Tuesday, February 15, 2011

മിശിഹൈക പ്രവചനങ്ങള്‍

യേശു യഹൂദര്‍ പ്രതീക്ഷിച്ചിരുന്ന വാഗ്ദത്ത മിശിഹയാണ് എന്നാണ് ക്രൈസ്തവ വിശ്വാസം. ഇന്ഗ്ലീഷില്‍ ക്രിസ്തു എന്ന് പറയുന്നത് മിശിഹ എന്ന ഹീബ്രു പദത്തിന്റെ വിവര്തനമായിട്ടാണ്.  യേശുവിന് മുമ്പ് എഴുതപ്പെട്ട ഹീബ്രു വേദഗ്രന്ഥത്തില്‍ (പഴയ നിയമം) പറയപ്പെട്ട വാഗ്ദത്ത മിശിഹയെ ക്കുറിച്ചുള്ള പ്രവചനങ്ങള്‍ യേശുവില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു എന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. ഇത്തരത്തില്‍ പെട്ട നൂറോളം മിശിഹൈക പ്രവചനങ്ങള്‍ ബൈബിളില്‍ ഉണ്ട് എന്ന് ക്രിസ്ത്യന്‍ സുവിശേഷകര്‍ അവകാശപ്പെടാറുണ്ട്. ബൈബിളിന്റെ സത്യതയും ദൈവികതയും സമര്‍ത്ഥിതിക്കുന്നതിനു വേണ്ടി, ഇത്തരത്തില്‍ പെട്ട പ്രവചനങ്ങളാണ് കൂടുതലായും ഉപയോഗിക്കാറുള്ളത്. യേശുവിന്റെ ജീവിതത്തെ ക്കുറിച്ച് വിവരിക്കുന്ന പുതിയ നിയമത്തിലെ നാല് സുവിശേഷങ്ങളും യേശുവിന്‍റെ ജീവതത്തിലെ പല സംഭവങ്ങളും പഴയ നിയമത്തിലെ പ്രവചനങ്ങളുടെ പുലര്‍ച്ചയായിട്ടു അവതരിപ്പിക്കുന്നുമുണ്ട്. മത്തായിയുടെ സുവിശേഷമാണ് ഈ വിഷയത്തില്‍ ഏറ്റവും അധികം പ്രവചനങ്ങള്‍ നിരത്തുന്നത്.

എന്നാല്‍ യഹൂദന്മാര്‍, ഈ പ്രവചങ്ങള്‍ ഒന്നും തെന്നെ അന്ഗീകരിക്കുന്നില്ല. മിശിഹൈക പ്രവചനങ്ങള്‍ യേശുവില്‍ പുലര്‍ന്നിട്ടില്ല എന്ന് അവര്‍ കരുതുന്നു. മാത്രവുമല്ല,  ക്രിസ്ത്യാനികള്‍ അവകാശപ്പെടുന്ന പല പ്രവചനങ്ങളും, തങ്ങളുടെ വേദഗ്രന്ഥം സുവിശേഷ കര്‍ത്താക്കള്‍ തെറ്റായി ഉദ്ധരിക്കുകയോ, ദുര്‍വ്യാഖ്യാനിക്കുകയോ ചെയ്തവയാണ് എന്നും അവര്‍ വാദിക്കുന്നു. അതുകൊണ്ട് തെന്നെ യഹൂദര്‍ ഇപ്പോഴും മിശിഹായുടെ വരവിനെ പ്രതീക്ഷിക്കുന്നു. മുസ്ലിംകള്‍ യേശു മിശിഹയാണ് എന്ന് വിശ്വസിക്കുന്നു. അതുകൊണ്ട് തെന്നെ മിശിഹയെക്കുറിച്ചുള്ള നിവൃത്തിയായ പ്രവചനങ്ങള്‍, ഹീബ്രു വേദഗ്രന്ഥത്തില്‍ ഉണ്ടായിരുന്നിരിക്കണം എന്ന് തെന്നെയാണ് മുസ്ലിംകള്‍ കരുതുക.

എന്നാല്‍ നിലവിലുള്ള പഴയ നിയമവും അവ അതിനെ അടിസ്ഥാനമാക്കിയുള്ള സുവിശേഷകരുടെ അവകാശവാദവും നിഷ്പക്ഷമായി പരിശോധിച്ചാല്‍, അതില്‍ വ്യക്തമായ പ്രവചനങ്ങള്‍ ഒന്നും തെന്നെയില്ല എന്നാണ് നിര്‍ഭാഗ്യവശാല്‍ കാണാന്‍ കഴിയുക.  സുവിശേഷ കര്‍ത്താക്കള്‍ ബോധപൂര്‍വമോ അല്ലാതെയോ, പ്രവചനങ്ങള്‍ ഉണ്ടാക്കുന്നതിന്‌ വേണ്ടി പഴയനിയമത്തെ തെറ്റായി ഉദ്ധരിക്കുകയോ, തെറ്റായി വ്യഖാനിക്കുകയോ ചെയ്യുന്നതാനും നാം കാണുന്നു.

മിശിഹൈക പ്രവചനങ്ങളെ ക്കുറിച്ചുള്ള സുവിശേഷകരുടെ അവകാശവാദത്തെ താഴെക്കൊടുത്ത കഥയോട് ഉപമിക്കാവുന്നതാണ്.

ഒരിക്കല്‍ ഒരാള്‍ ഒരു കാട്ടിലൂടെ സഞ്ചരിക്കുകയായിരിന്നു. അദ്ദേഹം പോകുന്ന വഴിയിലുള്ള മരങ്ങളില്‍ ഒരു വൃത്തം വരച്ചിരിക്കുന്നതായും ആ വൃത്തത്തിന്റെ കൃത്യം നടുവിലായി ഒരു അമ്പ് തറച്ചിരിക്കുന്നതായും അയാളുടെ ശ്രദ്ധയില്‍ പെടുന്നു. അദ്ദേഹം വീണ്ടും മുന്നോട്ട് പോയപ്പോള്‍, കൃത്യമായ ലക്ഷ്യത്തില്‍ അമ്പുകള്‍ തറച്ച  ഇത്തരത്തില്‍ പെട്ട കൂടുതല്‍ മരങ്ങള്‍ അയാള്‍ കണ്ടു. എല്ലാ മരങ്ങളിലും, എല്ലായ്പ്പോഴും വളരെ കൃത്യമായി വൃത്തത്തിന്റെ നടുവില്‍ തെന്നെ അമ്പ് കൊള്ളിക്കുന്ന അമ്പെയ്ത്ത് കാരന്‍റെ കഴിവ്  ഓര്‍ത്ത്‌  അയാള്‍ അത്ഭുതപ്പെട്ടു.  വീണ്ടും മുന്നോട്ട് പോയപ്പോള്‍ അയാള്‍ ആ അമ്പെയ്തുകാരനെ കണ്ടുമുട്ടി. അയാള്‍ അമ്പെയ്ത്ത് കാരനോട് അദ്ദേഹത്തോട് ചോദിച്ചു "എങ്ങിനെയാണ് നിങ്ങള്‍ ഒരിക്കല്‍ പോലും തെറ്റാതെ, ഇത്ര കൃത്യമായി കൃത്യമായി ലക്ഷ്യത്തിലേക്ക് തെന്നെ അമ്പെയ്ത് കൊള്ളിക്കുന്നത് ?". അമ്പെയ്തുകാരന്‍ പ്രതിവചിച്ചു. "അത് വളരെ എളുപ്പമാണ്, ഞാന്‍ ആദ്യം അമ്പെയ്യും പിന്നെ അതിന് ചുറ്റും ഒരു വൃത്തം വരക്കും!".

പല ബൈബിള്‍ പ്രവചനങ്ങളുടെയും അവസ്ഥ മുകളില്‍ പറഞ്ഞ കഥയോട് സമാനമാണ്. സുവിശേഷ കര്‍ത്താക്കള്‍, യേശു വാഗ്ദത്ത മിശിഹയാണ് എന്ന് തങ്ങളുടെ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ്, യേശുവിന് പതിറ്റാണ്ടുകള്‍ക്കു ശേഷം കേട്ടറിവുകള്‍ വെച്ച് സുവിശേഷങ്ങള്‍ രചിക്കുന്നത്. സ്വാഭാവികമായും ആ സമൂഹത്തില്‍ മിശിഹ എങ്ങിനെയാകണം എന്നതിനെക്കുറിച്ച് നിലനിന്ന ധാരണകള്‍ക്ക് അനുസൃതമായി അവര്‍ യേശുകഥകള്‍ രചിച്ചു അഥവാ സുവിശേഷങ്ങളില്‍ ഉള്ളത് പ്രവചനങ്ങള്‍ ചരിത്രമായി പുലര്‍ന്നതല്ല മറിച്ചു ചരിത്രം പ്രവചനങ്ങള്‍നുസൃതമായി എഴുതപ്പെട്ടതാണ്. ഒരു ചെറിയ ഉദാഹരണം നോക്കുക.

യേശുവിന്‍റെ ജെറുസലേമിലേക്ക് യേശുവിന്‍റെ രാജകീയ പ്രവേശനവുമായി ബന്ധപ്പെട്ട് മത്തായി പറയുന്ന ഒരു പ്രവചനം ഇതാണ്.

1 അവര്‍ ജറുസലെമിനെ സമീപിക്കവേ, ഒലിവുമലയ്ക്കരികെയുള്ള ബഥ്ഫഗെയിലെത്തി. അപ്പോള്‍ യേശു തന്റെ രണ്ടു ശിഷ്യന്‍മാരെ ഇപ്രകാരം നിര്‍ദേശിച്ചയച്ചു:2 എതിരേ കാണുന്ന ഗ്രാമത്തിലേക്കു പോകുവിന്‍. അവിടെ ഒരു കഴുതയെയും അടുത്ത് അതിന്റെ കുട്ടിയെയും കെട്ടിയിരിക്കുന്നത് ഉടനെ നിങ്ങള്‍ കാണും. അവയെ അഴിച്ച് എന്റെ അടുക്കല്‍ കൊണ്ടുവരുക.3 ആരെങ്കിലും നിങ്ങളോട് എന്തെങ്കിലുംചോദിച്ചാല്‍, കര്‍ത്താവിന് അവയെക്കൊണ്ട് ആവശ്യമുണ്ടെന്നു പറയുക, അവന്‍ ഉടനെ തെന്നെ അവയെ വിട്ടുതരും.4 പ്രവാചകന്‍ വഴി പറയപ്പെട്ട വചനം പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്.5   സീയോന്‍പുത്രിയോടു പറയുക: ഇതാ, നിന്റെ രാജാവ് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് നിന്റെ അടുത്തേക്കു വരുന്നു.6 ശിഷ്യന്‍മാര്‍പോയി യേശു ക.പിച്ചതുപോലെ ചെയ്തു.7 അവര്‍ കഴുതയെയും കഴുതക്കുട്ടിയെയും കൊണ്ട് വന്ന് അവയുടെമേല്‍ വസ്ത്രങ്ങള്‍ വിരിച്ചു. അവന്‍ കയറി ഇരുന്നു (മത്തായി 21:1-7)

യേശു ഒരു കഴുതയുടേയും അതിന്‍റെ കുട്ടിയുടെ പുറത്ത് കയറിയാണ് ജെറുസസലേമില്‍ പ്രവേശിച്ചത് എന്നാണ് മത്തായി പറയുന്നത്. ഒരേ സമയം രണ്ടു കഴുതകളുടെ പുറത്തു യാത്ര ചെയ്യുന്ന മിശിഹായേ സങ്കല്പിച്ചു നോക്കൂ. എങ്ങിനെയായിരിക്കും അദ്ദേഹം ഇരുന്നിട്ടുണ്ടാണ്ടാകുക? ഇത്തരത്തില്‍ യാത്രചെയ്താല്‍ യേശു പരിഹാസ്യനാകുകയല്ലേ ചെയ്യുക, എങ്ങിനെയാണ് ഇത് രാജകീയ യാത്രയാകുക ?  ഇത് വായിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന സ്വാഭാവിക സംശയങ്ങള്‍ ആണ് ഇവ.

പക്ഷെ മത്തായിയെ സംബന്ധിച്ചടത്തോളം ഈ ചോദ്യങ്ങള്‍ പ്രസക്തമായിരുന്നില്ല. കാരണം അദ്ദേഹത്തിന് പഴയനിയമതത്തില്‍ ഉണ്ട് എന്ന് അദ്ദേഹം കരുതുന്ന പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ തെന്നെ യേശുവില്‍ പുലര്‍ന്നു എന്ന് കാണിക്കല്‍ മാത്രമായിരുന്നു ഉദ്ദേശം. ചരിത്രം അതിന് ശേഷം മാത്രം വരുന്ന കാര്യമായിരുന്നു. യഥാര്‍ത്ഥത്തില്‍ മത്തായി ഉദ്ധരിച്ച പഴയനിയമ ഭാഗം എന്താണ് പറയുന്നത്?  സഖറിയാ 9:9  ആണ് മത്തായി ഉദ്ധരിക്കുന്നത്. ആ വചനങ്ങള്‍ ഇങ്ങനെയാണ്.

സീയോന്‍ പുത്രീ, അതിയായി ആനന്ദിക്കുക. ജറുസലെം പുത്രീ, ആര്‍പ്പുവിളിക്കുക. ഇതാ, നിന്റെ രാജാവ് നിന്റെ അടുക്കലേക്കു വരുന്നു. അവന്‍ പ്രതാപവാനും ജയശാലിയുമാണ്. അവന്‍ വിനയാന്വിതനായി, കഴുതപ്പുറത്ത്, കഴുതക്കുട്ടിയുടെ പുറത്ത്, കയറിവരുന്നു(സഖറിയാ 9:9 )

ഹീബ്രു കാവ്യ ഭാഷയില്‍ എഴുതപ്പെട്ട ഈ വചനത്തില്‍ ഒരു കഴുതക്കുട്ടിയുടെ കാര്യമാണ് പറഞ്ഞിട്ടുള്ളത്. കഴുതപ്പുറത്തു എന്ന് പറഞ്ഞതിന് ശേഷം, അതിനെ വിശദീകരിച്ചാണ് കഴുതക്കുട്ടി എന്ന് പറഞ്ഞത്. അതായത് ഇവിടെ ഒരു കഴുതയെക്കുറിച്ചേ പറയുന്നുള്ളൂ. എന്നാല്‍ മത്തായി ഇത് കഴുതയും കഴുതകുട്ടിയും ആയി തെറ്റിദ്ധരിച്ചു, യേശുവിനെ ഒരേ സമയം കഴുതയുടെയും കഴുതകുട്ടിയുടെയും മേല്‍ ഇരുത്തി യാത്ര ചെയ്യിച്ചു.

മത്തായിക്ക് ഇവിടെ തെറ്റിയെങ്കിലും മാര്‍കോസും ലൂകൊസും ഈ വചനം ശെരിയായി മനസ്സിലാക്കിയിട്ടുണ്ട്. മാര്‍കോസില്‍ വചനങ്ങള്‍ ഇങ്ങനെയാണ് കൊടുത്തിട്ടുള്ളത്.

.4 അവര്‍ പോയി, തെരുവില്‍ ഒരു പടിവാതില്‍ക്കല്‍ ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു. അവര്‍ അതിനെ അഴിക്കുമ്പോള്‍5 അവിടെ നിന്നിരുന്നവര്‍ അവരോടു ചോദിച്ചു: നിങ്ങളെന്തിനാണ് കഴുതക്കുട്ടിയെ അഴിക്കുന്നത്?6 യേശു പറഞ്ഞതുപോലെ ശിഷ്യന്‍മാര്‍ മറുപടി പറഞ്ഞു. അതിനെ കൊണ്ടുപോകാന്‍ അവര്‍ അനുവദിച്ചു.7 അവര്‍ കഴുതക്കുട്ടിയെ യേശുവിന്റെ അടുത്തു കൊണ്ടുവന്ന്, അതിന്റെ പുറത്ത് തങ്ങളുടെ വസ്ത്രങ്ങള്‍ വിരിച്ചു. അവന്‍ കയറിയിരുന്നു(മാര്‍കോസ് 11:4-7)

മാര്‍കോസില്‍നിന്നും ലൂകൊസില്‍ നിന്നും വിത്യസ്തമായി മത്തായി യേശു ശിഷ്യനാണ് എന്നാണ് ക്രൈസ്തവ പാരമ്പര്യം. ഇവിടെ പക്ഷെ ശിഷ്യന്മാരല്ലാത്ത മാര്‍ക്കോസും, ലൂകൊസും ആണ് പഴയ നിയമം ശരിയായി മനസ്സിലാക്കിയത്‌.

തുടര്‍ന്ന് വരുന്ന പോസ്റ്റുകളില്‍ മറ്റു ചില പ്രവചനങ്ങളും പരിശോധിക്കുന്നതാണ്.

കടപ്പാട്: ഈ ബ്ലോഗിലെ പോസ്റ്റുകള്‍ക്ക് പൊതുവായും, പ്രവചനങ്ങള്‍ സംബന്ധിച്ച പോസ്റ്റുകള്‍ക്ക് പ്രത്യേകമായും, ഓര്‍ക്കുട്ട് കമ്മ്യൂനിടികളില്‍ വച്ച് പരിചയപ്പെട്ട സുഹൃത്ത്‌ ശര്‍ജീലിനോട് കടപ്പാടുണ്ട്. ഗ്രീക്ക്‌ ഭാഷയിലും ബൈബിള്‍ വിഞ്ജാനീയങ്ങളിലും അപാരമായ പാണ്ഡിത്യം ഉണ്ടായിരുന്ന ആ സുഹൃത്ത് അകാലത്തില്‍ നിര്യാതനായി. അദ്ദേഹത്തിന് അല്ലാഹു പൊറുത്തുകൊടുക്കയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യേട്ടെ.