Saturday, October 16, 2010

ബൈബിള്‍ പുതിയനിയമം - ഒരു ലഘുപരിചയം

ക്രൈസ്തവ ബൈബിളിലെ രണ്ടാമത്തെ ഭാഗമായി ക്രോഡീകരിക്കപ്പെട്ട ഇരുപത്തിയേഴ് പുസ്തകങ്ങളുടെ സമാഹാരത്തെയാണ് പുതിയനിയമം എന്ന് വിളിക്കുന്നത്. ഈ പുസ്തകങ്ങള്‍ ഏകദേശം ഒരു നൂറ്റാണ്ട് കാലയളവില്‍ വിത്യസ്ത ആളുകളാല്‍ രചിക്കപ്പെട്ട് വിത്യസ്ത പ്രദേശങ്ങളില്‍ ഉപയോഗിച്ചിരുന്നവയാണ്. ഇവ ഏകപുസ്തകമായി ക്രോഡീകരിക്കപ്പെട്ടതും വേദപുസ്തകത്തിന്‍റെ ഭാഗമായി പരിഗണിക്കപ്പെട്ടതും ക്രമപ്രവൃദ്ധമായാണ്. 

പുതിയനിയമ പുസ്തകങ്ങളെ അവയുടെ ഉള്ളടക്കത്തിന്‍റെ അടിസ്ഥാനത്തില്‍ നാലായി തരം തിരിക്കാം.
  1. സുവിശേഷങ്ങള്‍
  2. അപോസ്തല പ്രവര്‍ത്തികള്‍
  3. കത്തുകള്‍
  4. അപോകലിപ്സ് അഥവാ വെളിപാട് പുസ്തകം
ഈ പുസ്തകങ്ങൾ ആദ്യ കാലഘട്ടങ്ങളില്‍ വിത്യസ്ത ക്രമങ്ങളിൽ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്നുള്ള ബൈബിളുകളില്‍ ഇവ സമാഹരിച്ചിട്ടുള്ളത്, സുവിശേഷങ്ങള്‍, അപോസ്തല പ്രവര്‍ത്തികള്‍, കത്തുകള്‍, വെളിപാട് പുസ്തകം എന്ന ക്രമത്തിലാണ്. 

യേശുവിന്‍റെതായി ഏതെങ്കിലുംരചനകളോ, യേശു എന്തെങ്കിലും എഴുതിയതായുള്ള  സൂചനകളോ പുതിയനിയമ പുസ്തകങ്ങളില്‍ ഇല്ല. പുതിയ നിയമ പുസ്തകങ്ങളില്‍ ആദ്യം രചിക്കപ്പെട്ടത് പൌലോസിന്റെ കത്തുകളാണ്. പൗലോസിന്റെ കത്തുകളിൽ പലതും ക്രിസ്താബ്ദം അന്‍പതുകളില്‍  എഴുതപ്പെട്ടതാണ് എന്നാണു ബൈബിള്‍ പണ്ഡിതന്മാരുടെ അഭിപ്രായം. മറ്റു പുതിയനിയമ പുസ്തകങ്ങള്‍ ഏകദേശം AD 65 നും AD 100 നുമിടക്ക് രചിക്കപ്പെട്ടവയാണ്.

1. സുവിശേഷങ്ങള്‍

സുവാര്‍ത്ത എന്നര്‍ത്ഥമുള്ള god spell എന്ന ആന്ഗ്ലോസാക്സന്‍ വാക്കില്‍ നിന്നാണ് gospel  എന്ന ഇംഗ്ലീഷ് പദം ഉണ്ടായിരിക്കുന്നത്. പുതിയ നിയമത്തിലെ ആദ്യത്തെ നാലു പുസ്തകങ്ങളെയാണ് സുവിശേഷങ്ങള്‍ എന്ന് വിളിക്കുന്നത്.  ഇവ യഥാക്രമം മത്തായി, മാര്‍കോസ്, ലൂകൊസ്, യോഹന്നാന്‍ എന്നിവരുടെ പേരില്‍ അറിയപ്പെടുന്നു. യേശുവിന്‍റെ ജീവിതവും, അധ്യാപനങ്ങളും ആണ് സുവിശേഷങ്ങളുടെ ഇതിവൃത്തം. സുവിശേഷങ്ങള്‍ യേശുവിന്‍റെ ജനനത്തെ ക്കുറിച്ചും, ജ്ഞാനസ്നാനത്തെ ക്കുറിച്ചും, യേശുവിന്‍റെ പരസ്യ ജീവിതത്തെ ക്കുറിച്ചും യേശു കാട്ടിയ അത്ഭുതങ്ങളെക്കുറിച്ചും, യേശുവിന്‍റെ ക്രൂശീകരണത്തെക്കുറിച്ചും, ഉയര്‍ത്തെഴുന്നെൽപ്പിനെക്കുറിച്ചും പ്രതിപാദിക്കുന്നു. 

യേശുവിന്‍റെ കുട്ടിക്കാലത്തെക്കുറിച്ചോ ആദ്യകാല ജീവിതത്തെക്കുറിച്ചോ സുവിശേഷങ്ങള്‍ കാര്യമായ വിവരങ്ങള്‍ നല്‍കുന്നില്ല. സുവിശേഷങ്ങള്‍ നിലവിലുള്ള ബൈബിളില്‍ സമാഹരിച്ചിട്ടുള്ളത് അവ എഴുതപ്പെട്ട ക്രമത്തിലല്ല. ആദ്യം എഴുതെപ്പെട്ട സുവിശേഷം മാര്‍കോസിന്‍റെ സുവിശേഷമാണ്. ഇത് എഴുതപ്പെട്ടത് AD  65 ല്‍ ആയിരിക്കും എന്നാണ് അനുമാനം. പിന്നീട് എഴുതപ്പെട്ട ലൂകൊസും, മത്തായിയും ഏകദേശം 80 നും 90 നും ഇടയിലായിരിക്കും എഴുതപ്പെട്ടത്. അവസാനം എഴുതെപ്പെട്ട  യോഹന്നാന്‍റെ സുവിശേഷത്തിന്റെ രചന ക്രിസ്താബ്ദം 90 കളില്‍ നടന്നിരിക്കണം. നിലവിലെ ബൈബിളില്‍ ഇവ യഥാക്രമം മത്തായി, മാര്‍കോസ്, ലൂകൊസ്, യോഹന്നാന്‍ എന്ന ക്രമത്തില്‍ ചേര്‍ത്തിരിക്കുന്നു.

യേശുവിന്‍റെതായി പുതിയ നിയമത്തില്‍ രചനകള്‍ ഒന്നും ഇല്ല എന്ന് പറഞ്ഞല്ലോ. യേശുവിനെക്കുറിച്ചും യേശുവിന്‍റെ  അധ്യാപനങ്ങളെ ക്കുറിച്ചും ഉള്ള വിവരങ്ങള്‍ ആദ്യ തലമുറകളില്‍ വാമൊഴിയായിട്ടായിരുന്നു പ്രചരിച്ചിരുന്നത്. ഇവയെ പുസ്തകരൂപത്തില്‍ എഴുതി വെക്കാന്‍ ശ്രമിക്കുന്നത് - ഇന്ന് ലഭ്യമായ പുസ്തകങ്ങള്‍ പ്രകാരം -  AD 60 കളില്‍ രചിച്ച മാര്‍കൊസിന്‍റെ സുവിശേഷമാണ്. മാര്‍കോസ് യേശുവിനെക്കുറിച്ച് അന്ന് വാമൊഴിയായി പ്രചരിച്ചിരുന്ന കഥകളാണ് തെന്‍റെ സുവിശേഷ രചനക്ക് ആധാരമാക്കിയത്. 

പിന്നീട് ലൂകൊസും അതെ പോലെ തെന്നെ മത്തായിയും തങ്ങളുടെ സുവിശേഷങ്ങള്‍ രചിക്കാന്‍ മാര്‍കോസിന്‍റെ സുവിശേഷത്തെയാണ് പ്രധാനമായും ഉപയോഗപ്പെടുത്തിയത്. മത്തായിയും, ലൂകൊസും മാര്‍കോസിന്‍റെ സുവിശേഷം ഏകദേശം മുഴുവനായും തെന്നെ തങ്ങളുടെ സുവിശേഷത്തിൽ പകര്‍ത്തിയിട്ടുണ്ട്. മാര്‍കോസിനെ കൂടാതെ മറ്റു ഉറവിടങ്ങളും മത്തായിയും ലൂകൊസും തങ്ങളുടെ സുവിശേഷ രചനക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് അനുമാനിക്കുന്നു. ഈ മൂന്ന് സുവിശേഷങ്ങള്‍ തമ്മില്‍ സാമ്യങ്ങളുള്ളത് കൊണ്ട് ഇവയെ സമാന്തര സുവിശേഷങ്ങള്‍ (synoptic gospels) എന്ന് വിളിക്കുന്നു.

മാര്‍കോസിന്‍റെ സുവിശേഷം അത് ആരാണ് എഴിയത് എന്ന് സ്വയം വ്യക്തമാക്കുന്നില്ല. പക്ഷെ പാരമ്പര്യ വിശ്വാസം അനുസരിച്ച് മാര്‍കോസിന്‍റെ സുവിശേഷം എഴുതിയത്, അപോസ്തലനായ പത്രോസിന്‍റെ ശിഷ്യനായ മാര്‍കോസ് എന്ന വ്യക്തിയാണ്.  യേശുവിന്‍റെ ജീവിതത്തെ ക്കുറിച്ചും, പ്രബോധനങ്ങളെ ക്കുറിച്ചും വളരെ സംക്ഷിപ്തമായ വിവരങ്ങളെ ഈ സുവിശേഷം നല്‍കുന്നുള്ളൂ. ആദ്യം എഴുതപ്പെട്ട ഈ സുവിശേഷം നല്‍കുന്ന ചിത്രം, എല്ലാവിധ പരിമിധികളും ഉള്ള തികച്ചും മനുഷ്യനായ ഒരു യേശുവിന്‍റെതാണ്. യേശു തെന്നെക്കുറിച്ചു വളരെ കുറച്ചു മാത്രം സംസാരിക്കുകയും ദൈവ രാജ്യത്തെ ക്കുറിച്ചു കൂടുതല്‍ സംസാരിക്കുകയും ചെയ്യന്നു ഈ സുവിശേഷത്തില്‍. 

മാര്‍കോസിന്‍റെ സുവിശേഷത്തില്‍ പ്രതിപാദിക്കുന്ന യേശുവിന്‍റെ ഉയിര്‍ത്തെഴുന്നേൽപ്പിനെക്കുറിച്ചുള്ള വചനങ്ങള്‍ (16 ആം അധ്യായത്തില്‍ 9 മുതല്‍ 20 വരെയുള്ള വചനങ്ങള്‍) പില്‍കാലത്ത് എഴുതി ചേര്‍ത്തതാണെന്ന്  ബൈബിള്‍ പണ്ഡിതന്മാര്‍ അഭിപ്രായപപ്പെടുന്നു. ആധുനിക ബൈബിളുകളില്‍ ഈ വചനങ്ങള്‍ ഫുട്നോട്ടില്‍ കൊടുക്കയോ, അതെല്ലെങ്കില്‍ ബ്രാകെറ്റില്‍ കൊടുക്കയോ ആണ് പതിവ്. മാര്‍കോസിന്‍റെ സുവിശേഷം റോമില്‍ (ഇറ്റലി) യില്‍ ആണ് എഴുതപ്പെട്ടത് എന്ന് കരുതുന്നു.

ലൂക്കോസിന്‍റെ സുവിശേഷവും ആരാണ് എഴുതിയത് എന്നതിന് വ്യക്തമായ തെളിവുകള്‍ ഇല്ല, ലൂകോസിന്‍റെ സുവിശേഷം പൌലോസിന്‍റെ  സുഹൃത്തും വിജാതീയരില്‍ നിന്നും പരിവര്‍ത്തനം ചെയ്തയാളുമായ ലൂകൊസ് എന്ന വൈദ്യന്‍ എഴുതിയതാണ് എന്നാണ് പാരമ്പര്യം. ലൂകൊസിന്‍റെ സുവിശേഷത്തിന്‍റെ രചന നടന്നത് സെസെറിയ (Caesarea ) യില്‍ ആണെന്ന് കരുത്തപ്പെടുന്നു. ലൂകൊസിന്‍റെ സുവിശേഷം എഴുതിയ വ്യക്തി, താന്‍ യേശുവിന്‍റെ ജീവിതത്തിന് ദൃക്സാക്ഷി അല്ല എന്നും., തനിക്ക് കിട്ടിയ വിവരങ്ങള്‍ പറയുക മാത്രമാണ് ചെയ്യുന്നത് എന്നും ആമുഖമായി പറയുന്നുണ്ട് (ലൂകൊസ്‌ 1-4).

ക്രിസ്തീയ പാരമ്പര്യം അനുസരിച്ച്, മത്തായിയുടെ സുവിശേഷം യേശു ശിഷ്യനായ മത്തായി എഴുതിയതാണ്. പക്ഷെ ആധുനിക ബൈബിള്‍ പണ്ഡിതന്മാര്‍ പല കാരണങ്ങളാല്‍ ഇത് അംഗീകരിക്കുന്നില്ല. ഉദാഹരണമായി യേശുവിന്‍റെ സന്തത സഹചാരിയായ ഒരാള്‍ക്ക്‌ യേശുവിനെക്കുറിച്ച് സ്വന്തമായി തെന്നെ എഴുതാന്‍ കഴിയും എന്നിരിക്കെ‍, യേശുവിന്‍റ ശിഷ്യനല്ലാത്ത മാര്‍കോസ് എഴുതിയ സുവിശേഷത്തെ അതെപടി പകര്‍ത്തേണ്ട ആവശ്യമില്ല. ബൈബിള്‍ പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ ഈ സുവിശേഷം ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന അജ്ഞാതനായ ഒരു ക്രിസ്ത്യാനി, അപോസ്തലനായ മത്തായിയുടെതെന്ന് കരുതെപ്പെടുന്ന യേശുവിന്‍റെ ഉപദേശങ്ങളുടെ സമാഹാരം ഉപയോഗിച്ച് എഴുതിയാതാകും എന്നതാണ്. 

നാല് സുവിശേഷങ്ങളും യേശു യഹൂദരുടെ വേദഗ്രന്ഥത്തില്‍ പ്രവചിക്കപ്പെട്ട മിശിഹയാണ് എന്ന് സ്ഥാപിക്കാന്‍ വേണ്ടി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ യഹൂദ വേദഗ്രന്ഥങ്ങള്‍ ഉപയോഗിച്ച് ഏറ്റവും അധികം പ്രവചനങ്ങള്‍ നിരത്തുന്നത് മത്തായിയാണ്. അതുകൊണ്ട് തെന്നെ ഈ സുവിശേഷം ഒരു ജൂത സമൂഹത്തിന് വേണ്ടി എഴുതപ്പെട്ടതാണ് എന്ന് അനുമാനിക്കെപ്പെടുന്നു. മത്തായിയുടെ സുവിശേഷം ആന്‍റിയോകില്‍ (സിറിയ) ആണ് എഴുതപ്പെട്ടത് എന്നാണു അനുമാനം.  മത്തായിയും ലൂകൊസും ഏകദേശം 80 നും 90 നും ഇടയിലായിരിക്കും എഴുതപ്പെട്ടത് എന്ന് കരുതുന്നു .

സമാന്തര സുവിശേഷങ്ങളില്‍ നിന്നും തികച്ചും വേറിട്ട ഒരു യേശു ചരിത്രമാണ് ഏറ്റവും അവസാനം എഴുതപ്പെട്ട യോഹന്നാന്‍റെ സുവിശേഷം നല്‍കുന്നത്. യോഹന്നാന്‍റെ സുവിശേഷം യേശു ശിഷ്യനായ യോഹന്നാന്‍ എഴുതിയതാണ് എന്നാണു പാരമ്പര്യം. പക്ഷെ ആധുനിക ബൈബിള്‍ പണ്ഡിതന്മാര്‍ ഇതിനെ  നിരാകരിക്കുന്നു. ചരിത്രപരമായി ഏറ്റവും കൃത്യത കുറഞ്ഞ സുവിശേഷമാണ് നാലാം സുവിശേഷം. ആദ്യകാല ക്രൈസ്തവര്‍ക്കിടയില്‍ ഈ സുവിശേഷത്തിന്റെ ആധികാരികതയെക്കുറിച്ച് അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടായിരുന്നു. 

ഈ സുവിശേഷം‍, മാര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ നിന്നും വിത്യസ്തമായി സാധാരണ മനുഷ്യരേക്കാള്‍ ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്ന ഒരു യേശുവിനെയാണ് വരച്ചു കാണിക്കുന്നത്, അതുകൊണ്ട് തെന്നെ ത്രിത്വവാദികള്‍ യേശുവിന്‍റെ ദിവ്യത്വം സ്ഥാപിക്കാന്‍ ഏറ്റവും അധികം ഉപയോഗിക്കുന്നത് ഈ സുവിശേഷമാണ്. ഈ സുവിശേഷത്തില്‍, ആദ്യം എഴുതപ്പെട്ട സുവിശേഷങ്ങളില്‍ നിന്നും വിത്യസ്തമായി, യേശു തെന്നെക്കുറിച്ചു വളരെയധികം സംസാരിക്കുകയും, ദൈവരാജ്യത്തെ ക്കുറിച്ചു വളരെക്കുറച്ചു മാത്രം സംസാരിക്കുകയും ചെയ്യുന്നു. ഈ സുവിശേഷം എഴുതപ്പെട്ടത് AD 90 കളില്‍ എഫസസില്‍ (Ephesus) വെച്ചാണ് എന്ന് കരുതപ്പെടുന്നു.

സുവിശേഷങ്ങള്‍ എല്ലാം വിത്യസ്ത കാലഘട്ടങ്ങളില്‍ രചിക്കപ്പെട്ടവയാണ് എന്നും വിത്യസ്ത്യ സ്ഥലങ്ങളില്‍ ഉള്ള ക്രിസ്ത്യന്‍ സമൂഹങ്ങൾക്ക് വേണ്ടി എഴുതപ്പെട്ടതാണ് എന്നും പറഞ്ഞുവല്ലോ. അതുകൊണ്ട് തെന്നെ ഒരു സുവിശേഷം ഉപയോഗിക്കുന്ന വിഭാഗം മറ്റു സുവിശേഷങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഇവ ഏക പുസ്തകമായി സമാഹരിക്കുന്നത് കാലങ്ങള്‍ക്കു ശേഷമാണ്. യേശുവിനെക്കുറിച്ച് ഒരൊറ്റ ചരിത്ര ഗ്രന്ഥത്തിന് പകരം നാല് സുവിശേഷങ്ങള്‍ ഉണ്ടാകാനുള്ള  കാരണം ഇതാണ്.

2. അപോസ്തല പ്രവര്‍ത്തികള്‍

അപോസ്തല പ്രവര്‍ത്തികള്‍ ആദ്യകാല ക്രിസ്ത്യാനികളെ ക്കുറിച്ചും, സഭയുടെ ചരിത്രത്തെയും കുറിച്ച് പറഞ്ഞു തരുന്ന പുസ്തകമാണ്. യേശു രംഗം വിട്ടത് മുതല്‍, പൌലോസ്‌  റോമില്‍ സുവിശേഷം പ്രസംഗിക്കുന്നത് വരെയുള്ള ചരിത്രം അത് വിവരിക്കുന്നു. ജെരുസേലം സഭയെക്കുറിച്ചും, അതിന്‍റെ നേതാക്കളെക്കുറിച്ചും സുവിശേഷം പ്രചരിപ്പിക്കാനുള്ള പൌലോസിന്‍റെ യാത്രകളെക്കുറിച്ചുമെല്ലാം ഈ പുസ്തകം പറഞ്ഞു തരുന്നു. 

നാല് സുവിശേഷങ്ങളെ പോലെതെന്നെ ഈ പുസ്തകവും ആരാണ് എഴുതിയത് എന്ന് പറയുന്നില്ല. ലൂകൊസിന്‍റെ സുവിശേഷവും, അപോസ്തല പ്രവര്‍ത്തികളും  ഒരാള്‍ തെന്നെയാണ് എഴുതിയത് എന്ന് കരുതപ്പെടുന്നു. ഈ പുസ്തകത്തിന്‍റെ രചനാകാലഘട്ടത്തെ ക്കുറിച്ച് വിത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ട് AD 65 -67 ല്‍ രചിച്ചതാണ് എന്നും, 80 കളില്‍ രചിച്ചതാണ് എന്നും അഭിപ്രായമുണ്ട്.

3. കത്തുകള്‍

പുതിയനിയമത്തിലെ 21 പുസ്തകങ്ങള്‍ വ്യക്തികള്‍ക്കും സഭകള്‍ക്കും എഴുതിയ കത്തുകളാണ്. ഈ കത്തുകളാണെങ്കിലും  പൊതുവായ കാര്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നതിനാല്‍ അവയെ ലേഖനങ്ങള്‍ (epistles) എന്നും വിളിക്കാറുണ്ട്. 

ഈ കത്തുകളില്‍ ഭൂരിഭാഗവും എഴുതിയിട്ടുള്ളത് പൌലോസ് ആണ്. പൌലോസിന്‍റെതായി 13 കത്തുകളാണ് ബൈബിളില്‍ ഉള്ളത്. അവയുടെ തലക്കെട്ട്‌ അവ ആര്‍ക്കെഴുതിയാണെന്ന് വ്യക്തമാക്കുന്നു. എബ്രായര്‍ക്കെഴുതിയ ലേഖനം പൌലോസ് എഴുതിയതാണ് എന്ന ഒരു ക്രിസ്ത്യന്‍ പാരമ്പര്യം ഉണ്ടെങ്കിലും, ഇന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ എല്ലാവരും തെന്നെ ഈ പുസ്തകത്തിന്‍റെ കര്‍ത്താവ്‌ അജ്ഞാതന്‍ ആണ് എന്ന് കരുതുന്നു. ഈ കത്തുകള്‍ വേദപുസ്തകായി സ്വീകരിക്കപ്പെടും എന്ന് കരുതി എഴുതിയവയാരിരുന്നില്ല. അതുകൊണ്ടു തെന്നെ വ്യക്തിപരമായ പല പരാമര്‍ശങ്ങളും ഈ കത്തുകളില്‍ കാണാം. ഉദാഹരണത്തിന്‌ പൌലോസ് തിമോത്തിയോസിന് എഴുതിയ രണ്ടാമത്തെ ലേഖനത്തിലെ നാലാം അധ്യായത്തിലെ ചില വചനങ്ങള്‍ ശ്രദ്ധിക്കുക.

13 നീ വരുമ്പോള്‍ ഞാന്‍ ത്രോവാസില്‍ കാര്‍പോസ്സിന്‍റെ പക്കല്‍ ഏല്‍പിച്ചിട്ടുപോന്ന എന്‍റെ പുറംകുപ്പായവും പുസ്തകങ്ങളും, പ്രത്യേകിച്ച്, തുകല്‍ച്ചുരുളുകളും കൊണ്ടുപോരണം.14 ചെമ്പുപണിക്കാരനായ അലക്സാണ്ടര്‍ എനിക്കു വലിയ ദ്രോഹം ചെയ്തു. കര്‍ത്താവ് അവന്‍റെ പ്രവൃത്തികള്‍ക്കു പ്രതിഫലം നല്കും.15 നീയും അവനെക്കുറിച്ചു കരുതലോടെയിരിക്കണം. കാരണം, അവന്‍ നമ്മുടെ വാക്കുകളെ ശക്തി പൂര്‍വ്വം എതിര്‍ത്തവനാണ് (2 തിമോത്തേയോസിന് 4:13-15 )
പൌലോസിന്‍റെതല്ലാതെ 7 കത്തുകളാണ് പുതിയനിയമത്തില്‍ ഉള്ളത്. ഏതെങ്കിലും ഒരു പ്രത്യേക ക്രൈസ്ത സമൂഹത്തിനു മാത്രമായല്ലാതെ, സഭയ്ക്കു മുഴുവനുംവേണ്ടി എഴുതപ്പെട്ടവയാണ് ഈ ലേഖനങ്ങള്‍ എന്നതിനാല്‍ ഇവയെ കാതോലിക എഴുത്തുകള്‍ എന്നോ പൊതു എഴുത്തുകൾ  ‍എന്നോ പറയുന്നു. 

കത്തോലിക ലേഖനങ്ങള്‍ യകോബ്,പത്രോസ്, യോഹന്നാന്‍, യൂദാസ് എന്നിവരുടെ പേരില്‍ അറിയപ്പെടുന്നു. ഈ പുസ്തകങ്ങള്‍ അവ ആര് എഴുതിയത് എന്ന് കരുതപ്പെടുന്നുവോ  അവരുടെ പേരില്‍ അറിയപ്പെടുന്നു. എന്നാല്‍ ഈ എഴുത്തുകളില്‍ പലതും അവ ആരോപിക്കപ്പെട്ട വ്യക്തികള്‍ എഴുതിയതല്ല എന്നാണ്  ബൈബിള്‍ പണ്ഡിതന്മാരുടെ പക്ഷം. 

ഉദാഹരണമായി പത്രോസിന്‍റെ പേരില്‍ അറിയപ്പെടുന്ന രണ്ടു ലേഖനങ്ങളും അപോസ്തലനായ പത്രോസ് എഴുതിയിരിക്കാന്‍ സാധ്യതയില്ല എന്നാണു ആധുനിക ബൈബിള്‍ പണ്ഡിതന്മാരില്‍ പലരും അഭിപ്രായപ്പെടുന്നുത്. പത്രോസിന്‍റെ ഒന്നാം ലേഖനവും രണ്ടാം ലേഖനവും ഒരാള്‍ എഴുതിയതല്ല എന്നതുകൊണ്ടും, മറ്റു കാരണങ്ങള്‍ കൊണ്ടും, പത്രോസിന്‍റെ രണ്ടാം ലേഖനം പത്രോസ് എഴുതിയതല്ല എന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ ഏറെക്കുറെ അഭിപ്രായഐക്യം ഉണ്ട്. ആദ്യകാല സഭാ പിതാക്കാന്‍മാര്‍ക്കിടയില്‍ തെന്നെ ഈ പുസ്തകത്തിന്‍റെ ആധികാരികതെയെക്കുറിച്ച് അഭിപ്രായവിത്യാസം ഉണ്ടായിരുന്നു. പത്രോസിന്‍റെ രണ്ടാം ലേഖനം സ്വയം അത് അപോസ്തലനായ പത്രോസ് എഴുതിയതാണ് എന്ന് അവകാശപ്പെടുന്നുണ്ട് എന്നത് ശ്രദ്ധിക്കുക. പക്ഷെ പ്രാചീന കാലത്ത്ആ ളുകള്‍ തങ്ങളുടെ പുസ്തങ്ങള്‍ക്ക് പ്രചാരവും സ്വീകാര്യതയും ലഭിക്കാന്‍ വേണ്ടി, അവ അന്നറിയപ്പെടുന്ന പ്രശസ്ത വ്യക്തികള്‍ എഴുതിയതാണ് എന്ന് അവകാശപ്പെടുന്നതില്‍ തെറ്റ് കണ്ടിരുന്നില്ല. ഇത്തരം എഴുത്തുകളെ വ്യാജപ്പെരുള്ള എഴുത്തുകള്‍ (pseudonymous writings) എന്നാണ് ആധുനിക ബൈബിളുകള്‍ പരിചയപ്പെടുത്തുന്നത്.

പൌലോസിന്റെ എഴുത്തുകളും, കാതോലിക എഴുത്തുകളും ബൈബിളിൽ  ക്രൊഡീകരിക്കപ്പെട്ടിട്ടുള്ളത്, അവയുടെ വലിപ്പത്തിന്‍റെ അടിസ്ഥാനത്തിലാണ്, ഒരോ ഗ്രൂപ്പിലും വലിയ ലേഖനങ്ങള്‍  ആദ്യവും ചെറിയ അവസാനവും ആയി സമാഹരിചിക്കുന്നു. ഈ ലേഖനങ്ങള്‍ ഏകദേശം അര നൂറ്റാണ്ട് കാലയളവിലാണ് വിരചിതമാകുന്നത്. ആദ്യം എഴുതപ്പെട്ട പൌലോസിന്റെ തെസ്സെലോനിയക്കാര്‍ക്കുള്ള ലേഖനം AD 50 കളില്‍ എഴുതപ്പെട്ടതാണ് എങ്കില്‍, യോഹന്നാന്‍റെ പേരില്‍ ഉള്ള ലേഖനങ്ങള്‍ AD 90  കളില്‍ എഴുതപ്പെട്ടതാണ്.

4. അപോകലിപ്സ്

അപോകലിപ്സ് എന്ന ഗ്രീക്ക്‌ പദത്തിന്‍റെ അര്‍ഥം വെളിപാട് എന്നാണ്. പുതിയനിയമത്തില്‍ വെളിപാട് പുസ്തകം മാത്രമാണ് ഈ ഗണത്തില്‍ വരുന്നത്. അപോസ്തലനായ യോഹന്നാനുണ്ടായ വെളിപാടുകളുടെ സമാഹാരണമാണ് ഈ പുസ്തകം എന്നാണ് പാരമ്പര്യ ക്രിസ്തീയ വിശ്വാസം. ക്രിസ്താബ്ദം 90 കളില്‍ ആണ് ഇതിന്‍റെ രചന നടന്നത് എന്ന് കരുതപ്പെടുന്നു.

ബൈബിള്‍ പുതിയനിയമ കനോനീകരണം

ബൈബിള്‍ പുതിയ നിയമത്തിലെ പുസ്തകങ്ങള്‍ ഒന്നും തെന്നെ ദൈവവചനം എന്നാ നിലയില്‍ എഴുതപ്പെട്ടതല്ല എന്ന് സൂചിപ്പിച്ചല്ലോ. ഈ പുസ്തകങ്ങളുടെ കര്‍ത്താക്കള്‍ തങ്ങള്‍ ദൈവനിവേശിദമായാണ് രചന നടത്തിയത് എന്ന് അവകാശപ്പെടുകയോ, ആദ്യകാല ക്രിസ്ത്യാനികള്‍ ഈ പുസ്തകങ്ങളെ വേദപുസ്തകമായി കരുതുകയോ ചെയ്തിരുന്നില്ല. മാത്രവുമല്ല യേശുവിനെക്കുറിച്ച് പ്രതിപാദിക്കുന്ന മറ്റെനേകം പുസ്തകങ്ങള്‍ അന്നുണ്ടായിരുന്നു. അവയില്‍ ഈ പുസ്തകങ്ങള്‍ മാത്രം വേദപുസ്തകമായി തിരഞ്ഞെടുക്കപ്പെടുന്നത് ഇവ എഴുതപ്പെട്ട് വളരെ കാലങ്ങള്‍ക്കു ശേഷമാണ്. ഇതിന്‍റെ ചരിത്രം ക്രിസ്തുമത ചരിത്രത്തോട് ബന്ധപ്പെട്ട് കിടക്കുന്നു.

യഥാര്‍ത്ഥത്തില്‍ യേശു പുതുതായി മതം സ്ഥാപിക്കുകയോ, യഹൂദ ഗ്രന്ഥങ്ങളെ പൂര്‍ണമായും തള്ളിപ്പറയുകയോ ചെയ്തതായി നാം കാണുന്നില്ല. നിലവിലെ ബൈബിളില്‍ ലഭ്യമായ ചരിത്ര പുസ്തകമായ അപോസ്തലപ്രവര്‍ത്തികള്‍ അനുസരിച്ച് യേശുവിന്‍റെ ശിഷ്യന്മാര്‍ യേശുവിനെ ദൈവത്തിന്‍റെ ദാസന്‍ എന്നാണ് വിളിച്ചിരുന്നത്‌. ഇവര്‍  ആരും തെന്നെ യേശു ദൈവമാണെന്നോ ത്രിത്വത്തിലെ ആളത്തമാണെന്നോ വിശ്വസിച്ചിരുന്നില്ല. ഈ ആദ്യ കാല "ക്രിസ്ത്യാനികള്‍" ക്രിസ്ത്യന്‍ യഹൂദർ (Christian Jews) എന്നാണ് അറിയപ്പെടുന്നത്. 

ഇവര്‍ യഥാര്‍ത്ഥത്തില്‍ തോറ പാലിച്ചു വന്നിരുന്ന, ശാബത് നിയമങ്ങളും, കോശര്‍ നിയമങ്ങളും മറ്റും ആചരിച്ചു വന്നിരുന്ന, പരിച്ചെദന  നടത്തിയിരുന്ന മൂന്നു നേരം പ്രാര്‍ഥിച്ചിരുന്ന യാഹൂദന്മാരാണ്.  ഇവരും മറ്റു യഹൂദന്മാരും തമ്മിലുള്ള വിത്യാസം, ഇവര്‍ യേശുവിനെ മിശിഹയായി അംഗീകരിച്ചിരിന്നു എന്നുള്ളതില്‍ മാത്രം പരിമിതമായിരുന്നു. AD 70 ല്‍ ജെറുസലേം തകര്‍ക്കപ്പെടുന്നത് വരെ ഈ ആദ്യ കാല "ക്രിസ്ത്യാനികള്‍" പ്രാര്‍ഥിച്ചിരുന്നതും, പ്രബോധനം നടത്തിയിരുന്നതും ജറുസലേമിലെ യഹൂദ സിനഗോകില്‍ ആയിരുന്നു. യേശു ദൈവമാണ് എന്നവര്‍ പ്രചരിപ്പിച്ചുവെങ്കില്‍ ഇതൊരിക്കലും സാധ്യമാകുമായിരുന്നില്ല എന്നതില്‍ ചരിത്രമാരന്മാര്‍ക്ക് അഭിപ്രയവിത്യാസമൊന്നുമില്ല.

ഈ ക്രിസ്ത്യന്‍-യഹൂദന്മാര്‍ വേദപുസ്തകമായി കരുതിയിരുന്നത് പഴയ നിയമം മാത്രമായിരുന്നു. പല പുതിയനിയമപുസ്തകങ്ങളും അന്ന് രചിക്കപ്പെട്ടിട്ട് പോലുമുണ്ടായിരുന്നില്ല.

എന്നാല്‍ ഇതില്‍ നിന്നും വിത്യസ്തമായ ഒരു ചിത്രമാണ് പൌലോസിന്‍റെ രചനകള്‍ നല്‍കുന്നത്. യേശു മിശിഹയാണ് എന്ന് വിശ്വസിച്ചിരുന്ന, സിനഗോഗുകളില്‍ പ്രാർത്ഥിച്ചിരുന്ന ഈ യഹൂദ വിഭാഗം റോമന്‍ ഭരണാധികാരികളാൽ പീഡിപ്പിക്കപ്പെട്ടിരുന്നു. ഈ പീഡനങ്ങളില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് പൌലോസ്. പിന്നീട് അദ്ദേഹം യേശു തെനിക്ക് പ്രത്യക്ഷപ്പെട്ടു എന്ന് അവകാശപ്പെട്ട് രംഗ പ്രവേശം ചെയ്യുകയും സുവിശേഷം പ്രചരിപ്പിക്കാന്‍ ആരംഭിക്കുകയും ചെയ്തു. 

പൌലോസിന്‍റെ പ്രവര്‍ത്തന മേഖല വിജാതിയരുടെ ഇടയിലായിരുന്നു. പൗലോസ്‌ വിജാതീയരുടെ ഇടയില്‍ തെന്‍റെ മതത്തിന് സ്വീകാര്യത ലഭിക്കുന്ന വിധത്തില്‍, പരിച്ചെദന, കോശര്‍ നിയമങ്ങള്‍ തുടങ്ങിയവ  പാലിക്കേണ്ടതില്ല എന്ന് പഠിപ്പിച്ചു. അതെപോലെതെന്നെ പൗലോസ് യേശുവിനെ ആദ്യകാല സുവിശേഷങ്ങളും യേശുവിന്‍റെ ശിഷ്യന്മാരും പരിചയപ്പെടുത്തിതന്നതില്‍ നിന്നും വ്യത്യസ്‍തമായി ദൈവത്തിന്‍റെയും സൃഷ്ടിയുടെയും ഇടയില്‍ മധ്യവര്‍ത്തിയായി പ്രതിഷ്ടിച്ചു, എന്നാല്‍ പോലും പൌലോസിനും യേശു ദൈവം ആയിരുന്നില്ല എന്നത് ശ്രേദ്ധേയമാണ്. എന്നാൽ പൌലോസിന്‍റെ ഇത്തരം അധ്യാപനങ്ങള്‍ പില്‍കാലത്ത് യേശുവിനെ പൂര്‍ണമായും ദൈവം തെന്നെ ആക്കുന്നതിലേക്ക് ആളുകളെ സഹായിച്ചു എന്ന് മലസ്സിലാക്കാവുന്നതാണ്. 

ആദ്യ നൂറ്റാണ്ടില്‍ ഉണ്ടായിരുന്ന, യേശു ദൈവം ആണ് എന്ന വിശ്വാസത്തെ തള്ളിക്കളയുന്ന Ebionites , Nazarenes, Arians തുടങ്ങിയ ക്രിസ്ത്യന്‍ വിഭാഗങ്ങളെ ക്കുറിച്ച് അറിയാന്‍ ഇന്ന് കാര്യമായ മാര്‍ഗമൊന്നുമില്ല. കാരണം ത്രിത്വത്തെ  അടിസ്ഥാനമാക്കിയുള്ള ക്രിസ്തുമതം റോമിന്‍റെ ഔദ്യോതികമതമായതിനു ശേഷം  അതിനു വിരുദ്ധമായി അന്ന് നിലനിന്നിരുന്ന പുസ്തകങ്ങളും മറ്റും നശിപ്പിക്കപ്പെട്ടു.  

ഇവര്‍ നിലനിന്നിരുന്നു എന്നതിന് ഇവരെ വിമര്‍ശിക്കാന്‍ വേണ്ടി ത്രിത്വ വാദികളായ സഭാപിതാക്കന്മാര്‍ ഇവരെക്കുറിച്ച് എഴുതിയതാണ് എന്ന് ആശ്രയം. യേശു ദൈവമാണ് എന്ന് ആദ്യകാല ക്രിസ്ത്യാനികള്‍ വിശ്വസിച്ചിരുന്നില്ല എന്നും അവര്‍ യഹൂദന്മാരില്‍ നിന്നും വ്യതിരിക്തമായത് യേശുവിനെ മിശിഹയായി അംഗീകരികരിക്കുന്നതില്‍ മാത്രമാണ് എന്നും പറഞ്ഞല്ലോ. എന്നാല്‍ പില്‍കാലത്ത് യേശു ദൈവമാണ് എന്ന വിശ്വാസം പ്രബലമാകുകയും,  ഏകദൈവ വിശ്വാസികളായ ക്രിസ്ത്യാനികളും യേശു ദൈവം ആണെന്ന് വിശ്വസിക്കുന്ന ക്രിസ്ത്യാനികളും തമ്മില്‍ തർക്കങ്ങൾ ഉടലെടുക്കകയും ചെയ്തു.

യേശു ദൈവമല്ല എന്ന് വാദിച്ചവരിൽ പ്രധാനപ്പെട്ട ഒരാളായിരുന്നു അരിയൂസ്‌ (AD 256-336). അരിയൂസ്‌ യേശുവും ദൈവവും ഒന്നാണ് എന്ന വിശ്വാസത്തെ ശക്തമായ എതിര്‍ത്തിരുന്ന ആളായിരുന്നു. അരിയൂസിന്റെ അനുയായികളും യേശു ദൈവമാണ് എന്നു വിശ്വസിച്ചിരുന്ന ആളുകളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കോന്‍സ്ടന്‍റെയിൻ ചക്രവര്‍ത്തി AD 325 ല്‍ വിളിച്ചു ചേര്‍ത്ത കൌണ്‍സില്‍ ആണ് നൈസിയന്‍ കൌണ്‍സില്‍ (First Council of Nicaea) എന്നറിയപ്പെടുന്നത്. ഇതില്‍ രണ്ടു വിഭാഗം ആളുകളും തങ്ങളുടെ വാദങ്ങള്‍ ശക്തമായി അവതരിപ്പിച്ചു, അവസാനം കൌണ്‍സില്‍ യേശു ദൈവമാണ് എന്ന് വിശ്വസിക്കുന്നവര്‍ക്കനുകൂലമായി വിധി പ്രസ്താവിച്ചു. ആരിയനിസവും അതുപോലെയുള്ള യേശു ദൈവമാണ് എന്ന് നിരാകരിക്കുന്ന മറ്റു വിശ്വാസങ്ങള്‍ എല്ലാം തെന്നെയും മതവിരുദ്ധമാണ് (heretics) എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഈ കൌണ്‍സില്‍ ആണ് യേശു പൂര്‍ണമായ ദൈവവും പൂര്‍ണമായ മനുഷ്യനും ആണ് എന്ന് പ്രഖ്യാപിക്കുന്ന  നൈസിയന്‍ വിശ്വാസ സംഹിത രൂപപ്പെടുത്തുന്നത്.  ആരിയന്‍ ജീവിച്ചിരിക്കെ തെന്നെ അദ്ദേഹത്തിന്‍റെയും ത്രിത്വതിനെതിരെയും എഴുതെപ്പെട്ട മുഴുവന്‍ മറ്റ് പുസ്തകങ്ങളും കത്തിക്കപ്പെട്ടു. ഇന്ന് ഇവരെക്കുറിച്ച് മനസ്സിലാക്കുന്നത് ഇവരുടെ എതിരാളികള്‍ എഴുതിയ പുസ്തകങ്ങളില്‍ നിന്നാണ്.

ഇവിടം മുതല്‍ ആണ് ഇന്നറിയപ്പെടുന്ന ക്രിസ്റ്യാനിടി റോമിലെ ഔദ്യോതിക മതമായി തുടങ്ങുന്നത്. പിന്നീട് AD 380 ല്‍ ആണ് ത്രിത്വതെ അടിസ്ഥാനമാക്കിയുള്ള ക്രിസ്തുമതം റോമിലെ ഔദ്യോദിക മതമായി പ്രഖ്യാപിക്കപ്പെടുന്നതും അതിന് വിരുദ്ധമായ അഭിപ്രായം പ്രകടിപ്പിക്കുന്നവരെയെല്ലാം മതവിരുദ്ധര്‍ (herectics) മുദ്രകുത്തുന്നതും. അപ്പോഴേക്കും ക്രിസ്തുമതം യേശുവിന്‍റെ പ്രബോധനങ്ങളില്‍ നിന്നും എത്രയോ അകന്നു പോയിരുന്നു. ഇന്ന് നിലനില്‍ക്കുന്ന സുവിശേഷങ്ങള്‍ പണ്ട് കാലത്ത്  പ്രചരിച്ചിരുന്ന പല സുവിശേഷങ്ങളില്‍ നൈസിയന്‍ വിശ്വാസ സംഹിതയുമായി യോചിക്കുന്ന നാലെണ്ണം മാത്രമാണ്.

കാനോന്‍ എന്ന ഗ്രീക്ക്‌ പദത്തിന്‍റെ അര്‍ത്ഥം മാനദണ്ഡം എന്നാണ്. ഔദ്യോതികമായി ബൈബിളില്‍ ഉള്‍പ്പെടുത്തെപ്പെട്ട പുസ്തകങ്ങളെക്കുറിക്കാനാണ് കാനോന്‍ എന്ന വാക്ക് ഉപയോഗിക്കുന്നത്.

 ആദ്യമായി ഒരു പുതിയനിയമ കാനോനിനെ ക്കുറിച്ചു സംസാരിക്കുന്നത്  AD 85-160 ല്‍ ജീവിച്ചിരുന്ന മാര്‍സിയോണ്‍ (Marcion) ആണ്. മാര്‍സിയോണ്‍ പഴയ നിയമം പരിചയപ്പെടുത്തുന്നത് ക്രൂരനായ ദൈവത്തെയാണ് എന്നും അത് യേശുവിന്‍റെ ആദ്യപനങ്ങളും ആയി യോചിച്ചുപോകില്ല എന്നും വിശ്വസിച്ചു. അതുകൊണ്ട് തെന്നെ മാര്‍സിയോണ്‍ പഴയ നിയമത്തെ പൂര്‍ണമായും തള്ളി പറഞ്ഞു. പകരം ലൂകൊസിന്‍റെ സുവിശേഷത്തിന്‍റെ ചില ഭാഗങ്ങളും, പൌലോസിന്‍റെ പത്തു ലേഖനങ്ങളും ഉള്‍പ്പെടെ 11 പുസ്തകങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു കാനോന് രൂപം നല്‍കി. പഴയനിയമ ബൈബിലെ ദൈവം മറ്റൊരു ദൈവമാണ് എന്നാണ് മാര്‍സിയോണ്‍  വാദിച്ചത്. മാര്‍സിയോന്‍റെ പുസ്തകങ്ങളൊന്നും തന്നെ ഇന്ന് ലഭ്യമല്ല, അവ നശിപ്പിച്ചതാകും എന്ന് കരുത്തപ്പെടുന്നു. മാര്‍സിയോണ് ശേഷം ആദ്യകാല സഭാപിതാക്കന്മാര്‍ വിത്യസ്ത പുസ്തകങ്ങള്‍ കാനോന്‍ ആയി അംഗീകരിച്ചിരുന്നുവെങ്കിലും എല്ലാവരാലും അംഗീകരിക്കപ്പെടുന്ന ഒരു കാനോന്‍ ഉണ്ടാകുന്നത് പിന്നെയും വളരെ കാലങ്ങള്‍ക്കു ശേഷം, നാലാം നൂറ്റാണ്ടില്‍, കൊന്‍സ്ടന്‍റെയിന്‍ ചക്രവര്‍ത്തി ക്രിസ്തുമതം റോമിലെ ഔദ്യോതിക മതമായി പ്രഖ്യാപിച്ചതിനും ശേഷമാണ്.

മുറാത്തോറിയന്‍ കാനോന്‍ (Muratorian ) ഇത്തരത്തില്‍ രേഖപ്പെട്ട  പുരാതന "കാനോന്‍" പട്ടികയാണ്.    ഒറിഗന്‍ Origen (A.D. c. 185 - 254), യൂസബിസ്‌ Eusebius Of Caesarea (A.D. 265 - 340), അതനാസിയാസ് Athanasius (A.D. 367) തുടങ്ങിയവരെല്ലാം പുതിയനിയമത്തിന് വിത്യസ്ത കാനോനുകള്‍ ഉണ്ടാക്കിയവരാണ്. ഇവര്‍ക്ക് പുറമേ വിത്യസ്ത ചര്‍ച്ചുകള്‍ വിത്യസ്ത കാനോന്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇന്ന് നിലവിലുള്ള 27 പുസ്തകങ്ങള്‍ ഉള്‍കൊള്ളുന്ന പുതിയ നിയമ കാനോന്‍ അന്ഗീകരിച്ചത് AD393 ള്‍ നടന്ന ഹിപ്പോ (Hippo) കൌണ്‍സിലില്‍ വച്ചാണ് ‌. ഈ കാനോന്‍ AD 397ല്‍ കാര്‍ത്തേജില്‍ (Carthage) വച്ച് നടന്ന  കൌണ്‍സിലില്‍ വച്ച് ഉറപ്പിക്കുകയും ചെയ്തു. 

നിലവിലെ ബൈബിളിലെ 27 പുസ്തകങ്ങള്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്ക് ശേഷം  തീരുമാനിക്കപ്പെട്ടതാണ് എന്നര്‍ത്ഥം. നിലവിലെ ബൈബിളില്‍ നിന്നും  പുറം തള്ളിയ പുസ്തകങ്ങളില്‍ ആദ്യകാലക്രൈസ്തവ വിഭാഗങ്ങളില്‍ പ്രസിദ്ധമായ ഒരു പക്ഷെ ഇന്നത്തെ ബൈബിളില്‍ ഉള്ള ചില പുസ്തകങ്ങളെക്കാള്‍  പ്രസിദ്ധമായ പുസ്തകങ്ങളും  ഉണ്ട്. Didache , Shepherd of Hermas, Epistle of Barnabas പോലുള്ളവ ഉദാഹരണങ്ങളാണ്. 

6 comments:

  1. സുബൈര്‍,

    ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വളരെയധികം വിശദീകരണങ്ങളോടെ പുസ്തകരൂപത്തില്‍ ലഭ്യമാണ്. ബൈബിളിന്റെ ദൈവീകത വിമര്‍ശനങ്ങള്‍ വസ്തുതകള്‍ എന്ന പേരില്‍ എം എം അക്ബര്‍ രചിച്ച, നിച് ഓഫ് ട്രുത്ത് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം നൂറു രൂപയ്ക്ക് വാങ്ങുവാന്‍ ലഭിക്കും.

    ReplyDelete
  2. സന്തോഷ്‌, താങ്കള്‍ പറഞ്ഞ പുസ്തകം ഞാന്‍ വായിച്ചിട്ടുണ്ട്. അതിന്‍റെ സോഫ്റ്റ്‌ കോപ്പി സൌജ്യനമായി താഴെകൊടുത്ത ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

    http://www.nicheoftruth.org/pages/books.asp?action=viewbooks&lang=Malayalam

    പക്ഷെ ഈ പോസ്റ്റിനു പ്രധാനമായും ആധാരമാകിയത് ആ പുസ്തകമല്ല. Bruce Metzger ഉം Ronald E Murphy യും എഡിറ്റ്‌ ചെയ്തു Oxfor University പ്രസിദ്ധീകരിച്ച New Revised Standard Version(NRSV)Annotated Bible ല്‍ പുതിയ നിയമത്തിന് നല്‍കിയ ആമുഖമാണ് ഈ ബ്ലോഗിന് പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത്. പുതിയ നിയമ പുസ്തകങ്ങളുടെ തരം തിരിവിനും, കാല നിര്‍ണയത്തിനും, ഗ്രന്ഥകര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്കും ആശ്രയിചിട്ടുള്ളത് ഈ ബൈബിളാണ്. ബൈബിള്‍ കാനോന്‍ ചരിത്രത്തെ ക്കുറിച്ച് കത്തോലിക് എന്‍സൈക്ലോപീഡിയ വിശദമായി പ്രടിപാദിക്കുന്നതും വായിച്ചിരുന്നു (ഇത് ഓണ്‍ലൈനില്‍ ലഭ്യമാണ് Catholic Encyclopedia:Canon of the New Testament ).

    NAB പോലെയുള്ള ബൈബിലുകളുടെ ആമുഖതിലും, പുതിയ നിയമ ചരിത്രം പ്രതിപാദിക്കുന്ന മറ്റേതു പുസ്തകത്തിലും ഇവിടെ പറഞ്ഞ കാര്യങ്ങള്‍ മിക്കവരും എല്ലാം അതെ പടി കാണാവുന്നതാണ്.

    മുഖ്യധാര ബൈബിള്‍ പണ്ഡിതന്മാര്‍ പറയുന്ന കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ ഇവിടെ കൊടുത്തതില്‍ ഭൂരിഭാഗവും. ബൈബിള്‍ ചരിത്രം വ്യക്തമാക്കുന്ന പുസ്തകങ്ങളിലും, താങ്കള്‍ പറഞ്ഞ അക്ബര്‍ എഴുതിയ പുസ്തകത്തിലും ഞാന്‍ സംഗ്രഹിച്ച് പറഞ്ഞ കാര്യങ്ങള്‍ വിശദമായി പറഞ്ഞിട്ടുണ്ട് എന്നതും ശരിയാണ്.

    ReplyDelete
  3. സന്തോഷ്

    അതുകൊണ്ടെന്താ പ്രശ്‌നം. അതുതന്നെയാണ് ഇതിവിടെ പ്രസക്തമാകുന്നതും. വളരെയധികം വിശദീകരണങ്ങളോടെയുള്ള ആ പുസ്തകങ്ങള്‍ താങ്കളടക്കുമുള്ളവര്‍ പേര് കേള്‍ക്കുകയല്ലാതെ വായിച്ച ലക്ഷണം കാണിക്കുന്നില്ല. അതിന്റെ തനിപകര്‍പ്പാണെങ്കിലും ഇവിടെ ചര്‍ചക്ക് സാധ്യമാണ് എന്നതിനാല്‍ പ്രസക്തമാണ്. മാത്രമല്ല. ഇ.എ.ജബ്ബാറും മുഹമ്മദാലിയും തങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലുള്ളത് തന്നെയാണ് ബ്ലോഗില്‍ പോസ്റ്റായി പ്രസിദ്ധീകരിക്കുന്നതും. സംശയനിവൃത്തി വരുത്താനും മറ്റും ബ്ലോഗിലെ ചര്‍ച ഉപകരിക്കും. അതുകൊണ്ടാണ് നിങ്ങളും സാജനും ഇക്കാര്യം ബ്ലോഗിലിട്ടപ്പോള്‍ ഞാന്‍ പിന്തുണച്ച് ചര്‍ചയില്‍ പങ്കെടുത്തത്. എന്നാല്‍ താമസിയാതെ രണ്ടു പേരും ആ ബ്ലോഗുതന്നെ ഒഴിവാക്കുകയായിരുന്നു. ഇസ്്‌ലാമിക പക്ഷത്ത് നിന്നാണ് ഈ ചര്‍ച എന്നത് ഒരു പോരായ്മ തന്നെയാണ് അത് പരിഹരിക്കേണ്ടത് നിങ്ങളെപോലുള്ളവര്‍ ചര്‍ചയില്‍ പങ്കെടുത്താണ് എന്ന് ഉണര്‍ത്തുന്നു.


    @സുബൈര്‍,

    ക്രി. 355 ചേര്‍ന്ന നിഖിയാ കൗണ്‍സിലാണ് സുവിശേഷങ്ങളെ കാനോനികമായി അംഗീകരികച്ചത് എന്ന് ചില പുസ്തകങ്ങളില്‍ കാണുന്നു. (ഖുര്‍ആന്റെ മൗലികത, പോജ് 82 എം.എം അക്ബര്‍.) അതേ സമയം അത് കി. 393 ല്‍ ഹിപ്പോ കൗണ്‍സിലില്‍ വെച്ചാണ് എന്ന് താങ്കളിവിടെയും പറയുന്നു. എന്താണ് വസ്തുത. (ബൈബിളിന്റെ ദൈവികത എന്ന പുസതകത്തില്‍ ഇത് അദ്ദേഹം അംഗീകരിക്കുന്നുമുണ്ട്.)

    സന്തോഷിനുള്ള പ്രതികരണം നേരത്തെ എഴുതിയതാണ്. പക്ഷെ പോസ്റ്റു ചെയതില്ല. അക്ബറിന്റെ പുസ്തകത്തില്‍നിന്നല്ല എന്ന് എനിക്ക് തോന്നിയിരുന്നു.

    ReplyDelete
  4. ക്രി. 325 ചേര്‍ന്ന നൈസിയ കൌണ്‍സില്‍ (Council of Nicaea ) പ്രധാനമായും യേശുവും ദൈവവും തമ്മിലുള്ള ബന്ധത്തെ പറ്റിയുള്ള ആരിയന്റെ അനുയായികളും, അതനാസിയസിന്റെ ആളുകളും തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ വേണ്ടി ചേര്‍ന്നതാണ് എന്നാണു ഞാന്‍ വായിച്ചത്. ഈ കൌണ്‍സില്‍ ആണ് വോട്ടെടുപ്പിലൂടെ (വോട്ടെടുപ്പ് നടന്നില്ല എന്നും ചിലപുസ്തകങ്ങളില്‍ വായിച്ചിട്ടുണ്ട്) യേശുവും ദൈവവും ഒന്നാണ് എന്നുള്ള നൈസിയന്‍ വിശ്വാസ സംഹിത (Nicaean Creed) പ്രഖ്യാപിച്ചത്. ഇതിനെ തുടര്‍ന്ന്, ഈ വിശ്വാസം അന്ഗീകരിക്കാത്ത പുസ്തകങ്ങള്‍ നശിപ്പിക്കപെടുകയും ആരിയനെയും മറ്റും നാടുകടത്തപ്പെടുകയും ചെയ്തുഎന്നും കാണുന്നു. ആ അര്‍ത്ഥത്തില്‍ ത്രിത്വത്തെ അംഗീകരിക്കുന്ന പുസ്തകങ്ങള്‍ മാത്രം നിലനില്‍ക്കാന്‍ ഈ കൌണ്‍സില്‍ കാരണമായിരിക്കാം. എന്നാല്‍ ഈ കൌണ്‍സില്‍ പുതിയ നിയമ പുസ്തകങ്ങള്‍ തിരഞ്ഞെടുത്തോ എന്നനിക്കറിയില്ല. വളരെ പരിമിതമായ അറിവ് മാത്രമേ ഈ വിഷയത്തില്‍ എനിക്കുള്ളൂ എന്നും അറിയിക്കട്ടെ.

    ReplyDelete
  5. <> ക്രി. 325 ചേര്‍ന്ന നൈസിയ കൌണ്‍സില്‍ (Council of Nicaea ) പ്രധാനമായും യേശുവും ദൈവവും തമ്മിലുള്ള ബന്ധത്തെ പറ്റിയുള്ള ആരിയന്റെ അനുയായികളും, അതനാസിയസിന്റെ ആളുകളും തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ വേണ്ടി ചേര്‍ന്നതാണ് എന്നാണു ഞാന്‍ വായിച്ചത്. <>

    നൈസിയ കൌണ്‍സില്‍ -ന്റെ അജണ്ടയില്‍ ഒന്ന് മാത്രം ആയിരുന്നു ഈ വിഷയം

    കൂടുതല്‍ വായനയ്ക്ക് ഈ ലിങ്കുകള്‍ ഉപകരിക്കും

    1. First Council of Nicaea

    2. Arianism

    3. Nicene Creed

    ReplyDelete
  6. ടൈപ്പ് ചെയ്ത മറുപടി ഫയര്‍ ഫോക്സ് ക്രാഷ്‌ ആയതോടുകൂടി നഷ്ടപ്പെട്ടു. ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. ഈ പോസ്റ്റ്‌ ഒരു ലഘു പരിചയപെടുതല്‍ മാത്രമല്ലേ ആകുന്നുള്ളൂ. വിശദമായി പരിചയപ്പെടുതുമ്പോള്‍ മറുപടി പറയുന്നതാകും നല്ലത് എന്ന് കരുതുന്നു. താങ്കള്‍ എവിടെ നിന്ന് കോപ്പി ചെയ്തു എന്നത് എനിക്കൊരു പ്രശ്നമായി തോന്നുന്നില്ല. മാറ്റര്‍ മാത്രമേ ഞാന്‍ ശ്രദ്ധിക്കുന്നുള്ളൂ.
    ഒരു നിര്‍ദ്ദേശം ഉള്ളത്‌, ഒരു വിഷയം മാത്രമായി പോസ്റ്റ്‌ ചെയ്താല്‍ മറുപടി പറയാന്‍ എളുപ്പമാകും.

    ReplyDelete