Wednesday, November 24, 2010

ബൈബിള്‍ പതിപ്പുകളും ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളും

പുതിയനിയമ ബൈബിള്‍ പതിപ്പുകളെക്കുറിച്ചും, വിവിധ ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളെയും ക്കുറിച്ച് സാമാന്യമായി പരിചയപ്പെടുതുകയാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം. പുതിയനിയമതിന്റെതായി, രണ്ടാം നൂറ്റാണ്ട് മുതല്‍ പതിനാറാം നൂറ്റാണ്ട് വരെയുള്ള കാലയളവില്‍ എഴുതപ്പെട്ട ഏകദേശം 5,700 ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികള്‍ ഇന്ന് ലഭ്യമാണ്.  ഇതില്‍ 65% കയ്യെഴുത്ത് പ്രതികളും പതിനൊന്നാം നൂറ്റാണ്ടിന്റെയും പതിനാലാം നൂട്ടണ്ടിന്റെയും ഇടയില്‍ എഴുതപ്പെട്ടതാണ്, 2.5% ത്തോളം കയ്യെഴുത്ത് പ്രതികളാണ് ആദ്യത്തെ അഞ്ചു നൂട്ടണ്ടിനുള്ളില്‍ എഴുതപ്പെട്ടവയായിട്ടുള്ളത്. നാലാം നൂറ്റാണ്ടില്‍, കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ക്രിസ്തുമത പരിവര്‍ത്തനാന്തരം, കൃസ്തുമതം റോമിലെ ഔദ്യോതിക മതം ആയതിന് ശേഷം, വ്യവസ്ഥാപിതമായ രീതിയില്‍  പുതിയ നിയമ പുസ്തകങ്ങള്‍ പകര്‍ത്തിയെഴുതുവാന്‍ ആരഭിച്ചതിനാലാണ്, നാലാം നൂറ്റാണ്ടിന് ശേഷം കൂടുതല്‍ കയ്യെഴുത്ത് പ്രതികള്‍ ഉണ്ടാകാന്‍ കാരണം. നാലാം നൂറ്റാണ്ടിന് മുമ്പുള്ള മിക്ക കയ്യെഴുത്ത് പ്രതികളും തയ്യാറാക്കിയിട്ടുള്ളത് എഴുത്തില്‍ വൈദഗ്ദ്യം ഇല്ലാത്ത പകര്തിയെഴുതിയെഴുത്ത്കാരായിരുന്നു. ഇത്തരം കയ്യെഴുത്ത് പ്രതികളുടെ പകര്‍പ്പുകള്‍ എടുത്തിരുന്നത് പലപ്പോഴും തങ്ങള്‍ പകര്തിയെടുക്കുന്നത് എന്ത് എന്ന് വായിച്ചു മനസ്സിലാക്കാതെ ഒരു കയ്യെഴുത്ത് പ്രതിയിലെ അക്ഷരങ്ങളെ അതെപോലെ അടുത്ത കയ്യെഴുത്ത് പ്രതികളിലേക്ക് പകര്ത്തിയായിരുന്നു. അതുകൊണ്ട് തെന്നെ ഇത്തരം കയ്യെഴുത്ത് പ്രതികളില്‍ ഭാഷാപരവും, ആശയപരവും ആയ അബദ്ധങ്ങള്‍ കൂടുതലാണ്. എന്നാല്‍ നാലാം നൂറ്റാണ്ടിന് ശേഷമുള്ള കയ്യെഴുത്ത് പ്രതികള്‍ ഭാഷാപ്രാവീണ്യമുള്ള പകര്‍പ്പെഴുതുകരാല്‍ തയ്യാര്‍ ചെയ്തതാണ് എന്നാണു പണ്ഡിതന്മാര്‍ മനസ്സിലാക്കുന്നത്. അത് കൊണ്ട് തെന്നെ ഭാഷാപരമായ അബദ്ധങ്ങള്‍ ഇവയില്‍ കുറവാണ്.   

ആദ്യ കാല കയ്യെഴുത്ത് പ്രതികളില്‍ പലതും പുതിയനിയമത്തിന്‍റെ ഏതാനും ഭാഗങ്ങള്‍ മാത്രം ഉള്കൊല്ലുന്നവയും (fragmentary), ഒരു വിസിറ്റിംഗ് കാര്‍ഡിന്റെ മാത്രം വലിപ്പമുള്ളവയും ആണ്. പുതിയ നിയമത്തിന്‍റെ ഒരു പുസ്തകത്തിന്റെയും ആദ്യ നൂട്ടണ്ടിലുള്ള കയ്യെഴുത്ത് പ്രതി ലഭ്യമല്ല. പുതിയ നിയമത്തിന്‍റെ ലഭ്യമായ ഏറ്റവും പഴയ കയ്യെഴുത്ത് പ്രതി, P52 എന്ന പേരില്‍ കാറ്റലോഗ് ചെയ്യപ്പെട്ട പാപിറസ് കയ്യെഴുത്ത് പ്രതിയാണ്. 21 cm. x 20 cm. മാത്രം വലിപ്പമുള്ള ഈ കയ്യെഴുത്ത് പ്രതിയില്‍, യോഹന്നാന്റെ സുവിശേഷത്തിലെ, പതിനെട്ടാം അധ്യായത്തിലെ ഏതാനും വചനങ്ങള്‍ മാത്രമാണ് ഉള്ളത്. പുതിയ നിയമത്തിലെ എല്ലാ പുസ്തകങ്ങളും ഉള്ള കയ്യെഴുത്ത് പ്രതി നാലാം നൂറ്റാണ്ടില്‍ എഴുതിയത് എന്ന് കരുതപ്പെടുന്ന കോടക്സ് സൈനറ്റികസ് (Codex Sinaiticus ) ആണ്. ഇതില്‍ പുതിയനിയമത്തില്‍ ഇന്ന് കാനോനികമായി അന്ഗീകരിക്കപ്പെട്ട  ഇരുപത്തിയെഴ് പുസ്തകങ്ങള്‍ക്ക് പുറമേ, ബാര്‍ണബാസിന്റെ ലേഖനം, ഹെര്മാസിന്റെ ഇടയന്‍ എന്നീ പുസ്തകങ്ങള്‍ കൂടിയുണ്ട്.  

ബൈബിള്‍ കയ്യെഴുത്ത് പ്രതികളെ പണ്ടിതമാര്‍ അവയുടെ എഴുത്ത് രീതിയുടെയും  എഴുതാന്‍ ഉപയോഗിച്ച വസ്തുവിന്റെയും അടിസ്ഥാനത്തില്‍ താഴെ പറയുന്ന രീതിയില്‍ തരം തിരിച്ചിട്ടുണ്ട്.

1. പാപിറസ് (Papyri)

P52 പാപിറസ്

പാപിറസ് ചെടികള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന പേപ്പര്‍ പോലയുള്ള വസ്തുവില്‍ എഴുതിയ കയ്യെഴുത്ത് പ്രതികളാണ്  ഇവ. 2009 ലെ കണക്കനുസരിച്ച്, 124 പാപിറസ് കയ്യെഴുത്ത് പ്രതികള്‍ ഉണ്ട്. ഇവയെ തരംതിരിച്ചിട്ടുള്ളത്  P എന്ന അക്ഷരവും കാറ്റലോഗ് നമ്പറും  ഉപയോഗിച്ചാണ് , ഉദാഹരണയി, ബൈബിളിന്റെ നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന കയ്യെഴുത്ത് പ്രതി, P52 എന്നറിയപ്പെടുന്നു. ബൈബിളിന്‍റെ ഏറ്റവും പഴക്കം ചെന്ന ബൈബിള്‍ കയ്യെഴുത്ത് പ്രതികളില്‍ കൂടുതലും ഇത്തരത്തില്‍ പെട്ട പാപിറസില്‍ എഴുതിയിട്ടുള്ളതാണ്. ഇത്തരം കയ്യെഴുത്ത് പ്രതികളില്‍ മിക്കതിലും പുതിയ നിയമത്തിന്‍റെ ഏതെങ്കിലും പുസ്തകത്തിന്റെ വളരെ കുറഞ്ഞ ഭാഗം മാത്രമാണ് ഉള്ളത് (Fragmentary).

(P52 Papyrus)     

2. തോല്‍കടലാസുകള്‍ (Parchment/Vellum)

നാലാം നൂറ്റാണ്ട് മുതല്‍ക്ക് മൃഗങ്ങളുടെ തോല്‍ ഉപയോഗിച്ചുണ്ടാക്കിയ കടലാസില് ‍എഴുതിയ കയ്യെഴുത്ത് പ്രതികള്‍ ലഭ്യമാണ്. ഇവ പാപിറസിനെ അപേക്ഷിച്ച് കൂടുതല്‍ കാലം നില നില്‍ക്കുന്നതിനാല്‍, ഇത്തരം കയ്യെഴുത്ത് പ്രതികളില്‍ പുതിയ നിയമത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ ലഭ്യമാണ്. തോല്‍കടലാസുകളില്‍ എഴുതപ്പെട്ട കയ്യെഴുത്ത് പ്രതികളെ, വലിയ അക്ഷരത്തില്‍ എഴുതപ്പെട്ടവ (Majuscule/Uncial), ചെറിയ അക്ഷരത്തില്‍ എഴുതപ്പെട്ടവ (Minuscule) എന്നിങ്ങനെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. (പാപിറസ് കയ്യെഴുത്ത് പ്രതികളില്‍, ആദ്യകാലത്ത് ഉള്ളതെല്ലാം Majuscule എഴുത്ത്  രീതിയിലാണ്, പില്കാലതുള്ളവ Miniscules രീതിയിലും, എന്നിരുന്നാലും പാപിറസ് കയ്യെഴുത്ത് പ്രതികളെ, അവ എഴുതിയ പദാര്‍ഥത്തിന്റെ അടിസ്ഥാനത്തില്‍ പൊതുവായി ഒരു വിഭാഗമായിട്ടാണ് തരം തിരിച്ചിട്ടുള്ളത്)

a) വലിയ അക്ഷരത്തില്‍ എഴുതപ്പെട്ടവ (Majuscules/Unicals)

വലിയ അക്ഷരത്തില്‍ എഴുതപ്പെട്ടവയില്‍  ഗ്രീക്ക്‌ വലിയ അക്ഷരങ്ങള്‍, വാക്കുകള്‍ മുറിച്ചെഴുതാതെ തുടര്‍ച്ചയായി എഴുതിയിര്‍ക്കുന്നു. വാക്കുകള്‍ തമ്മില്‍ വേര്‍തിരിച്ചെഴുതുകയോ, കുത്തോ, കോമയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല ഇത്തരം കയ്യെഴുത്ത്പ്രതികളില്‍. അതുകൊണ്ട് തെന്നെ ഇവ വായിക്കാന്‍ പ്രയാസമാണ്. ഉദാഹരണമായി ഇന്ഗ്ലിഷില്‍ GODISNOWHERE എന്നെഴുതിയാല്‍ God is now here എന്നും God is no where എന്നും വിത്യസ്ത രീതികളില്‍‍ വായിക്കാം. ഇതെ ബുദ്ധിമുട്ട് ഇത്തരം കയ്യെഴുത്ത് പ്രതികള്‍ വായിക്കുന്നതിലും അനുഭാപ്പെടുന്നു. പുതിയ നിയമത്തിന്റെ പ്രസിദ്ധമായ എല്ലാ പുരാതന കയ്യെഴുത്ത് പ്രതികളും ഇത്തരത്തില്‍ ഉള്ള അക്ഷരങ്ങളില്‍ എഴുതപ്പെട്ടവയാണ്. ഇവ ആദ്യ കാലങ്ങളില്‍ ഇംഗ്ലീഷ് ,ഗ്രീക്ക്‌, ഹീബ്രു അക്ഷരങ്ങള്‍ ഉപയോഗിച്ചാണ് തരം തിരിച്ചിരുന്നത്, ഇപ്പോള്‍ 01, 02 എന്നിങ്ങനെ നമ്പരുകള്‍ ഉപയോഗിച്ച്  തരം തിരിച്ചിരിക്കുന്നതാണ് ഇപ്പോള്‍ പൊതുവേ അന്ഗീകരിചിട്ടുള്ളരീതി. എന്നാലും പ്രസിദ്ധമായ പല unical കയ്യെഴുത്ത് പ്രതികളെ സൂചിപ്പിക്കാന്‍ ഇപ്പോഴും ഹീബ്രു, ഗ്രീക്ക്‌, ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഉദാഹരണമായി കോഡക്സ് സൈറ്റികസ് (Codex Sinaticus) ℵ (Aleph) എന്ന ഹീബ്രു അക്ഷരം ഉപയോഗിച്ച് സൂചിപ്പിക്കുന്നു. വളരെ പ്രസിദ്ധമായ ചില Uncial കയ്യെഴുത്ത് പ്രതികള്‍ താഴെ കൊടുത്തവയാണ്.

കോഡക്സ് സൈനറ്റികസ് (Codex Sinaticus ( ℵ, 01))

ജര്‍മന്‍ ബൈബിള്‍ പണ്ഡിതനായ  ടിഷന്‍ഡോഫ് (Constantin von Tischendorf ) 1844 മെയ്‌ മാസത്തി611px-Codex_Sinaiticus_Matthew_6,4-32ല്‍ ‍ഈജിപ്തിലെ സിനയില്‍ ഉള്ള സൈന്റ് കാതറീന്‍ മഠത്തിലെ ഗ്രന്ഥ ശേഖരത്തില്‍ നിന്നും കണ്ടെടുത്ത കയ്യെഴുത്ത് പ്രതികളാണ് കോഡക്സ് സൈനറ്റികസ് എന്ന പേരില്‍ അറിയപ്പെടുന്നത്. ടിഷന്‍ഡോഫ്  ഇത് ലീപ്സിഗിലേക്കു കൊണ്ട് വരികയും റഷ്യന്‍ ഭരണാധികാരികളുടെ സാമ്പത്തിക സഹായത്തോടെ 1862 ല്‍ നാല് വാല്യങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. റഷ്യന്‍ ഭരണാധികാരികള്‍ ഈ കയ്യെഴുത്ത്  പ്രതി പിന്നീട് ഇത് ബ്രിട്ടീഷ്‌ മ്യൂസിയത്തിന് വിറ്റു.  നാലാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ എഴുതപ്പെട്ടതാണ് ഈ കയ്യെഴുത്ത് പ്രതി എന്നാണു കണക്കാക്കിയിട്ടുള്ളത്. ഈ കയ്യെഴുത്ത് പ്രതിയുടെ ഭൂരിഭാഗവും ഇന്ന്  ബ്രിട്ടീഷ്‌ മ്യൂസിയത്തില്‍ ആണ് സൂക്ഷിച്ചിട്ടുള്ളത്.

ബൈബിള്‍ പുതിയ നിയമം മുഴുവനായുമുള്ള ഏറ്റവും പഴയ കയ്യെഴുത്ത് പ്രതിയാണ് ഇത്. പഴയ നിയമത്തിലെ ഏതാനും പുസ്തകങ്ങളും, അതെ പോലെ തെന്നെ   കനോനികമാല്ലാത്ത ബാര്‍ണബാസിന്റെ ലേഖനവും, ഹെര്മാസിന്റെ ഇടയന്‍ എന്ന പുസ്തകവും ഇതില്‍ ഉണ്ട്.

കോഡക്സ്  വത്തികാനസ് (Codex Vaticanus (B, 03))

നാലാം നൂറ്റാണ്ടില്‍ തെന്നെ എഴുതപ്പെട്ടത് എന്ന് കരുതുന്ന മറ്റൊരു പ്രധാനപ്പെട്ട കയ്യെഴുത്ത് പ്രതിയാണ്  കോഡക്സ്  വത്തികാനസ് . ഇത് വത്തികാനിലെ ഗ്രന്ഥ ശാലയില്‍ ആണ് സൂക്ഷിച്ചിട്ടുള്ളത്. പുതിയ നിയമത്തിലെ സുവിശേഷങ്ങളും, അപോസ്തല പ്രവര്‍ത്തികളും, കാതോലിക ലേഖനങ്ങളും, പൌലോസിന്റെ ലേഖനങ്ങളില്‍ എബ്രായര്‍ക്കുള്ള ലേഖനത്തിന്‍റെ 9:14 വരേയ്ക്കും ഇതില്‍ ഉണ്ട് (എബ്രയാര്‍ക്കുള്ള ലേഖനം പൗലോസ്‌ എഴുതിയതാണ് എന്നൊരു പാരമ്പര്യം ഉണ്ടെങ്കിലും, ഇന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ പൊതുവേ ഇത് അജ്ഞാത ഗ്രന്ഥകാരനാല്‍ എഴുതെപ്പെട്ടതാണ് എന്നാണ് കണക്കാക്കുന്നത്). അതെ പോലെ 1, 2 തിമോത്തിയോസ്, തീത്തോസ്‌, ഫിലമോന്‍ എന്നീ പൌലോസിന്റെ ലേഖനങ്ങളും, വെളിപാട് പുസ്തകവും ഇതില്‍ ലഭ്യമല്ല. 

കോഡക്സ്  അലക്സാണ്ട്രിനസ് (Codex Alexandrinus( A ,02))

ബ്രിട്ടീഷ്‌ ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഈ കയ്യെഴുത്ത് പ്രതി  അഞ്ചാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതാണ്. പഴയനിയമത്തിന്റെ ഗ്രീക്ക്‌ പരിഭാഷയുടെ (സെപ്ടുജിന്റ്റ്‌‌) യും, പുതിയ നിയമത്തിന്റെയും ഭൂരിപക്ഷം ഭാഗങ്ങളും ഇതില്‍ ഉണ്ട്. ഇതിന് എന്ന പേര് ലഭിക്കാന്‍ കാരണം, ഇത്  വളരെ ക്കാലം അലക്സാണ്ട്രിയയില്‍ ആയിരുന്നു സൂക്ഷിക്കപ്പ്ട്ടിരുന്നത് എന്നതുകൊണ്ടാണ്.

b) ചെറിയ അക്ഷരത്തില്‍ എഴുതപ്പെട്ടവ (Miniscule)

എട്ടാം നൂറ്റാണ്ടിലോ, ഒമ്പതാം നൂറ്റാണ്ടിലോ ഉരുത്തിരിഞ്ഞ എഴുത്ത് രീതിയാണ്  ഗ്രീക്ക്‌ അക്ഷരങ്ങള്‍ കൂട്ടിയോചിപ്പിച്ചു എഴുതുന്ന ശൈലിയുടെലെടുത്ത്. Majuscules നെ അപേക്ഷിച്ചു വികസിതമായ എഴുത്ത് രൂപമാണ് ഇത്, അതുകൊണ്ട് തെന്നെ തെറ്റുകള്‍ കൂടാതെ വായിക്കാന്‍ എളുപ്പവും. ഇത്തരത്തില്‍ പെട്ട കയ്യെഴുത്ത് പ്രതികള്‍ ഒമ്പതാം നൂറ്റാണ്ട് മുതല്‍ക്കുള്ളതെ  ലഭ്യമായിട്ടുള്ളൂ. തോല്കടലാസില്‍ എഴുതിയ ഇത്തരം കയ്യെഴുത്ത് പ്രതികളെ അറബിക് നമ്പരുകള്‍ ഉപയോഗിച്ചാണ് തരം തിരിച്ചിട്ടുള്ളത്. (28, 33 എന്നിങ്ങനെ). ഇത്തരത്തില്‍ പെട്ട 2900 കയ്യെഴുത്ത് പ്രതികള്‍ ഇന്ന് ലഭ്യമാണ്.

ഇവ കൂടാതെ പ്രാര്‍ഥനക്കും മറ്റും ആയി എഴുതപ്പെട്ട ബൈബിളിന്റെ ഭാഗങ്ങള്‍ ഉദ്ധരിച്ച എഴുത്തുകള്‍ ലഭ്യമാണ് (Lctionaries). Miniscules രീതിയില്‍ എഴുതപ്പെട്ടവ ഇത്തരത്തിലുള്ള‍ ഏകദേശം 2400 കയ്യെഴുത്ത് പ്രതികള്‍ ഇന്ന് ലഭ്യമാണ്.

ഗ്രീക്ക്‌ ബൈബിളും ബൈബിള്‍ പതിപ്പുകളും

നിലവില്‍, വിത്യസ്ത ഭാഷകളില്‍, വിത്യസ്ത ബൈബിള്‍ പതിപ്പുകള്‍ (Versions) ലഭ്യമാണ്. പൊതുവായ ധാരണ വിത്യ്സ്തങ്ങളായ ഈ ബൈബിള്‍ പതിപ്പുകള്‍, അന്ഗീകൃതമായ ഒരു ഗ്രീക്ക്‌ മൂലത്തിന്റെ വിത്യസ്ത പരിഭാഷകള്‍ മാത്രമാണ് എന്നാണ്. എന്നാല്‍  ഇത് ശരിയല്ല. ഇന്ന് സര്‍വാന്ഗീകൃതമായ ഒരു ബൈബിള്‍ പരിഭാഷ ഇല്ലാത്തത്ത്‌ പോലെ തെന്നെ, സര്‍വാന്ഗീകൃതമായ ഒരു ഗ്രീക്ക്‌ ബൈബിളും ഇല്ല. അഥവാ ഇന്ന് നിലവിലുള്ള വിത്യസ്ത ബൈബിള്‍ വേര്‍ഷനുകള്‍ വിത്യസ്ത ഗ്രീക്ക്‌ മൂലങ്ങളെ അടിസ്ഥാനമാക്കി പരിഭാഷപ്പെടുതിയിട്ടുല്ലതാണ്.

ആദ്യ നൂറ്റാണ്ടുകളില്‍ ഇന്നത്തെ പോലെ ബൈബിലെ പുസ്തകങ്ങള്‍ കാനോനികരിചിട്ടുണ്ടായിരുന്നില്ല. എന്നിരുന്നാലും ഓരോ ക്രിസ്ത്യന്‍ വിഭാഗവും ചില പുസ്തകങ്ങള്‍ പ്രാധാന്യ പൂര്‍വം പരിഗണിക്കുകയും, പൊതു സ്ഥലങ്ങളില്‍ പാരായണം ചെയ്യുകയും ചെയ്തിരുന്നു. അതുപോലെ തെന്നെ ഇവ എഴുതി വെക്കാനും ആരംഭിച്ചു.  പക്ഷെ നാലാം നൂറ്റാണ്ട് വരെയുള്ള കയ്യെഴുതു പ്രതികളില്‍ നിന്നും മനസ്സിലാകുന്നത്, ആദ്യ നൂറ്റണ്ടില്‍ പകര്‍ത്തിയെഴുത്തുകാര്‍ എഴുത്തില്‍ വേണ്ടത്ര പ്രാവീപണ്യമില്ലാത്തവരായിര്‍ന്നു എന്നാണ്, കാരണം ഈ കയ്യെഴുത്ത് പ്രതികളില്‍ വളരെ അടിസ്ഥാനപരമായി തെന്ന്യയുള്ള തെറ്റുകള്‍ വളരെയധികമാണ്. എന്നാല്‍ നാലാം നൂറ്റാണ്ടിനു ശേഷം, കൊസ്ന്ടന്റൈന്‍ ക്രിസ്തുമതം റോമിലെ ഔദ്യോതിക മതം ആക്കിയതിന് ശേഷം ഉള്ള കയ്യെഴുത്ത് പ്രതികളള്‍ ഭാഷപരമായി വൈടഗ്ദ്യമുള്ള പകര്‍ത്തിയെഴുതുകാര്‍ എഴുതിയതാണ് എന്ന് മനസ്സിലാക്കാം. മാത്രവുമല്ല, താരതമ്യന വില കൂടിയതും ഈട് നില്‍ക്കുന്നതും ആയ തോല്‍ക്ടലാസുകള്‍ ഉപയോഗിചുള്ള കയ്യെഴുത്ത് പ്രതികള്‍ ലഭിക്കുന്നതും ഈ കാലഘട്ടത്തിനു ശേഷമാണ്.

AD 331 ല്‍ കൊന്‍സ്ടന്റൈന്‍ ക്രവര്‍ത്തി സെസെറിയയിലെ ബിഷപ് ആയിരുന്ന യൂസേബിയെസിനോട്, അമ്പത് ബൈബിളുകള്‍, ഉണ്ടാണ്ടാക്കാന്‍ നിര്‍ദേശം നല്‍കിയതായി ചരിത്രത്തില്‍ കാണാം. ഇന്ന് നിലവിലുള്ള കോഡക്സ് വാതികാനസും, സിനയറ്റികസും കൊന്‍സ്ടന്റൈന്‍ നിര്‍ദേശാനുസരണം ഉണ്ടാകിയതാണ് എന്ന് കരുതുന്ന പണ്ഡിതന്മാര്‍ ഉണ്ട്. ഇങ്ങനെ റോമന്‍ ഭരണാധികാരികള്‍ ബൈബിള്‍ പകര്‍ത്തിയെഴുതാന്‍,പ്രോത്സാഹനം നല്‍കിയതിന്റെ ഫലമായി, ഈ നാലാം നൂറ്റാണ്ട് മുതല്‍ക്കു, ഉയര്‍ന്ന നിലവാരമുള്ള ധാരാളം കയ്യെഴുത്ത് പ്രതികള്‍ ലഭ്യമാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ പ്രിന്റിംഗ് മെഷിന്‍ കണ്ടു പിടിക്കുന്നത്‌ വരെ ഇത്തരത്തില്, വിത്യസ്ത പ്രദേശങ്ങളില്‍ ‍ പകര്‍പ്പെഴുതുകാര്‍ കൈകൊണ്ടു എഴുതിയായിരുന്നു ബൈബിളുകള്‍ പകര്‍ത്തിയിരുന്നത്. അതുകൊണ്ട് തെന്നെ ഓരോ പ്രദേശങ്ങളിലും പ്രചരിച്ചിരുന്ന പുസ്തകങ്ങള്‍ തമ്മില്‍ വിത്യാസമുണ്ടായിരുന്നു.

ഇത്തരത്തില്‍ ഗ്രീക്ക്‌ ഭാഷയില്‍ ഉള്ള കൂടുതല്‍ കയ്യെഴുത്ത് പ്രതികളും ഉണ്ണ്ടാക്കിയിട്ടുള്ളത് അന്നത്തെ ബൈസന്റൈന്‍ സാമ്രാജ്യത്തില്‍ ജീവിച്ചിരുന്ന ക്രിസ്ത്യന്‍ പകര്‍പ്പെഴുതുകരാന്. അതുകൊണ്ട് ഏഴാം നൂറ്റാണ്ട് മുതല്‍ക്കുള്ള കയ്യെഴുത്ത് പ്രതികളെ ബൈസന്റൈന്‍ കയ്യെഴുത്ത് പ്രതികളായി കണക്കാക്കുന്നു. ഇവ തമ്മില്‍ വിത്യാസങ്ങള്‍ കുറവാണെങ്കിലും, ഇവയെ വിശ്വാസനീയത കുറഞ്ഞവയായാണ് പണ്ഡിതന്മാര്‍ കണക്കാക്കുന്നത്.  ഇതേ പോലെ ഗ്രീക്ക്‌ സംസാരിക്കാത്ത പ്രദേശങ്ങളില്‍, ബൈബിള്‍ അതാത് പ്രദേശത്തെ ഭാഷകളില്‍ പരിഭാഷപ്പെടുത്തി ഉപയോഗിച്ചിരുന്നു.  ഇത്തരത്തില്‍ വിത്യസ്ത പ്രദേശങ്ങളില്‍ നില നിന്നിരുന്ന ബൈബിളുകള്‍ തമ്മില്‍ സാരമായ വിത്യാസങ്ങള്‍ ഉണ്ടായിരുന്നു. അതായത് എല്ലാവരാലും അംഗീകരിക്കുന്ന ഒരു ഗ്രീക്ക്‌ ബൈബിള്‍ ആദ്യ കാലഘട്ടത്തില്‍ നിലവിലില്ലായിരുന്നു.

പ്പൌരസ്ത്യ സഭകള്‍(ബൈസന്റൈന്‍ സാമ്രാജ്യത്തില്‍) കൂടുതലും ഗ്രീക്ക്‌ ബൈബിളുകള്‍ ഉപയോഗിച്ചിരുന്നപ്പോള്‍, പാശ്ചാത്യ സഭകള്‍  ലാറ്റിന്‍ പരിഭാഷകള്‍ ആയിരുന്നു  ഉപയോഗിച്ചിരുന്നത്. എന്നാല്‍ വിത്യസ്ത ‍ ലാറ്റിന്‍ പരിഭാഷകളുടെ പകര്‍പ്പുകള്‍ തമ്മില്‍ ‍ വിത്യാസങ്ങള്‍ ഉടലെടുതതിനാല്‍ പോപ്‌ ഡമാസസ്(Damasus), നാലാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ അന്നത്തെ പണ്ഡിതനായ ജെറോമിനോട്, ഒരു ഔദ്യോതിക ലാറ്റിന്‍ ബൈബിള്‍ ഉണ്ട്ക്കാന്‍ ആവ്യശ്യപ്പെടുകയും അദ്ദേഹം അന്ന് നിലവിലുള്ള വിത്യസ്ത ലാറ്റിന്‍ പരിഭാഷകളും, അദ്ദേഹത്തിനു ലഭ്യമായ ഗ്രീക്ക്‌ കയ്യേഴുത് പ്രതികളും പരിശോധിച്ച് ഒരു ലാറ്റിന്‍ പരിഭാഷ ഉണ്ടാക്കുകയും ചെയ്തു. ഇതാണ് ലാറ്റിന്‍ വാള്‍ഗെറ്റ് ( Vulgate = common) എന്നറിയപ്പെടുന്നത്. ലാറ്റിന്‍ വാള്‍ഗെറ്റ്  പിന്നീട് ഗ്രീക്ക്‌ ബൈബിളിനെക്കാളും പ്രസിദ്ധമാകുകയും, അതിന്‍റെ ധാരാളം പകര്‍പ്പുകള്‍ എടുക്കപ്പെടുകയും ചെയ്തു. ലാറ്റിന്‍ വാള്‍ഗെറ്റ്  ബൈബിള്‍ ആണ് ശരിയായ ബൈബിള്‍ എന്ന ധാരണ പിന്നീട് നൂറ്റാണ്ടുകളോളം നിലനിന്നു.

പതിനഞ്ചാം നൂറ്റാണ്ടില്‍ (1440 ല്‍) ഗുണ്ടന്ബര്ഗ് പ്രിന്റിംഗ് പ്രസ്‌ കണ്ടു പിടിക്കുന്നതോട് കൂടിയാണ്, ബൈബിള്‍ പകര്തിയെഴുതുന്ന രീതിക്ക് വിരാമമാകുന്നത്. ഗുണ്ടന്ബര്‍ഗിന്റെ പ്രസ്സില്‍ പ്രിന്റ്‌ ചെയ്ത ആദ്യത്തെ പ്രധാനപ്പെട്ട പുസ്തകം ലാറ്റിന്‍ വള്‍ഗേറ്റ് ബൈബിള്‍ ആയിരുന്നു.

ഗ്രീക്ക്‌ ബാബിളിന്‍റെ ആദ്യത്തെ പ്രിന്റ്‌ ചെയ്ത എഡിഷന്‍ പ്രസിദ്ധീകരിക്കുന്നത് , 1516 ല്‍ ഡച്ച് പണ്ഡിതനായിരുന്ന എറാസ്മസ് (Desiderius Erasmus) ആണ്. ഈ ബൈബിളിന് വേണ്ടി, എറാസ്മസ് പ്രധാനമായും ആശ്രയിച്ചത് പന്ത്രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഏതാനും ചില കയ്യെഴുത്ത് പ്രതികള്‍ മാത്രമാണ്. പിന്നീട് ഒരു നൂറ്റാണ്ടോളം എറാസ്മസ്  തയ്യാറാക്കിയ ഈ ഗ്രീക്ക്‌ മൂലമായിരുന്നു, പുതിയനിയമത്തിന് വ്യാപകമായി ഉപയോഗിച്ച് വന്നിരുന്നത്. പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ട, സ്റ്റെഫാനസ് ( Stephanus – AD 1546), തിയഡോര്‍ ബെസ (Theodore Beza – AD 1565) അബ്രഹാം എല്സവിര്‍ (Abraham Elzevir – AD 1624) തുടങ്ങിയവരെല്ലാം തങ്ങള്‍  പ്രസിദ്ധീകരികരിച്ച ഗ്രീക്ക്‌ പുതിയനിയമങ്ങള്‍ക്ക് പ്രധാനമായും ആശ്രയിച്ചത്  എറാസ്മസിന്റെ ഗ്രീക്ക്‌ ബൈബിള്‍ ആയിരുന്നു.

ഇതില്‍ സ്റ്റെഫാനസിന്‍റെ പുതിയ നിയമത്തിന്റെ 1551 ല്‍ പ്രദ്ധീകരിച്ച നാലാമത്തെ എഡിഷനില്‍ ആണ് ആദ്യമായി ബൈബിള്‍ മൂലത്തെ സൂക്തങ്ങളായി (verses) യി തിരിക്കുന്നത്. അതിന് മുമ്പുള്ളള്ള രീതി, ബൈബിള്‍ മൂലം സൂക്തങ്ങളായി തിരിക്കാതെ ഒന്നായി കൊടുക്കുക എന്നതായിരുന്നു. സ്റ്റെഫാനസ് തെന്റെ  പുതിയ നിയമത്തെ ഇത്തരത്തില്‍ സൂക്തങ്ങളായി തിരിച്ചത് , പ്രത്യേകിച്ച് എന്തിനെയെങ്കിലും അടിസ്ഥാനമക്കിയായിരുന്നില്ല.

കാലക്രമത്തില്‍ എറാസ്മസ് പ്രസിദ്ധീകരിച്ച ഗ്രീക്ക്‌ ടെക്സ്റ്റ്‌ ഏറെക്കുറെ  പുതിയ നിയമത്തിന്റെ അടിസ്ഥാന മൂലമായികരുതപ്പെട്ടു. ഇതേ ഗ്രീക്ക്‌ മൂലം അടിസ്ഥാനമാക്കി, 1633 ല്‍ അബ്രഹാം എല്സെവിറും, ബോണാവെഞ്ചുര്‍ എല്സെവിറും (Abraham and Bonaventure Elzevir ) ചേര്‍ന്ന് പ്രസിദ്ധീകരിച്ച ഗ്രീക്ക്‌ ബൈബിള്‍ ആണ് എല്ലാവരാലും സ്വീകരിക്കപ്പെട്ടതും (received by all) തെറ്റുകള്‍ ഇല്ലാത്തതും ആണ്  എന്ന് അവകാശപ്പെട്ടു. ഈ വാചകത്തിലെ ‍ സ്വീകരിക്കപ്പെട്ട ടെക്സ്റ്റ്‌ (received text) എന്ന വാക്കുകളുടെ  ലാറ്റിന്‍ പരിഭാഷയായ Textus Receptus ( TR എന്ന് ചുരിക്കി എഴുതുന്നു) എന്ന പദമുപയോഗിച്ചാണ്, എറാസ്മസിന്‍റെ ഗ്രീക്ക്‌  ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള ഈ ഗ്രീക്ക് ടെക്സ്റ്റ്‌ ഇപ്പോള്‍ അറിയപ്പെടുന്നത്. വളരെ കുറച്ച് കയ്യെഴുത്ത് പ്രതികള്‍ മാത്രം അടിസ്ഥാനമാക്കി തയ്യാരാക്കിയതിനാല്‍ ഒട്ടേറെ പോരായ്മകള്‍ ഉള്ള ഈ ഗ്രീക്ക്‌ മൂലം ഉപയോഗിച്ചാണ്, വളരെ പ്രസിദ്ധമായ കിംഗ്‌ ജയിംസ് വേര്‍ഷന്‍ (King James Version)  ബൈബിള്‍ തുടങ്ങി പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ പ്രസിദ്ധീകരിക്കപ്പെട്ട ഒട്ടു മിക്ക ബൈബിള്‍ പരിഭാഷകളും തയ്യാര്‍ ചെയ്തിട്ടുള്ളത്.

Textus Receptus  ചുരുക്കം ചില ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികള്‍ മാത്രം ഉപയോഗിച്ച് തയ്യാര്‍ ചെയ്തതാണ് എന്നും, ഇതിലെ ഗ്രീക്ക്‌ മൂലത്തില്‍ നിന്നും വിത്യസ്തമായ ടെക്സ്റ്റുകള്‍ ആദ്യകാല കയ്യെഴുത്ത് പ്രതികളില്‍ ഉണ്ട് എന്ന വസ്തുത ഏറെക്കാലം വിസ്മരിക്കപ്പെട്ടു. ഇതിന് അറുതിയാകുന്നത്  1707 ല്‍ ജോണ്‍ മില്‍( John Mill) എന്ന പണ്ഡിതന്‍ തെന്റെ ഗ്രീക്ക്‌ പുതിയനിയമത്തിന്‍റെ ഗ്രീക്ക്‌ മൂലതിലുള്ള  വിത്യാസങ്ങള്‍ (critical apparatus) പ്രസിധീകരിക്കുന്ന്തോട് കൂടിയാണ്.  മില്‍ തെന്റെ കയ്യിലുണ്ടായിരുന്ന നൂറോളം കയ്യെഴുത്ത് പ്രതികള്‍ പരിശോധിച്ചതില്‍ നിന്നും ഏകദേശം മുപതിനായിരത്തോളം സ്ഥലങ്ങളിലാണ്‌ കയ്യെഴുത്ത് പ്രതികള്‍ Textus Receptus ഉം ആയി വിത്യസ്തത പുലര്‍ത്തുന്നതായി  കണ്ടത്തിയത്. അദ്ദേഹം സ്റ്റെഫാനസിന്റെ 1550 എഡിഷന്‍ ഗ്രീക്ക്‌ ബൈബിളിന്റെ കൂടെ,  ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളില്‍ കണ്ടെത്തിയെ  ഈ വിത്യാസങ്ങളും പ്രസിദ്ധീകരിച്ചു. മില്ലിന്റെ പ്രസിദ്ധീകരണതിന് കടുത്ത വിമര്‍ശനങ്ങള്‍ ആണ് നേരിടേണ്ടി വന്നത്.

പിന്നീട പുതിയ നിയമത്തിന്‍റെ ഒരിജിനിലിനോട് ഏറ്റവും അടുത്ത ഗ്രീക്ക്‌ മൂലം കണ്ടെത്തുന്നതിന്  വേണ്ടി ഒരു പാട് പണ്ഡിതന്മാര്‍ പരിശ്രമിച്ചിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒരാളാണ് ലാച്ച്മാന്‍ Lachmann (1842-1850). മറ്റൊരു പണ്ഡിതനാണ് ടിഷന്‍ഡോഫ് (Constantin von Tischendorf ). മുമ്പ് സൂചിപ്പിച്ച സൈനടികസ് കോടക്സ് കണ്ടെത്തിയ പണ്ഡിതന്‍ തെന്നെയാണ് ഇദ്ദേഹം. ടിഷന്‍ഡോഫ് താന്‍ കണ്ടെത്തിയ കോഡക്സ് സൈനടികസിനെ അടിസ്ഥാനമാക്കി തെന്റെ ഗ്രീക്ക്‌ ബൈബിള്‍ പ്രസിദ്ധീകരിച്ചു.  വെസ്റ്കോട്ട് , ഹോര്ട്ട്  (Fenton John Anthony Hort (1828-1892) and Brooke Foss Westcott (1825-1901))  എന്നീ രണ്ടു പണ്ഡിതന്‍മാരാണ് പിന്നീട്  വിത്യസ്ത കയ്യെഴുത്ത് പ്രതികളില്‍ നിന്നും ശരിയായതിനോട് ഏറ്റവും അടുത്ത ഗ്രീക്ക്‌ ടെക്സ്റ്റ്‌ കണ്ടെത്തുന്നതിന് വേണ്ട രീതികള്‍ അവിഷകരിച്ചവര്‍.1881 ല്‍ ഇവര്‍ പ്രസിദ്ധീകരിച്ച New Testment in Original Greek എന്നത് വളരെ പ്രസിദ്ധമായ ഗ്രീക്ക്‌ പുതിയനിയമമാണ്.  രണ്ട് വാല്യങ്ങളായാണ് ഇവര്‍ തങ്ങളുടെ ഗ്രീക്ക്‌ പുതിയ നിയമം പ്രസിദ്ധീകരിച്ചത്, ഒന്നില്‍ ഏറ്റവും പുരാതനം എന്ന് തങ്ങള്‍ കരുതുന്ന പുതിയ നിയമത്തിന്‍റെ ഗ്രീക്ക്‌  ടെക്സ്റ്റും, മറ്റൊന്നില്‍ വിത്യസ്ത കയ്യെശുത്ത് പ്രതികളിലെ വ്യതിയായങ്ങളില്‍ നിന്ന് ശരിയായ ടെക്സ്റ്റ്‌ തിരഞ്ഞെടുത്ത  രീതിയും ഇവര്‍ വിശദീകരിച്ചു. ഇത്തരത്തില്‍ പുരാതനമായ കയ്യെഴുത്ത് പ്രതികള്‍ പരിശോധിച്ചു, അതില്‍നിന്നും വിത്യസ്ത മാനദണ്ടങ്ങള്‍ ഉപയോഗിച്ചു തിര്രെഞ്ഞെടുക്കുന്ന (elective method) ഗ്രീക്ക്‌ മൂലത്തെയാണ്  ക്രിട്ടിക്കല്‍ ടെക്സ്റ്റ്‌ (Critical text of New testament )എന്ന് പറയുന്നത്. ഇതില്‍ ഗ്രീക്ക്‌ മൂലത്തില്‍ വിത്യസ്ത കയ്യെഴുത്ത് പ്രതികളില്‍ കാണുന്ന വ്യതിയാനങ്ങള്‍ (Textual variances) സൂചിപ്പിച്ചിരിക്കും.  1901 ല്‍ പ്രസിദ്ധീകരിച്ച  American Standard Bible (ASV) പോലെയുള്ള ബൈബിളുകള്‍  പ്രധാനമായും Westcott and Hort ഗ്രീക്ക്‌ ടെക്സ്റ്റ്‌ ആയിരുന്നു ഉപയോഗിച്ചത്. New International Version (NIV) പോലെയുള്ള ആധുനിക ബൈബിളുകള്‍ മിക്കതും ഇപ്പോള്‍ ഉപയോഗിക്കുന്നത് Nestle-Aland ഗ്രീക്ക്‌ ടെക്സ്റ്റ്‌ ആണ് 1898 ല്‍ Eberhard Nestle ആദ്യമായി പ്രസിദ്ധീകരിച്ച ഈ ഗ്രീക്ക്‌ ‍ ടെക്സ്റ്റ്‌ പിന്നീട് Kurt Aland എഡിറ്റ്‌ ചെയ്തു 1952 ല്‍ 21 ആമത് എഡിഷന്‍ ആയി പ്രസിദ്ധീകരിച്ചു. 27 ആമത് എഡിഷന്‍ (NA27) ആണ്  Nestle-Aland ന്‍റെ ഏറ്റവും പുതിയ എഡിഷന്‍. ഇതേ ടെക്സ്റ്റ്‌ തെന്നെയാണ് United Bible Society പ്രസിദ്ധീകരിക്കുന്ന ഗ്രീക്ക്‌  പുതിയനിയമത്തിലും ഉപയോഗിക്കുന്നത്. ഇതിന്‍റെ നാലാമത് എഡിഷന്‍ ആണ് ഏറ്റവും അവസാനം പ്രസിദ്ധീകരിച്ചത് (UBS 4). വിത്യസ്ത ബൈബിള്‍ വേര്‍ഷനുകള്‍ തമ്മില്‍ വിത്യാസങ്ങള്‍ അവ ഉണ്ടാകുന്നതിന്, വിത്യസ്ത ഗ്രീക്ക്‌ മൂലങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കുന്നതാണ് എന്നും കാരണമാണ് ഈന് സാരം.