Thursday, April 14, 2011

കന്യാജനനവും യെശയ്യാവിന്റെ പ്രവചനവും

യേശുക്രിസ്തുവില്‍ നിവൃത്തിയായി എന്ന് സുവിശേഷങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള മിശിഹ പ്രവചനങ്ങളില്‍ ഏറ്റവും പ്രസിദ്ധമായതാണ് യശയ്യാവിന്‍റെ പുസ്തകത്തില്‍ പറയുന്ന ‘കന്യക ഗര്‍ഭംധരിച്ചു കുഞ്ഞിനെ പ്രസവിക്കും അവനെ ഇമ്മാനുവേല്‍ എന്ന് വിളിക്കും’ എന്നുള്ള പ്രവചനം . മത്തായിയുടെ  സുവിശേഷത്തിന്റെ തുടക്കത്തില്‍ കൊടുത്തിരിക്കുന്ന അവകാശവാദം ഇങ്ങനെയാണ്.

20 അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുത് പരിശുദ്ധാത്മാവില്‍.നിന്നാണ്.21 അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും. 22 കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും.23   ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്നു അവന്‍ വിളിക്കപ്പെടും എന്നു കര്‍ത്താവ് പ്രവാചകന്‍ മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത് (മത്തായി 1:20-23)

ഇവിടെ മത്തായി സൂചിപ്പിക്കുന്ന പ്രവാചകന്‍ യശയ്യാപ്രവാചകന്‍ ആണ്. യശയ്യാപ്രവാചകന്‍റെ പുസ്തകത്തിലെ മത്തായി ഉദ്ധരിച്ച  പ്രസ്തുത വചനം താഴെക്കൊടുത്തതാണ്.

14 അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക് അടയാളം തരും.യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും.(യെശയ്യാ 7:14)

ഈ വരികള്‍ യഥാര്‍ത്തില്‍ യേശുവിനെ ക്കുറിച്ചാണോ ?. ഈ പ്രവചനത്തിന്റെ പശ്ചാത്തലം എന്താണ്? നമ്മുക്ക് പരിശോധിക്കാം.

യേശുവിന് ഏകദേശം 700  വര്‍ഷങ്ങള്‍ക്കു മുമ്പ് യൂദാ രാജ്യം ഭരിച്ചിരുന്ന അഹാസ്‌ രാജാവിനോട് യെശയ്യാ പ്രവാചകന്‍ പറഞ്ഞതാണ് ഈ വചനങ്ങള്‍.  യശയ്യാവിന്റെയും അഹാസിന്റെയും കാലത്ത് ജൂതന്മാര്‍ ജെറുസലേം തലസ്ഥാനം ആയ യൂദാ, എന്നും ഇസ്രായേല്‍ എന്നും രണ്ടു രാജ്യങ്ങളായിട്ട് വിഭജിക്കപ്പെട്ടിരുന്നു. യൂദാ ഭരിച്ചിരുന്നത് അഹാസ്‌ ആയിരുന്നു, ഇസ്രായീല്‍ ഭരിച്ചിരുന്നത് പെക്കഹും. അക്കാലത്ത്‌  ജെറുസലെമിനെതിരെ, സിറിയന്‍ രാജാവായിരുന്ന റസീനും ഇസ്രായേല്‍ രാജാവായിരുന്ന പെക്കാഹും ഒരുമിച്ചു ചേര്‍ന്ന്  യുദ്ധത്തിന് വന്നു. ഇസ്രായേലും സിറിയയും ഒരുമിച്ചു ചേര്‍ന്ന് യൂദായെ ആക്രമിക്കാന്‍ പോകുന്നു എന്ന വിവരം കിട്ടിയപ്പോള്‍ അഹാസും യൂദായിലെ ജനങ്ങളും സ്വാഭാവികമായും ഭയചകിതരായി. ഈ സന്നിഗ്ദ്ധ ഘട്ടത്തില്‍ ആണ് യശയ്യാ പ്രവാചകന്‍ കര്‍ത്താവ്‌ കല്‍പ്പിച്ചത് പ്രകാരം അഹാസിനെ സമാശ്വസിപ്പിക്കുന്നത്. ശത്രുക്കളുടെ ഗൂഡാലോചന കര്‍ത്താവ്‌ പരാജയപ്പെടുത്തുമെന്നും എന്നും അറുപത്തിയഞ്ച് വര്‍ഷത്തിനുള്ളില്‍ ഇസ്രായേല്‍ ചിന്നഭിന്നമാക്കും എന്നും  യശയ്യാപ്രവാചകന്‍ അഹാസിനോട് പറയുന്നു. 

കര്‍ത്താവ് ഏശയ്യായോട് അരുളിച്ചെയ്തു: നീ പുത്രനായ ഷെയാര്‍യാഷുബുമൊത്തു ചെര്‍ന്ന്‍ അലക്കുകാരന്റെ വയലിലേക്കുള്ള രാജവീഥിയുടെ അരികെയുള്ള മേല്‍ക്കളത്തിലെ നീര്‍ച്ചാലിന്റെ അറ്റത്തുവച്ച് ആഹാസിനെക്കണ്ട്4 ഇപ്രകാരം പറയുക: ശ്രദ്ധിക്കുക, സമാധാനമായിരിക്കുക, ഭയപ്പെടേണ്ട, പുകഞ്ഞുകൊണ്ടിരിക്കുന്ന ഈ രണ്ടു തീക്കൊള്ളി നിമിത്തം, റസീന്റെയും സിറിയായുടെയും റമാലിയായുടെ പുത്രന്റെയും ഉഗ്രകോപം നിമിത്തം, നീ ഭയപ്പെടരുത്.5 നമുക്ക് യൂദായ്‌ക്കെതിരേ ചെന്ന്്6 അതിനെ ഭയപ്പെടുത്തുകയും കീഴടക്കി തബേലിന്റെ പുത്രനെ അതിന്റെ രാജാവായി വാഴിക്കുകയും ചെയ്യാമെന്ന് പറഞ്ഞുകൊണ്ട് സിറിയായും എഫ്രായിമും റമാലിയായുടെ പുത്രനും നിനക്കെതിരേ ഗൂഢാലോചന നടത്തി.7 ആകയാല്‍ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു അതു സംഭവിക്കുകയില്ല, ഒരിക്കലും സംഭവിക്കുകയില്ല 8 സിറിയായുടെ തലസ്ഥാനം ദമാസ്‌ക്കസും, ദമാസ്‌ക്കസിന്റെ തലവന്‍ റസീനും ആണ്. അറുപത്തഞ്ചു വര്‍ഷത്തിനുള്ളില്‍ എഫ്രായിം ഛിന്നഭിന്നമാക്കപ്പെടും. മേലില്‍ അത് ഒരു ജനതയായിരിക്കുകയില്ല(യെശയ്യാ 7:3–7)

മേല്‍ പറഞ്ഞ കാര്യങ്ങള്‍ അഹാസിനെ വിശ്വസിപ്പിക്കാന്‍ വേണ്ടി  കര്‍ത്താവ് പിന്നീട് അഹാസിനോട് ഒരു അടയാളം ചോദിക്കാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ അഹാസ്‌  ഞാന്‍ കര്‍ത്താവിനെ പരീക്ഷിക്കുകയില്ല എന്ന് പറഞ്ഞുകൊണ്ട് അടയാളം ചോദിക്കാന്‍ വിസമ്മദിക്കുന്നു, അപ്പോള്‍ ദൈവം തെന്നെ അഹാസിന് ഒരു അടയാളം നല്‍കുന്നു.

കര്‍ത്താവ് വീണ്ടും ആഹാസിനോട് അരുളിച്ചെയ്തു:11 നിന്റെ ദൈവമായ കര്‍ത്താവില്‍ നിന്ന് ഒരടയാളം ആവശ്യപ്പെടുക; അതു പാതാളംപോലെ അഗാധമോ ആകാശംപോലെ ഉന്നതമോ ആയിരിക്കട്ടെ.12 ആഹാസ് പ്രതിവചിച്ചു: ഞാന്‍ അത് ആവശ്യപ്പെടുകയോ കര്‍ത്താവിനെ പരീക്ഷിക്കുകയോ ഇല്ല13 അപ്പോള്‍ ഏശയ്യാ പറഞ്ഞു: ദാവീദിന്റെ ഭവനമേ, ശ്രദ്ധിക്കുക, മനുഷ്യരെ അസഹ്യപ്പെടുത്തുന്നതു പോരാഞ്ഞിട്ടാണോ എന്റെ ദൈവത്തിന്റെ ക്ഷമ പരീക്ഷിക്കുന്നത്?14 അതിനാല്‍, കര്‍ത്താവുതെന്നെ നിനക്ക് അടയാളം തരും.യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും.15 തിന്‍മ ത്യജിക്കാനും നന്‍മസ്വീകരിക്കാനും പ്രായമാകുമ്പോള്‍ ബാലന്‍ തൈരും തേനും ഭക്ഷിക്കും.16 നന്‍മതിന്‍മകള്‍ തിരിച്ചറിയാന്‍ ആ ബാലനു പ്രായമാകുന്നതിനുമുന്‍പ് നിങ്ങള്‍ ഭയപ്പെടുന്ന രണ്ടു രാജാക്കന്‍മാരുടെയും രാജ്യങ്ങള്‍ നിര്‍ജനമാകും.(യശയ്യാ 7: 10-17)

.ഇത്രയുമാണ് ഈ പ്രവചനത്തിന്റെ പശ്ചാത്തലം. അഥവാ ഈ പ്രവചനം അവിശ്വാസിയും സന്ധേഹിയും  ആയിരുന്ന അഹാസിനോടുള്ളതാണ്, അതുകൊണ്ട് തെന്നെ ഇത് അഹാസിന് ശേഷം എഴുനൂറോളം വര്‍ഷങ്ങള്‍ കഴിഞ്ഞു ജനിക്കാനിരിക്കുന്ന യേശുവിനെക്കുച്ചാവുക അസംഭവ്യമാണ്. മാത്രവുമല്ല ഇവിടെത്തെ യഥാര്‍ത്ഥ പ്രവചനം ആഹാസിന്റെ രാജ്യത്തോട് യുദ്ധം ചെയ്യാന്‍ തീരുമാനിച്ച ഇസ്രായേല്‍, സിറിയ എന്നീ രാജ്യങ്ങളുടെ തകര്‍ച്ചയും പരാജയവുമാണ്‌, അല്ലാതെ യുവതി പ്രസവിക്കുക എന്നുള്ളതല്ല.  ഈ രാജാക്കന്മാരുടെ പതനം സംഭവിക്കാനുള്ള സമയമാണ്, അഹാസിന് പരിചയമുള്ള  ഒരു യുവതി പ്രസവിക്കുന്ന കുട്ടിക്ക് നന്മ തിന്മ അറിയാന്‍ പാകമാകുക എന്നുള്ളത്. ഇത് കന്യക പ്രവസവിക്കുന്നതിനെ ക്കുറിച്ചുള്ള പ്രവചനം അല്ല, കന്യക എന്ന് ഹീബ്രു ബൈബിളില്‍ പറയുന്നു പോലുമില്ല. മാത്രവുമല്ല്ല അവിശ്വാസിയായ അഹാസിന് കന്യക പ്രസവിക്കുക എന്നത് ഒരു നിലക്കും അടയാളം ആകില്ല , കാരണം കന്യക ഗര്‍ഭം ധരിച്ചു  എന്നത് തെന്നെ “വിശ്വസിക്കേണ്ട” കാര്യമാണ് , പരിശോധിച്ച് ബോധ്യപ്പെടാന്‍ കഴിയുന്നതല്ല.

ക്രൈസ്തവ കൈക്രിയകള്‍

ഈ പ്രവചനം കന്യകയുടെ പ്രസവത്തെ ക്കുറിച്ചല്ല എന്നും, നൂറ്റാണ്ടുകള്‍ക്ക്‌ ശേഷം സംഭവിക്കേണ്ടതല്ല എന്നും പറഞ്ഞുവല്ല്ല. എന്നാല്‍ ഇതിനെ യേശുവും ആയി ബന്ധിപ്പിക്കാന്‍, യശയ്യാവിന്റെ മേല്‍പറഞ്ഞ  വചനം കൃത്യതയില്ലാതെയാണ് കൃസ്ത്യന്‍ ബൈബിളുകളില്‍ പരിഭാഷപ്പെടുത്താറ്. ഏതാനും ഉദാഹരണങ്ങള്‍ നോക്കുക.

1. യുവതി, കന്യകയല്ല

യേശുവിന് ഏഴു നൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്ന അഹാസിനോട്, തന്‍റെ രാജ്യത്തെ ആക്രമിക്കാന്‍ വരുന്ന രാജ്യങ്ങളുടെ പരാജയത്തെ ക്കുറിച്ച് യെശയ്യാവ് നല്‍കിയ പ്രവചനം ആണ് ഇത് എന്നും ഇത് കന്യക പ്രസവിക്കുന്നതിനെ ക്കുറിച്ചല്ല എന്നും സൂചിപ്പിച്ചല്ലോ. ഈ പ്രവചനത്തിലെ ഒരു വാക്യം മത്തായി സന്ദര്‍ഭത്തില്‍ നിന്നടര്തിയെടുത്ത്  യേശുവുമായി ബന്ധിപ്പിക്കുകയായിരുന്നു. മത്തായി ഉദ്ധരിക്കുന്നത് “കന്യക ഗര്‍ഭം ധരിച്ചു പുത്രനെ പ്രസവിക്കും"  എന്നാണ്. എന്നാല്‍ യശയ്യാവില്‍ യഥാര്‍ത്ഥത്തില്‍ കന്യക എന്ന് പറയുന്നെയില്ല, യുവതി എന്നാണ് പറയുന്നത്.

ഹീബ്രു ബൈബിള്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്ന പദം almah  എന്നാണ്. ഈ വാക്കിന്‍റെ അര്‍ഥം യുവതി എന്നാണ്. കന്യക എന്നതിന് ഹീബ്രുവില്‍ bethula  എന്ന വാക്കാണ് ഉപയോഗിക്കുക. മാത്രവുമല്ല യശയ്യാവില്‍ യുവതി എന്ന്‍ അര്‍ത്ഥമുള്ള  almah  എന്ന വാക്ക് ഒരിക്കല്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ അത് ഈ വചനത്തില്‍ ആണ്. എന്നാല്‍ കന്യക എന്നര്‍ത്ഥമുള്ള bethula എന്ന പദം മറ്റ് അഞ്ച് സ്ഥലങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. അതായത് ഇവിടെ കന്യക എന്നാണ് യശയ്യാ ഉദ്ദേശിച്ചിരുന്നത് എങ്കില്‍ മറ്റു സ്ഥലങ്ങളില്‍ ഉപയോഗിച്ച പോലെ bethula എന്ന വാക്കുതെന്നെ ഇവിടെയും ഉപയോഗിക്കണം ആയിരുന്നു.

മത്തായിക്ക് യഥാര്‍ത്ഥത്തില്‍ കന്യക എന്ന വാക്ക് കിട്ടിയത് , ഹീബ്രു ബൈബിളിന്‍റെ ഗ്രീക്ക്‌ പരിഭാഷയായ സെപ്ടിജുവന്‍റ് ബൈബിളില്‍ നിന്നാണ്. സെപ്ടിജുവന്‍റ് ബൈബിളില്‍  almah  എന്ന പദത്തെ കന്യക എന്ന് തെറ്റായി പരിഭാഷപ്പെടുത്തിയത് അടിസ്ഥാനമാക്കിയാണ് മത്തായി യഥാര്‍ത്ഥത്തില്‍ ഈ പ്രവചനം നിര്‍മിച്ചത്.

2. ഒരു യുവതിയല്ല, ആ യുവതി

മത്തായി പറയുന്നത് ഒരു യുവതി ഗര്‍ഭം ധരിക്കും എന്ന് പ്രവചിച്ചിട്ടുണ്ട് എന്നാണ്. മിക്കവാറും ക്രൈസ്തവ ബൈബിളികളും യശയ്യാവിലെ ഈ പ്രവചനത്തെ ഒരു യുവതി ( a young woman) എന്നാണ് പരിഭാഷപ്പെടുത്താറുള്ളത്. യശയ്യാവിനു ശേഷം എഴുനൂറു കൊല്ലങ്ങള്‍ക്ക് ശേഷം പൂര്‍ത്തിയായ പ്രവചനം ആണ് ഇത് എന്ന് ധ്വനിപ്പിക്കുന്നതാണ് ഇങ്ങനെ തെറ്റായി പരിഭാഷപ്പെടുതുന്നത്. യശയ്യാവില്‍ യഥാര്‍ത്ഥത്തില്‍ ഇവിടെ പറയുന്നത് ഒരു യുവതി ( a young woman)  എന്നല്ല , ആ യുവതി (the woman) എന്നാണ്. "ha'almah" എന്ന ഹീബ്രു വാക്കാണ്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്, ഇത് യശയ്യാവും അഹാസും അറിയുന്ന ഒരു യുവതിയെ സൂചിപ്പിക്കാനാണ്. New Revised Standard Version (NRSV)  ബൈബിള്‍ ഈ വചനം പരിഭാഷപ്പെടുത്തുന്നത് നോക്കൂ.

Therefore the Lord himself will give you a sign. Look, the young woman is with child and shall bear a son, and shall name him Immanuel.(Isaiah 7:14)

3. അവള്‍ ഇമ്മാനുവേല്‍ എന്ന് വിളിക്കും എന്നാണ് അവര്‍ വിളിക്കും എന്നല്ല

പല ക്രിസ്ത്യന്‍ ബൈബിളുകളും പരിഭാഷപ്പെടുത്തുന്ന പോലെ അവര്‍ അവനെ ഇമ്മാനുവേല്‍ എന്ന് വിളിക്കും എന്നല്ല ശരിയായ പരിഭാഷ, മറിച്ചു അവള്‍ അവനെ ഇമ്മാനുവേല്‍ എന്ന് വിളിക്കും എന്നാണ്.

New Revised Standard Version (NRSV) യില്‍ ഈ വചനം വായിക്കൂ.

Therefore the Lord himself will give you a sign. Look, the young woman is with child and shall bear a son, and shall name him Immanuel.(Isaiah 7:14)

4. ഗര്‍ഭം ധരിക്കും എന്നല്ല ഗര്‍ഭം ധരിച്ചിട്ടുണ്ട് എന്നാണ്.

യശയ്യവിന് നൂറ്റാണ്ടുകള്‍ക്കു ശേഷം  നിവൃത്തിയായ ഒരു പ്രവചനം ആണ് ഇത് എന്ന് കാണിക്കാന്‍, ഈ വചനത്തെ മത്തായിയും മിക്ക ക്രിസ്ത്യന്‍ ബൈബിളുകളും യുവതി ഗര്‍ഭം ധരിക്കും (will conceive) എന്നാണ് പരിഭാഷപ്പെടുത്തിയിട്ടുള്ളത്. യഥാര്‍ത്ഥ പരിഭാഷ യുവതി ഗര്‍ഭംധരിച്ചിട്ടുണ്ട് (has conceived) എന്നോ ഗര്‍ഭം ധരിക്കാന്‍ പോകുന്നു എന്നോ ആണ്. ഞാന്‍ നേരെത്തെ ഉദ്ധരിച്ച NRSV വീണ്ടും വായിച്ചു നോക്കൂ.

Therefore the Lord himself will give you a sign. Look, the young woman is with child and shall bear a son, and shall name him Immanuel.(Isaiah 7:14)

മറ്റു ചില പരിഭാഷകളും വായിക്കുക

Youngs Literal Translation( YLT)  യില്‍ ഈ വചനം ഇങ്ങനെയാണ്.

Isaiah 7:14 ... is conceiving, And is bringing forth a son..

New English Translation (NET) കൊടുത്തിരിക്കുന്ന പരിഭാഷ ഇങ്ങനെയാണ്.

Isaiah 7:14 For this reason the sovereign master himself will give you a confirming sign. Look, this young woman is about to conceive and will give birth to a son. You, young woman, will name him Immanuel.

NET യുടെ ഫൂട്ട്നോട്ട് ഇതിനെ വിശദീകരിച്ചുകൊണ്ട് പറയുന്നു

" Elsewhere the adjective hr'h' (harah), when used predicatively, refers to a past pregnancy 1Sa 4:19 or to a present condition Gen 16:11.However in Isa 7:14 one could translate, "the young woman is pregnant." and in this case the woman is probably a member of the royal family. Another option, the one followed in the present translation, takes the adjective in an imminent future sense, "the young woman is about to conceive." In this case the woman could be a member of the royal family, or, more likely, the prophetess with whom Isaiah has sexual relations shortly after this (see 8:3)"

ഈ പ്രവചനം പുലര്‍ന്നുവോ

യെശയ്യാ പ്രവാചകന്‍റെ പ്രവചനം അഹാസിനോടായിരുന്നുവെന്നും ഇതിലെ പ്രവചനം യഥാര്‍ത്ഥത്തില്‍ കന്യക ഗര്‍ഭം ധരിന്നതിനെക്കുറിച്ചല്ല മറിച്ച് യൂദായെ ആക്രമിക്കുന്ന ഇസ്രായേല്‍, സിറിയന്‍ രാജാക്കന്മാരുടെ പതനമാണ്  എന്നും മുകളില്‍ പറഞ്ഞല്ലോ. ഇനി നമ്മുക്ക് പരിശോധിക്കാനുള്ളത് യഥാര്‍ത്ഥത്തില്‍ ഈ പ്രവചനം പുലര്‍ന്നുവോ എന്നതാണ്.  ഈ ചോദ്യത്തിനുത്തരം തേടിയാല്‍ നമ്മുക്ക് കാണാന്‍ കഴിയുക ബൈബിള്‍ ഈ വിഷയത്തില്‍ വ്യക്തമായ വൈരുദ്ധ്യം പുലര്‍ത്തുന്നു എന്നാണ്.

2 രാജാക്കന്മാരിലെ താഴെ  പരാമര്‍ശം വായിക്കുക.

5   സിറിയാ രാജാവായ റസീനും, ഇസ്രായേല്‍ രാജാവും റമാലിയായുടെ പുത്രനുമായ പെക്കാഹും ജറുസലെമിനെതിരേ വന്ന് ആഹാസിനെ ആക്രമിച്ചു; എങ്കിലും തോല്‍പിക്കാന്‍ കഴിഞ്ഞില്ല(2 രാജാക്കന്മാര്‍ 16:5)

ഇതനുസരിച്ച്, യശയ്യാവിന്റെ പ്രവചനം പുലര്‍ന്നു, കാരണം പെക്കാഹിനും റസീനും യൂദായെ തോല്‍പ്പിക്കാന്‍ കഴിഞില്ല. മാത്രവുമല്ല അഹാസ്‌ അസീറിയയിലെ രാജാവിനോട് സഹായം അഭ്യര്‍ഥിക്കുകയും അസീറിയയിലെ രാജാവ് ആ അഭ്യര്‍ത്ഥന സ്വീകരിക്കുകയും റസീനെ കൊല്ലുകയും ചെയ്തതായും രാജാക്കന്മാര്‍ പറയുന്നു

7 ആഹാസ് ദൂതന്‍മാരെ അയച്ച് അസ്‌സീറിയാ രാജാവായ തിഗ്ലാത്പിലേസറിനെ അറിയിച്ചു: ഞാന്‍ അങ്ങയുടെ ദാസനും പുത്രനുമാണ്. എന്നെ ആക്രമിക്കുന്ന സിറിയാരാജാവിന്റെയും ഇസ്രായേല്‍ രാജാവിന്റെയും കൈകളില്‍നിന്ന് അങ്ങ് എന്നെ രക്ഷിക്കണം.8 ആഹാസ് ദേവാലയത്തിലെ സ്വര്‍ണവും വെള്ളിയും കൊട്ടാരത്തിലെ നിധികളും അസ്‌സീറിയാരാജാവിനു സമ്മാനമായി അയച്ചു.9 അസ്‌സീറിയാരാജാവ് അപേക്ഷ സ്വീകരിച്ചു. അവന്‍ ചെന്ന് ദമാസ്‌ക്കസ് കീഴടക്കി, നിവാസികളെ ബന്ധിച്ചു കീറിലേക്കു കൊണ്ടുപോയി. റസീനെ കൊല്ലുകയും ചെയ്തു(2 രാജാക്കന്മാര്‍ 16:7-9)

ഇനി ഇതേ സംഭവം ദിവവൃത്താന്തത്തില്‍ വായിക്കുക.

ദൈവമായ കര്‍ത്താവ് അവനെ സിറിയാരാജാവിന്റെ കൈകളില്‍ ഏല്‍പിച്ചു. അവന്‍ ആഹാസിനെ തോല്‍പിച്ച് അനേകംപേരെ തടവുകാരാക്കി ദമാസ്‌ക്കസിലേക്കു കൊണ്ടുപോയി. കര്‍ത്താവ് ആഹാസിനെ ഇസ്രായേല്‍രാജാവിനു വിട്ടുകൊടുത്തു. ഇസ്രായേല്‍രാജാവു കൂട്ടക്കൊല നടത്തി അവനെ പരാജയപ്പെടുത്തി.6 തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനെ പരിത്യജിച്ചതിനാല്‍, യൂദാസൈന്യത്തി.നിന്നു ഒരു ലക്ഷത്തിയിരുപതിനായിരം ധീരയോദ്ധാക്കളെ റമാലിയായുടെ മകന്‍ പെക്കാഹ് ഒറ്റ ദിവസം കൊണ്ടു വധിച്ചു.7 ധീരനും എഫ്രായിംകാരനുമായ സിക്രി, രാജപുത്രനായ മാസേയായെയും കൊട്ടാരം വിചാരിപ്പുകാരനായ അസ്രിക്കാമിനെയും രാജാവുകഴിഞ്ഞാല്‍ അടുത്ത അധികാരിയായ എല്‍കാനയെയും വധിച്ചു.8 തങ്ങളുടെ സഹോദരരായ യൂദാനിവാസികളില്‍ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം രണ്ടു ലക്ഷംപേരെ ഇസ്രായേല്‍ തടവുകാരാക്കി. ധാരാളം കൊള്ളമുതലും അവര്‍ സമരിയായിലേക്കു കൊണ്ടുപോയി.(ദിനവൃത്താന്തം 2 28:5-8)

ഇതനുസരിച്ച് അഹാസ്‌ പരാജയപ്പെട്ടു. യശയ്യാവിന്റെ പ്രവചനം പുലര്‍ന്നില്ല. മാത്രവുമല്ല, മുകളില്‍ ഉദ്ധരിച്ച രാജാക്കന്‍മാര്‍ എന്ന പുസ്തക, ‍ അസീറിയന്‍ രാജാവിനോട് സഹായം അപേക്ഷിച്ച അഹാസിന്റെ അഭ്യര്‍ത്ഥന അസീറിയന്‍ രാജാവ് സ്വീകരിച്ചുവെന്നും എന്നും സഹായിച്ചു എന്നുമാണ് പറയുന്നത്. എന്നാല്‍ ദിനവൃത്താന്തം പറയുന്നത് ഇതിന് നേരെ എതിരാണ്. അത് വായിക്കുക.

17 ആഹാസ് രാജാവ് അസ്‌സീറിയാരാജാവിന്റെ സഹായം അപേക്ഷിച്ചു.. 20 അസ്‌സീറിയാ രാജാവായ തില്‍ഗത്ത്പില്‍നേ സര്‍ അവനെ സഹായിക്കുന്നതിനു പകരം ആക്രമിച്ചു പീഡിപ്പിച്ചു.21 ആഹാസ് ദേവാലയത്തിലും രാജകൊട്ടാരത്തിലും പ്രഭുക്കന്‍മാരുടെ ഭവനങ്ങളിലും നിന്നും ധനം ശേഖരിച്ച്, അസ്‌സീറിയാരാജാവിനു കപ്പം കൊടുത്തു. എന്നാല്‍, ഉപകാരമുണ്ടായില്ല (ദിവവൃത്താന്തം  2 28:17-21) 

രാജാക്കന്മാരും ദിനവൃത്താന്തവും രണ്ടു വിഭാഗം ജനങ്ങളില്‍ നിന്നുള്ള എഴുത്തുകാരാല്‍ രചിക്കപ്പെട്ടതായതിനാല്‍ ആണ് ഈ വൈരുധ്യം എന്നാണ് കരുതപ്പെടുന്നത്.

3 comments:

  1. ലിങ്ക് വായിച്ചു.

    ഞാന്‍ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങള്‍ അതില്‍ചര്‍ച്ച ചെയ്തിട്ടുള്ളതായി തോന്നുന്നില്ല.

    ReplyDelete
  2. ഞാന്‍ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങള്‍ അതില്‍ചര്‍ച്ച ചെയ്തിട്ടുള്ളതായി തോന്നുന്നില്ല.

    എന്നാല്‍ വിട്ടേക്കുക

    ReplyDelete