Monday, December 12, 2011

യേശുവിന്‍റെ ജനനകഥ സുവിശേഷങ്ങളില്‍

യേശുവിന്‍റെ ജനനത്തെക്കുറിച്ച് വിവരിക്കുന്ന ബൈബിള്‍ പുസ്തകങ്ങള്‍ പുതിയനിയമത്തിലെ മത്തായിയുടെയും ലൂക്കൊസിന്റെയും സുവിശേഷങ്ങള്‍ മാത്രമാണ്. മറ്റുരണ്ടു സുവിശേഷങ്ങളായ മാര്‍കോസൊ യോഹന്നാനോ പുതിയ നിയമത്തിലെ മറ്റേതെങ്കിലും പുസ്തങ്ങളോ യേശുവിന്‍റെ ജനത്തെ ക്കുറിച്ചോ, ബാല്യകാലത്തെ ക്കുറിച്ചോ പറയുന്നില്ല. എന്നാല്‍ മത്തായിയും ലൂകൊസും വിവരിക്കുന്ന യേശുവിന്‍റെ ജനനകഥകള്‍ തികച്ചും വിത്യസ്തവും പലപ്പോഴും വൈരുധ്യം പുലര്‍ത്തുന്നവയും ആണ്. ഈ രണ്ടു കഥകളെയും താരത്യം ചെയ്യുകയാണ് ഈ പോസ്റ്റിന്‍റെ ഉദ്ദേശം.

യേശുവിന്‍റെ ജനനകഥ മത്തായിയുടെ സുവിശേഷത്തില്‍

മത്തായിയുടെ സുവിശേഷത്തില്‍ 1:18 മുതല്‍  2:23  വരെയുള്ള വചനങ്ങളില്‍ ആണ് യേശുവിന്‍റെ ജനനവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വിവരിക്കുന്നത്. അവയുടെ ചുരുക്കം ഇങ്ങനെയാണ്.

യേശുവിന്‍റെ മാതാവായ മറിയവും ജോസഫും തമ്മില്‍ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അവര്‍ സഹവസിക്കുന്നതിനു മുമ്പ് മറിയം പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയാകുന്നു. ഈ വിവരം അറിഞ്ഞ ജോസഫ്‌, മറിയയെ  രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട്,  മറിയ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ് എന്നും അതുകൊണ്ട് തെന്നെ അവരെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ട എന്നും ജോസഫിനെ അറിയിക്കുന്നു. ഇത് പ്രകാരം ജോസഫ്‌ മറിയയെ ഭാര്യയായി സ്വീകരിക്കുകയും മറിയ യേശുവിനെ പ്രസവിക്കുകയും ചെയ്യുന്നു.

ഹെറോദേസ് രാജാവിന്‍റെ കാലത്ത്‌, യൂദായിലെ ബെത്ലെഹെമില്‍ യേശു ജനിച്ചപ്പോള്‍ കിഴക്ക് ദേശത്ത് നിന്ന് നക്ഷത്രത്തെ പിന്തുടര്‍ന്ന് ജ്ഞാനികള്‍ ജെറുസലേമില്‍ എത്തുകയും, എവിടെയാണ് യഹൂദരുടെ രാജാവായി ജനിച്ചവന്‍ എന്ന് അന്വേഷിക്കുകയും ചെയ്യുന്നു. ഇത് കേട്ട ഹെറോദേസ് രാജാവ് അസ്വസ്ഥനാകുകയും, പ്രധാന പുരോഹിതന്മാരെയും നിയമജ്ഞരെയും വിളിച്ചു കൂട്ടി ക്രിസ്തു എവിടെയാണ് ജനിക്കുക എന്ന് അന്വേഷിക്കുകയും യൂദായിലെ ബത്ലഹേമില്‍ ആണ് ക്രിസ്തു ജനിക്കുക എന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. പിന്നീട് ഹെറോദേസ്, ശിശുവിനെ ക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സൂക്ഷ്മമായി അന്വേഷിച്ചറിഞ്ഞു, തിരിച്ചു വരുമ്പോള്‍ തെന്നെ ധരിപ്പിക്കണം എന്ന നിബന്ധനയോടെ, ജ്ഞാനികളെ ബെത്ലെഹെമിലേക്ക്  പറഞ്ഞയക്കുന്നു. അങ്ങിനെ നക്ഷത്രത്തെ പിന്തുടര്‍ന്ന് ജ്ഞാനികള്‍ ബെത്ലെഹെമിലേക്ക് എത്തുകയും,  യേശുജനിച്ച വീടിന് മുമ്പില്‍ നക്ഷത്രം നിന്നതനുസരിച്ചു ആ വീട്ടില്‍ പ്രവേശിക്കുകയും നിക്ഷേപ പാത്രങ്ങള്‍ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ചയര്‍പ്പികുകയും ചെയ്യുന്നു. എന്നാല്‍ സ്വപ്നത്തില്‍ മുന്നറിയിപ്പ്‌ ലഭിച്ചതിനാല്‍ മടങ്ങിപ്പോകുമ്പോള്‍ അവര്‍ ഹെറോദേസിന്‍റെMap_Palastine അടുത്ത് പോകാതെ മറ്റൊരു വഴിയിലൂടെ സ്വദേശത്തേക്ക് പോകുന്നു

അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ ജോസഫിന് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട്, ഹെറോദേസ് ഉടന്‍ തെന്നെ ശിശുവിനെ വധിക്കുന്നതിന് വേണ്ടി അന്വേഷണം തുടങ്ങുമെന്നും അതുകൊണ്ട് ഉടന്‍ തെന്നെ ഈജിപ്തിലേക്ക് പാലായനം ചെയ്യണം എന്നുമറിയിക്കുന്നു. അതനുസരിച്ച് ജോസഫ്‌ ഉണര്‍ന്ന് ആ രാത്രി തെന്നെ ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്ക് യാത്രയാകുന്നു. ഹെറോദേസിന്‍റെ മരണം വരെ അവര്‍ ഈജിപ്തില്‍ താമസിക്കുന്നു.

ജ്ഞാനികള്‍ തെന്നെ  കബളിപ്പിച്ചുവെന്ന് മനസ്സിലാക്കിയ ഹെറോദേസ്,, ബെത്ലഹെമിലെയും സമീപ പ്രദേശങ്ങളിലെയും രണ്ടും അതില്‍ താഴെയും വയസ്സുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിക്കുന്നു.

പിന്നീട് ഹെറോദേസിന്‍റെ മരണത്തിന് ശേഷം, കര്‍ത്താവിന്‍റെ ദൂതന്‍ വീണ്ടും, ജോസഫിന് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട്, ശിശുവിനെ വധിക്കാന്‍ ശ്രമിച്ചവര്‍ മരിച്ചുവെന്നും  ഇസ്രായേലിലേക്ക് മടങ്ങണം എന്നും അറിയിക്കുന്നു. അതനുസരിച്ച് ജോസഫ്‌ അമ്മയെയും ശിശുവിനെയും കൂട്ടി ഇസ്രായേല്‍ ദേശത്തേക്ക് പുറപ്പെട്ടു, എന്നാല്‍  വഴിയില്‍ വെച്ച് യൂദായില്‍ ഇപ്പോള്‍ ഭരിക്കുന്നത് ഹെറോദേസിന്‍റെ മകനായ ആര്‍ക്കലാവോസാണ് എന്ന വിവരം കിട്ടുകയും ജോസഫിന് അങ്ങോട്ട്‌ പോകാന്‍ ഭയം തോന്നുകയും ചെയ്യുന്നു. അപ്പോള്‍ വീണ്ടും സ്വപ്നത്തില്‍ അറിയിപ്പ് ലഭിച്ചതനുസരിച്ച്, അവര്‍ ഗലീലി എന്ന പ്രദേശത്തെ നസ്രത്ത് എന്ന പട്ടണത്തില്‍ ചെന്ന് പാര്ക്കുന്നു. ഇവിടെയാണ്‌ യേശു വളര്‍ന്നത്. അവന്‍ നസ്രായെന്‍ എന്ന് വിളിക്കപ്പെടും എന്ന പഴയ നിയമപ്രവചനം പൂര്‍ത്തികരിക്കാന്‍ വേണ്ടിയായിരുന്നു ഇത് എന്നും മത്തായി പറയുന്നുണ്ട്.

യേശുവിന്‍റെ ജനനകഥ ലൂകൊസില്‍

ലൂകൊസിന്റെ സുവിശേഷം 1:5-2:40 വചനങ്ങളില്‍ യേശുവിന്‍റെ ജനനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വിവരിക്കുന്നത്. ലൂക്കാ തെന്റെ സുവിശേഷം ആരംഭിക്കുന്നത്, സഖറിയ-എലിസബത്ത് ദമ്പതികള്‍ക്ക് പുത്രന്‍ (സ്നാപകയോഹന്നാന്) ‍ ജനിക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വിവരിച്ചുകൊണ്ടാണ്. എലിസബത്തും സഖറിയാവും പ്രായമേറെ ചെന്നവരായിരുന്നു, എലിസബത്താകട്ടെ വന്ധ്യയും ആയിരുന്നു. പക്ഷെ കര്‍ത്താവിന്‍റെ ദൂതന്‍ സഖറിയാവിന് സ്വപ്നത്തില്‍ പ്രത്യക്ഷമായി പറഞ്ഞത് പുലരുകയും, എലിസബത്ത്‌ ഗര്‍ഭം ധരിക്കുകായും ചെയ്യുന്നു. ഗര്‍ഭം ധരിച്ചതിന് ശേഷം അഞ്ചു മാസത്തേക്ക് എലിസബത്ത്‌ മറ്റുള്ളവരുടെ മുമ്പില്‍ പ്രത്യക്ഷപെടാതെ കഴിഞ്ഞു കൂടി.

എലിസബത്ത്‌ ആറാം മാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍, എലിസബത്തിന്റെ ബന്ധുവായ, ജോസഫുമായി വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന മറിയം എന്ന കന്യകയുടെ  അടുത്ത്‌ കര്‍ത്താവിന്‍റെ ദൂതന്‍ പ്രത്യേക്ഷപ്പെടുകയും, അവര്‍ ഗര്‍ഭം ധരിച്ചു ഒരുആണ്‍കുഞ്ഞിനെ പ്രസവിക്കുമെന്നും അവന് യേശു എന്ന് പേരിടണമെന്നും നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. വിവാഹിതയാകാത്ത ഞാനെങ്ങിനെ ഗര്‍ഭിണിയാകുമെന്ന് അന്വേഷിക്കുന്ന മറിയത്തോട്, ദൈവത്തിന് അസാധ്യമായിട്ടൊന്നുമില്ലയെന്നു കര്‍ത്താവിന്‍റെ ദൂതന്‍ അറിയിക്കുന്നു. മറിയം പിന്നീട് എലിസബത്തിനെ സന്ദര്‍ശിക്കുന്നതായും , അപ്പോള്‍ എലിസബത്തിന്റെ  ഉദരത്തിലുള്ള കുഞ്ഞു സന്തോഷത്താല്‍ കുതിച്ചു ചാടിയതായും ലൂകാ പറയുന്നുണ്ട്. അങ്ങിനെ എലിസബത്ത്‌ കുഞ്ഞിനെ പ്രസവിക്കുകയും, എട്ടാം ദിവസം കുഞ്ഞിന് പരിച്ചേദന(circumcision) നടത്തുകയും യോഹന്നാന്‍ എന്ന് പേര് വിളിക്കുകയും ചെയ്യുന്നു. ഇത്രയും വിവരിച്ചതിന് ശേഷമാണ് ലൂകാ യേശുവിന്‍റെ ജനനവുമായി ബന്ധപ്പട്ട സംഭവങ്ങള്‍ വിവരിക്കുന്നത്.

 

അക്കാലത്ത്‌ റോമാ ഭരണാധികാരിയായിരുന്ന  അഗസ്റ്റസ് സീസര്‍, രാജ്യത്തുള്ള മുഴുവന്‍ ആളുകളുടെയും കണക്കെടുപ്പ് നടത്തുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ക്വിരിനിയോസ്‌ സിറിയയിലെ ഗവര്‍ണര്‍ ആയിരിക്കുമ്പോഴുള്ള ആദ്യത്തെ സെന്‍സസ്‌ ആയിരുന്നു ഇത്. ഈ ഉത്തരവ് പ്രകാരം ഓരോരുത്തരും പെരെഴുതിക്കാനായി തങ്ങളുടെ പൂര്‍വികരുടെ നഗരങ്ങളിലേക്ക് പോകണമായിരുന്നു. ജോസഫ്‌ ദാവീദിന്‍റെ കുടുംബത്തിലും വംശത്തിലും പെട്ടവനായിരുന്നതിനാല്‍, , ഗര്‍ഭിണിയായ  മറിയത്തെയും കൂട്ടി, ഗലീലിയിലെ പട്ടണമായ നസ്രത്തില്‍ നിന്നും, ദാവീദിന്റെ പട്ടണമായ ബെത് ലഹെമിലേക്ക് പോയി. അവിടെയായിരിക്കുമ്പോള്‍ മറിയക്ക് പ്രസവസമയം അടുക്കകയും യേശുവിനെ പ്രസവിക്കുകയും ചെയ്യുന്നു. അവര്‍ക്ക് സത്രത്തില്‍ ഇടം ലഭിക്കാഞ്ഞതിനാല്‍ തുണികൊണ്ട് ശിശുവിനെ പൊതിഞ്ഞു പുല്‍തൊട്ടിയില്‍ കിടത്തുന്നു..

ഈസമയം ആ പ്രദേശത്തെ വയലുകളില്‍ രാത്രി ആടുകളെ കാത്തിരുന്ന ഇടയന്മാരുടെയടുത്ത്‌‌ കര്‍ത്താവിന്‍റെ ദൂതന്‍ പ്രത്യക്ഷപ്പെട്ട്, ബെത് ലഹെമില്‍ മിശിഹ ഭൂജാതനായിട്ടുണ്ട് എഎന്ന് അറിയിക്കുന്നതിനരിച്ചു അവര്‍ ബെത് ലഹെമില്‍ പോകുകയും പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെ കാണുകയും ചെയ്യുന്നു. എട്ടാം ദിവസം യേശുവിന് പരിച്ച്ചേദന നടത്തുകയും, പിന്നീട് ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മോശയുടെ നിയമം അനുസരിച്ച് (ലേവ്യ പുസ്തകം 12  ആം അദ്ധ്യായത്തില്‍ ഈ നിയമം വിവരിക്കുന്നുണ്ട്) കുഞ്ഞിനെ കര്‍ത്താവിന് സമര്‍പ്പിക്കുന്നതിനു വേണ്ടി ജെറുസലേമിലെക്ക് കൊണ്ട് പോകുകയും ചെയ്യുന്നു. അങ്ങിനെ ഇവിടെ വെച്ച് മോശയുടെ നിയമപ്രകാരം ചെയ്യേണ്ട കര്‍മങ്ങളെല്ലാം ചെയ്തതിനു ശേഷം, ഗലീലിയയിലെ നസ്രെത്തിലെക്ക് തിരിച്ചു വരുകയും യേശു അവിടെ വളര്‍ന്നു വരികയും ചെയ്യുന്നു.

ജനന കഥകളുടെ ചരിത്രപരത

ജനകഥകള്‍ ഓരോന്നും എടുത്ത് പരിശോധിച്ചാല്‍, പല പരാര്‍ശങ്ങളും ചരിത്രപരമാകാന്‍ സാധ്യത കുറവാണ് എന്ന് കാണാം. താഴെ കൊടുത്ത  ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക.

ജ്ഞാനികള്‍ നക്ഷത്രത്തെ പിന്തുടര്‍ന്ന് ബത്ലെഹെമില്‍ വന്നു എന്നും ജോസെഫിന്റെയും മറിയുടെയും ഭവനത്തിന് മുകളില്‍ നക്ഷത്രം നിന്നുവെന്നും പറയുന്നിടത്ത്, സുവിശേഷ കര്‍ത്താവ് എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല. ഇതൊരു അത്ഭുത സംഭവമാണ് എന്ന് മനസ്സിലാക്കിയാല്‍ തെന്നെയും, ആകാശത്ത്‌ ഉദിച്ചു നില്‍ക്കുന്ന നക്ഷത്രം കൃത്യമായും ഏത്‌ വീടിന്‍റെ മുകളിലാണ് എന്ന് പറയുക അസാധ്യമാണ്.

മത്തായിയുടെ സുവിശേഷം പറയുന്ന തരത്തില്‍, ഹെറോദേസ് രാജാവ്‌ ബത്ലെഹിമിലും പരിസര പ്രദേശത്തുമുള്ള രണ്ടും വയസ്സും അതിന് താഴെയുമുള്ള മുഴുവന്‍ കുട്ടികളെയും കൊലപ്പെടുത്താന്‍ ഉത്തര വിട്ടതായിട്ട സംഭവം,  മറ്റെവിടെയും രേഖപ്പെടുത്തിയിട്ടില്ല. ഇത്രയും ഭയാനകമായ സംഭവം നടന്നിരുന്നുവെങ്കില്‍ റോമന്‍ ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുമായിരുന്നു.

അഗസ്റ്റസ് സീസറുടെ ഭരണ കാലത്തെക്കുറിച്ചുള്ള രേഖകള്‍ ഇന്ന് ലഭ്യമാണ്, എന്നാല്‍ ഇവയിലൊന്നും ലൂക്കാ പറയുന്ന മാതിരിയുള്ള രാജ്യവാപകമായിട്ടുള്ള സെന്സിനെ ക്കുറിച്ചുള്ള പരമാര്‍ശങ്ങള്‍ ഇല്ല.

അതെ പോലെതെന്നെ ലൂകാ പറയുന്നത്, ജോസഫ്‌ പേര് ചേര്‍ക്കുന്നതിനായി ബത് ലെഹെമിലെക്ക് പോകാന്‍ കാരണം ജോസഫിന്റെ പിതാമഹന്‍ ദാവീദ് അവിടെയാണ് ജനിച്ചത്‌ എന്നുള്ളതാണ്. പക്ഷെ ദാവീദ് ജോസഫിനും ആയിരം വര്‍ഷങ്ങള്‍ക്കും മുമ്പ് ജീവിച്ചയാളാണ്!. അതായത്‌ ലൂകാ  പറഞ്ഞത്‌ ശരിയാണെങ്കില്‍‍,  റോമന്‍ സാമ്രാജ്യത്തിലെ എല്ലാവരും ചുരുങ്ങിയത്‌ ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പെങ്കിലുമുള്ള തങ്ങളുടെ പൂര്‍വികര്‍ ജീവിച്ചിരുന്ന സ്ഥലത്തേക്ക് പോയിട്ട് വേണം പേര് രജിസ്റ്റര്‍ ചെയ്യാന്‍. ഇത് രാജ്യെത്തെ മുഴുവന്‍ ആളുകളെയും, തങ്ങള്‍ താമസിക്കുന്ന സ്ഥലത്ത നിന്ന് യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാക്കും.   ഇത്തരമൊരു സെന്‍സസ്‌ നടന്നുവെന്നത് വിശ്വസനീയല്ല.  മാത്രവുമല്ല ഇത്രയും വിപുലമായ രീതിയില്‍ സെന്‍സസ്‌ നടന്നിരുന്നുവെങ്കില്‍ അത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമായിരുന്നു.

മത്തായിയും ലൂക്കായും താരത്യം ചെയ്യുമ്പോള്‍

മത്തായിയുടെയും ലൂക്കായുടേയും ജനന കഥകള്‍ താരത്യം ചെയ്യുമ്പോള്‍ കാണപ്പെടുന്ന വിത്യാസം വളരെ വലുതാണ്‌. മത്തായി പറയുന്ന ഒരു സംഭവവവും ലൂക്കായും, ലൂക്കാ പറയുന്ന ഒരു സംഭവവവും മത്തായിയും പറയുന്നില്ല എന്നത് ശ്രദ്ദേയമാണ്. ജോസഫുമായി വിവാഹ നിശ്ചയം കഴിഞ്ഞ കന്യകയായ മറിയത്തിന് ബത് ലെഹെമില്‍ വെച്ച് യേശു ജനിച്ചു എന്നതൊഴിച്ചാല്‍, മത്തായിയും ലൂകായും പറയുന്ന കഥകള്‍ തികച്ചും വിത്യസ്തവും പരസ്പര വൈരുധ്യം പുലര്‍ത്തുന്നവയും ആണ്.പക്ഷെ പലപ്പോഴും യേശുവിന്‍റെ ജനന കഥവിവരിക്കുമ്പോള്‍‍ , ഈ രണ്ടു സുവിശേഷങ്ങളിലെ കഥകളും സന്ദര്‍ഭാനുസരണം കൂട്ടി യോചിപ്പിച്ചാണ് പറയാറ്. അതനുസരിച്ച്, മത്തായി പറയുന്ന ജ്ഞാനികളുടെ വരവും, ലൂക്കാ പറയുന്ന ഇടയന്മാരുടെ സന്ദര്‍ശനവും കഥയിലുണ്ടാകും. അതെപോലെ തെന്നെ മത്തായി പറയുന്ന ബെത് ലെഹിമിലെ ഭവനവും, ലൂക്കാ പറയുന്ന സത്രവും പുല്‍ക്കൂടും , മത്തായി പറയുന്ന  ഈജിപ്തിലെക്കുള്ള പാലായനവും, ലൂക്കാ പറയുന്ന നസ്രത്തിലേക്കുള്ള യാത്രയും കഥയില്‍ സ്ഥാനം പിടിക്കും. എന്നാല്‍ ശ്രദ്ധിച്ചു വായിച്ചാല്‍, ഇവ വിത്യസ്ത കഥകള്‍ ആണെന്ന് മാത്രമല്ല കൂട്ടി യോജിപ്പിക്കാന്‍ കഴിയാത്ത പല വൈരുധ്യങ്ങളും ഇവയിലുണ്ട് എന്നും മനസ്സിലാകും. താഴെ പറയുന്ന വസ്തുതുകള്‍ ശ്രദ്ധിക്കുക.

1. മത്തായി പറയുന്നതനുസരിച്ച് യേശു ജനിച്ചത് ഹെറോദേസ് രാജ്യം ഭരിക്കുമ്പോഴാണ്‌. ഇത് ശരിയാണ് എങ്കില്‍, യേശു ജനിച്ചത്‌ ക്വിരിനിയോസ്‌ സിറിയയിലെ ഗവര്‍ണര്‍ ആയിരിക്കുമ്പോഴാണ് എന്ന ലൂകായുടെ അവകാശവാദം തെറ്റാണ് എന്ന് വരും. കാരണം ബൈബിളിന് പുറത്തുള്ള മറ്റെനെകം ചരിത്ര രേഖകള്‍ പ്രകാരം, ക്വിരിനിയോസ്‌ സിറിയയിലെ ഗവര്‍ണര്‍ ആകുന്നത് AD 6  ല്‍‍ ആണ്. അതായത്‌ ഹെറോദേസ് മരണപ്പെട്ട് പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞതിനു ശേഷം!. 

2. മത്തായിയുടെ സുവിശേഷം സൂചിപ്പിക്കുന്നത് ജോസഫിന്റെയും മറിയയുടെയും സ്വദേശം ബത്ലേഹം ആണെന്നാണ്. നക്ഷത്രെത്തെ പിന്തുടര്‍ന്ന് ജ്ഞാനികള്‍, ജോസെഫിന്റെയും മറിയയുടെയും വീട്ടില്‍ പ്രവേശിച്ചു എന്നും മത്തായി പറയുന്നുണ്ട്. സത്രത്തെ ക്കുറിച്ച് മത്തായി പറയുന്നില്ല.  ഇതനുസരിച്ച് അവര്‍ക്കവിടെ വീടുണ്ട് അവര്‍ അവിടെ താമസിക്കുന്നവരും ആണ്. മാത്രവുമല്ല ഹെറോദോസിന്‍റെ ഉത്തരവ് രണ്ടു വയസ്സും അതില്‍ താഴെയുമുള്ള എല്ലാ ആനുകുട്ടികളെയും വധിക്കാനായിരുന്നു, ഇതും ജ്ഞാനികള്‍ വരുന്നതിനു കുറെ കാലം മുമ്പ് തെന്നെ അവര്‍ അവിടെ താമസിക്കുകയായിരുന്നു എന്ന് സൂചിപ്പിക്കുന്നു. കാരണം രണ്ടു വയസു പ്രായമുള്ള കുഞ്ഞ് ഏതാനും ദിവസം മുമ്പ് മാത്രം ജനിച്ചതല്ല എന്ന് റോമന്‍ പടയാളികള്‍ക്ക് മനസ്സിലാകുമല്ലോ.

മത്തായി പറയുന്നതാണ് ശരിയെങ്കില്‍ ലൂകാ പറയുന്നത് തെറ്റാണ് എന്ന് വരും. കാരണം ലൂക്കാ അനുസരിച്ച് ജോസഫും മറിയയും നസറത്തില്‍ നിന്നും വന്ന് യേശുവിനെ പ്രസവിച്ചു ഒരു മാസത്തിനുള്ളില്‍ തെന്നെ തിരിച്ച്‌ നസറത്തിലേക്ക്‌  പോയിരുന്നു.  .

3. മത്തായി പ്രകാരം ജോസഫും മറിയയും കുഞ്ഞിനെയുമെടുത്ത് ഈജിപ്തിലേക്ക് പാലായനം ചെയ്യുകയും പിന്നീട് , ഹെറോദോസിന്‍റെ മരണ ശേഷം തിരിച്ച്‌ ബെത്ലെഹാം സ്ഥിതി ചെയ്യുന്ന യൂദായിലേക്ക് തിരിച്ച്‌ വരാന്‍ ശ്രമിക്കുകയും ചെയ്യുന്നു.എന്നാല്‍ യൂദാ അപ്പോള്‍ ഭരിക്കുന്നത് ഹെറോദേസിന്‍റെ മകനായ ആര്‍ക്കലാവോസായിരുന്നതിനാല്‍ അവര്‍ക്ക് അങ്ങോട്ട്‌ തിരിച്ച് പോകാന്‍ കഴിഞ്ഞില്ല. ഇതനുസരിച്ചും ഇവരുടെ സ്വദേശം ബത്ലെഹമാണ്, എന്നാണ് മത്തായി പറയുന്നത്. ഇവിടെ മത്തായി പറഞ്ഞ പ്രകാരം, ജോസഫും മറിയയും കുഞ്ഞിനെയുമെടുത്ത് ഈജിപ്തിലേക്ക് പാലായനം ചെയ്തുവെങ്കില്‍, അവര്‍ ബത്ലഹെമില്‍ നിന്നും നേരിട്ട് നസ്രത്തിലേക്ക്‌ പോയീ എന്ന ലൂകായുടെ പ്രസ്താവന തെറ്റാണ് എന്ന് വരും.

എന്തുകൊണ്ട് ഈ വൈരുധ്യങ്ങള്‍ ?

സുവിശേഷ കര്‍ത്തക്കാള്‍ യേശു ചരിത്രം രചിച്ചത്, പഴയനിയമ പ്രവചനങ്ങള്‍ക്ക് അനുസൃതമായിട്ടായിരുന്നു. അതുകൊണ്ട് തെന്നെ മിശിഹയെ ക്കുറിച്ച് പഴയ നിയമത്തില്‍ ഉണ്ട് എന്ന് കരുതിപ്പോന്നിരുന്ന പ്രവചനങ്ങള്‍ക്ക് അനുസരിച്ച് യേശുവിന്‍റെ ചരിത്രം സുവിശേഷ കര്‍ത്താക്കള്‍ എഴുതി. ( സുവിശേഷങ്ങള്‍ പ്രവചനങ്ങള്‍ ചരിത്രമായി പുലര്‍ന്നതല്ല എന്നും ചരിത്രം പ്രവചനങ്ങള്‍ക്ക് അനുസൃതമായി എഴുതപ്പെട്ടതാണ് എന്നും മിശിഹൈക പ്രവചനങ്ങള്‍ എന്ന പോസ്റ്റില്‍  സൂചിപ്പിച്ചിരുന്നു )

ഇവിടെ സുവിശേഷ കര്‍ത്താക്കാള്‍, പഴയ നിയമം അനുസരിച്ച് മിശിഹ വരേണ്ടത് ദാവീദിന്റെ ജന്മസ്ഥലമായ ബത്ലെഹെമില്‍ നിന്നാവണം എന്ന് വിശ്വസിച്ചു. എന്നാല്‍ യേശു ജീവിച്ചത് ഗലീലിയിലെ വളരെ ചെറിയ പട്ടണമായ നസ്രേത്തിലാണ് എന്നത് സുവിദതവും. സ്വഭാവികമായും സുവിശേഷ കര്‍ത്താക്കള്‍ക്ക് , നസ്രേത്തില്‍ നിന്നുള്ള യേശു ജനിച്ചത്‌ ബത് ലഹെമിലാണ്  എന്ന് സ്ഥാപിക്കുന്ന രീതിയില്‍ ജനനകഥ‍ രചിക്കേണ്ടി വന്ന്. ഇതിന് വേണ്ടി മത്തായി യോസേഫും, മറിയയും ആദ്യമേ  ബത് ലഹെമില് ആയിരുന്നു വെന്നും പിന്നീട് ഈജിപ്ത് വഴി നസ്രത്തില്‍ എത്തി എന്നും എഴുതിയപ്പോള്‍,ലൂകാ മറ്റൊരു രീതിയില്‍ ജോസഫിനെയും മറിയയെയും ബത്ലഹേമില്‍ കൊണ്ട് വന്നു. രണ്ടു സുവിശേഷ കര്‍ത്താക്കളും തങ്ങളുടെതായ രീതിയില്‍ പഴയ നിയമം പ്രവചനം യേശുവില്‍ നിവൃത്തിയാക്കാന്‍ ശ്രമിച്ചു. സ്വഭാവികമായും അവ രണ്ടു വിത്യസ്ത കഥകളായി പരിണമിക്കുകയും ചെയ്തു.