈവത്തോട്  പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അവിടെ അവര്‍ സംസാരിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ യേശുവിനെ ഒറ്റുകൊടുത്ത യൂദാസ്  ജനക്കൂട്ടവും ആയി യേശുവിനെ പിടികൂടാനായി വരികയും അവര്‍ യേശുവിനെ ബന്ധിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് അന്ന് തെന്നെ യേശുവിനെ ന്യാധിപസംഘത്തിന് മുന്നില്‍ ഹാജരാക്കുകയും,  പിറ്റേന്ന് അതിരാവിലെ പുരോഹിതപ്രമുഖര്‍ യേശുവിനെ റോമന്‍ ഗവര്‍ണറായ പിലാത്തോസിന് കൈമാറുകായും ചെയ്യുന്നു. പിന്നീട് പിലോതോസ് യേശുവിനെ ക്രൂശിക്കാന്‍ വിധിക്കുകയും അന്ന് രാവിലെ ഒമ്പത് മണിക്ക് തെന്നെ (മാര്‍കോസ് 15:25) യേശുവിനെ ക്രൂശിക്കുകയും ചെയ്യുന്നു. അതായത് മാര്‍കോസ് പ്രകാരം യേശു ക്രൂശിക്കപ്പെടുന്നത് പെസഹയുടെ അന്ന്(നിസാന്‍ 15) നു രാവിലെ ഒമ്പത്‌ മണിക്കാണ്.

ക്രൂശീകരണം നടന്ന ദിവസവും സമയവും യോഹന്നാനില്‍

യോഹന്നനാനിലും യേശുവും ശിഷ്യന്മാരും ജെറുസലേമിലേക്ക് വരുന്നതായും ഒരുമിച്ച് അത്താഴം കഴിക്കുന്നതായും പറയുന്നു. എന്നാല്‍ യോഹന്നാനില്‍ യേശു പെസഹ ഒരുക്കാന്‍ വേണ്ടി ശിഷ്യന്മാരോട് ആവശ്യപ്പെടുകയോ, അവസാനത്തെ അത്താഴം പെസഹയാണ് എന്ന് പറയുകയോ ചെയ്യുന്നില്ല. യോഹന്നാന്‍ പ്രകാരം യേശു സാധാരണ അത്താഴം ആണ് ശിഷ്യന്മാരോട് കൂടെ കഴിക്കുന്നത്‌. അത്താഴത്തിന് ശേഷം അവര്‍ പുറത്തു പോകുന്നു.  യേശു ഇവിടെയും ജൂദാസിനാല്‍ ഒറ്റുകൊടുക്കപ്പെടുകയും പ്രധാന പുരോഹിതന്‍റെ മുമ്പില്‍ ഹാജരാക്കപ്പെടുകയും പിന്നീട് പുലര്‍ച്ചെ പിലാത്തോസിന്റെ മുമ്പില്‍ ഹാജരാക്കുകയും ചെയ്യുന്നു. പെസഹ അപ്പോഴും തുടങ്ങിയിട്ടില്ല എന്നാണ് യോഹന്നാന്‍ പറയുന്നത്. യോഹന്നാന്‍ പറയുന്നത് നോക്കൂ.

28 യേശുവിനെ അവര്‍ കയ്യാഫാസിന്റെ അടുത്തുനിന്ന് പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. അപ്പോള്‍ പുലര്‍ച്ചയായിരുന്നു. അശുദ്ധരാകാതെ പെസഹാ ഭക്ഷിക്കേണ്ടതിനാല്‍ അവര്‍ പ്രത്തോറിയത്തില്‍ പ്രവേശിച്ചില്ല.29 അതിനാല്‍ പീലാത്തോസ് പുറത്ത് അവരുടെ അടുക്കല്‍ വന്നു ചോദിച്ചു: ഈ മനുഷ്യനെതിരേ എന്താരോപണമാണു നിങ്ങള്‍ കൊണ്ടുവരുന്നത(യോഹന്നാന്‍ 18)

പിന്നീട് പിലാത്തോസ് യേശുവിനെ ക്രൂശിക്കാന്‍ വിധിക്കുകയും യേശു ക്രൂശിക്കപ്പെടുകയും ചെയ്യുന്നു. അങ്ങിനെ പെസഹയുടെ ഒരുക്കാനാള്‍ ഏകദേശം ഉച്ചക്ക് യേശുവിനെ ക്രൂശിക്കുകയും ചെയ്യുന്നു. യോഹന്നാന്‍ പറയുന്നത് ഇങ്ങനെയാണ്.

14 അന്ന് പെസഹായുടെ ഒരുക്കത്തിനുള്ള ദിവസമായിരുന്നു. അപ്പോള്‍ ഏകദേശം ആറാം മണിക്കൂറുമായിരുന്നു. അവന്‍ യഹൂദരോടു പറഞ്ഞു:15 ഇതാ, നിങ്ങളുടെ രാജാവ്! അവര്‍ വിളിച്ചുപറഞ്ഞു: കൊണ്ടുപോകൂ, അവനെ കൊണ്ടുപോയി കുരിശില്‍ തറയ്ക്കൂ. പീലാത്തോസ് അവരോടു ചോദിച്ചു: നിങ്ങളുടെ രാജാവിനെ ഞാന്‍ ക്രൂശിക്കണമോ? പുരോഹിതപ്രമുഖന്‍മാര്‍ പറഞ്ഞു: സീസറല്ലാതെ ഞങ്ങള്‍ക്കു വേറെ രാജാവില്ല.16 അപ്പോള്‍ അവന്‍ യേശുവിനെ ക്രൂശിക്കാനായി അവര്‍ക്കു വിട്ടുകൊടുത്തു.(യോഹന്നാന്‍ 19)

അതായത് യോഹന്നാന്‍ പ്രകാരം യേശു ക്രൂശിക്കപ്പെടുന്നത് പെസഹയുടെ ഒരുക്കനാള്‍ അഥവാ നിസാന്‍ 14 ന് ഉച്ചക്കാണ്. മാര്‍കോസിലാകെട്ടെ ഈ സമയം യേശു ജീവനോടെ ശിഷ്യന്‍മാര്‍ക്കോപ്പമായിരുന്നു. അന്ന് വൈകുന്നേരവും കഴിഞ്ഞ്  രാത്രി പെസഹ ഭക്ഷിച്ചതിന് ശേഷം പിറ്റേന്ന് രാവിലെയാണ് മാര്‍കോസ് പ്രകാരം യേശു ക്രൂശിക്കപ്പെടുന്നത്.

എന്താണ് ഈ വൈരുധ്യത്തിന് കാരണം ?

യോഹന്നാനും, സമാന്തര സുവിശേഷങ്ങളും തങ്ങളുടെ ദൈവശാസ്ത്ര സങ്കല്പതിനനുസൃതമായി യേശുകഥ രചിച്ചതാണ് ഈ വിത്യാസത്തിന് കാരണം. യോഹന്നാനെയും പൌലോസിനെയും സംബന്ധിച്ചിടത്തോളം യേശു തെന്നെയാണ് ലോകത്തിന് സ്വയം ബലി നല്‍കിയ പെസഹ കുഞ്ഞാട്. സ്വാഭാവികമായും യേശു കുരിശില്‍ മരിക്കേണ്ടതു പെസഹ ബലി നല്‍കേണ്ട അതെ ദിവസവും(പെസഹ ഒരുക്ക നാള്‍) അതെ സമയത്തും(ഉച്ചക്ക് ശേഷം) ആയിരിക്കണം. ഇതിന് വേണ്ടിയാണ് യോഹന്നാന്‍ യേശുവിനെ കുരിശില്‍ തറക്കുന്നത്  പെസഹ ഒരുക്കനാള്‍ ഉച്ചക്ക് ശേഷമാണ് എന്ന് പറയുന്നത്. ഇത് മാത്രമല്ല്ല, പെസഹ കുഞ്ഞാടിന് ഉണ്ടായിരിക്കേണ്ട ഒരു നിബന്ധനയാണ് അതിന്‍റെ അസ്ഥികള്‍ ഒന്നും ഓടിയാതിരിക്കുക എന്ന്. ഇതിനനുസൃതമായി യോഹന്നാന്‍  പറയുന്നുണ്ട് യേശുവിന്‍റെ അസ്ഥികള്‍ ഒന്നു പോലും തകര്‍ക്കപ്പെട്ടിരുന്നില്ല എന്ന്. (അസ്ഥികള്‍ തകര്‍ക്കപ്പെടാതെ കയ്യിലും കാലിലും ആണി അടിച്ചു കയറ്റാന്‍ സാധ്യത കുറവാണ്)  എന്നാല്‍ യോഹന്നാനു പതിറ്റാണ്ടുകള്‍ക്കു മുമ്പ് എഴുതപ്പെട്ട സമാന്തര സുവിശേഷങ്ങളുടെ കര്താക്കള്‍ക്ക് ഇത്തരത്തില്‍ ഉള്ള ധാരണയില്ലാതിരുന്നതിനാല്‍ അവര്‍, യേശു പെസഹ അറുക്കേണ്ട ദിവസം കഴിഞ്ഞിട്ടാണ് യേശുക്രൂശിക്കപ്പെട്ടതായി പറയുന്നത്. ഇതില്‍ ഏത് വിവരണമാണ് ചരിത്രത്തോട് കൂടുതല്‍ നീതി പുലര്‍ത്തുന്നത് എന്ന് പറയാന്‍ സാധ്യമല്ല.

Monday, January 3, 2011

പുതിയ നിയമത്തിലെ തിരുത്തലുകള്‍ – 3

രണ്ടാം ഭാഗം ഇവിടെ വായിക്കുക

4) മത്തായി 24:36

മത്തായിയുടെ സുവിശേഷത്തില്‍ യേശു അന്ത്യനാളിനെ ക്കുറിച്ച് പറയുന്ന വചനമാണ് താഴെക്കൊടുത്തത്.

36 ആദിവസത്തെക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗത്തിലെ ദൂതന്‍മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ.(മത്തായി 24:36)

ഈ വചനം  യേശു ദൈവമാണ് എന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം പ്രയാസം സൃഷ്ടിക്കുന്നതാണ്. കാരണം എല്ലാം അറിയുന്നവനാണ് ദൈവം. യേശു ദൈവമാണ് എങ്കില്‍, എല്ലാം അറിയുന്നവനായിരിക്കണം. എങ്ങിനെയാണ് ദൈവത്തിന് അന്ത്യനാളിനെ ക്കുറിച്ച് അറിവില്ലാതിരിക്കുക. മത്തായുടെ സുവിശേഷത്തിന്റെ ചില പകര്പ്പെഴുത്ത്കാര്‍ക്കും ന്യായമായ ഈ സംശയം തോന്നിക്കാണണം. കാരണം മത്തായിയുടെ സുവിശേഷത്തിന്റെ പില്കാലതുള്ള പല കയ്യെഴുത്ത് പ്രതികളിലും പുത്രന് പോലുമോ എന്നാ ഭാഗം, നീക്കം ചെയ്തിര്‍ക്കുന്നു. ഇത്തരം കയ്യെഴുത്ത് പ്രതികള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ KJV  പോലെയുള്ള  ബൈബിളുകളില്‍ പുത്രന് പോലുമോ എന്ന് ഇല്ല. ഉദാഹരണമായി KJV  യില്‍ ഈ വചനം താഴെ പ്പറയുന്ന പോലെയാണ് കൊടുത്തിട്ടുള്ളത്.

But of that day and hour knoweth no man, no, not the angels of heaven, but my Father only. (Mat 24:36, KJV)

ഇത്  New International Version Bible ഉം ആയി താരതമ്യപ്പെടുത്തി നോക്കൂ.

But about that day or hour no one knows, not even the angels in heaven, nor the Son,but only the Father.((Mat 24:36, NIV)

5) മാര്‍കോസ് 1:2-3‍

മാര്കൊസിന്റെ സുവിശേഷന്‍റെ തുടക്കത്തിലുള്ള വചനങ്ങളാണ്‌ താഴെക്കൊടുത്തവ:

ഇതാ, നിനക്കുമുമ്പേ ഞാന്‍ എന്റെ ദൂതനെ അയയ്ക്കുന്നു അവന്‍ നിന്റെ വഴി ഒരുക്കും.3   മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം: കര്‍ത്താവിന്റെ വഴി ഒരുക്കുവിന്‍. അവന്റെ പാത നേരെയാക്കുവിന്‍ എന്ന് ഏശയ്യാ പ്രവാചകന്റെ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ (മാര്‍കോസ് 1:2-3‍ )

ഇവിടെ സുവിശേഷ കര്‍ത്താവ്‌ പഴയ നിയമത്തിലെ യശയ്യാവിന്റെ ഗ്രന്ഥം ഉദ്ധരിചിരിക്കുകയാണ്. എന്നാല്‍ യശയ്യാവില്‍  “ഇതാ, നിനക്കുമുമ്പേ ഞാന്‍ എന്റെ ദൂതനെ അയക്കുന്നു..” എന്ന് തുടങ്ങുന്ന വചനം ഇല്ല. ഈ ഉദ്ധരണി യഥാര്‍ത്ഥത്തില്‍ പുറപ്പാട് 23:20 ഉം മലാക്കി 3:1 ഉം കൂടിച്ചേര്‍ന്നതാണ്. ചില പകര്പ്പെഴുത്ത് കാര്‍ക്ക് ഇതൊരു പ്രശനമായി തോന്നുകയും അവര്‍, തങ്ങളുടെ കോപിയില്‍ “എന്ന് ഏശയ്യാ പ്രവാചകന്റെ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ” എന്നത് മാറ്റി പകരം “എന്ന് പ്രവാചകന്മാരില്‍ എഴുതിയിരിക്കുന്നതുപോലെ” എന്ന് തിരുത്തി. അതുകൊണ്ട് തെന്നെ പല കയ്യെഴുത്ത് പ്രതികളിലും ഈ വചനത്തില്‍ “എന്ന് പ്രവാചകന്മാരില്‍ എഴുതിരിക്കുന്നത് പോലെ” എന്നാണു കാണാന്‍ കഴിയുക. ഇംഗ്ലീഷില്‍ കിംഗ്‌ ജയിംസ് വേര്‍ഷന്‍ ബൈബിളില്‍ ഈ വചനം ഇങ്ങനെ വായിക്കാം.

As it is written in the prophets, Behold, I send my messenger before thy face, which shall prepare thy way before thee. (Mar 1:2 )

6) 1 തിമോത്തിയോസ് 3:16

ബൈബിള്‍ യേശുവിനെ നേര്‍ക്ക്‌ നേരെ ദൈവമായി പരിചയപ്പെടുതുന്നില്ല. ആദ്യകാല ക്രിസ്ത്യാനികള്‍ക്ക് അത്തരത്തില്‍ ഒരു വിശ്വാസം ഇല്ലാതിരുന്നതാണ് കാരണം. എന്നാല്‍ ഇതിന് വിരുദ്ധമായി, പൗലോസ്‌ തിമോത്തിയോസിനെഴുതിയ ലേഖനത്തിലെ 3:16 ല്‍ യേശുവിനെ ദൈവം ദൈവം ശരീരത്തില്‍ പ്രത്യക്ഷപ്പെട്ടവന്‍ എന്ന് ചില ബൈബിളുകളില്‍ പരിചയെപ്പെടുത്തുന്നുണ്ട് . യേശു ദൈവമാണ് എന്ന് ബൈബിള്‍ പറയുന്നുണ്ട് എന്ന് സ്ഥാപിക്കാന്‍ പണ്ട് മുതലേ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു വചനമാണ് ഇത്. ഉദാഹരണമായി കിംഗ്‌ ജയിംസ് വേര്‍ഷന്‍ ബൈബിളില്‍ ഈ വചനം ഇങ്ങനെയാണ് കൊടുത്തിരിക്കുന്നത്‌.

And without controversy great is the mystery of godliness: God was manifest in the flesh, justified in the Spirit, seen of angels, preached unto the Gentiles, believed on in the world, received up into glory (1Timothy 3:16 )

എന്നാല്‍ ചില കയ്യെഴുത്ത് പ്രതികളില്‍ കാണപ്പെടുന്ന ഈ പരാമര്‍ശം, പില്‍കാലത്ത് പകര്പ്പെഴുത്ത് കാരന്‍ നടത്തിയ തിരുത്തലിന്റെ ഫലമാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജോഹന്‍ ജെ വെറ്റെസ്ടിന്‍ (JOHANN J. WETTSTEIN ) എന്ന പ്രോടസ്ടന്റ്റ്‌ പണ്ഡിതന്‍ ആണ് തിരുത്തല്‍ ആദ്യമായി കണ്ടെത്തുന്നത്. 1715 ല്‍ വെറ്റെസ്ടീന്, ഇന്ഗ്ലാണ്ടില്‍ വെച്ച്  കോഡക്സ് ആള്‍ക്സാണ്ട്രിനസ് (Codex Alexandrinus) പരിശോധിക്കാന്‍ അവസരം ലഭിക്കുകയും 1 തിമോത്തിയോസ് 3:16 ലെ തിരുത്തല്‍ അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ പെടുകയും ആണുണ്ടായത്.

പകര്‍പ്പെഴുത്തുകാര്‍, പുതിയനിയമത്തില്‍ ഉപയോഗിച്ചിരുന്ന പല വിശുദ്ധനാമങ്ങളും, രണ്ടോ മൂന്നോ അക്ഷരങ്ങള്‍ ഉപയോഗിച്ച്  ചുരുക്കി എഴുതുന്ന രീതി അവലബിച്ചിരുന്നു. ഈ രീതിയെയാണ് ലാറ്റിന്‍ പദമായ Nomina sacra എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതനുസരിച്ച് ദൈവം(Θεός) എന്ന വാക്കിനെ ചുരുക്കി   ΘΣ എന്ന് എഴുതി, ഇത് ചുരുക്കി എഴുതിയതാണ് എന്ന് കാണിക്കാന്‍  മുകളില്‍ ഒരു വര വരക്കും. യേശു, പിതാവ്, പുത്രന്‍ തുടങ്ങിയ പദങ്ങളും ഇപ്രകാരം ചുരുക്കു എഴുതാറുണ്ട്.

വെറ്റെസ്ടിന്‍ പരിശോധിച്ച കയ്യെഴുത്ത് പ്രതിയില്‍ ഇപ്രകാരം  ΘΣ (theta, sigma എന്നീ രണ്ടക്ഷരങ്ങള്‍) എന്ന വാക്കാണ് ദൈവത്തെ ക്കുറിക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്.എന്നാല്‍ ഇത് ചുരുക്കെഴുത്താണ് എന്ന് സൂചിപ്പിക്കാന്‍ വേണ്ടി മുകളില്‍ വരച്ച വര മറ്റൊരു മാഷികൊണ്ട് പിന്നീട് വരച്ചു ചേര്‍ത്തതാണ് എന്ന് അദ്ദേഹം ശ്രദ്ധിച്ചു. മാത്രവുമല്ല Θ (theta) എന്ന അക്ഷരത്തിന്‍റെ നടുവിലെ വരയും കയ്യെഴുത്ത് പ്രതിയില്‍ പിന്നീട് കൂട്ടി ചേര്‍ത്തതാണ് എന്ന് മനസിലായി. യഥാര്‍ത്ഥത്തില്‍ ഇന്നയാള്‍(who) എന്നര്‍ത്ഥമുള്ള OΣ(omicron, sigma) എന്ന പദം ആയിരുന്നു അവിടെ ഉപയോഗിച്ചിരുന്നത്. ഇതിലെ omicron നെ theta എന്ന് തിരുത്തിയും  മുകളില്‍ വര വരച്ചും ദൈവം എന്ന് ആക്കുകയായിരുന്നു പില്‍കാലത്ത് വന്ന പകര്‍പ്പെഴുതുകാരന്‍. ഇതേ തിരുത്ത് ഇതേ രീതിയില്‍ നടന്നിട്ടുള്ള മറ്റ് നാല് കയ്യെഴുത്ത് പ്രതികള്‍ കൂടിയുണ്ട്.  വെറ്റെസ്ടീന്‍ തന്‍റെ പഠനത്തെ തുടര്‍ന്ന്  ഇത്തരത്തില്‍ ഉള്ള മറ്റ് തിരുത്തലുകള്‍ കണ്ടെത്തുകയും തല്‍ഫലമായി  യേശുവിന്‍റെ ദിവ്യതിലുള്ള വിശ്വാസതിന് എതിരാകുകയും ചെയ്തു. ഇതുമൂലം അദ്ദേഹത്തിന് കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വരികയും അദ്ദേഹത്തെ  ജന്മ സ്ഥലമായ ബാസലില്‍ (Basel) നിന്നും നാട് കടത്തെപ്പെടുകയും ഉണ്ടായി.

1 തിമോത്തിയോസ് 3:16 പുതിയ ആധുനിക മലയാളം ബൈബിളില്‍ ഇങ്ങനെയാണ് കൊടുതിര്‍ക്കുന്നത്.

16 നമ്മുടെ മതത്തിന്റെ രഹസ്യം ശ്രേഷ്ടമാണെന്നു ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. ശരിരത്തില്‍ പ്രത്യക്ഷപ്പെട്ടവന്‍ ആത്മാവില്‍ നീതികരിക്കപ്പെട്ടു; ദൂതന്‍മാര്‍ക്കു ദൃശ്യനായി; ജനപദങ്ങളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ടു; ലോകം അവനില്‍ വിശ്വസിച്ചു. മഹത്വത്തിലേക്ക് അവന്‍ സംവഹിക്കപ്പെടുകയും ചെയ്തു(1 തിമോത്തിയോസ് 3:16).

NIV ബൈബിളില്‍ ഈ വചനം ഇങ്ങനെ കൊടുത്തിരിക്കുന്നു.

Beyond all question, the mystery of godliness is great: He appeared in a body, was vindicated by the Spirit, was seen by angels, was preached among the nations, was believed on in the world, was taken up in glory. (1 Tim 3:16)

 

7) ലൂകൊസു 23:34

യേശുവിനെ കുരിശില്‍ തറച്ചതിനു ശേഷം യേശു നടത്തുന്ന വളരെ പ്രസിദ്ധമായ ഒരു പ്രാര്‍ഥനയാണ് ഈ വചനത്തില്‍ ഉള്ളത്.

യേശു പറഞ്ഞു: പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല.. അവന്റെ വസ്ത്രങ്ങള്‍ ഭാഗിച്ചെടുക്കാന്‍ അവര്‍ കുറിയിട്ടു.(ലൂകൊസു 23:34)

ലൂകൊസിന്റെ സുവിശേഷത്തില്‍ മാത്രം ഉള്ള ഈ പ്രസ്താവനയും യഥാര്‍ത്ഥത്തില്‍ ലൂകൊസിന്റെ കര്‍ത്താവ്‌ എഴുതിയതല്ല, പില്‍കാലത്ത്  പകര്‍പ്പെഴുതുകാരാല്‍ കൂടിചെര്‍ക്കപ്പെട്ടതാണ്. ആദ്യകാല കയ്യെഴുത്ത് പ്രതികളില്‍ ഈ വചനത്തിന്‍റെ ആദ്യഭാഗം ഇല്ല.  ജെറുസേലെമെന്റെ തകര്‍ച്ച, യേശുവിനെ ക്രൂശിച്ച യാഹൂദന്മാര്‍ക്ക്   ദൈവം പൊറുത്തു കൊടുത്തില്ല എന്നതിന്‍റെ തെളിവാണ് എന്ന് കരുതിയ പകര്പ്പെഴുത്ത് കാര്‍ ആദ്യകാല കയ്യെഴുത്ത് പ്രതികളില്‍ നിന്നും ഈ ഭാഗം നീക്കം ചെയ്തായിരിക്കും എന്നഭിപ്രായപ്പെട്ട പണ്ഡിതന്‍മാരുണ്ട്. എന്നാല്‍ ബ്രൂസ് മെസ്ഗര്‍(Bruce Metzger) നെ പോലെയുള്ള പണ്ഡിതന്മാര്‍ ഈ ഭാഗം ലൂകൊസു എഴുതിയതല്ല എന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. ആധുനിക ബൈബിളുകളില്‍ ഈ ഭാഗം ബ്രാകറ്റില്‍ കൊടുക്കയോ, ഈ ഭാഗം ആദ്യകാല കയ്യെഴുത്ത് പ്രതികളില്‍ ഇല്ല എന്നത് ഫുട് നോട്ടില്‍ സൂചിപ്പിക്കുകയോ ചെയ്തിരിക്കും.

ബ്രൂസ് മെസ്ഗര്‍ പറയുന്നത് നോക്കൂ.

The absence of these words from such early and diverse witnesses as î75 B D* W Q ita, d syrs copsa, bomss al is most impressive and can scarcely be explained as a deliberate excision by copyists who, considering the fall of Jerusalem to be proof that God had not forgiven the Jews, could not allow it to appear that the prayer of Jesus had remained unanswered. At the same time, the logion, though probably not a part of the original Gospel of Luke, bears self-evident tokens of its dominical origin, and was retained, within double square brackets, in its traditional place where it had been incorporated by unknown copyists relatively early in the transmission of the Third Gospel.(A Textual Commentary On The Greek New Testament by Bruce M. Metzger)

 

8) യോഹന്നാന്‍ 7:8-10

ഈ വചനങ്ങള്‍ ഇങ്ങനെ വായിക്കാം.

8 നിങ്ങള്‍ തിരുനാളിനു പൊയ്‌ക്കൊള്ളുവിന്‍. ഞാന്‍ ഈ തിരുനാളിനു പോകുന്നില്ല. എന്തെന്നാല്‍., എന്റെ സമയം ഇനിയും പൂര്‍ത്തിയായിട്ടി..9 ഇപ്രകാരം പറഞ്ഞ് അവന്‍ ഗലീലിയില്‍ത്തന്നെതാമസിച്ചു.10 എന്നാല്‍., അവന്റെ സഹോദരന്‍മാര്‍ തിരുനാളിനു പോയതിനുശേഷം അവനും പോയി; പരസ്യമായല്ല, രഹസ്യമായി.(യോഹന്നാന്‍ 7:8-10 )

ഈ വചനങ്ങള്‍ പ്രകാരം യേശു തിരുനാളിന് പോകുന്നില്ല എന്ന് സഹോദരന്മാരോട് പറയുകയും, പിന്നീട് അവര്‍ പോയതിനു ശേഷം രഹസ്യമായി തിരുനാളിന് പോകുകയും ചെയ്യുന്നു. ഇത് തീര്‍ച്ചയായിട്ടും, യേശു ദൈവമാണ് എന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ചടത്തോളം പ്രയാസം സൃഷ്‌ടിക്കുന്നതാണ്. യോഹന്നാന്‍ സുവിശേഷത്തിന്റെ ഒരു പകര്‍പ്പെഴുത്തുകാരന്‍ ഇതിന് പരിഹാരം കണ്ടത് ഈ വചനം തിരുത്തിക്കൊണ്ടായിരുന്നു. ഞാന്‍ പോകുന്നില്ല(not,  ouk  in greek  ) എന്ന് യേശുപറയുന്നത് ഞാന്‍ ഇപ്പോള്‍ പോകുന്നില്ല(not yet, oupo in greek) എന്ന് തിരുത്തിയ കയ്യെഴുത്ത് പ്രതികള്‍ ലഭ്യമാണ്.

താരതമ്യേന പുതിയ കയ്യെഴുത്ത് പ്രതികള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ കിംഗ്‌ ജയിംസ് വേര്‍ഷന്‍ ബൈബിളില്‍ ഈ വചനം ഇങ്ങനെയാണ് കൊടുത്തിരിക്കുന്നത്.

Go ye up unto this feast: I go not up yet unto this feast; for my time is not yet full come (John 7:8, KJV)

ഇത് NAB യും ആയി താരതമ്യപ്പെടുത്തി നോക്കൂ.

You go up to the feast. I am not going up  to this feast, because my time has not yet been fulfilled."  (John 7, NAB):

 

9) അപോസ്തല പ്രവര്‍ത്തികള്‍ 8:37

KJV ബൈബിളില്‍ ഈ വചനം ഇങ്ങനെ വായിക്കാം.

Act 8:36  And as they went on their way, they came unto a certain water: and the eunuch said, See, here is water; what doth hinder me to be baptized?
Act 8:37  And Philip said, If thou believest with all thine heart, thou mayest. And he answered and said, I believe that Jesus Christ is the Son of God.
Act 8:38  And he commanded the chariot to stand still: and they went down both into the water, both Philip and the eunuch; and he baptized him.

ഈ വചനം അനുസരിച്ച്, ഒരു ഒരാള്‍ പീലിപ്പോസിനോട് തെന്നെ  ജ്ഞാന സ്നാനം ചെയ്യണം എന്നാവശ്യപ്പെടുകയും അപ്പോള്‍ പീലിപ്പോസ് ആവശ്യപ്പെട്ടതനുസരിച്ച് യേശു ദൈവ പുത്രനാണ് അയാള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.എന്നാല്‍ യേശു ദൈവ പുത്രനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്ന ഈ വചനം പൂര്‍ണമായും പില്കലാത്ത് കയ്യെഴുത്ത് കാരനാല്‍ കൂട്ടി ചേര്‍ക്കപ്പെട്ടതാണ്. ആധുനിക ബൈബിളുകളില്‍ നിന്നും ഈ വചനം പൂര്‍ണമായി തെന്നെ നീക്കം ചെയ്തതായി കാണാം.

Revised Version(RV) ല്‍ ഈ വചനം ഇങ്ങനെയാണ് കൊടുത്തിട്ടുള്ളത്.

Act 8:36  And as they went on the way, they came unto a certain water; and the eunuch saith, Behold, here is water; what doth hinder me to be baptized?
Act 8:37  <??
Act 8:38  And he commanded the chariot to stand still: and they both went down into the water, both Philip and the eunuch; and he baptized him.

10) ലൂകൊസ്‌ 22:43-44

യേശുവിനെ ഒറ്റുകൊടുക്കുന്നതിനു മുമ്പ് യേശു ദൈവത്തോട് പ്രാര്തിക്കുന്നതാണ് രംഗം. ആ വചനങ്ങള്‍ താഴെകൊടുക്കുന്നു.

.41 അവന്‍ അവരില്‍ നിന്ന് ഒരു കയ്യേറു ദൂരം മാറി മുട്ടിന്‍മേല്‍ വീണു പ്രാര്‍ഥിച്ചു:42 പിതാവേ, അങ്ങേക്ക് ഇഷ്ട മെങ്കില്‍ ഈ പാനപാത്രം എ്ന്നില്‍ നിന്നും അകറ്റണമേ. എങ്കിലും, എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ!43 അപ്പോള്‍ അവനെ ശക്തിപ്പെടുത്താന്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു ദൂതന്‍ പ്രത്യക്ഷപ്പെട്ടു.44 അവന്‍ തീവ്രവേദനയില്‍ മുഴുകി കൂടുതല്‍ തീക്ഷ്ണമായി പ്രാര്‍ഥിച്ചു. അവന്റെ വിയര്‍പ്പു രക്തത്തുള്ളികള്‍പോലെ നിലത്തുവീണു.45 അവന്‍ പ്രാര്‍ഥന കഴിഞ്ഞ് എഴുന്നേറ്റ് ശിഷ്യന്‍മാരുടെ അടുത്തു വന്നപ്പോള്‍ അവര്‍ വ്യസനം നിമിത്തം തളര്ന്ന്  ഉറങ്ങുന്നതു കണ്ടു. (ലൂകൊസ്‌ 22:4121-45)

ഇതില്‍ സ്വര്‍ഗത്തില്‍ നിന്നും ദൂതന്‍ വന്നു യേശുവിനെ ശക്തിപ്പെടുത്തുന്നതു പറയുന്ന വാക്യമുള്ള 43, 44  വചനങ്ങള്‍ പല ആദ്യകാല കയ്യെഴുത്ത് പ്രതികളിലും ഇല്ല. ഇവ യഥാര്‍ത്ഥത്തില്‍ പിന്നീട് കൂട്ടി ചര്തതാണോ, അതോ പകര്പ്പെഴുത്ത് കാര്‍, ലൂകൊസിന്റെ സുവിശേഷത്തില്‍ നിന്നും ദൈവ ശാസ്ത്രപരമായ കാരണങ്ങളാല്‍  പിന്നീട് നീക്കം ചെയ്തതാണോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വിത്യാസമുണ്ട്. Bruce Metzger റുടെ അഭിപ്രായത്തില്‍ ഈ വചനങ്ങള്‍ ലൂകൊസിന്റെ സുവിശേഷത്തിന്റെ കര്‍ത്താവ്‌ എഴുതിയതല്ല.

The absence of these verses in such ancient and widely diversified witnesses as î(69vid), 75 aa A B T W syrs copsa, bo armmss geo Marcion Clement Origen al, as well as their being marked with asterisks or obeli (signifying spuriousness) in other witnesses (Dc Pc 892c mg 1079 1195 1216 copbomss) and their transferral to Matthew’s Gospel by family 13 and several lectionaries (the latter also transfer, strongly suggests that they are no part of the original text of Luke .

ഈ വചനങ്ങള്‍ ലൂകൊസു ന്‍റെ ഭാഗമായിരുന്നില്ല എങ്കിലും, വളരെ പൌരാണികമായതിനാല്‍ ബൈബിളിന്റെ ഭാഗമായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു എന്നാണ് മെസ്ഗര്‍ പറയുന്നത്. (Textual Commentary On The Greek New Testament)

ബൈബിള്‍ കയ്യെഴുത്ത് പ്രതികളില്‍ പകര്പ്പെഴുത്ത്കാര്‍ നടത്തിയ ആയിരക്കണക്കിന് തിത്തലുകളില്‍ നിന്നും‍ ദൈവ ശാസ്ത്രപരമായ പ്രാധാന്യമുള്ള തിരുത്തലുകള്‍ക്ക് ഏതാനും ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഇവിടെ നല്‍കിയത്.

(അവസാനിച്ചു)

Friday, December 31, 2010

പുതിയ നിയമത്തിലെ തിരുത്തലുകള്‍ - 2

ഒന്നാം ഭാഗം ഇവിടെ വായിക്കുക

2) യോഹന്നാന്‍റെ സുവിശേഷം 7:53-8:11

പുതിയ നിയമത്തിലെ വളരെ പ്രസിദ്ധവും മനോഹരവും ആയ കഥയാണ്‌ വ്യഭിചാരം ആരോപിച്ച് പിടിക്കപ്പെട്ട സ്ത്രീയെ, യേശു വെറുതെ വിട്ട കഥ. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന വചനം ഉള്‍കൊള്ളുന്ന ഭാഗമാണ് ഇത്. യേശുവിന്‍റെ അടുക്കല്‍ ഫരിസേയര്‍, വ്യഭിചാരം ആരോപിച്ചു ഒരു സ്ത്രീയെ കൊണ്ട് വരികയും, മോശയുടെ നിയമപ്രകാരം കല്ലെറിഞ്ഞു കൊല്ലാന്‍ കല്‍പ്പിക്കപ്പെട്ട ഇവളെ എന്ത് ചെയ്യണം എന്ന് ചോദിക്കുകയും ചെയ്യുന്നു. യേശുവിനെ പരീക്ഷിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. യേശു പക്ഷെ തന്ത്രപൂര്‍വം, നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആദ്യം കല്ലെറിയട്ടെ എന്ന് പറയുകയും, അപ്പോള്‍ അവരെ കൊണ്ട് വന്നവര്‍ എല്ലാവരും പിരിയുകയും യേശുവും ആ സ്ത്രീയും മാത്രമാവുകയും ചെയ്തു വന്നതാണ് കഥ. എന്നാല്‍ ഈ കഥാഭാഗം ഉള്‍കൊള്ളുന്ന വചനങ്ങള്‍, യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ ഭാഗമായിരുന്നില്ല എന്നും പില്‍കാലത്ത് കടന്നു കൂടിയതാണ് എന്ന കാര്യം പലര്‍ക്കുമറിയില്ല. ഈ വചനങ്ങള്‍ ആദ്യകാല ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളില്‍ ഒന്നിലും തെന്നെയള്ളതല്ല, ഇത് ലാറ്റിന്‍ ബൈബിളില്‍ നിന്നും നിന്നും യോഹന്നാന്‍റെ സുവിശേഷതിലെക്ക് കടന്നു വന്നതാകാണാന് സാധ്യത. യോഹന്നാനില മാത്രം ഉള്ള  ഈ വചനങ്ങള്‍ യോഹന്നാന്‍റെ സുവിശേഷ കര്‍ത്താവ് എഴുതിയതല്ല എന്ന കാര്യത്തില്‍ ഇന്ന് കാര്യമായ അഭിപ്രായ വിത്യാസം ഒന്നും ബൈബിള്‍ പണ്ഡിതമാര്‍ക്കിടയില്‍ ഇല്ല
താഴെ കൊടുത്തവയാണ് ആ വചനങ്ങള്‍:
അദ്ധ്യായം 7
53 ഓരോരുത്തരും സ്വന്തം വീടുകളിലേക്കു പോയി.
അദ്ധ്യായം 8
1 യേശു ഒലിവുമലയിലേക്കു പോയി.2 അതിരാവിലെ അവന്‍ വീണ്ടും ദേവാലയത്തിലേക്കു വന്നു. ജനങ്ങള്‍ അവന്റെ അടുക്കലെത്തി. അവന്‍ ഇരുന്ന് അവരെ പഠിപ്പിച്ചു.3   വ്യഭിചാരത്തി. പിടിക്കപ്പെട്ട ഒരു സ്ത്രീയെ നിയമജ്ഞരും ഫരിസേയരുംകൂടെ അവന്റെ അടുക്ക. കൊണ്ടുവന്നു നടുവില്‍ നിര്‍ത്തി.4 അവര്‍ അവനോടു പറഞ്ഞു: ഗുരോ, ഈ സ്ത്രീ വ്യഭിചാരത്തി. പിടിക്കപ്പെട്ടവളാണ്.5 ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തി. കല്‍പിച്ചിരിക്കുന്നത്. നീ എന്തു പറയുന്നു?6 ഇത്, അവനില്‍ കുറ്റമാരോപിക്കാന്‍വേണ്ടി അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചതാണ്. യേശുവാകട്ടെ, കുനിഞ്ഞ് വിരല്‍കൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു.7 അവര്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നതിനാല്‍ അവന്‍ നിവര്ന്ന് അവരോടു പറഞ്ഞു: നിങ്ങളില്‍ പാപം ചെയ്യാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ.8 അവന്‍ വീണ്ടും കുനിഞ്ഞ് നിലത്ത് എഴുതിക്കൊണ്ടിരുന്നു.9   എന്നാല്‍., ഇതുകേട്ടപ്പോള്‍ മുതിര്‍ന്നവര്‍ തുടങ്ങി ഓരോരുത്തരായി സ്ഥലം വിട്ടു. ഒടുവില്‍ യേശുവും നടുവില്‍ നിന്നിരുന്ന ആ സ്ത്രീയും മാത്രം ശേഷിച്ചു.10  യേശു നിവര്‍ന്ന് അവളോടു ചോദിച്ചു: സ്ത്രീയേ, അവര്‍ എവിടെ? ആരും നിന്നെ വിധിച്ചില്ലേ?11   അവള്‍ പറഞ്ഞു: ഇല്ല കര്‍ത്താവേ! യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്.
ഈ വചനങ്ങള്‍ ഏറ്റവും പുരാതനവും പ്രധാനപ്പെട്ടവയും ആയ ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളില്‍ ഒന്നും തെന്നെയില്ല, മാത്രവുമല്ല ഈ വചനങ്ങളുടെ ഭാഷയും ശൈലിയും യോഹന്നാന്‍റെ സുവിശേഷത്തില്‍ നിന്നും വിത്യസ്തമാണ്. ഈ ഭാഗത്ത് ഉപയോഗിച്ചിരിക്കുന്ന പല വാക്കുകളും, ഈ സുവിശേഷത്തില്‍ മറ്റെവിടെയും ഉപയോഗിച്ചിട്ടില്ല. യേശുവിനെ ക്കുറിച്ച് പ്രചരിച്ചിരുന്ന ഈ കഥ ഏതെങ്കിലും പകര്‍പ്പെഴുതുകാരന്‍, കയ്യെഴുത്ത് പതിയുടെ മാര്‍ജിനില്‍ എഴുതി വെക്കുകയും അത് പിന്നീട് സുവിശേഷത്തിന്റെ ഭാഗമാകുകയും ചെയ്തിരിക്കാം എന്നതാണ് അനുമാനം. ഈ ഭാഗം യോഹന്നാന്‍ 21:25 ന്‍റെ ശേഷമായും, ലൂകൊസ്‌ 21:38 ന്‍റെ ശേഷമായും ചില കയ്യെഴുത്ത് പ്രതികളില്‍ കൊടുത്തത് കാണാം.
New American Bible (NAB)  ഈ വചനങ്ങളെ ക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:
17 [7:53-8:11] The story of the woman caught in adultery is a later insertion here, missing from all early Greek manuscripts. A Western text-type insertion, attested mainly in Old Latin translations, it is found in different places in different manuscripts: here, or after John 7:36 or at the end of this gospel, or after Luke 21:38, or at the end of that gospel. There are many non-Johannine features in the language, and there are also many doubtful readings within the passage. The style and motifs are similar to those of Luke, and it fits better with the general situation at the end of Luke 21:but it was probably inserted here because of the allusion to Jeremiah 17:13 (cf the note on John John 8:6) and the statement, "I do not judge anyone," in John 8:15. The Catholic Church accepts this passage as canonical scripture.
("വ്യഭിചാരതിന് പിടിക്കപ്പെട്ട സ്ത്രീയുടെ കഥ പില്‍കാലത്ത്  കൂട്ടി ചേര്‍ത്തതും, പുരാതന ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളിലും ഇല്ലാത്തതും ആണ്. Western Text   ആയ (റോമന്‍ സാമ്രാജ്യത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തുണ്ടായിരുന്ന പ്രധാനമായും ലാറ്റിന്‍ സംസാരിച്ചിരുന്ന ക്രിസ്ത്യാനികള്‍ ഉപയോഗിച്ചിരുന്ന ലാറ്റിന്‍ ബൈബിള്‍ കയ്യെഴുത്ത് പ്രതികളെളെയും സഭാപിതാക്കന്മാരുടെ  ഉദ്ദരണികളെയും ആണ് വെസ്റ്റേണ്‍ ടെക്സ്റ്റ്‌ എന്ന് വിളിക്കപ്പ്പെടുന്നത് - ലേഖകന്‍) ഈ കൂട്ടി ചേര്‍ക്കല്‍, പല കയ്യെഴുത്ത് പ്രതികളിലും പല സ്ഥലങ്ങളിലായിട്ടാണ് ഉള്ളത്. ചില കയ്യെഴുത്ത് പ്രതികളില്‍ യോഹന്നാന്‍ 7:53-8:11 ആയും, മറ്റു ചിലതില്‍ യോഹന്നാനു 7:36 ന് ശേഷമോ, യോഹന്നാന്‍ സുവിശേഷത്തിന്റെ അവസാനമോ ആയും , ഇനിയും ചിലതില്‍ ലൂകൊസിന്റെ സുവിശേഷത്തിന്റെ 21:38 ന് ശേഷമോ അല്ലെങ്കില്‍ ലൂകൊസിന്റെ സുവിശേഷതിന്‍റെ അവസാനമായോ ഈ ഭാഗം കൊടുതിര്‍ക്കുന്നു. യോഹന്നാന്‍റെതെല്ലാത്ത ഒരു പാട് സവിശേഷതകള്‍ ഈ ഭാഗത്തിന്റെ ഭാഷക്കുണ്ട്, അതെ പോലെ തെന്നെ സംശായാസ്പതമായ വായനകളും ഈ കഥക്കുണ്ട്. ശൈലിയും പ്രതിപാദ്യ വിഷയവും ലൂകൊസിലെത് പോലെതെന്നെയാണ്  മാത്രവുമല്ല,  ഈ ഭാഗം കൂടുതല്‍ യോചിക്കുക ലൂകൊസ്‌ 21 ന്‍റെ അവസാനമായി ചെര്‍ക്കുന്നതുമാണ്, ഒരു പക്ഷെ ഈ കഥ ഇവിടെ ചേര്‍ത്തത്, ഇത് ജറമിയ 17:13 ലേക്കും അതെ പോലെ തെന്നെ "ഞാന്‍ ആരെയും വിധിക്കുന്നില്ല" എന്ന യോഹന്നാന്‍ 8:15 ലെ പ്രസ്ഥാവനയിലെക്കും സൂചന നല്‍കുന്നത് കൊണ്ടായിരിക്കാം.. കത്തോലിക്കാ സഭാ ഈ ഭാഗം കാനോനിക മായി അംഗീകരിക്കുന്നു." )

3) 1 യോഹന്നാന്‍ 5:7-8

ത്രിത്വത്തെ നേര്‍ക്ക്‌ നേരെ പരിചയപ്പെടുത്തുന്ന ഒരു വചനം ബൈബിളില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു. ആധുനിക ബൈബിളില്‍ നിന്നും നീക്കം ചെയ്ത ഈ വചനം, ഇപ്പോഴും കിംഗ്‌ ജയിംസ് വേര്‍ഷന്‍ ബൈബിളില്‍ ഉണ്ട്.
  കിംഗ്‌ ജയിംസ് വേര്‍ഷനില്‍ ആ വചനം താഴെ കാണുന്ന പ്രകാരം വായിക്കാം.
7 "For there are three that bear record in heaven, the Father, the Word, and the Holy Ghost: and these three are one. 8 And there are three that bear witness in earth, the Spirit, and the water, and the blood: and these three agree in one  (1 John 5:7-8)
ഈ പരാമര്‍ശം പതിനാറാം നൂറ്റാണ്ടിനു മുമ്പുള്ള ഒരു ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളിലും ഇല്ല എന്നതിനാലും, ആദ്യകാല സഭാ പിതാക്കന്മാര്‍ ക്കാര്‍ക്കും ഇത് അറിയില്ലാതിരുന്നു എന്നതിനാലും, മിക്ക ആധുനിക ബൈബിളുകളില്‍നിന്നും ഈ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. New International Bible (NIV) ല്‍ ഈ വചനം ഇങ്ങനെയാണ് കൊടുത്തിട്ടുള്ളത്.
7 For there are three that testify:8 the Spirit, the water and the blood; and the three are in agreement. (1 John 5:7-8)
ഈ വചനം നാലാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ലാറ്റിന്‍ വള്‍ഗേറ്റ് (Latin Vulgate) കടന്നു കൂടുകയും, പിന്നീട്  Latin Vulgate വളരെയധികം പ്രചാരം സിദ്ധിച്ചതിനാല്‍ ഇത് ബൈബിളിന്‍റെ ഭാഗമായിഎല്ലാവരാലും കണക്കാക്കപ്പെടുകയും ആണുണ്ടായത്. പതിനാറാം നൂറ്റാണ്ടില്‍ എറാസ്മസ് ആദ്യത്തെ പ്രിന്‍റ് ചെയ്യപ്പെട്ട ഗ്രീക്ക്‌ ബൈബിള്‍  തയ്യാറാക്കിയപ്പോള്‍, ഒരു ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളിലും ഇല്ലാതിരുന്ന ഈ വചനം സ്വാഭാവികമായും ഒഴിവാക്കപ്പെട്ടു. എന്നാല്‍ ഇതിന്‍റെ പേരില്‍ എറാസ്മസിന് വളരെയധികം വിമര്‍ശനങ്ങള്‍ അന്നത്തെ വേദ ശാത്സ്ര പണ്ഡിതന്മാരില്‍ നിന്നും നേരിടേണ്ടി വന്നു. അവസാനം ഏതെങ്കിലും ഒരു ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതിയില്‍ ഈ വചനം കാണിച്ചു തന്നാല്‍, തെന്റെ ഗ്രീക്ക്‌ ഗ്രീക്ക്‌ ബൈബിളില്‍ ഈ വചനം ‍ ഉള്പെടുതാം എന്ന് എറാസ്മസ് സമ്മതിക്കുകയും, അങ്ങിനെ എറാസ്മസിന് വേണ്ടി ഈ വചനം ഉള്‍പെടുത്തപ്പെട്ട ഒരു ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതി അപ്പോള്‍  നിര്‍മിക്കപ്പെടുകയും ചെയ്തു എന്നാണ് കഥ. ഇത് എന്ത് തെന്നെയായിരുന്നാലും എറാസ്മസിന്‍റെ ഗ്രീക്ക്‌ ബൈബിളിന്‍റെ പിന്നീടുള്ള എഡിഷനുകളില്‍ ഈ വചനം ഉള്‍പ്പെടുത്തി. പിന്നീട് വന്ന സ്റ്റെഫാനസ്, ബെസ, എല്സേവിര്‍  തുടങ്ങിയവരുടെ ഗ്രീക്ക്‌ ബൈബിളുകള്‍ പ്രധാനമായും എറാസ്മസിന്‍റെ ഗ്രീക്ക്‌ ബൈബളിനെ അടിസ്ഥാനമാക്കി ഉള്ളതായതിനാല്‍ അവയിലും ഈ വചനം സ്ഥാനം പിടിച്ചു. Textus Receptus എന്ന് അറിയപ്പെടുന്ന ഈ ഗ്രീക്ക്‌ മൂലമാണ് കിംഗ്‌ ജയിംസ് വേര്‍ഷന്‍ ബൈബിളിന്‍റെ പരിഭാഷകര്‍ ഉപയോഗിച്ചത്, അതിനാല്‍ അത് ഇംഗ്ലീഷ് ബൈബിലെക്കും എത്തിപ്പെട്ടു. ഈ വചനം ഇന്നും കിംഗ്‌ ജയിംസ് വേര്‍ഷന്‍ ഇംഗ്ലീഷ് ബൈബിളില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

മൂന്നാം ഭാഗം ഇവിടെ വായിക്കുകl

Tuesday, December 28, 2010

പുതിയ നിയമത്തിലെ തിരുത്തലുകള്‍ - 1

മുസ്ലിം ക്രൈസ്തവ സംവാദങ്ങളിലെ വളരെ പ്രധാനപ്പെട്ട ഒരു വിഷയമായി കടന്നു വരാറുള്ളതാണ്  ബൈബിളിലെ തിരുത്തലുകളള്‍. പുതിയ നിയമത്തിലെ തിരുത്തലുകള്‍ക്ക് ഏതാനും ഉദാഹരണങ്ങള്‍ നല്‍കുകയാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം. ഇന്ന് നിലനിലല്‍ക്കുന്ന പുതിയ നിയമത്തിലെ ഏതെന്കിലും പുസ്തകങ്ങള്‍, ദൈവികമായിരുന്നു എന്ന് മുസ്ലിംകള്‍ കരുതുന്നില്ല. പുതിയ നിയമം ഒരു ലഘു പരിചയം എന്ന എന്‍റെ പോസ്റ്റില്‍ സൂചിപ്പിച്ച പോലെ, പുതിയ നിയമ ബൈബിളിലെ ഇന്ന് നിലവിലുള്ള പുസ്തകങ്ങള്‍ ഒന്നും തെന്നെ, യേശുവോ ശിഷ്യന്മാരോ അറിഞ്ഞതോ അന്ഗീകരിച്ചതോ ആണ് എന്ന് കരുതാന്‍ ന്യായമില്ല. ആ പുസ്തകങ്ങള്‍ എഴുതപ്പെട്ടത് യേശു രംഗം വിട്ടതിന് വളരെ കാലങ്ങള്‍ക്കു ശേഷമാണ്. അവ ഒന്നും തെന്നെ വേദപുസ്തകം എന്നാ നിലയില്‍ എഴുതപ്പെട്ടവും ഇല്ല. അതുകൊണ്ട് തെന്നെ ഇവിടെ തിരുത്തലുകള്‍ ചര്‍ച്ച ചെയ്യുന്നതിന്‍റെ ഉദ്ദേശം, പുതിയ നിയമ ഗ്രന്ഥകാരന്മാര്‍ എഴുതിയ യഥാര്‍ത്ഥ പുസ്തകങ്ങള്‍, പൂര്‍ണമായും ചരിത്രപരമായിരിക്കും എന്നാ അര്‍ത്ഥത്തില്‍ അല്ല. ദൈവശാസ്ത്ര പരമമായ വീക്ഷണ വിത്യാസങ്ങള്‍ മൂലം വേദ പുസ്തകങ്ങള്‍ തിരുത്തുന്നതില്‍ ആദ്യകാല പകെര്‍പ്പെഴുത്തുകാര്‍ക്ക് മടിയില്ലായിരുന്നു എന്ന് കാണിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം.
 
പുതിയ നിയമ ബൈബിളിന്‍റെ ഏകദേശം 5700 കയ്യെഴുത്ത് പ്രതികളാണ് ഇന്ന് ഉപലബദ്ധമായിട്ടുള്ളത്. എന്നാല്‍ ശ്രദ്ധേയമായ വസ്തുത, ഈ കയ്യെഴുത്ത് പ്രതികളില്‍ ഒരെപോലെയുള്ള, രണ്ടണ്ണം പോലുമില്ല എന്നതാണ്. അഥവാ ഈ കയ്യെഴുത്ത് പ്രതികള്‍ ഓരോന്നും മറ്റുള്ളവയില്‍ നിന്നും വിത്യസ്തമാണ് എന്നര്‍ത്ഥം. ഇവ തമ്മില്‍ രണ്ടു ലക്ഷം വിത്യാസങ്ങള്‍ ഉണ്ട് എന്നും മൂന്നു ലക്ഷം  വിത്യാസങ്ങള്‍ ഉണ്ട് എന്നും നാല് ലക്ഷം ഉണ്ട് എന്നും ഒക്കെ അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്. ഏതായിരുന്നാലും, പുതിയ നിയമത്തിലെ വാക്കുകളുടെ എണ്ണത്തിനേക്കാള്‍ അധികം, വിത്യാസങ്ങള്‍ വിത്യസ്ത കയ്യെഴുത്ത് പ്രതികള്‍ തമ്മില്‍ ഉണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിത്യസ്തങ്ങളായ ഈ കയ്യെഴുത്ത് പ്രതികളില്‍ നിന്നും യാഥാര്‍ത്ഥ മൂലത്തോട്‌ ഏറ്റവും അടുത്ത് നില്‍കുന്ന മൂലം കണ്ടത്തുന്നതിനുള്ള വിജ്ഞാന ശാഖയാണ് Biblical Textual Criticism എന്നറിയപ്പെടുന്നത്.
 
അശ്രദ്ധമായി പകര്‍ര്തിയെഴുതിയതും, പകര്‍ത്തിയെഴുത്തുകാരുടെ ഭാഷാപ്രാവീണ്യക്കുറവും ഒക്കെ ഈ വിത്യാസങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. എന്നാല്‍ ഇവിടെ കൊടുക്കുന്ന വിത്യാസങ്ങള്‍, ദൈവ ശാസ്ത്രപരമായ കാരണങ്ങളാലും മറ്റും ബൈബിളില്‍ പകര്‍പ്പെഴുതുകാര്‍ മനപ്പൂര്‍വ്വം വരുത്തിയ തിരുത്തലുകള്‍ ആണ്.
 
ബൈബിള്‍ പണ്ഡിതന്‍ ബാര്‍ട് എഹ്രമാന്‍(Bart Ehrman) അദ്ദേഹത്തിന്റെ Misquoting Jesus  എന്ന പുസ്തകത്തില്‍ വിവരിക്കുന്ന രസകരമായ ഒരു തിരുത്തല്‍ താഴെ പറയും പ്രകാരമാണ്.
 
എബ്രായര്‍ 1:3 ല്‍ ലെ വചനത്തില്‍  താഴെ പ്പറയുന്ന പരാമര്‍ശമുണ്ട്.
തന്റെ ശക്തിയുടെ വചനത്താല്‍ അവന്‍ എല്ലാറ്റിനെയും താങ്ങിനിറുത്തുന്നു (എബ്രായര്‍ 1:3)
Misqouting Jesus
(Misquoting Jesus, page 44)
 
ഇതില്‍ താങ്ങി നിര്‍ത്തുന്നു എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് PHERON എന്ന ഗ്രീക്ക്‌ പദമാണ്. ഒട്ടു മിക്ക കയ്യെഴുത്ത് പ്രതികളിലും ഈ വാക്കാണ്‌ ഉപയോഗിച്ചിട്ടുള്ളത് .എന്നാല്‍, നാലാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട, കോഡക്സ് വത്തികാനസില്‍, താങ്ങി നിര്‍ത്തുന്നു എന്നര്‍ത്ഥമുള്ള PHERON എന്ന വാക്കിന്  പകരം വെളിപ്പെട്ടു എന്നര്‍ത്ഥമുള്ള PHANERON എന്ന ഗ്രീക്ക്‌ പദമാണ് ഉപയോഗിച്ചത്.   കോഡക്സ് വത്തികാനസ് പകര്‍ത്തിയെഴുതിയ കയ്യെഴുത്ത് കാരന് വന്ന പിഴവായിരിക്കാം ഇതിന് കാരണം.  പിന്നീട് ഏതാനും നൂറ്റാണ്ടുകള്‍ക്കു ശേഷം വന്ന പകര്‍പ്പെഴുതുകാരന്, കോഡക്സ് വതികാനസിലെ ഈ വാക്ക് ശരിയല്ല തോന്നുകയും, അദ്ദേഹം ആ വാക്ക്‌ വെട്ടി, പകരം അവിടെ PHERON  എന്ന ശരിയായ വാക്ക്തെന്നെ  എഴുതി ചേര്‍ക്കുകയും ചെയ്തു.  പക്ഷെ വീണ്ടും കുറെ കാലത്തിന് ശേഷം, മൂന്നാമതൊരു പകര്‍ത്തിയെഴുത്തുകാരന്‍റെ ശ്രദ്ധയില്‍ ഈ തിരുത് പെടുകയും, അദ്ദേഹം PHERON  എന്ന വാക്ക് തിരുത്തി  ആദ്യം ഉണ്ടായിരുന്ന PHANERON എന്ന തെറ്റായ വാക്ക് തെന്നെയാക്കി മാറ്റുകയും ചെയ്തു. അത് കൂടാതെ മാര്‍ജിനില്‍, പഴയ പകര്‍പ്പെഴുത്ത് കാരനെ ഉദ്ദേശിച്ചു ഇങ്ങനെ എഴുതി വച്ചു, “വിഡ്ഢീ, മഠയാ, പഴയ വായന അതെ പോലെ നിലനിര്‍ത്തുക, അത്  തിരുത്തരുത്” !

 

തിരുത്തല്‍ ആരോപണങ്ങള്‍ ആദ്യകാല ക്രൈസ്തവ രചനകളില്‍

ആദ്യകാല ക്രൈസ്തവ രചനകളില്‍ ഇത്തരത്തില്‍ നടത്തിയ തിരുത്തലുകളെ ക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ട്.  ഉദാഹരണമായി മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സഭാപിതാവായിരുന്ന ഒറിഗണ്‍ (Origen) സുവിശേഷങ്ങള്‍ പകര്‍ത്തിയെഴുതുന്നവര്‍ മനപ്പൂര്‍വവും അല്ലാതെയും വരുത്തിയ മാറ്റങ്ങള്‍ മൂലം അവയില്‍ ഉണ്ടായിട്ടുള്ള വിത്യാസങ്ങളെ ക്കുറിച്ച് പറയുന്നുണ്ട്. അതെ പോലെ തെന്നെ രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ക്രിസ്ത്യന്‍ വിരുദ്ധനായിരുന്ന സെല്‍സസ് (Celsus), ക്രിസ്ത്യാനികള്‍ സുവിശേഷങ്ങള്‍ പകര്‍ത്തിയെഴുതുമ്പോള്‍ മാറ്റങ്ങള്‍ വരുത്തുന്നതായി ആരോപിക്കുന്നുണ്ട്. എന്നാല്‍ രസകരമായ വസ്തുത ഒറിഗണ്‍ സ്വയം ഈ വസ്തുത അംഗീകരിക്കുന്നുവെങ്കിലും, പുറത്തു നിന്നുള്ള വിമര്‍ശകനായ സെല്‍സസിനു മറുപടി പറയുമ്പോള്‍ ഈ ആരോപണം നിഷേധിക്കുകയാണ് ചെയ്യുന്നത്.  അന്നത്തെ ക്രിസ്ത്യന്‍ വിരുദ്ധര്‍ എന്ന് മുദ്രകുത്തപ്പെട്ടവര്‍ (herectic) വേദഗ്രന്ഥത്തില്‍ തിരുത്തലുകള്‍ വരുത്തി എന്ന് ക്രിസ്ത്യന്‍ പക്ഷവും അതെ പോലെ തന്നെ ക്രിസ്ത്യാനികള്‍ തിരുത്തി എന്ന് വര തിരിച്ചിങ്ങോട്ടും ആരോപണംങ്ങള്‍ ഉന്നയിച്ചതായി  കാണാം. ചില ആദ്യകാല  ക്രിസ്ത്യന്‍ സഭാപിതാക്കന്മാര്‍ തങ്ങളുടെ എഴുത്തുകള്‍ തെന്നെ തിരുത്തി എന്ന് പരാതിപ്പെടുന്നതും ഇത്തരത്തില്‍ തിരുതുന്നവര്‍ക്കെതിരെ മുന്നറിയിപ്പ് തങ്ങളുടെ രചനകളില്‍ തെന്നെ നല്‍കിയിരുന്നതായുംകാണാന്‍ കഴിയും. പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തപെട്ട വെളിപാട് പുസ്തകത്തിന്‍റെ രചയതിവാവ് പുതകതിന്റെ ഏറ്റവും അവസാനമായി ഇത്തരത്തില്‍ തിരുത്തലുകള്‍ വരുത്തുന്നവര്‍ക്കെതിരെ ശാപം ചോരിയുന്നതായും, മുന്നറിയിപ്പ് നല്‍കുന്നതായും കാണാം. വെളിപാട് പുസ്തകം പറയുന്നത് നോക്കൂ.
18 ഈ പുസ്തകത്തിലെ പ്രവചനങ്ങള്‍ശ്രവിക്കുന്ന എല്ലാവരോടും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. ആരെങ്കിലും ഈ വചനങ്ങളോട് എന്തെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ ഈ പുസ്തകത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്ന  മഹാമാരികള്‍ ദൈവം അവന്റെ മേല്‍ അയയ്ക്കും. 19 ഈ പുസ്തകത്തിലെ പ്രവചനങ്ങളില്‍ല്‍നിന്ന് ആരെങ്കിലും എന്തെങ്കിലും എടുത്തുകളഞ്ഞാല്‍ ഈ പുസ്തകത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്ന, വിശുദ്ധനഗരത്തിലും ജീവന്റെ വൃക്ഷത്തിലുമുള്ള അവന്റെ പങ്ക്‌ദൈവം എടുത്തുകളയും (വെളിപാട് 22:18-19)
പകര്പ്പെഴുത്ത് കാര്‍ക്ക് നേരെയുള്ള ഇത്തരത്തില്‍ പെട്ട മുന്നറിയിപ്പുകള്‍ ആദ്യകാല ക്രിസ്ത്യന്‍ എഴുത്തുകളില്‍ ധാരാളമായി കാണാന്‍ കഴിയും.

 

തിരുത്തലുകള്‍ക്ക് ഉദാഹരണങ്ങള്‍

 

1. മാര്‍കോസ് 16:9-20

മാര്കൊസിന്റെ സുവിശേഷത്തിന്റെ അവസാനത്തില്‍ ഉള്ള യേശുവിന്റെ പുനരുത്ഥാനത്തെ ക്കുറിച്ചും, സ്വര്‍ഗാരോഹണത്തെക്കുറിച്ചും ഉള്ള ഭാഗങ്ങള്‍ പില്‍കാലത്ത് പകര്‍പ്പെഴുതുകാര്‍ കൂട്ടിചേര്‍ത്തതാണ്. താഴെ കൊടുത്തതാണ് പിന്നീട് കൂടിചേര്‍ത്ത വചനങ്ങള്‍. ഏറ്റവും പുരാതനമായ കയ്യെഴുത്ത് പ്രതികള്‍ അവര്‍ ആരോടും ഒന്നും പറഞ്ഞി.. അവര്‍ അത്യന്തം ഭയപ്പെട്ടിരുന്നു" എന്നവസാനിക്കുന്ന എട്ടാം വചനത്തോടു കൂടി സുവിശേഷം അവസാനിപ്പുകായാണ്. എന്നാല്‍ ആദ്യ എഴുതപ്പെട്ട സുവിശേഷം യേശുവിന്‍റെ ഉയിര്തെഴുന്നെല്പിനെക്കുറിച്ചു കാര്യമായൊന്നും പറയാതെ "അവര്‍ ആരോടും പറഞ്ഞില്ല" എന്ന വചനത്തോടു അവസാനിക്കുന്നത്.  ആദ്യകാല ക്രിസ്റ്യാനികളെ ഇത് വിഷമിപ്പിച്ചിരുന്നു. അതുകൊണ്ട് തെന്നെ പില്കലാതുള്ള പ്കര്‍പ്പെഴുതുകാര്‍, ആ വചനത്തിന് ശേഷം പന്ത്രണ്ട് വചനങ്ങള്‍ പുതുതായി നിര്‍മിക്കുകയും അവ മാര്സ്കൊസിന്റെ സുവിശേഷതോട് കൂട്ടി ചേര്‍ക്കുകയും ചെയ്തു. താഴെ കൊടുതവയാണ് ആ വചനങ്ങള്‍:
9 ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം, യേശു ആദ്യം മഗ്ദലേനമറിയത്തിനു പ്രത്യക്ഷപ്പെട്ടു. ഇവളില്‍.നിന്നാണ് അവന്‍ ഏഴു പിശാചുക്കളെ പുറത്താക്കിയത്.10   അവള്‍ ചെന്ന്് അവനോടുകൂടെ ഉണ്ടായിരുന്നവരെ വിവരം അറിയിച്ചു. അവര്‍ ദുഃഖത്തിലാണ്ടു വിലപിച്ചിരിക്കുകയായിരുന്നു.11   അവന്‍ ജീവിച്ചിരിക്കുന്നു എന്നും അവള്‍ക്കു കാണപ്പെട്ടു എന്നും കേട്ടപ്പോള്‍ അവര്‍ വിശ്വസിച്ചില്ല.12   ഇതിനുശേഷം അവരില്‍ രണ്ടുപേര്‍ ഗ്രാമത്തിലേക്കു നടന്നുപോകുമ്പോള്‍ അവന്‍ വേറൊരു രൂപത്തി. അവര്‍ക്കു പ്രത്യക്ഷപ്പെട്ടു.13   അവര്‍ പോയി ബാക്കിയുള്ളവരെ വിവരം അറിയിച്ചു. അവരെയും അവര്‍ വിശ്വസിച്ചില്ല.
14   പിന്നീട്, അവര്‍ പതിനൊന്നു പേര്‍ഭക്ഷണത്തിനിരിക്കുമ്പോള്‍, അവന്‍ അവര്‍ക്കു പ്രത്യക്ഷപ്പെട്ടു. ഉയിര്‍പ്പിക്കപ്പെട്ട തിനുശേഷം തന്നെെ കണ്ടവരെ വിശ്വസിക്കാത്തതു നിമിത്തം അവരുടെ വിശ്വാസ രാഹിത്യത്തെയും ഹൃദയകാഠിന്യത്തെയും അവന്‍ കുറ്റപ്പെടുത്തി.15  അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.16  വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും.17 വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തി. പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും.18  അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും.
19   കര്‍ത്താവായ യേശു അവരോടു സം സാരിച്ചതിനുശേഷം, സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടു. അവന്‍ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി.20   അവര്‍ എല്ലായിടത്തും പോയി പ്രസംഗിച്ചു. കര്‍ത്താവ് അവരോടുകൂടെ പ്രവര്‍ത്തിക്കുകയും അടയാളങ്ങള്‍കൊണ്ടു വചനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.(മാര്‍കോസ് 16:9-20)
ഈ വചനങ്ങള്‍ ഏറ്റവും പുരാതമായ കയ്യെഴുത്ത് പ്രതികളില്‍ ഇല്ല എന്നതിന് പുറമേ, ഇതിലെ ശൈലി മാര്‍കോസിന്റെ തില്‍ നിന്നും തികച്ചും വിത്യസ്തമാണ് പോലയുള്ള കാരണങ്ങളാല്‍, ഇവ  പില്‍കാലത്ത് പകര്പ്പെഴുത്ത്കാര്‍ കൂട്ടി ചേര്‍ത്തതാണ് എന്ന കാര്യത്തില്‍ ബൈബിള്‍ പണ്ഡിതന്മാര്‍ ഇന്ന് അഭിപ്രായയ്ക്യമുള്ളവരാണ്. കൂട്ടി ചേര്‍ത്ത ഈ അവസാന ഭാഗം തെന്നെ വിത്യസ്ത രീതിയില്‍ കയ്യെഴുത്ത് പ്രതികളില്‍ ഉണ്ട്. ചില കയ്യെഴുത്ത് പ്രതികളില്‍, ഉയിര്‍ഴുന്നെല്‍പ്പിനെപ്പെറ്റി ചുരുങ്ങിയ വിവരണമാണ് കൂട്ടി ചേര്‍ത്തിട്ടുള്ളത് (short ending), മറ്റു ചിലവയില്‍ മുകളില്‍ കൊടുത്ത വചനങ്ങളും (long ending). ആധുനിക ബൈബിളുകളില്‍ ഈ വചനങ്ങള്‍ പലപ്പോഴും ബ്രാക്കറ്റില്‍ കൊടുത്തിരിക്കും. അതെ പോലെ ചില ബൈബിലുകളില്‍ long ending, short ending എന്നിവയില്‍ ഏതെങ്കിലും ഒന്ന് മാത്രം കൊടുക്കോമ്പോള്‍, മറ്റു ചില ബൈബിളുകള്‍ രണ്ടു തരാം ഉപസംഹാരവും സൂചിപ്പിച്ചിരിക്കും.
New Revised Standard Version (The New Oxford Annotated Bible) ല്‍ രണ്ടു തരത്തിലുള്ള ഉപസംഹാരവും പ്രത്യേകം ബ്രാക്കറ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഈ വചനങ്ങളെ ക്കുറിച്ച് ഈ ബൈളില്‍ പറയുന്നത് ഇപ്രകാരമാണ്:
"The earliest Greek mansucripts and versions (Latin, Syriac, Coptic, Armerian) the author's account breaks off suddenly with the words "for they were afraid" (16:8), Later mansucripts provide a more suitable close for the book either a short or long ending, or some times both. Whether Mark was prevented by death from completing his Gospel, or whether the original copy was accidently mutilated, losing a portion at the close, no one can say. (Inroduction to Mark's Gospel)”
(ഏറ്റവും പുരാതനമായ ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളിലും, ലാറ്റിന്‍, സിറിയാക്‌, കോപ്റ്റിക്‌, അര്‍മേനിയന്‍ തുടങ്ങിയ പതിപ്പുകളിലും, ഈ സുവിശേഷ വിവരണം "അവര്‍ ഭയപ്പെട്ടതിനാല്‍ ആരോടും ഒന്നും പറഞ്ഞില്ല(16|:8)" എന്നതിന് ശേഷം  പെട്ടന്ന് അവസാനിപ്പിച്ചിരിക്കുകയാണ്. മാര്‍കോസ് തെന്റെ സുവിശേഷം പൂര്‍ത്തിയാക്കാന്‍ കഴിയാതെ മരണപ്പെട്ടthaan, ഈ സുവിശേഷത്തിന്റെ യഥാര്‍ത്ഥ കോപ്പി കേടുപാട് പെറ്റി അവസാന ഭാഗം നഷ്ടമായതാണോ എന്നോ ആര്‍ക്കും ഉറപ്പിച്ചു പറയാന്‍ കഴിയില്ല. (NRSV മാര്‍കോസിന്റെ സുവിശേഷത്തിന്റെ ആമുഖം)
ഈ ബൈബിള്‍ തെന്നെ ഈ വചനങ്ങളുടെ ഫുട്നോട്ടില്‍ ഇങ്ങനെ കൊടുത്തിരിക്കുന്നു.
“Nothing is certainly known either about how this Gospel originally ended or about the origin of the verses 9-20, which because of the textual evidence as well as stylistic differences from the rest of the Gospel, cannot have been part of the original text of Mark. Certain important witnesses to the text, including some ancient ones, end the Gospel with v8. [...] The longer ending may have been compiled early in the second century as a didactic summary of grounds for belief in Jesus' rewsurrection, being appended to the Gospel by the middle of the second century. (Footenote to Mark 16:9-20)”
(ഈ സുവിശേഷം എങ്ങിനെയാണ് യഥാര്‍ത്ഥത്തില്‍ അവസാനിപ്പിച്ചിരുന്നത് എന്നതിനെ ക്കുറിച്ചോഎങ്ങിനെയാണ് 9 മുതല്‍ 20 വരെയുള്ള വചനങ്ങള്‍ നിലവില്‍ വന്നത് എന്നതിനെ ക്കുറിച്ചോ കൃത്യമായ വിവരങ്ങള്‍ ഇല്ല. കാരണം കയ്യെഴുത്ത് പ്രതികള്‍ നല്‍കുന്ന തെളിവുകളും, ഈ ഭാഗം മാര്‍കോസിന്റെ മറ്റു ഭാഗങ്ങളും ആയി പുലര്‍ത്തുന്ന ഭാഷാപരമായ വിത്യാസങ്ങളും, ഈ വചനങ്ങള്‍ മാര്‍കോസിന്റെ സുവിശേഷത്തിന്റെ ഭാഗമായിരുന്നില്ല എന്ന് കാണിക്കുന്നു. ഏറ്റവും പുരാതനവും, പ്രാധാനവും ആയിട്ടുള്ള പല സാക്ഷികളും ഈ സുവിശേഷം എട്ടാം വചനത്തോടു കൂടി അവസാനിപ്പിച്ചതായിട്ടാണ് കാണുന്നത്. ദീര്‍ഘമായ അവസാനം രണ്ടാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍, യേശുവിന്‍റെ ഉയിര്ത്തെഴുന്നെല്‍പ്പിലുള്ള വിശ്വാസത്തിന്‍റെ അടിസ്ഥാന ആശയങ്ങള്‍ പഠിപ്പിക്കുന്നതിന് വേണ്ടി എഴുതിയുണ്ടാക്കിയതും, പിന്നീട രണ്ടാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ സുവിശേഷത്തോട് കൂട്ടി ചേര്‍ത്തതും ആയിരിക്കണം. ( (NRSV മാര്‍കോസിന്റെ സുവിശേഷം 16:9-20 ഫുട്നോട്ട്)

കത്തോലികരുടെ New American Bibil (NAB) യില്‍ ഈ വചനങ്ങളെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്.
" [9-20] This passage, termed the Longer Ending to the Marcan gospel by comparison with a much briefer conclusion found in some less important manuscripts, has traditionally been accepted as a canonical part of the gospel and was defined as such by the Council of Trent. Early citations of it by the Fathers indicate that it was composed by the second century, although vocabulary and style indicate that it was written by someone other than Mark. ((New American Bibile)"
(മാര്കൊസിന്റെ സുവിശേഷത്തിന്റെ ചില അപ്രധാന കയ്യെഴുത്ത് പ്രതികളില്‍ കാണുന്ന ചെറിയ സമാപനത്തെ (short ending)  താരതമ്യപ്പെടുത്തി ദീര്‍ഘമായസമാപനം (Long ending) എന്ന് വിളിക്കുന്ന, ഈ വചനങ്ങള്(മാര്‍കോസ് 9-20), കാനോനികമായി പണ്ടുമുതല്‍ കണക്കാക്കപ്പെട്ടിരുന്നു, ട്രെന്‍റ് സുനഹദോസില്‍ അപ്രകാരം നിര്‍വചിക്കപ്പെടുകയും ചെയ്തിരുന്നു. ആദ്യകാല സഭാ പിതാക്കന്മാരുടെ ഉദ്ധരണികള്‍ ഇത് രണ്ടാം നൂറ്റാണ്ടില്‍ രചിച്ചതാണ് എന്ന് വ്യക്തമാക്കുന്നുന്ടെങ്കിലും, ഇതിന്‍റെ ഭാഷയും, എഴുത്ത് രീതിയും മാര്‍കോസ് അല്ലാതെ മറ്റൊരാള്‍ എഴുതിയതായിട്ടാണ് സൂചിപ്പിക്കുന്നത്. (New American Bibile)
പുതിയ നിയമത്തിലെ തിരുത്തലുകള്‍ - 2

Wednesday, November 24, 2010

ബൈബിള്‍ പതിപ്പുകളും ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളും

പുതിയനിയമ ബൈബിള്‍ പതിപ്പുകളെക്കുറിച്ചും, വിവിധ ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളെയും ക്കുറിച്ച് സാമാന്യമായി പരിചയപ്പെടുതുകയാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം. പുതിയനിയമതിന്റെതായി, രണ്ടാം നൂറ്റാണ്ട് മുതല്‍ പതിനാറാം നൂറ്റാണ്ട് വരെയുള്ള കാലയളവില്‍ എഴുതപ്പെട്ട ഏകദേശം 5,700 ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികള്‍ ഇന്ന് ലഭ്യമാണ്.  ഇതില്‍ 65% കയ്യെഴുത്ത് പ്രതികളും പതിനൊന്നാം നൂറ്റാണ്ടിന്റെയും പതിനാലാം നൂട്ടണ്ടിന്റെയും ഇടയില്‍ എഴുതപ്പെട്ടതാണ്, 2.5% ത്തോളം കയ്യെഴുത്ത് പ്രതികളാണ് ആദ്യത്തെ അഞ്ചു നൂട്ടണ്ടിനുള്ളില്‍ എഴുതപ്പെട്ടവയായിട്ടുള്ളത്. നാലാം നൂറ്റാണ്ടില്‍, കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ക്രിസ്തുമത പരിവര്‍ത്തനാന്തരം, കൃസ്തുമതം റോമിലെ ഔദ്യോതിക മതം ആയതിന് ശേഷം, വ്യവസ്ഥാപിതമായ രീതിയില്‍  പുതിയ നിയമ പുസ്തകങ്ങള്‍ പകര്‍ത്തിയെഴുതുവാന്‍ ആരഭിച്ചതിനാലാണ്, നാലാം നൂറ്റാണ്ടിന് ശേഷം കൂടുതല്‍ കയ്യെഴുത്ത് പ്രതികള്‍ ഉണ്ടാകാന്‍ കാരണം. നാലാം നൂറ്റാണ്ടിന് മുമ്പുള്ള മിക്ക കയ്യെഴുത്ത് പ്രതികളും തയ്യാറാക്കിയിട്ടുള്ളത് എഴുത്തില്‍ വൈദഗ്ദ്യം ഇല്ലാത്ത പകര്തിയെഴുതിയെഴുത്ത്കാരായിരുന്നു. ഇത്തരം കയ്യെഴുത്ത് പ്രതികളുടെ പകര്‍പ്പുകള്‍ എടുത്തിരുന്നത് പലപ്പോഴും തങ്ങള്‍ പകര്തിയെടുക്കുന്നത് എന്ത് എന്ന് വായിച്ചു മനസ്സിലാക്കാതെ ഒരു കയ്യെഴുത്ത് പ്രതിയിലെ അക്ഷരങ്ങളെ അതെപോലെ അടുത്ത കയ്യെഴുത്ത് പ്രതികളിലേക്ക് പകര്ത്തിയായിരുന്നു. അതുകൊണ്ട് തെന്നെ ഇത്തരം കയ്യെഴുത്ത് പ്രതികളില്‍ ഭാഷാപരവും, ആശയപരവും ആയ അബദ്ധങ്ങള്‍ കൂടുതലാണ്. എന്നാല്‍ നാലാം നൂറ്റാണ്ടിന് ശേഷമുള്ള കയ്യെഴുത്ത് പ്രതികള്‍ ഭാഷാപ്രാവീണ്യമുള്ള പകര്‍പ്പെഴുതുകരാല്‍ തയ്യാര്‍ ചെയ്തതാണ് എന്നാണു പണ്ഡിതന്മാര്‍ മനസ്സിലാക്കുന്നത്. അത് കൊണ്ട് തെന്നെ ഭാഷാപരമായ അബദ്ധങ്ങള്‍ ഇവയില്‍ കുറവാണ്.   

ആദ്യ കാല കയ്യെഴുത്ത് പ്രതികളില്‍ പലതും പുതിയനിയമത്തിന്‍റെ ഏതാനും ഭാഗങ്ങള്‍ മാത്രം ഉള്കൊല്ലുന്നവയും (fragmentary), ഒരു വിസിറ്റിംഗ് കാര്‍ഡിന്റെ മാത്രം വലിപ്പമുള്ളവയും ആണ്. പുതിയ നിയമത്തിന്‍റെ ഒരു പുസ്തകത്തിന്റെയും ആദ്യ നൂട്ടണ്ടിലുള്ള കയ്യെഴുത്ത് പ്രതി ലഭ്യമല്ല. പുതിയ നിയമത്തിന്‍റെ ലഭ്യമായ ഏറ്റവും പഴയ കയ്യെഴുത്ത് പ്രതി, P52 എന്ന പേരില്‍ കാറ്റലോഗ് ചെയ്യപ്പെട്ട പാപിറസ് കയ്യെഴുത്ത് പ്രതിയാണ്. 21 cm. x 20 cm. മാത്രം വലിപ്പമുള്ള ഈ കയ്യെഴുത്ത് പ്രതിയില്‍, യോഹന്നാന്റെ സുവിശേഷത്തിലെ, പതിനെട്ടാം അധ്യായത്തിലെ ഏതാനും വചനങ്ങള്‍ മാത്രമാണ് ഉള്ളത്. പുതിയ നിയമത്തിലെ എല്ലാ പുസ്തകങ്ങളും ഉള്ള കയ്യെഴുത്ത് പ്രതി നാലാം നൂറ്റാണ്ടില്‍ എഴുതിയത് എന്ന് കരുതപ്പെടുന്ന കോടക്സ് സൈനറ്റികസ് (Codex Sinaiticus ) ആണ്. ഇതില്‍ പുതിയനിയമത്തില്‍ ഇന്ന് കാനോനികമായി അന്ഗീകരിക്കപ്പെട്ട  ഇരുപത്തിയെഴ് പുസ്തകങ്ങള്‍ക്ക് പുറമേ, ബാര്‍ണബാസിന്റെ ലേഖനം, ഹെര്മാസിന്റെ ഇടയന്‍ എന്നീ പുസ്തകങ്ങള്‍ കൂടിയുണ്ട്.  

ബൈബിള്‍ കയ്യെഴുത്ത് പ്രതികളെ പണ്ടിതമാര്‍ അവയുടെ എഴുത്ത് രീതിയുടെയും  എഴുതാന്‍ ഉപയോഗിച്ച വസ്തുവിന്റെയും അടിസ്ഥാനത്തില്‍ താഴെ പറയുന്ന രീതിയില്‍ തരം തിരിച്ചിട്ടുണ്ട്.

1. പാപിറസ് (Papyri)

P52 പാപിറസ്

പാപിറസ് ചെടികള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന പേപ്പര്‍ പോലയുള്ള വസ്തുവില്‍ എഴുതിയ കയ്യെഴുത്ത് പ്രതികളാണ്  ഇവ. 2009 ലെ കണക്കനുസരിച്ച്, 124 പാപിറസ് കയ്യെഴുത്ത് പ്രതികള്‍ ഉണ്ട്. ഇവയെ തരംതിരിച്ചിട്ടുള്ളത്  P എന്ന അക്ഷരവും കാറ്റലോഗ് നമ്പറും  ഉപയോഗിച്ചാണ് , ഉദാഹരണയി, ബൈബിളിന്റെ നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന കയ്യെഴുത്ത് പ്രതി, P52 എന്നറിയപ്പെടുന്നു. ബൈബിളിന്‍റെ ഏറ്റവും പഴക്കം ചെന്ന ബൈബിള്‍ കയ്യെഴുത്ത് പ്രതികളില്‍ കൂടുതലും ഇത്തരത്തില്‍ പെട്ട പാപിറസില്‍ എഴുതിയിട്ടുള്ളതാണ്. ഇത്തരം കയ്യെഴുത്ത് പ്രതികളില്‍ മിക്കതിലും പുതിയ നിയമത്തിന്‍റെ ഏതെങ്കിലും പുസ്തകത്തിന്റെ വളരെ കുറഞ്ഞ ഭാഗം മാത്രമാണ് ഉള്ളത് (Fragmentary).

(P52 Papyrus)     

2. തോല്‍കടലാസുകള്‍ (Parchment/Vellum)

നാലാം നൂറ്റാണ്ട് മുതല്‍ക്ക് മൃഗങ്ങളുടെ തോല്‍ ഉപയോഗിച്ചുണ്ടാക്കിയ കടലാസില് ‍എഴുതിയ കയ്യെഴുത്ത് പ്രതികള്‍ ലഭ്യമാണ്. ഇവ പാപിറസിനെ അപേക്ഷിച്ച് കൂടുതല്‍ കാലം നില നില്‍ക്കുന്നതിനാല്‍, ഇത്തരം കയ്യെഴുത്ത് പ്രതികളില്‍ പുതിയ നിയമത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ ലഭ്യമാണ്. തോല്‍കടലാസുകളില്‍ എഴുതപ്പെട്ട കയ്യെഴുത്ത് പ്രതികളെ, വലിയ അക്ഷരത്തില്‍ എഴുതപ്പെട്ടവ (Majuscule/Uncial), ചെറിയ അക്ഷരത്തില്‍ എഴുതപ്പെട്ടവ (Minuscule) എന്നിങ്ങനെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. (പാപിറസ് കയ്യെഴുത്ത് പ്രതികളില്‍, ആദ്യകാലത്ത് ഉള്ളതെല്ലാം Majuscule എഴുത്ത്  രീതിയിലാണ്, പില്കാലതുള്ളവ Miniscules രീതിയിലും, എന്നിരുന്നാലും പാപിറസ് കയ്യെഴുത്ത് പ്രതികളെ, അവ എഴുതിയ പദാര്‍ഥത്തിന്റെ അടിസ്ഥാനത്തില്‍ പൊതുവായി ഒരു വിഭാഗമായിട്ടാണ് തരം തിരിച്ചിട്ടുള്ളത്)

a) വലിയ അക്ഷരത്തില്‍ എഴുതപ്പെട്ടവ (Majuscules/Unicals)

വലിയ അക്ഷരത്തില്‍ എഴുതപ്പെട്ടവയില്‍  ഗ്രീക്ക്‌ വലിയ അക്ഷരങ്ങള്‍, വാക്കുകള്‍ മുറിച്ചെഴുതാതെ തുടര്‍ച്ചയായി എഴുതിയിര്‍ക്കുന്നു. വാക്കുകള്‍ തമ്മില്‍ വേര്‍തിരിച്ചെഴുതുകയോ, കുത്തോ, കോമയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല ഇത്തരം കയ്യെഴുത്ത്പ്രതികളില്‍. അതുകൊണ്ട് തെന്നെ ഇവ വായിക്കാന്‍ പ്രയാസമാണ്. ഉദാഹരണമായി ഇന്ഗ്ലിഷില്‍ GODISNOWHERE എന്നെഴുതിയാല്‍ God is now here എന്നും God is no where എന്നും വിത്യസ്ത രീതികളില്‍‍ വായിക്കാം. ഇതെ ബുദ്ധിമുട്ട് ഇത്തരം കയ്യെഴുത്ത് പ്രതികള്‍ വായിക്കുന്നതിലും അനുഭാപ്പെടുന്നു. പുതിയ നിയമത്തിന്റെ പ്രസിദ്ധമായ എല്ലാ പുരാതന കയ്യെഴുത്ത് പ്രതികളും ഇത്തരത്തില്‍ ഉള്ള അക്ഷരങ്ങളില്‍ എഴുതപ്പെട്ടവയാണ്. ഇവ ആദ്യ കാലങ്ങളില്‍ ഇംഗ്ലീഷ് ,ഗ്രീക്ക്‌, ഹീബ്രു അക്ഷരങ്ങള്‍ ഉപയോഗിച്ചാണ് തരം തിരിച്ചിരുന്നത്, ഇപ്പോള്‍ 01, 02 എന്നിങ്ങനെ നമ്പരുകള്‍ ഉപയോഗിച്ച്  തരം തിരിച്ചിരിക്കുന്നതാണ് ഇപ്പോള്‍ പൊതുവേ അന്ഗീകരിചിട്ടുള്ളരീതി. എന്നാലും പ്രസിദ്ധമായ പല unical കയ്യെഴുത്ത് പ്രതികളെ സൂചിപ്പിക്കാന്‍ ഇപ്പോഴും ഹീബ്രു, ഗ്രീക്ക്‌, ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഉദാഹരണമായി കോഡക്സ് സൈറ്റികസ് (Codex Sinaticus) ℵ (Aleph) എന്ന ഹീബ്രു അക്ഷരം ഉപയോഗിച്ച് സൂചിപ്പിക്കുന്നു. വളരെ പ്രസിദ്ധമായ ചില Uncial കയ്യെഴുത്ത് പ്രതികള്‍ താഴെ കൊടുത്തവയാണ്.

കോഡക്സ് സൈനറ്റികസ് (Codex Sinaticus ( ℵ, 01))

ജര്‍മന്‍ ബൈബിള്‍ പണ്ഡിതനായ  ടിഷന്‍ഡോഫ് (Constantin von Tischendorf ) 1844 മെയ്‌ മാസത്തി611px-Codex_Sinaiticus_Matthew_6,4-32ല്‍ ‍ഈജിപ്തിലെ സിനയില്‍ ഉള്ള സൈന്റ് കാതറീന്‍ മഠത്തിലെ ഗ്രന്ഥ ശേഖരത്തില്‍ നിന്നും കണ്ടെടുത്ത കയ്യെഴുത്ത് പ്രതികളാണ് കോഡക്സ് സൈനറ്റികസ് എന്ന പേരില്‍ അറിയപ്പെടുന്നത്. ടിഷന്‍ഡോഫ്  ഇത് ലീപ്സിഗിലേക്കു കൊണ്ട് വരികയും റഷ്യന്‍ ഭരണാധികാരികളുടെ സാമ്പത്തിക സഹായത്തോടെ 1862 ല്‍ നാല് വാല്യങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. റഷ്യന്‍ ഭരണാധികാരികള്‍ ഈ കയ്യെഴുത്ത്  പ്രതി പിന്നീട് ഇത് ബ്രിട്ടീഷ്‌ മ്യൂസിയത്തിന് വിറ്റു.  നാലാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ എഴുതപ്പെട്ടതാണ് ഈ കയ്യെഴുത്ത് പ്രതി എന്നാണു കണക്കാക്കിയിട്ടുള്ളത്. ഈ കയ്യെഴുത്ത് പ്രതിയുടെ ഭൂരിഭാഗവും ഇന്ന്  ബ്രിട്ടീഷ്‌ മ്യൂസിയത്തില്‍ ആണ് സൂക്ഷിച്ചിട്ടുള്ളത്.

ബൈബിള്‍ പുതിയ നിയമം മുഴുവനായുമുള്ള ഏറ്റവും പഴയ കയ്യെഴുത്ത് പ്രതിയാണ് ഇത്. പഴയ നിയമത്തിലെ ഏതാനും പുസ്തകങ്ങളും, അതെ പോലെ തെന്നെ   കനോനികമാല്ലാത്ത ബാര്‍ണബാസിന്റെ ലേഖനവും, ഹെര്മാസിന്റെ ഇടയന്‍ എന്ന പുസ്തകവും ഇതില്‍ ഉണ്ട്.

കോഡക്സ്  വത്തികാനസ് (Codex Vaticanus (B, 03))

നാലാം നൂറ്റാണ്ടില്‍ തെന്നെ എഴുതപ്പെട്ടത് എന്ന് കരുതുന്ന മറ്റൊരു പ്രധാനപ്പെട്ട കയ്യെഴുത്ത് പ്രതിയാണ്  കോഡക്സ്  വത്തികാനസ് . ഇത് വത്തികാനിലെ ഗ്രന്ഥ ശാലയില്‍ ആണ് സൂക്ഷിച്ചിട്ടുള്ളത്. പുതിയ നിയമത്തിലെ സുവിശേഷങ്ങളും, അപോസ്തല പ്രവര്‍ത്തികളും, കാതോലിക ലേഖനങ്ങളും, പൌലോസിന്റെ ലേഖനങ്ങളില്‍ എബ്രായര്‍ക്കുള്ള ലേഖനത്തിന്‍റെ 9:14 വരേയ്ക്കും ഇതില്‍ ഉണ്ട് (എബ്രയാര്‍ക്കുള്ള ലേഖനം പൗലോസ്‌ എഴുതിയതാണ് എന്നൊരു പാരമ്പര്യം ഉണ്ടെങ്കിലും, ഇന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ പൊതുവേ ഇത് അജ്ഞാത ഗ്രന്ഥകാരനാല്‍ എഴുതെപ്പെട്ടതാണ് എന്നാണ് കണക്കാക്കുന്നത്). അതെ പോലെ 1, 2 തിമോത്തിയോസ്, തീത്തോസ്‌, ഫിലമോന്‍ എന്നീ പൌലോസിന്റെ ലേഖനങ്ങളും, വെളിപാട് പുസ്തകവും ഇതില്‍ ലഭ്യമല്ല. 

കോഡക്സ്  അലക്സാണ്ട്രിനസ് (Codex Alexandrinus( A ,02))

ബ്രിട്ടീഷ്‌ ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഈ കയ്യെഴുത്ത് പ്രതി  അഞ്ചാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതാണ്. പഴയനിയമത്തിന്റെ ഗ്രീക്ക്‌ പരിഭാഷയുടെ (സെപ്ടുജിന്റ്റ്‌‌) യും, പുതിയ നിയമത്തിന്റെയും ഭൂരിപക്ഷം ഭാഗങ്ങളും ഇതില്‍ ഉണ്ട്. ഇതിന് എന്ന പേര് ലഭിക്കാന്‍ കാരണം, ഇത്  വളരെ ക്കാലം അലക്സാണ്ട്രിയയില്‍ ആയിരുന്നു സൂക്ഷിക്കപ്പ്ട്ടിരുന്നത് എന്നതുകൊണ്ടാണ്.

b) ചെറിയ അക്ഷരത്തില്‍ എഴുതപ്പെട്ടവ (Miniscule)

എട്ടാം നൂറ്റാണ്ടിലോ, ഒമ്പതാം നൂറ്റാണ്ടിലോ ഉരുത്തിരിഞ്ഞ എഴുത്ത് രീതിയാണ്  ഗ്രീക്ക്‌ അക്ഷരങ്ങള്‍ കൂട്ടിയോചിപ്പിച്ചു എഴുതുന്ന ശൈലിയുടെലെടുത്ത്. Majuscules നെ അപേക്ഷിച്ചു വികസിതമായ എഴുത്ത് രൂപമാണ് ഇത്, അതുകൊണ്ട് തെന്നെ തെറ്റുകള്‍ കൂടാതെ വായിക്കാന്‍ എളുപ്പവും. ഇത്തരത്തില്‍ പെട്ട കയ്യെഴുത്ത് പ്രതികള്‍ ഒമ്പതാം നൂറ്റാണ്ട് മുതല്‍ക്കുള്ളതെ  ലഭ്യമായിട്ടുള്ളൂ. തോല്കടലാസില്‍ എഴുതിയ ഇത്തരം കയ്യെഴുത്ത് പ്രതികളെ അറബിക് നമ്പരുകള്‍ ഉപയോഗിച്ചാണ് തരം തിരിച്ചിട്ടുള്ളത്. (28, 33 എന്നിങ്ങനെ). ഇത്തരത്തില്‍ പെട്ട 2900 കയ്യെഴുത്ത് പ്രതികള്‍ ഇന്ന് ലഭ്യമാണ്.

ഇവ കൂടാതെ പ്രാര്‍ഥനക്കും മറ്റും ആയി എഴുതപ്പെട്ട ബൈബിളിന്റെ ഭാഗങ്ങള്‍ ഉദ്ധരിച്ച എഴുത്തുകള്‍ ലഭ്യമാണ് (Lctionaries). Miniscules രീതിയില്‍ എഴുതപ്പെട്ടവ ഇത്തരത്തിലുള്ള‍ ഏകദേശം 2400 കയ്യെഴുത്ത് പ്രതികള്‍ ഇന്ന് ലഭ്യമാണ്.

ഗ്രീക്ക്‌ ബൈബിളും ബൈബിള്‍ പതിപ്പുകളും

നിലവില്‍, വിത്യസ്ത ഭാഷകളില്‍, വിത്യസ്ത ബൈബിള്‍ പതിപ്പുകള്‍ (Versions) ലഭ്യമാണ്. പൊതുവായ ധാരണ വിത്യ്സ്തങ്ങളായ ഈ ബൈബിള്‍ പതിപ്പുകള്‍, അന്ഗീകൃതമായ ഒരു ഗ്രീക്ക്‌ മൂലത്തിന്റെ വിത്യസ്ത പരിഭാഷകള്‍ മാത്രമാണ് എന്നാണ്. എന്നാല്‍  ഇത് ശരിയല്ല. ഇന്ന് സര്‍വാന്ഗീകൃതമായ ഒരു ബൈബിള്‍ പരിഭാഷ ഇല്ലാത്തത്ത്‌ പോലെ തെന്നെ, സര്‍വാന്ഗീകൃതമായ ഒരു ഗ്രീക്ക്‌ ബൈബിളും ഇല്ല. അഥവാ ഇന്ന് നിലവിലുള്ള വിത്യസ്ത ബൈബിള്‍ വേര്‍ഷനുകള്‍ വിത്യസ്ത ഗ്രീക്ക്‌ മൂലങ്ങളെ അടിസ്ഥാനമാക്കി പരിഭാഷപ്പെടുതിയിട്ടുല്ലതാണ്.

ആദ്യ നൂറ്റാണ്ടുകളില്‍ ഇന്നത്തെ പോലെ ബൈബിലെ പുസ്തകങ്ങള്‍ കാനോനികരിചിട്ടുണ്ടായിരുന്നില്ല. എന്നിരുന്നാലും ഓരോ ക്രിസ്ത്യന്‍ വിഭാഗവും ചില പുസ്തകങ്ങള്‍ പ്രാധാന്യ പൂര്‍വം പരിഗണിക്കുകയും, പൊതു സ്ഥലങ്ങളില്‍ പാരായണം ചെയ്യുകയും ചെയ്തിരുന്നു. അതുപോലെ തെന്നെ ഇവ എഴുതി വെക്കാനും ആരംഭിച്ചു.  പക്ഷെ നാലാം നൂറ്റാണ്ട് വരെയുള്ള കയ്യെഴുതു പ്രതികളില്‍ നിന്നും മനസ്സിലാകുന്നത്, ആദ്യ നൂറ്റണ്ടില്‍ പകര്‍ത്തിയെഴുത്തുകാര്‍ എഴുത്തില്‍ വേണ്ടത്ര പ്രാവീപണ്യമില്ലാത്തവരായിര്‍ന്നു എന്നാണ്, കാരണം ഈ കയ്യെഴുത്ത് പ്രതികളില്‍ വളരെ അടിസ്ഥാനപരമായി തെന്ന്യയുള്ള തെറ്റുകള്‍ വളരെയധികമാണ്. എന്നാല്‍ നാലാം നൂറ്റാണ്ടിനു ശേഷം, കൊസ്ന്ടന്റൈന്‍ ക്രിസ്തുമതം റോമിലെ ഔദ്യോതിക മതം ആക്കിയതിന് ശേഷം ഉള്ള കയ്യെഴുത്ത് പ്രതികളള്‍ ഭാഷപരമായി വൈടഗ്ദ്യമുള്ള പകര്‍ത്തിയെഴുതുകാര്‍ എഴുതിയതാണ് എന്ന് മനസ്സിലാക്കാം. മാത്രവുമല്ല, താരതമ്യന വില കൂടിയതും ഈട് നില്‍ക്കുന്നതും ആയ തോല്‍ക്ടലാസുകള്‍ ഉപയോഗിചുള്ള കയ്യെഴുത്ത് പ്രതികള്‍ ലഭിക്കുന്നതും ഈ കാലഘട്ടത്തിനു ശേഷമാണ്.

AD 331 ല്‍ കൊന്‍സ്ടന്റൈന്‍ ക്രവര്‍ത്തി സെസെറിയയിലെ ബിഷപ് ആയിരുന്ന യൂസേബിയെസിനോട്, അമ്പത് ബൈബിളുകള്‍, ഉണ്ടാണ്ടാക്കാന്‍ നിര്‍ദേശം നല്‍കിയതായി ചരിത്രത്തില്‍ കാണാം. ഇന്ന് നിലവിലുള്ള കോഡക്സ് വാതികാനസും, സിനയറ്റികസും കൊന്‍സ്ടന്റൈന്‍ നിര്‍ദേശാനുസരണം ഉണ്ടാകിയതാണ് എന്ന് കരുതുന്ന പണ്ഡിതന്മാര്‍ ഉണ്ട്. ഇങ്ങനെ റോമന്‍ ഭരണാധികാരികള്‍ ബൈബിള്‍ പകര്‍ത്തിയെഴുതാന്‍,പ്രോത്സാഹനം നല്‍കിയതിന്റെ ഫലമായി, ഈ നാലാം നൂറ്റാണ്ട് മുതല്‍ക്കു, ഉയര്‍ന്ന നിലവാരമുള്ള ധാരാളം കയ്യെഴുത്ത് പ്രതികള്‍ ലഭ്യമാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ പ്രിന്റിംഗ് മെഷിന്‍ കണ്ടു പിടിക്കുന്നത്‌ വരെ ഇത്തരത്തില്, വിത്യസ്ത പ്രദേശങ്ങളില്‍ ‍ പകര്‍പ്പെഴുതുകാര്‍ കൈകൊണ്ടു എഴുതിയായിരുന്നു ബൈബിളുകള്‍ പകര്‍ത്തിയിരുന്നത്. അതുകൊണ്ട് തെന്നെ ഓരോ പ്രദേശങ്ങളിലും പ്രചരിച്ചിരുന്ന പുസ്തകങ്ങള്‍ തമ്മില്‍ വിത്യാസമുണ്ടായിരുന്നു.

ഇത്തരത്തില്‍ ഗ്രീക്ക്‌ ഭാഷയില്‍ ഉള്ള കൂടുതല്‍ കയ്യെഴുത്ത് പ്രതികളും ഉണ്ണ്ടാക്കിയിട്ടുള്ളത് അന്നത്തെ ബൈസന്റൈന്‍ സാമ്രാജ്യത്തില്‍ ജീവിച്ചിരുന്ന ക്രിസ്ത്യന്‍ പകര്‍പ്പെഴുതുകരാന്. അതുകൊണ്ട് ഏഴാം നൂറ്റാണ്ട് മുതല്‍ക്കുള്ള കയ്യെഴുത്ത് പ്രതികളെ ബൈസന്റൈന്‍ കയ്യെഴുത്ത് പ്രതികളായി കണക്കാക്കുന്നു. ഇവ തമ്മില്‍ വിത്യാസങ്ങള്‍ കുറവാണെങ്കിലും, ഇവയെ വിശ്വാസനീയത കുറഞ്ഞവയായാണ് പണ്ഡിതന്മാര്‍ കണക്കാക്കുന്നത്.  ഇതേ പോലെ ഗ്രീക്ക്‌ സംസാരിക്കാത്ത പ്രദേശങ്ങളില്‍, ബൈബിള്‍ അതാത് പ്രദേശത്തെ ഭാഷകളില്‍ പരിഭാഷപ്പെടുത്തി ഉപയോഗിച്ചിരുന്നു.  ഇത്തരത്തില്‍ വിത്യസ്ത പ്രദേശങ്ങളില്‍ നില നിന്നിരുന്ന ബൈബിളുകള്‍ തമ്മില്‍ സാരമായ വിത്യാസങ്ങള്‍ ഉണ്ടായിരുന്നു. അതായത് എല്ലാവരാലും അംഗീകരിക്കുന്ന ഒരു ഗ്രീക്ക്‌ ബൈബിള്‍ ആദ്യ കാലഘട്ടത്തില്‍ നിലവിലില്ലായിരുന്നു.

പ്പൌരസ്ത്യ സഭകള്‍(ബൈസന്റൈന്‍ സാമ്രാജ്യത്തില്‍) കൂടുതലും ഗ്രീക്ക്‌ ബൈബിളുകള്‍ ഉപയോഗിച്ചിരുന്നപ്പോള്‍, പാശ്ചാത്യ സഭകള്‍  ലാറ്റിന്‍ പരിഭാഷകള്‍ ആയിരുന്നു  ഉപയോഗിച്ചിരുന്നത്. എന്നാല്‍ വിത്യസ്ത ‍ ലാറ്റിന്‍ പരിഭാഷകളുടെ പകര്‍പ്പുകള്‍ തമ്മില്‍ ‍ വിത്യാസങ്ങള്‍ ഉടലെടുതതിനാല്‍ പോപ്‌ ഡമാസസ്(Damasus), നാലാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ അന്നത്തെ പണ്ഡിതനായ ജെറോമിനോട്, ഒരു ഔദ്യോതിക ലാറ്റിന്‍ ബൈബിള്‍ ഉണ്ട്ക്കാന്‍ ആവ്യശ്യപ്പെടുകയും അദ്ദേഹം അന്ന് നിലവിലുള്ള വിത്യസ്ത ലാറ്റിന്‍ പരിഭാഷകളും, അദ്ദേഹത്തിനു ലഭ്യമായ ഗ്രീക്ക്‌ കയ്യേഴുത് പ്രതികളും പരിശോധിച്ച് ഒരു ലാറ്റിന്‍ പരിഭാഷ ഉണ്ടാക്കുകയും ചെയ്തു. ഇതാണ് ലാറ്റിന്‍ വാള്‍ഗെറ്റ് ( Vulgate = common) എന്നറിയപ്പെടുന്നത്. ലാറ്റിന്‍ വാള്‍ഗെറ്റ്  പിന്നീട് ഗ്രീക്ക്‌ ബൈബിളിനെക്കാളും പ്രസിദ്ധമാകുകയും, അതിന്‍റെ ധാരാളം പകര്‍പ്പുകള്‍ എടുക്കപ്പെടുകയും ചെയ്തു. ലാറ്റിന്‍ വാള്‍ഗെറ്റ്  ബൈബിള്‍ ആണ് ശരിയായ ബൈബിള്‍ എന്ന ധാരണ പിന്നീട് നൂറ്റാണ്ടുകളോളം നിലനിന്നു.

പതിനഞ്ചാം നൂറ്റാണ്ടില്‍ (1440 ല്‍) ഗുണ്ടന്ബര്ഗ് പ്രിന്റിംഗ് പ്രസ്‌ കണ്ടു പിടിക്കുന്നതോട് കൂടിയാണ്, ബൈബിള്‍ പകര്തിയെഴുതുന്ന രീതിക്ക് വിരാമമാകുന്നത്. ഗുണ്ടന്ബര്‍ഗിന്റെ പ്രസ്സില്‍ പ്രിന്റ്‌ ചെയ്ത ആദ്യത്തെ പ്രധാനപ്പെട്ട പുസ്തകം ലാറ്റിന്‍ വള്‍ഗേറ്റ് ബൈബിള്‍ ആയിരുന്നു.

ഗ്രീക്ക്‌ ബാബിളിന്‍റെ ആദ്യത്തെ പ്രിന്റ്‌ ചെയ്ത എഡിഷന്‍ പ്രസിദ്ധീകരിക്കുന്നത് , 1516 ല്‍ ഡച്ച് പണ്ഡിതനായിരുന്ന എറാസ്മസ് (Desiderius Erasmus) ആണ്. ഈ ബൈബിളിന് വേണ്ടി, എറാസ്മസ് പ്രധാനമായും ആശ്രയിച്ചത് പന്ത്രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഏതാനും ചില കയ്യെഴുത്ത് പ്രതികള്‍ മാത്രമാണ്. പിന്നീട് ഒരു നൂറ്റാണ്ടോളം എറാസ്മസ്  തയ്യാറാക്കിയ ഈ ഗ്രീക്ക്‌ മൂലമായിരുന്നു, പുതിയനിയമത്തിന് വ്യാപകമായി ഉപയോഗിച്ച് വന്നിരുന്നത്. പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ട, സ്റ്റെഫാനസ് ( Stephanus – AD 1546), തിയഡോര്‍ ബെസ (Theodore Beza – AD 1565) അബ്രഹാം എല്സവിര്‍ (Abraham Elzevir – AD 1624) തുടങ്ങിയവരെല്ലാം തങ്ങള്‍  പ്രസിദ്ധീകരികരിച്ച ഗ്രീക്ക്‌ പുതിയനിയമങ്ങള്‍ക്ക് പ്രധാനമായും ആശ്രയിച്ചത്  എറാസ്മസിന്റെ ഗ്രീക്ക്‌ ബൈബിള്‍ ആയിരുന്നു.

ഇതില്‍ സ്റ്റെഫാനസിന്‍റെ പുതിയ നിയമത്തിന്റെ 1551 ല്‍ പ്രദ്ധീകരിച്ച നാലാമത്തെ എഡിഷനില്‍ ആണ് ആദ്യമായി ബൈബിള്‍ മൂലത്തെ സൂക്തങ്ങളായി (verses) യി തിരിക്കുന്നത്. അതിന് മുമ്പുള്ളള്ള രീതി, ബൈബിള്‍ മൂലം സൂക്തങ്ങളായി തിരിക്കാതെ ഒന്നായി കൊടുക്കുക എന്നതായിരുന്നു. സ്റ്റെഫാനസ് തെന്റെ  പുതിയ നിയമത്തെ ഇത്തരത്തില്‍ സൂക്തങ്ങളായി തിരിച്ചത് , പ്രത്യേകിച്ച് എന്തിനെയെങ്കിലും അടിസ്ഥാനമക്കിയായിരുന്നില്ല.

കാലക്രമത്തില്‍ എറാസ്മസ് പ്രസിദ്ധീകരിച്ച ഗ്രീക്ക്‌ ടെക്സ്റ്റ്‌ ഏറെക്കുറെ  പുതിയ നിയമത്തിന്റെ അടിസ്ഥാന മൂലമായികരുതപ്പെട്ടു. ഇതേ ഗ്രീക്ക്‌ മൂലം അടിസ്ഥാനമാക്കി, 1633 ല്‍ അബ്രഹാം എല്സെവിറും, ബോണാവെഞ്ചുര്‍ എല്സെവിറും (Abraham and Bonaventure Elzevir ) ചേര്‍ന്ന് പ്രസിദ്ധീകരിച്ച ഗ്രീക്ക്‌ ബൈബിള്‍ ആണ് എല്ലാവരാലും സ്വീകരിക്കപ്പെട്ടതും (received by all) തെറ്റുകള്‍ ഇല്ലാത്തതും ആണ്  എന്ന് അവകാശപ്പെട്ടു. ഈ വാചകത്തിലെ ‍ സ്വീകരിക്കപ്പെട്ട ടെക്സ്റ്റ്‌ (received text) എന്ന വാക്കുകളുടെ  ലാറ്റിന്‍ പരിഭാഷയായ Textus Receptus ( TR എന്ന് ചുരിക്കി എഴുതുന്നു) എന്ന പദമുപയോഗിച്ചാണ്, എറാസ്മസിന്‍റെ ഗ്രീക്ക്‌  ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള ഈ ഗ്രീക്ക് ടെക്സ്റ്റ്‌ ഇപ്പോള്‍ അറിയപ്പെടുന്നത്. വളരെ കുറച്ച് കയ്യെഴുത്ത് പ്രതികള്‍ മാത്രം അടിസ്ഥാനമാക്കി തയ്യാരാക്കിയതിനാല്‍ ഒട്ടേറെ പോരായ്മകള്‍ ഉള്ള ഈ ഗ്രീക്ക്‌ മൂലം ഉപയോഗിച്ചാണ്, വളരെ പ്രസിദ്ധമായ കിംഗ്‌ ജയിംസ് വേര്‍ഷന്‍ (King James Version)  ബൈബിള്‍ തുടങ്ങി പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ പ്രസിദ്ധീകരിക്കപ്പെട്ട ഒട്ടു മിക്ക ബൈബിള്‍ പരിഭാഷകളും തയ്യാര്‍ ചെയ്തിട്ടുള്ളത്.

Textus Receptus  ചുരുക്കം ചില ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികള്‍ മാത്രം ഉപയോഗിച്ച് തയ്യാര്‍ ചെയ്തതാണ് എന്നും, ഇതിലെ ഗ്രീക്ക്‌ മൂലത്തില്‍ നിന്നും വിത്യസ്തമായ ടെക്സ്റ്റുകള്‍ ആദ്യകാല കയ്യെഴുത്ത് പ്രതികളില്‍ ഉണ്ട് എന്ന വസ്തുത ഏറെക്കാലം വിസ്മരിക്കപ്പെട്ടു. ഇതിന് അറുതിയാകുന്നത്  1707 ല്‍ ജോണ്‍ മില്‍( John Mill) എന്ന പണ്ഡിതന്‍ തെന്റെ ഗ്രീക്ക്‌ പുതിയനിയമത്തിന്‍റെ ഗ്രീക്ക്‌ മൂലതിലുള്ള  വിത്യാസങ്ങള്‍ (critical apparatus) പ്രസിധീകരിക്കുന്ന്തോട് കൂടിയാണ്.  മില്‍ തെന്റെ കയ്യിലുണ്ടായിരുന്ന നൂറോളം കയ്യെഴുത്ത് പ്രതികള്‍ പരിശോധിച്ചതില്‍ നിന്നും ഏകദേശം മുപതിനായിരത്തോളം സ്ഥലങ്ങളിലാണ്‌ കയ്യെഴുത്ത് പ്രതികള്‍ Textus Receptus ഉം ആയി വിത്യസ്തത പുലര്‍ത്തുന്നതായി  കണ്ടത്തിയത്. അദ്ദേഹം സ്റ്റെഫാനസിന്റെ 1550 എഡിഷന്‍ ഗ്രീക്ക്‌ ബൈബിളിന്റെ കൂടെ,  ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളില്‍ കണ്ടെത്തിയെ  ഈ വിത്യാസങ്ങളും പ്രസിദ്ധീകരിച്ചു. മില്ലിന്റെ പ്രസിദ്ധീകരണതിന് കടുത്ത വിമര്‍ശനങ്ങള്‍ ആണ് നേരിടേണ്ടി വന്നത്.

പിന്നീട പുതിയ നിയമത്തിന്‍റെ ഒരിജിനിലിനോട് ഏറ്റവും അടുത്ത ഗ്രീക്ക്‌ മൂലം കണ്ടെത്തുന്നതിന്  വേണ്ടി ഒരു പാട് പണ്ഡിതന്മാര്‍ പരിശ്രമിച്ചിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒരാളാണ് ലാച്ച്മാന്‍ Lachmann (1842-1850). മറ്റൊരു പണ്ഡിതനാണ് ടിഷന്‍ഡോഫ് (Constantin von Tischendorf ). മുമ്പ് സൂചിപ്പിച്ച സൈനടികസ് കോടക്സ് കണ്ടെത്തിയ പണ്ഡിതന്‍ തെന്നെയാണ് ഇദ്ദേഹം. ടിഷന്‍ഡോഫ് താന്‍ കണ്ടെത്തിയ കോഡക്സ് സൈനടികസിനെ അടിസ്ഥാനമാക്കി തെന്റെ ഗ്രീക്ക്‌ ബൈബിള്‍ പ്രസിദ്ധീകരിച്ചു.  വെസ്റ്കോട്ട് , ഹോര്ട്ട്  (Fenton John Anthony Hort (1828-1892) and Brooke Foss Westcott (1825-1901))  എന്നീ രണ്ടു പണ്ഡിതന്‍മാരാണ് പിന്നീട്  വിത്യസ്ത കയ്യെഴുത്ത് പ്രതികളില്‍ നിന്നും ശരിയായതിനോട് ഏറ്റവും അടുത്ത ഗ്രീക്ക്‌ ടെക്സ്റ്റ്‌ കണ്ടെത്തുന്നതിന് വേണ്ട രീതികള്‍ അവിഷകരിച്ചവര്‍.1881 ല്‍ ഇവര്‍ പ്രസിദ്ധീകരിച്ച New Testment in Original Greek എന്നത് വളരെ പ്രസിദ്ധമായ ഗ്രീക്ക്‌ പുതിയനിയമമാണ്.  രണ്ട് വാല്യങ്ങളായാണ് ഇവര്‍ തങ്ങളുടെ ഗ്രീക്ക്‌ പുതിയ നിയമം പ്രസിദ്ധീകരിച്ചത്, ഒന്നില്‍ ഏറ്റവും പുരാതനം എന്ന് തങ്ങള്‍ കരുതുന്ന പുതിയ നിയമത്തിന്‍റെ ഗ്രീക്ക്‌  ടെക്സ്റ്റും, മറ്റൊന്നില്‍ വിത്യസ്ത കയ്യെശുത്ത് പ്രതികളിലെ വ്യതിയായങ്ങളില്‍ നിന്ന് ശരിയായ ടെക്സ്റ്റ്‌ തിരഞ്ഞെടുത്ത  രീതിയും ഇവര്‍ വിശദീകരിച്ചു. ഇത്തരത്തില്‍ പുരാതനമായ കയ്യെഴുത്ത് പ്രതികള്‍ പരിശോധിച്ചു, അതില്‍നിന്നും വിത്യസ്ത മാനദണ്ടങ്ങള്‍ ഉപയോഗിച്ചു തിര്രെഞ്ഞെടുക്കുന്ന (elective method) ഗ്രീക്ക്‌ മൂലത്തെയാണ്  ക്രിട്ടിക്കല്‍ ടെക്സ്റ്റ്‌ (Critical text of New testament )എന്ന് പറയുന്നത്. ഇതില്‍ ഗ്രീക്ക്‌ മൂലത്തില്‍ വിത്യസ്ത കയ്യെഴുത്ത് പ്രതികളില്‍ കാണുന്ന വ്യതിയാനങ്ങള്‍ (Textual variances) സൂചിപ്പിച്ചിരിക്കും.  1901 ല്‍ പ്രസിദ്ധീകരിച്ച  American Standard Bible (ASV) പോലെയുള്ള ബൈബിളുകള്‍  പ്രധാനമായും Westcott and Hort ഗ്രീക്ക്‌ ടെക്സ്റ്റ്‌ ആയിരുന്നു ഉപയോഗിച്ചത്. New International Version (NIV) പോലെയുള്ള ആധുനിക ബൈബിളുകള്‍ മിക്കതും ഇപ്പോള്‍ ഉപയോഗിക്കുന്നത് Nestle-Aland ഗ്രീക്ക്‌ ടെക്സ്റ്റ്‌ ആണ് 1898 ല്‍ Eberhard Nestle ആദ്യമായി പ്രസിദ്ധീകരിച്ച ഈ ഗ്രീക്ക്‌ ‍ ടെക്സ്റ്റ്‌ പിന്നീട് Kurt Aland എഡിറ്റ്‌ ചെയ്തു 1952 ല്‍ 21 ആമത് എഡിഷന്‍ ആയി പ്രസിദ്ധീകരിച്ചു. 27 ആമത് എഡിഷന്‍ (NA27) ആണ്  Nestle-Aland ന്‍റെ ഏറ്റവും പുതിയ എഡിഷന്‍. ഇതേ ടെക്സ്റ്റ്‌ തെന്നെയാണ് United Bible Society പ്രസിദ്ധീകരിക്കുന്ന ഗ്രീക്ക്‌  പുതിയനിയമത്തിലും ഉപയോഗിക്കുന്നത്. ഇതിന്‍റെ നാലാമത് എഡിഷന്‍ ആണ് ഏറ്റവും അവസാനം പ്രസിദ്ധീകരിച്ചത് (UBS 4). വിത്യസ്ത ബൈബിള്‍ വേര്‍ഷനുകള്‍ തമ്മില്‍ വിത്യാസങ്ങള്‍ അവ ഉണ്ടാകുന്നതിന്, വിത്യസ്ത ഗ്രീക്ക്‌ മൂലങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കുന്നതാണ് എന്നും കാരണമാണ് ഈന് സാരം.