Friday, October 29, 2010

ത്രിയേകത്വ ദൈവ സങ്കല്‍പം

ക്രിസ്തുമതത്തിലെ ദൈവ സങ്കല്‍പം ആണ്  ത്രിയേകത്വം.  പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്  എന്നീ മൂന്ന് ആളുകള്‍ ചേര്‍ന്ന ഏകദൈവം എന്ന സങ്കല്പത്തെയാണ് ആണ് ത്രിയേകത്വം എന്ന് പറയുന്നത്. ഇതിലെ ഓരോ ആളും അനാദിയും, സര്‍വവ്യാപിയും, സര്‍വ ജ്ഞാനിയും, എല്ലാത്തിനും കഴിവുള്ളവനുമായ  ദൈവവം ആകുന്നതോടോപ്പം തെന്നെ, മൂന്ന് ദൈവങ്ങള്‍  ഇല്ല എന്നും പകരം ഒരേ ഒരു ദൈവം മാത്രമേയുള്ളൂവെന്നും ത്രിയേകെത്വം പറയുന്നു.

 

ചിത്രത്തില്‍ ത്രിത്വത്തിലെ മൂന്ന് ആളുകളെ(persons) കാണിച്ചിരിക്കുന്നു, ഈ മൂന്ന് ആളുകളും പൂര്‍ണമായ അര്‍ത്ഥത്തില്‍ ദൈവമാണ്. അതെ പോലെ തെന്നെ പിതാവും, പുത്രനും  പരിശുദ്ധാത്മാവും വിത്യസ്തങ്ങളും ആണ്. എന്നാല്‍ ദൈവം ഏകനാണ് താനും. 

നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അത്തനാസിയൂസിന്‍റെ പേരില്‍ അറിയപ്പെടുന്നതും എന്നാല്‍ ആറാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടത് എന്ന് കരുതപ്പെടുന്നതും ത്രിത്വത്തെ വിശദീകരിക്കുന്നതും ആയ അതനാസിയന്‍ വിശ്വാസ സംഹിതയുടെ (Athanasian Creed) ഒരു ഭാഗം ഇങ്ങനെയാണ്.

For there is one Person of the Father, another of the Son, and another of the Holy Ghost. But the Godhead of the Father, of the Son and of the Holy Ghost is all One, the Glory Equal, the Majesty Co-Eternal. Such as the Father is, such is the Son, and such is the Holy Ghost. The Father Uncreate, the Son Uncreate, and the Holy Ghost Uncreate. The Father Incomprehensible, the Son Incomprehensible, and the Holy Ghost Incomprehensible. The Father Eternal, the Son Eternal, and the Holy Ghost Eternal and yet they are not Three Eternals but One Eternal. As also there are not Three Uncreated, nor Three Incomprehensibles, but One Uncreated, and One Uncomprehensible. So likewise the Father is Almighty, the Son Almighty, and the Holy Ghost Almighty. And yet they are not Three Almighties but One Almighty.

So the Father is God, the Son is God, and the Holy Ghost is God. And yet they are not Three Gods, but One God. So likewise the Father is Lord, the Son Lord, and the Holy Ghost Lord. And yet not Three Lords but One Lord

വ്യക്തമായും  വൈരുധ്യം പുലര്‍ത്തുന്ന പ്രസ്താവനകളാണ് മുകളില്‍ ഉള്ളത് എന്ന് കാണാം. അതുകൊണ്ട് തെന്നെ ത്രിത്വത്തെ വിശദീകരിക്കാനോ, യുക്തിപരമായി ഉള്‍ക്കൊള്ളുവാനോ കഴിയില്ല.

 

ത്രിയേകത്വത്തിന്റെ  ചരിത്രം

ത്രിയെകത്വം എന്ന വാക്കോ, ആ സങ്കല്‍പമോ ആദ്യകാല ക്രിസ്ത്യാനികള്‍ക്ക് പരിചയമുള്ളതല്ല. ആദ്യകാല ക്രിസ്ത്യാനികള്‍ യഥാര്‍ത്ഥത്തില്‍ ജൂദന്മാരില്‍ നിന്നും വ്യക്തിരിക്തമാകുന്നത് യേശു മിശിഹയാണ് എന്ന് വിശ്വസിക്കുന്നതില്‍ മാത്രമായിരിന്നു. ഈ യഹൂദ ക്രിസ്ത്യാനികളെ ആദ്യകാല  റോമന്‍ ഭരണാധികാരികള്‍ പീഡിപ്പിച്ചിരു‍ന്നു. ഇതിന് അറുതി വരുന്നത്  കോൺസ്റ്റന്റൈൻ ചക്രവർത്തി AD 312 ല്‍ Milvian Bridge യുദ്ധം ജയിക്കുകയും റോമിന്‍റെ ഭരണാധികാരിയാകുകയും ചെയ്തതിനു ശേഷമാണ്. ക്രിസ്ത്യന്‍ ദൈവം തനിക്ക് പ്രത്യക്ഷപ്പെടുകയും യുദ്ധത്തില്‍ വിജയം ഉറപ്പു നല്‍കുകയും ചെയ്തതിനാലാണ് താന്‍ ജയിച്ചത്‌ എന്ന് കരുതിയ   കോണ്‍സ്റ്റന്റൈന്‍  ക്രിസ്തുമതത്തിന് റോമില്‍ അംഗീകാരം നല്‍കയും തല്‍ഫലമായി പീഡനത്തിന് അറുതി വരുകയും ചെയ്തു. 

കോണ്‍സ്റ്റന്റൈന്‍റെ ഭരണ കാലത്താണ് യേശുവും ദൈവവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്ന് നിലനിന്നിരുന്ന വിവാദങ്ങള്‍ അതിൻ്റെ പാരമ്യതയില്‍ എത്തുന്നത്‌. യേശുവും ദൈവവും ഒന്നല്ല എന്നും യേശുവിന് ആരംഭമുണ്ടെന്നും വാദിച്ചിരുന്നയാളായിരുന്നു അരിയൂസ്. 

അലക്സാണ്ട്രിയയിലെ ബിഷപ് ആയിരുന്ന അലക്സാണ്ടർ,‍ AD 321 ല്‍ വിളിച്ചു കൂട്ടിയ അലക്സാണ്ട്രിയ സുനഹദോസില്‍, അരിയൂസ് തെൻ്റെ വാദങ്ങള്‍ നിരത്തി. തല്‍ഫലമായി അരിയൂസിനെ പ്രസ്തുത കൌണ്‍സില്‍ നാടുകടത്തി.  എന്നാല്‍ അരിയൂസിനെ നാട് കടത്തിയതിന് ശേഷവും അദ്ദേഹത്തിന് കൂടുതല്‍ അനുയായികള്‍ ലഭിക്കുകയും, യേശു ദൈവമാണ് എന്നും അല്ല എന്നും വിശ്വസിക്കുന്നവരായ രണ്ടു പ്രബല ചേരികള്‍ ഉണ്ടാകുകയും ചെയ്തു. ഈ ചേരി തിരിവ് തെൻ്റെ സാമ്രാജ്യാതിൻ്റെ ഭദ്രതയ്ക്ക് ദോഷമാണ് എന്ന് മനസ്സിലാക്കിയ കോണ്‍സ്റ്റന്റൈന്‍  ചക്രവര്‍ത്തി, ഈ തര്‍ക്കം പരിഹരിക്കാന്‍ നിഖിയ (നൈസിയ) എന്ന സ്ഥലത്ത് AD 325 ല്‍ വിളിച്ചു ചേര്‍ത്ത സുനഹദോസ് ആണ് നിഖിയ സുനഹദോസ് എന്നറിയപ്പെടുന്നത്. ഈ കൌണ്‍സില്‍ അരിയൂസിൻ്റെ വാദങ്ങള്‍ക്ക് എതിരായി തീരുമാനമെടുക്കുകയും യേശുവും ദൈവവും ഏക സത്തയാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. നിഖിയ കൌണ്‍സിലില്‍ പങ്കെടുത്ത ബിഷപ്പുമാര്‍, യേശുവും ദൈവവും ഒന്നാണെന്ന വിശ്വാസ സംഹിത അംഗീകരിച്ചുവെങ്കിലും, ആ കൌണ്‍സിലിലും ത്രിത്വത്തെക്കുറിച്ചോ പരിശുദ്ധാത്മാവിനെക്കുറിച്ചോ ഉള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നില്ല.

പിന്നീട് AD 381 ല്‍, തിയോഡോസിസ് ഒന്നാമന്‍ (Theodosius I )‍ കോണ്‍സ്റ്റാന്ടിനോപ്‌ളില്‍ വിളിച്ചു ചേര്‍ത്ത സുനഹദോസില്‍ വെച്ചാണ് പരിശുദ്ധാത്മാവിനെക്കൂടി ഉള്‍പ്പെടുത്തി ത്രിയേകത്വ സിദ്ധാന്തം അംഗീകരിക്കപ്പെടുന്നത്. തിയോഡോസിസ് ഒന്നാമന്‍ തെന്നയാണ്  നിഖിയ വിശ്വാസസംഹിത‍ അടിസ്ഥാനമാക്കിയ ക്രിസ്ത്യാനിറ്റിയെ റോമിലെ നിയപരമായ ഒരേ ഒരു മതമായി പ്രഖ്യാപിക്കുന്നതും, മറ്റു വിശ്വാസങ്ങള്‍ സ്വീകരിക്കുന്നവരെയെല്ലാം പാഷാണ്ഡമാരായും (heretics), മറ്റു വിശ്വാസങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്യുന്നത്. പിന്നീട്   AD 553 ല്‍ നടന്ന രണ്ടാം കോണ്‍സ്റ്റാന്ടിനോപിൾ സുനഹദോസ് ആണ് യേശുവിന്‍റെ മാതാവായ മറിയത്തെ ദൈവമാതാവായും നിത്യകന്യകയായും പ്രഖ്യാപിക്കുന്നത്.

ഇതില്‍ നിന്നും മനസ്സിലാകുന്നത് ത്രിത്വദൈവ സങ്കല്‍പം യേശുവിനു ശേഷം കുറഞ്ഞത് മൂന്ന് നൂറ്റാണ്ടുകള്‍ കൊണ്ട്  പരിണമിച്ചുണ്ടായ ഒരു ദൈവ സങ്കല്‍പമാണ് എന്നതാണ്. അതെ പോലെ തെന്നെ ഈ ദൈവ സങ്കല്‍പം സ്വീകരിക്കപ്പെട്ടത്‌ വെളിപാടുകള്‍ക്കുപരി, കൂടിയാലോചനകളുടെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ ആണ് എന്നും മനസ്സിലാക്കാം.

ത്രിയേകത്വവും വേദപുസ്തകവും 

ത്രിയെകത്വ ദൈവ സങ്കല്‍പം  ക്രൈസ്തവതയുടെ അടിസ്ഥാന സങ്കല്പമാണെങ്കില്‍ കൂടിയും,  ബൈബിളിൽ എവിടെയും ഈ വാക്കോ ഇതിനോട് സമാനമായ പദങ്ങളോ ഇല്ല. ബൈബിളില്‍ എവിടെയും ത്രിത്വ ദൈവ സങ്കല്‍പത്തെ   വ്യക്തമായി പ്രതിപാതിക്കുന്ന വചനങ്ങളും ഇല്ല. ബൈബിളില്‍ ചില സ്ഥലങ്ങളില്‍ പിതാവിനെയും, പുത്രനെയും പരിശുദ്ധാത്മാവിനെയും ഒരുമിച്ചു പറയുന്നുണ്ടെങ്കിലും ഇവയെല്ലാം ഒന്നാണ് എന്നോ ഇവ കൂടി ചേര്‍ന്നതാണ് ദൈവം എന്നോ സൂചിപ്പിക്കുന്നില്ല. എന്നാല്‍ പലപ്പോഴും ത്രിത്വ വാദികള്‍ ത്രിത്വത്തിന് തെളിവായി എടുക്കാറുള്ളത്, ഈ മൂന്ന് ആളുകളെയും ഒരുമിച്ചു പരാമര്‍ശിക്കുന്ന  ഇത്തരം വചനങ്ങളെയാണ്‌.

ബൈബിള്‍ ത്രിത്വം ഇല്ല എന്ന് മാത്രമല്ല, അതിന് വിരുദ്ധമായ പരാമര്‍ശങ്ങളും കാണാന്‍ കഴിയും. അതനാസിയന്‍ വിശ്വാസ സംഹിത പ്രകാരം ത്രിത്വത്തിലെ മൂന്ന് ആളുകളും തുല്യ സ്ഥാനമുള്ളവരാണ്, ഒരാളും മറ്റുള്ളവരേക്കാള്‍ ഉയര്‍ന്നവരോ താഴ്ന്നവരോ അല്ല. പക്ഷെ ബൈബിള്‍ ഈ രീതിയില്‍ ഈ ആളുകളെ പരിചയപ്പെടുതുന്നില്ല. മാത്രവുമല്ല  ബൈബിളില്‍ പിതാവ് എന്നെക്കാള്‍ ഉയര്‍ന്നവനാണ് എന്ന് യേശു തെന്നെ പറഞ്ഞതായി ഉദ്ധരിക്കുന്നുണ്ട്.

എന്നാല്‍ ബൈബിളില്‍ ത്രിത്വത്തെ വ്യക്തമായി പരാമര്‍ശിക്കുന്ന ഒരു വചനം ,മധ്യകാലഘട്ടങ്ങളില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു. ഈ വചനം പില്‍കാലത്ത് ബൈബിളില്‍ കടന്ന് കൂടിയതാണ് എന്ന് മനസ്സിലാക്കുകയും ആ വചനം പുതിയ ബൈബിളുകളില്‍ ഒഴിവാക്കുകയും ആണ് ചെയ്തിരി‍ക്കുന്നത്. ഇംഗ്ലീഷ് ബൈബിളുകളില്‍ കിംഗ്‌ജയിംസ് വേര്‍ഷന്‍ ഒഴികെയുള്ള മിക്ക ബൈബിളുകളിലും ഈ വചനത്തിലെ ത്രിത്വത്തെ പരാമര്‍ശിക്കുന്ന ഭാഗം ഒഴിവാക്കിയുട്ടുണ്ട്. കിംഗ്‌ജയിംസ് വേര്‍ഷനില്‍ ഇപ്പോഴും ആ വചനം ഉണ്ട്, അത്  താഴെ കാണുന്ന പ്രകാരം വായിക്കാം.

7 "For there are three that bear record in heaven, the Father, the Word, and the Holy Ghost: and these three are one. 8 And there are three that bear witness in earth, the Spirit, and the water, and the blood: and these three agree in one  (1 John 7-8)

ഈ പരാമര്‍ശം പതിനാറാം നൂറ്റാണ്ടിനു മുമ്പുള്ള ഒരു ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളിലും ഇല്ല എന്നതിനാലും, ആദ്യകാല സഭാ പിതാക്കന്മാര്‍ക്കാര്‍ക്കും ഇത് അറിയില്ലാതിരുന്നു എന്നതിനാലും, മിക്ക ആധുനിക ബൈബിളുകളില്‍നിന്നും ഈ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. New International Bible (NIV) ല്‍ ഈ വചനം ഇങ്ങനെയാണ് കൊടുത്തിട്ടുള്ളത്.

7 For there are three that testify:8 the Spirit, the water and the blood; and the three are in agreement. (John 7-8)

ബൈബിള്‍ ത്രിത്വത്തെ പഠിപ്പിക്കുന്നില്ല എന്നത് കൊണ്ട് തെന്നെ, ആധുനിക കാലത്ത് ബൈബിള്‍ അംഗീകരിക്കുന്ന പല ക്രിസ്ത്യന്‍ വിഭാഗങ്ങളും ത്രിത്വത്തെ നിരാകരിക്കുന്നവരായിട്ടുണ്ട്. യഹോവ സാക്ഷികള്‍ എന്ന ക്രിസ്ത്യന്‍ വിഭാഗം ഇവരില്‍ പ്രമുഖരാണ്.

ത്രിത്വവാദികളുടെ വിശദീകരണങ്ങള്‍

ത്രിയെകത്വവാദികള്‍ ത്രിത്വത്തെ വിത്യസ്ത ഉദാഹരണങ്ങളിലൂടെ വിശദീകരിക്കാന്‍ ശ്രമിക്കാറുണ്ട്. ഇന്നാല്‍ ഈ ഉദാഹരങ്ങള്‍ ഒന്നും തെന്നെ ത്രിയെകത്ത്വത്തെ ശരിയായ അര്‍ത്ഥത്തില്‍ പ്രതിനിധീകരിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 

സാധാരണ പറയാറുള്ളത് ജലത്തിന് ഖരം, വാതകം ദ്രാവകം എന്നീ മൂന്ന് വിത്യസ്ത അവസ്ഥകള്‍ ഉള്ളത് പോലെ ദൈവത്തിന് പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്‌ എന്നീ അവസ്ഥകള്‍ ഉണ്ട് എന്നതാണ്. എന്നാല്‍ ഈ ഉദാഹരണം ത്രിത്വത്തെ കുറിക്കുന്നതല്ല, മറിച്ചു മുഖ്യധാര ക്രൈസ്തവ സഭകള്‍ എല്ലാം തെന്നെ തള്ളി പറയുന്ന സെബല്ലിയനിസം (Sabellianism or  modalism) എന്ന വിശ്വാസത്തെ ക്കുറിക്കുന്നതാണ്. സെബല്ലിയനിസം പ്രകാരം ദൈവത്തില്‍ മൂന്ന് വിത്യസ്ത ആളുകള്‍ ഇല്ല, മറിച്ച് ഏകനായ ദൈവം പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് വിത്യസ്ത ഭാവങ്ങള്‍ അഥവാ മുഖങ്ങള്‍  പ്രകടിപ്പിച്ചതാണ്.  മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സെബെല്ലിയസ് (Sabellius) അവതരിപ്പിച്ചതാണ് ഈ ദൈവ സങ്കല്‍പം. 

മറ്റൊരു ഉദാഹരണം , മുട്ടക്കരു, വെള്ള, മുട്ട തോട് എന്നിങ്ങനെ ചേര്‍ന്നതാണ് മുട്ട എന്നത് പോലെ ദൈവം മൂന്ന് ആളുകള്‍ ചേര്‍ന്നതാണ് എന്നാണ്. ഈ ഉദാഹരണവും ത്രിത്വവുമായി ഒത്തു പോകുന്നതല്ല. കാരണം മുട്ടത്തോടോ, മുട്ടയുടെ കരുവോ പൂര്‍ണമായ അര്‍ത്ഥത്തില്‍ മുട്ടയല്ല. ഇവ മൂന്നും കൂടിചേര്‍ന്നാല്‍ മാത്രമേ മുട്ടയാകൂ. എന്നാല്‍ ത്രിത്വത്തില്‍ ഓരോ അംഗവും സ്വയം തെന്നെ പൂര്‍ണമായ ദൈവം ആണ്.

മറ്റൊരു വിശദീകരണം, ദൈവത്തിന്‍റെ അസ്തിത്വം വിശദീകരണത്തിന് അപ്പുറം ആണെന്നും അതുകൊണ്ട് ത്രിത്വം  ദുരൂഹവും വിശദീകരണത്തിന് അതീതവുമാണ് എന്നുമാണ്. ദൈവത്തിന്‍റെ അസ്ഥിത്വത്തെ നമ്മുക്ക് വിശദീകരിക്കാനോ, ദൈവത്തെ ഉദാഹരിക്കാനോ നമ്മുക്ക് കഴിയില്ല എന്നത് വിശ്വാസികള്‍ അംഗീകരിക്കുന്ന കാര്യമാണ്. പക്ഷെ ത്രിത്വം ദുരൂഹമല്ല വൈരുധ്യാത്മകമാണ് എന്നതാണ് പ്രശ്നം. ദൈവത്തെക്കുറിച്ചുള്ള വിശേഷണങ്ങളില്‍ വൈരുധ്യങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ദൈവം ഏകനാണ് എന്ന് പറഞ്ഞാല്‍ നമുക്ക് മനസ്സിലാക്കാം. എന്നാല്‍ ദൈവം ഒരേ സമയം ഒന്നും മൂന്നും ആണ് എന്ന് പറഞ്ഞാല്‍, അത് ദുരൂഹതയല്ല വ്യക്തമായ വൈരുധ്യമാണ്, വേദഗ്രന്ഥതിന് വിരുദ്ധവും ആണ്.

Wednesday, October 20, 2010

യേശുവിന്‍റെ വംശാവലിയും പ്രശ്നങ്ങളും

മത്തായിയും ലൂകൊസും യേശുവിന്‍റെ വംശ പരമ്പര തങ്ങളുടെ സുവിശേഷങ്ങളില്‍ നല്‍കുന്നുണ്ട്. മത്തായി അബ്രഹാം വരേക്കും, ലൂക്കോ ആദ്യ മനുഷ്യനായ ആദം വരേക്കും യേശുവിന്‍റെ വംശാവലി വിവരിക്കുന്നുണ്ട്. ഈ വംശാവലികള്‍ തമ്മിലുള്ള വൈരുധ്യങ്ങള്‍ ആദ്യകാലം തൊട്ടേ ക്രിസ്ത്യന്‍ വ്യാഖ്യാതാക്കളെ അലട്ടിയിരുന്നു. രണ്ടു സുവിശേഷങ്ങള്‍ തമ്മിലുള്ള പ്രകടമായ വൈരുധ്യത്തിന് പുറമേ മറ്റു പ്രശ്നങ്ങളും ഇവയില്‍ ഉണ്ട് ഇവ സാമാന്യമായി നമ്മുക്ക് പരിചയപ്പെടാം.

മത്തായിയുടെ സുവിശേഷത്തിന്‍റെ തുടക്കത്തിലും (മത്തായി 1:1-17) ലൂകോസിന്‍റെ സുവിശേഷത്തിന്‍റെ മൂന്നാം അദ്ധ്യായത്തിലും ആണ് (ലൂകോസ്‌ 3: 23-38) വംശാവലി കൊടുത്തിട്ടുള്ളത്. അവ താഴെ പട്ടികയില്‍ കൊടുത്തിരിക്കുന്ന പോലെ സംഗ്രഹിക്കാം.


വംശാവലി മത്തായി പ്രകാരംവംശാവലി ലൂകോസ്  പ്രകാരം
മത്തായി അബ്രഹാമിന്‍റെ മുമ്പുള്ള വംശാവലി നല്‍കുന്നില്ല1. ആദം
2. സേത്ത്
3. ഏനോസ്
4. കൈനാന്‍
5. മഹലലേല്‍
6. യാരെദ്
7. ഹെനോക്ക്‌
8. മെത്തുസേലഹ്
9. ലാമെക്ക്
10. നോഹ
11. ഷേം
12. അര്‍ഫക്‌സാദ്
13. കൈനാന്‍
14. ഷേലാ
15. ഏബര്‍
16. പേലെഗ്
17. റവു
18. സെറൂഹ്
19. നാഹോര്‍
20. തേരാ
അബ്രഹാം മുതല്‍ ദാവീദ് വരെ
1. അബ്രഹാം21. അബ്രഹാം
2. ഇസഹാക്ക്22. ഇസഹാക്ക്
3. യാക്കോബ23. യാക്കോബ്
4. യൂദാ24. യൂദാ
5. പേരെസ്25. പേരെസ്
6. ഹെസ്‌റോന്‍26. ഹെസ്‌റോന്‍
7. ആരാം27. അര്‍നി
28. അദ്മിന്‍
8. അമിനാദാബ്29. അമിനാദാബ്
9. നഹഷോന്‍30. നഹഷോന്‍
10. സല്‍മോന്‍31. സാലാ
11. ബോവാസ്32. ബോവാസ്
12. ഓബദ്33. ഓബദ്
13. ജസ്‌സെ34. ജസ്‌സെ
14. ദാവീദ്35. ദാവീദ്
ദാവീദ് മുതല്‍ ബാബിലോണ്‍ പ്രവാസം വരെ
15. ശലമോന്‍36. നാഥാന്‍
16. രഹബ്യാം37. മത്താത്താ
17. ആബീയാവ്38. മെന്ന
18. ആസ39.മെലെയാ
19. യോശാഫാത്ത്40. ഏലിയാക്കീം
20. യോറാം41. യോനാം
21. ഉസ്സിയാവ് 42. ജോസഫ്‌
22. യോഥാം43. യൂദാ
23. ആഹാസ്44. ശിമയോന്‍
24. ഹിസ്‌കിയാവ്45. ലേവി
25. മനശ്ശെ46. മത്താത്ത്
26. ആമോസ്47. യോറീം
27. യോശിയാവ്48. എലിയേസര്‍
28. യൊഖൊന്യാവ്49. ജോഷ്വാ
ബാബിലോണ്‍ പ്രവാസം മുതല്‍ യേശു വരെ
29. ശയല്‍ത്തിയേല്‍50. ഏര്‍
30.സെരുബ്ബാബേല്‍ 51. എല്‍മാദാം
31. അബീഹൂദ്52. കോസാം
32. എല്‍യാക്കീം53. അദ്ദി
33. ആസോര്‍54. മേല്ക്കി
34. സാദോക്ക്55. നേരി
35. ആഖീം56. ശയല്‍ത്തിയേല്‍
36. എലീഹുദ്57. സെറുബാബേല്‍
37. എലിയാസര്‍58. റേസാ
38. മത്ഥാന്‍59. യോഹന്നാന്‍
39. യാക്കോബ്60. യോദ
40. യോസേഫ്61. യോസേക്ക്
41. യേശു62. സെമയിന്‍
63. മത്താത്തിയാ
64. മാത്ത്
65. നഗ്ഗായി
66. ഹെസ്‌ലി
67. നാവൂം
68. ആമോസ്
69. മത്താത്തിയാസ്
70. ജോസഫ്
71. യന്നാനി
72. മെല്ക്കി
73. ലേവി
74. മത്താത്ത്
75. ഹെലി
76. യോസേഫ്
77. യേശു
(യേശുവിന്‍റെ വംശാവലി മത്തായിലും ലൂക്കോസിലും)

ജോസഫിന്‍റെ വംശാവലി - യേശുവിന്‍റെതല്ല


ഈ വംശാവലിയിലെ ഏറ്റവും പ്രാഥമികമായ പ്രശനം ഇത് യേശുവിന്‍റെയല്ല മറിച്ചു ജോസഫിന്‍റെ വംശാവലി ആണ് എന്നതാണ്. യേശുവിന് മാതാവ് മാത്രമേയുള്ളൂ, പിതാവില്ല, അതുകൊണ്ട് തെന്നെ ജോസഫ്‌ യേശുവിന്‍റെ പിതാവല്ല. സുവിശേഷ കര്‍ത്താക്കള്‍  ഈ വംശാവലിയിലൂടെ സ്ഥാപിക്കാന്‍  ശ്രമിക്കുന്നത്, ദാവീദിന്‍റെ വംശ പരമ്പരയില്‍ ജനിക്കും എന്ന് യഹൂദര്‍ വിശ്വസിച്ചിരുന്ന വാഗ്ദത്ത മിശിഹയാണ് യേശു എന്നതാണ്. പക്ഷെ യേശുവിന്‍റെ പിതാവല്ലാത്ത ജോസഫിന്‍റെ വംശാവലി ഉപയോഗിച്ച് യേശു ദാവീദിന്‍റെ പിന്‍മുറക്കാരനാണ് എന്ന് പറയുന്നത് യുക്തിപരമല്ല.

ലൂക്കോസും മത്തായിയും തമ്മിലുള്ള താരതമ്യം


മത്തായി വംശാവലിയെ, പതിനാല് ആളുകള്‍(ഇതില്‍ അവസാനത്തെ ഗ്രൂപ്പില്‍ പതിനാല് ആളുകള്‍ ഇല്ല, വിശദീകരണം താഴെ)  വീതമുള്ള  മൂന്ന് ഭാഗമായി തരം തിരിക്കുന്നുണ്ട്. എബ്രഹാം മുതല്‍ ദാവീദ്‌ വരെ, ദാവീദ് മുതല്‍ ബാബിലോണ്‍ പ്രവാസം വരെ, ബാബിലോണ്‍ പ്രവാസം മുതല്‍ യേശു വരെ എന്നിങ്ങനെയാണ് ആ തരം തിരിവ് (മുകളിലെ പട്ടിക ശ്രദ്ധിക്കുക). മത്തായി അബ്രഹാമിന് മുകളിലേക്കുള്ള വംശാവലി നല്‍കുന്നില്ല. ലൂക്കോസ് പക്ഷെ യേശു മുതല്‍ ആദം വരെയുള്ള വംശാവലി നല്‍കുന്നുണ്ട്.

മുകളില്‍ കൊടുത്ത പട്ടിക പരിശോധിച്ചാല്‍ പ്രത്യക്ഷത്തില്‍ തെന്നെ, ലൂകൊസും മത്തായിയും തമ്മില്‍ തമ്മില്‍ വ്യക്തമായ വൈരുധ്യം പുലര്‍ത്തുന്നത് കാണാം. ഇവ തമ്മില്‍ ഏകദേശം സാമ്യമുള്ളത് രണ്ടാമത്തെ ഗ്രൂപ്പില്‍ മാത്രമാണ് അതായത്, ദാവീദ് മുതല്‍ ബാബിലോണ്‍ പ്രവാസം വരെയുള്ളവരുടെ വംശാവലിയില്‍. മത്തായി ഒരു പേര് വിട്ടിട്ടുള്ളതും, മറ്റു ചില പേരുകള്‍ തമ്മില്‍ ചെറിയ വിത്യാസമുള്ളതും അവഗണിച്ചാല്‍, രണ്ടു വംശാവലിയും ഏകദേശം തുല്യമാണ്. എന്ന് പറയാം. ഈ വിത്യാസങ്ങള്‍ക്ക് കാരണം പകര്‍ത്തി എഴുതിയപ്പോള്‍ പേര് വിട്ടുപോയതും, അതെ പോലെ തെന്നെ പേരുകളില്‍ ചെറിയ വിത്യാസം വന്നതാണ് എന്നും കരുതാവുന്നതാണ്.

എന്നാല്‍ പ്രവാസം മുതല്‍ യേശു വരെയുള്ളവരുടെ വംശാവലി, ലൂക്കോസ് കൊടുത്തതും, മത്തായി കൊടുത്തതും തമ്മില്‍ വ്യക്തമായ വൈരുധ്യം പുലര്‍ത്തുന്നതായി കാണുന്നു. ഇവ തമ്മില്‍ കാര്യമായ സാമ്യങ്ങള്‍ ഒന്നും ഇല്ല എന്ന് തെന്നെ പറയാം. ഉദാഹരണമായി ലൂക്കാ പ്രകാരം യേശുവിന്‍റെ പിതാവ് എന്ന് കരുതപ്പെടുന്ന ജോസഫിന്‍റെ പിതാവ് ഹെലിയാണ്. എന്നാല്‍ മത്തായി പ്രകാരം ജോസഫിന്‍റെ പിതാവ് യാകോബ് ആണ്. ദാവീദ് മുതല്‍ യേശു വരെ 42 തലമുറകള്‍ ആണ് ലൂക്കാ എണ്ണുന്നത്, എന്നാല്‍ മത്തായി പ്രകാരം 27 തലമുറകള്‍ ആണ്. ബൈബിള്‍ വ്യാഖ്യാതാക്കള്‍ വിത്യസ്ത രീതികളില്‍ ഈ പ്രശ്നത്തെ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

സുവിശേഷ കർത്താക്കള്‍, അന്നത്തെ സമൂഹത്തില്‍ നിലനിന്നിരുന്ന വംശാവലി പകര്‍ത്തി വെച്ചതാണ് എന്നും, അവയില്‍ അതുകൊണ്ട് തെന്നെ തെറ്റുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പറയുന്നവരുമുണ്ട്. ലൂക്കോസും, മത്തായിയും വിത്യസ്ത സമൂഹങ്ങളില്‍ വിത്യസ്ത കാലഘട്ടങ്ങളില്‍ പ്രചരിക്കപ്പെട്ട രചനകള്‍ ആയതുകൊണ്ട് അവ തമ്മിലുള്ള വൈരുധ്യങ്ങള്‍ ഉടലെടുത്തത് സ്വാഭാവികം ആണെണെന്നാണ് അഭിപ്രായം. ഇതാണ് സത്യസന്ധമായ നിരീക്ഷണം എന്ന് തോന്നുന്നു.

ഈ വൈരുധ്യത്തെ പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെടാറുള്ള ഒരു വ്യഖ്യാനം ഇങ്ങനെയാണ്, ലൂകൊസ് യേശുവിന്‍റെ മാതാവായ മറിയത്തിന്‍റെ വംശാവലിയാണ് നല്‍കിയത്, ഹെലി യഥാര്‍ത്ഥത്തില്‍ മറിയത്തിന്‍റെ പിതാവും ജോസഫിന്‍റെ ഭാര്യാപിതാവും ആണ്. ഹെലിയുടെ ജാമാതാവിനെ പുത്രന്‍ എന്ന് വിളിക്കുകയാണ് ലൂക്കാ ചെയ്തത്.

ഈ വ്യാഖ്യാനം പ്രശ്നം പരിഹരിക്കുമെങ്കിലും, ഈ വ്യഖാനത്തിന് വേണ്ടി ഗ്രന്ഥതിലുള്ളതിന് വിരുദ്ധമായ പല കാര്യങ്ങളും സങ്കല്‍പ്പിക്കെണ്ടതുണ്ട്.  അതെ പോലെ ലൂക്കാ മറിയത്തിന്റെ വംശാവലിയാണ് നല്‍കിയത് എങ്കില്‍ എന്തുകൊണ്ട് അവരുടെ പേര് പരാമര്‍ശിക്കാതെ ജോസഫിന്‍റെ പേര് പറഞ്ഞു എന്നതിന്  വ്യക്തമായ ഉത്തരവുമില്ല. മാത്രവുമല്ല ഈ വ്യാഖ്യാനം ലൂക്കോസിന്‍റെ മൂല ഗ്രന്ഥമുമായി യോചിച്ചു പോകുന്നില്ല. കാരണം ലൂക്കോസ് പുത്രന്‍ എന്ന പദം ഒരിക്കല്‍ മാത്രമേ വംശാവലി വിവരിക്കുന്നതില്‍ ഉപയോഗിക്കുന്നുള്ളൂ. ആ പദം വംശാവലിയിലുള്ള എല്ലാ വ്യക്തികള്‍ക്കും ബാധകമാക്കുകയാണ് ലൂക്കാ ചെയ്യുന്നത്, എന്നിരിക്കെ, ഇവരില്‍ ഹേലി മാത്രം ജോസഫിന്‍റെ ഭാര്യാപിതാവാണ്‌ എന്ന് പറയുന്നത് യുക്തിപമല്ല.

ഗ്രീക്ക്‌ മൂലത്തിന്റെ പദാനുപദ ഇന്ഗ്ലീഷ്‌ പരിഭാഷ താഴെകൊടുത്ത പോലെയാണ്.

And Jesus himself began to be about thirty years of age, being (as was supposed) the son of Joseph, of  Heli of .. (Luke 3:23)

മലയാളത്തില്‍ ഇങ്ങനെ പറയാം. ആദാമിന്‍റെ, സേതിന്‍റെ, എനോസിന്‍റെ…ഹേലിയുടെ, ജോസഫിന്‍റെ മകനായി കരുതപ്പെടുന്ന യേശു പരസ്യജീവിതം ആരംഭിക്കുമ്പോള്‍ മുപ്പത് വയസായിരുന്നു.

മറ്റൊരു വ്യാഖ്യാനം, ഏലി ജോസഫിന്‍റെ, നിയമപരമായ മകനാണ് എന്നും, യാകൊബാണ് യോസഫിന്‍റെ യഥാര്‍ത്ഥ പിതാവ് എന്നുമാണ്. ഇതാണ് സഭാപിതാക്കന്മാര്‍ അധികവും സ്വീകരിച്ച വ്യാഖ്യാനം. പഴയനിയമത്തില്‍ പറഞ്ഞിടുള്ള, മൂത്ത സഹോദരന്‍ മക്കളില്ലാതെ മരിച്ചാല്‍ ഇളയ സഹോദരന്‍, മൂത്ത സഹോദരന്‍റെ വിധവയെ വിവാഹം കഴിക്കുകയും അവളില്‍ കുട്ടികളെ ജനിപ്പിക്കുകയും വേണമെന്ന നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ വ്യാഖ്യാനം. ഇളയ സഹോദരുണ്ടാകുന്ന കുട്ടികള്‍ നിയമപരമായി മൂത്ത സഹോദരന്‍റെ കുട്ടികള്‍ ആയാണ് അറിയപ്പെടുക. അതുകൊണ്ട് ജോസഫിന്‍റെ യഥാര്‍ത്ഥ പിതാവ് യാകൊബും, നിയമപരമായ പിതാവ് ഹേലിയുമാണ് എന്നാണ് വാദം. മത്തായി യഥാര്‍ത്ഥ പിതാവിന്‍റെ പേര്‍ പറഞ്ഞപ്പോള്‍ ലൂകാ നിയപ്രകാരമുള്ള പിതാവിന്‍റെ പേര്‍ പറഞ്ഞു വെന്നും വാദിക്കുന്നു. ഈ വാദം ശേരിയാണെങ്കില്‍, ഹേലിയും, യാകൊബും സഹോദരന്മാരായിരിക്കണം അതുകൊണ്ട് തെന്നെ അവരുടെ പിതാക്കള്‍ ഒരേ ആളായിരിക്കണം. പക്ഷെ മത്തായിയും ലൂകൊസും അവിടെയും വൈരുധ്യം പുലര്‍ത്തുന്നുണ്ട്. കാരണം മത്തായി പ്രകാരം യാകൊബിന്‍റെ പിതാവ് മത്താനും, ലൂകൊസ് പ്രകാരം ഹെലിയുടെ പിതാവ് മത്താതും ആണ്. ഇത് പരിഹരിക്കാന്‍  വേണ്ടി , യകൊബും ഹെലിയും വിത്യസ്ത പിതാക്കന്മാര്‍ക്കും എന്നാല്‍ ഒരേ മാതാവിനും പിറന്ന (അര്‍ദ്ധ) സഹോദരന്‍മാര്‍ ആണ് എന്നാണ് വ്യാഖ്യാനം.! അതായത്‌ മത്താന് യാകോബ് പിറന്നതിന് ശേഷം, അദ്ദേഹം മരണപ്പെടുകയും, അതിന് ശേഷം മത്താന്റെ വിധവയെ മത്താത് വിവാഹം കഴിക്കുകയും അതില്‍ ഹേലി ഉണ്ടാകുകയും ചെയ്തു എന്നാണ് വ്യാഖ്യാനം.  ആധുനിക ബൈബിള്‍ പണ്ഡിതന്‍മാര്‍ ഇത്തരം വ്യാഖ്യാനങ്ങള്‍ നല്‍കാറില്ല, കാരണം പഴയ പുതിയ നിയമങ്ങളില്‍ വിവരിക്കുന്ന വംശാവലി പട്ടികകള്‍ ചരിത്രപരമാണ് എന്ന് വാദിക്കാന്‍ ബുദ്ധിമുട്ടാണ്.

മത്തായിയും പഴയനിയമവും തമ്മിലുള്ള താരതമ്യം


മത്തായി നല്‍കിയിരിക്കുന്ന വംശാവലി ലൂക്കോസുമായി വൈരുധ്യം പുലർത്തുന്നതോടൊപ്പംതെന്നെ പഴയ നിയമവുമായും വൈരുധ്യം പുലര്‍ത്തുന്നു. മത്തായി തെന്‍റെ വംശാവലി, പതിനാല് പേര്‍ വീതമുള്ള മൂന്ന് ഭാഗമായിട്ടാണ് അവതരിപ്പിക്കുന്നത്‌. പതിനാലിന് പ്രാധാന്യം കല്‍പ്പിക്കാന്‍ പല കാരണങ്ങളും വ്യാഖ്യാതകള്‍ പറയുന്നുണ്ട്. ദാവീദ് എന്ന ഹീബ്രു പദത്തിലെ വ്യഞ്ജനാക്ഷരങ്ങള്‍ക്ക് തുല്യമായ അക്കങ്ങള്‍ ( D=4, V=6, D+V+D =14) എന്നിവ കൂടിയാല്‍ 14 കിട്ടുന്നതുകൊണ്ടാണ് മത്തായി പതിനാലായി തരം തിരിച്ചത് എന്ന് വ്യാഖ്യാനമുണ്ട്. ചില മുസ്ലിംകള്‍ ബിസ്മി അറബിയില്‍ ( ഹീബ്രുവും അറബിയും സഹോദര ഭാഷകള്‍ ആണ് ) എഴുതി ഇത്തരത്തില്‍ കൂട്ടികിട്ടുന്ന 786 എന്ന സംഖ്യയെ പ്രാധാന്യപൂര്‍വം പരിഗണിക്കാറുള്ളത് പോലെ.

എന്തായിരുന്നാലും പതിനാല് എന്ന സംഖ്യ ലഭിക്കുന്നതിനു വേണ്ടി മത്തായി പഴയ നിയമത്തില്‍ പറഞ്ഞ വംശാവലിയിലെ പല ആളുകളെയും ഒഴിവാക്കുന്നുണ്ട്. രണ്ടാമത്തെ ഗ്രൂപ്പില്‍ (ദാവീദ് മുതല്‍ ബാബിലോണ്‍ പ്രവാസം വരെ) ദാവീദിന്റെ ആദ്യത്തെ ആറു പിന്തുടര്ച്ച‍ക്കാരുടെ പേര്‍ കൊടുത്തത് പഴയനിയമവുമായി  ഒത്ത്പോകുമ്പോൾ  (15 മുതല്‍ 20 വരെയുള്ള പേരുകള്‍) പഴയ നിയമത്തില്‍ പറഞ്ഞിട്ടുള്ള, യെഹോവാഹാസ്, യോവാശ്, അമസ്യാവെ എന്നീ പേരുള്ള  യോറാമിന്റെ മൂന്നു സന്താന പരമ്പരകളെ, ഒഴിവാക്കിയിട്ടാണ്  (1 ദിനവൃത്താന്തം 3:11 നോക്കുക) മത്തായി രണ്ടാമത്തെ ഗ്രൂപ്പില്‍ പതിനാല് പേരെ എണ്ണുന്നത്. മത്തായി വംശാവലി നല്‍കുന്നത് ഇന്നയാളെ ഇന്നയാള്‍ ജനിപ്പിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് എന്ന് ശ്രദ്ദിക്കുക, അത്കൊണ്ട് തെന്നെ മത്തായി ഇവിടെ പ്രധാനപ്പെട്ട പേരുകള്‍ മാത്രമാണ് പറഞ്ഞത് എന്ന് വാദിക്കാന്‍ കഴിയില്ല.

മത്തായിലെ അബദ്ധം


മത്തായി തെന്‍റെ വംശാവലിയിലെ പേരുകളെ മൂന്നു ഭാഗമായി തിരിച്ചിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് പറഞ്ഞുവല്ലോ. ഇതിലെ ഓരോ വിഭാഗത്തിലും പതിനാല് വീതം ആളുകള്‍ ഉണ്ട് എന്നാണ് മത്തായിയുടെ സുവിശേഷം പറയുന്നത്.
17 ഇങ്ങനെ, അബ്രാഹം മുതൽ ദാവീദുവരെ പതിനാലും ദാവീദുമുതൽ ബാബിലോണ്‍ പ്രവാസംവരെ പതിനാലും ബാബിലോണ്‍ പ്രവാസം മുതൽ ക്രിസ്തുവരെ പതിനാലും തലമുറകളാണ് ആകെയുള്ളത്.  (മത്തായി 1:17)
പക്ഷെ രസകരമായ വസ്തുത ആദ്യത്തെ രണ്ടു വിഭാഗത്തിലും പതിനാല് വീതം പേരുകള്‍ ഉണ്ടെങ്കിലും അവസാനത്തെ വിഭാഗത്തില്‍ 13 പേരെ ഉള്ളൂ എന്നതാണ്. പകര്‍ത്തിയെഴുത്തുകാര്‍ ഒരു പേര്‍ വിട്ടു പോയതായിരിക്കാനാണ് സാധ്യത.

വംശാവലിയും ചരിത്രവും


ഈ വംശാവലിയിലെ വൈരുധ്യങ്ങളെ എത്ര തെന്നെ വ്യാഖിനിച്ചാലും ഇവ ചരിത്രപരമാണ് എന്ന് പറയാന്‍ കഴിയില്ല. പഴയ നിയമത്തിലെ കണക്കുകൾ പ്രകാരം, അബ്രഹാമിന്‍റെയും ആദാമിന്‍റെയും ഇടയില്‍ 19 നൂറ്റാണ്ടിന്‍റെ കാലയളവാണ് ഉള്ളത്. പഴയ നിയമത്തില്‍ പറഞ്ഞ ഇതേ വംശാവലിയാണ് ലൂക്കോസ് പകർത്തുന്നത് (ലൂകൊസ് ഉല്പത്തി പുസ്തകത്തില്‍  ഇല്ലാത്ത ഒരു പേര്‍ അധികമായി നല്‍കുന്നുണ്ട്, ഇത് പഴയനിയമത്തിന്‍റെ ഗ്രീക്ക്‌  പരിഭാഷയില്‍ എങ്ങിനെയോ കടന്നുകൂടിയ പേരാണ്, ലൂകൊസിന് ഹീബ്രു ബൈബിളിന്‍റെ ഗ്രീക്ക്‌ പരിഭാഷയില്‍ നിന്നാകും ഇത് കിട്ടിയത് എന്ന് കരുതാം ).

അബ്രഹാം BC 1850 ല്‍ ജീവിചിരിന്നു എന്ന് കണക്കാക്കപ്പെടുന്നു. അതായത്, ഈ വംശാവലി പ്രകാരം  ഭൂമിയില്‍ മനുഷ്യകുലം ആരംഭിച്ചത്  വെറും ആറായിരം വര്‍ഷം മുമ്പായിരിക്കണം. ഇത് തീര്‍ച്ചയായും ശാസ്ത്രീയമായി സ്വീകാര്യമല്ല. അതെ പോലെതെന്നെ അബ്രഹാമിനും അദാമിനും ഇടയില്‍ വെറും 19 ഓ 20 ഓ തലമുറകള്‍ മാത്രമേ ഉണ്ടായിരുന്നൂ എന്ന് പറയുന്നതും, ഇന്ന് ഭൂരിഭാഗം ആളുകളും ഇത് അംഗീകരിക്കുകയില്ല.

Saturday, October 16, 2010

ബൈബിള്‍ പുതിയനിയമം - ഒരു ലഘുപരിചയം

ക്രൈസ്തവ ബൈബിളിലെ രണ്ടാമത്തെ ഭാഗമായി ക്രോഡീകരിക്കപ്പെട്ട ഇരുപത്തിയേഴ് പുസ്തകങ്ങളുടെ സമാഹാരത്തെയാണ് പുതിയനിയമം എന്ന് വിളിക്കുന്നത്. ഈ പുസ്തകങ്ങള്‍ ഏകദേശം ഒരു നൂറ്റാണ്ട് കാലയളവില്‍ വിത്യസ്ത ആളുകളാല്‍ രചിക്കപ്പെട്ട് വിത്യസ്ത പ്രദേശങ്ങളില്‍ ഉപയോഗിച്ചിരുന്നവയാണ്. ഇവ ഏകപുസ്തകമായി ക്രോഡീകരിക്കപ്പെട്ടതും വേദപുസ്തകത്തിന്‍റെ ഭാഗമായി പരിഗണിക്കപ്പെട്ടതും ക്രമപ്രവൃദ്ധമായാണ്. 

പുതിയനിയമ പുസ്തകങ്ങളെ അവയുടെ ഉള്ളടക്കത്തിന്‍റെ അടിസ്ഥാനത്തില്‍ നാലായി തരം തിരിക്കാം.
  1. സുവിശേഷങ്ങള്‍
  2. അപോസ്തല പ്രവര്‍ത്തികള്‍
  3. കത്തുകള്‍
  4. അപോകലിപ്സ് അഥവാ വെളിപാട് പുസ്തകം
ഈ പുസ്തകങ്ങൾ ആദ്യ കാലഘട്ടങ്ങളില്‍ വിത്യസ്ത ക്രമങ്ങളിൽ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്നുള്ള ബൈബിളുകളില്‍ ഇവ സമാഹരിച്ചിട്ടുള്ളത്, സുവിശേഷങ്ങള്‍, അപോസ്തല പ്രവര്‍ത്തികള്‍, കത്തുകള്‍, വെളിപാട് പുസ്തകം എന്ന ക്രമത്തിലാണ്. 

യേശുവിന്‍റെതായി ഏതെങ്കിലുംരചനകളോ, യേശു എന്തെങ്കിലും എഴുതിയതായുള്ള  സൂചനകളോ പുതിയനിയമ പുസ്തകങ്ങളില്‍ ഇല്ല. പുതിയ നിയമ പുസ്തകങ്ങളില്‍ ആദ്യം രചിക്കപ്പെട്ടത് പൌലോസിന്റെ കത്തുകളാണ്. പൗലോസിന്റെ കത്തുകളിൽ പലതും ക്രിസ്താബ്ദം അന്‍പതുകളില്‍  എഴുതപ്പെട്ടതാണ് എന്നാണു ബൈബിള്‍ പണ്ഡിതന്മാരുടെ അഭിപ്രായം. മറ്റു പുതിയനിയമ പുസ്തകങ്ങള്‍ ഏകദേശം AD 65 നും AD 100 നുമിടക്ക് രചിക്കപ്പെട്ടവയാണ്.

1. സുവിശേഷങ്ങള്‍

സുവാര്‍ത്ത എന്നര്‍ത്ഥമുള്ള god spell എന്ന ആന്ഗ്ലോസാക്സന്‍ വാക്കില്‍ നിന്നാണ് gospel  എന്ന ഇംഗ്ലീഷ് പദം ഉണ്ടായിരിക്കുന്നത്. പുതിയ നിയമത്തിലെ ആദ്യത്തെ നാലു പുസ്തകങ്ങളെയാണ് സുവിശേഷങ്ങള്‍ എന്ന് വിളിക്കുന്നത്.  ഇവ യഥാക്രമം മത്തായി, മാര്‍കോസ്, ലൂകൊസ്, യോഹന്നാന്‍ എന്നിവരുടെ പേരില്‍ അറിയപ്പെടുന്നു. യേശുവിന്‍റെ ജീവിതവും, അധ്യാപനങ്ങളും ആണ് സുവിശേഷങ്ങളുടെ ഇതിവൃത്തം. സുവിശേഷങ്ങള്‍ യേശുവിന്‍റെ ജനനത്തെ ക്കുറിച്ചും, ജ്ഞാനസ്നാനത്തെ ക്കുറിച്ചും, യേശുവിന്‍റെ പരസ്യ ജീവിതത്തെ ക്കുറിച്ചും യേശു കാട്ടിയ അത്ഭുതങ്ങളെക്കുറിച്ചും, യേശുവിന്‍റെ ക്രൂശീകരണത്തെക്കുറിച്ചും, ഉയര്‍ത്തെഴുന്നെൽപ്പിനെക്കുറിച്ചും പ്രതിപാദിക്കുന്നു. 

യേശുവിന്‍റെ കുട്ടിക്കാലത്തെക്കുറിച്ചോ ആദ്യകാല ജീവിതത്തെക്കുറിച്ചോ സുവിശേഷങ്ങള്‍ കാര്യമായ വിവരങ്ങള്‍ നല്‍കുന്നില്ല. സുവിശേഷങ്ങള്‍ നിലവിലുള്ള ബൈബിളില്‍ സമാഹരിച്ചിട്ടുള്ളത് അവ എഴുതപ്പെട്ട ക്രമത്തിലല്ല. ആദ്യം എഴുതെപ്പെട്ട സുവിശേഷം മാര്‍കോസിന്‍റെ സുവിശേഷമാണ്. ഇത് എഴുതപ്പെട്ടത് AD  65 ല്‍ ആയിരിക്കും എന്നാണ് അനുമാനം. പിന്നീട് എഴുതപ്പെട്ട ലൂകൊസും, മത്തായിയും ഏകദേശം 80 നും 90 നും ഇടയിലായിരിക്കും എഴുതപ്പെട്ടത്. അവസാനം എഴുതെപ്പെട്ട  യോഹന്നാന്‍റെ സുവിശേഷത്തിന്റെ രചന ക്രിസ്താബ്ദം 90 കളില്‍ നടന്നിരിക്കണം. നിലവിലെ ബൈബിളില്‍ ഇവ യഥാക്രമം മത്തായി, മാര്‍കോസ്, ലൂകൊസ്, യോഹന്നാന്‍ എന്ന ക്രമത്തില്‍ ചേര്‍ത്തിരിക്കുന്നു.

യേശുവിന്‍റെതായി പുതിയ നിയമത്തില്‍ രചനകള്‍ ഒന്നും ഇല്ല എന്ന് പറഞ്ഞല്ലോ. യേശുവിനെക്കുറിച്ചും യേശുവിന്‍റെ  അധ്യാപനങ്ങളെ ക്കുറിച്ചും ഉള്ള വിവരങ്ങള്‍ ആദ്യ തലമുറകളില്‍ വാമൊഴിയായിട്ടായിരുന്നു പ്രചരിച്ചിരുന്നത്. ഇവയെ പുസ്തകരൂപത്തില്‍ എഴുതി വെക്കാന്‍ ശ്രമിക്കുന്നത് - ഇന്ന് ലഭ്യമായ പുസ്തകങ്ങള്‍ പ്രകാരം -  AD 60 കളില്‍ രചിച്ച മാര്‍കൊസിന്‍റെ സുവിശേഷമാണ്. മാര്‍കോസ് യേശുവിനെക്കുറിച്ച് അന്ന് വാമൊഴിയായി പ്രചരിച്ചിരുന്ന കഥകളാണ് തെന്‍റെ സുവിശേഷ രചനക്ക് ആധാരമാക്കിയത്. 

പിന്നീട് ലൂകൊസും അതെ പോലെ തെന്നെ മത്തായിയും തങ്ങളുടെ സുവിശേഷങ്ങള്‍ രചിക്കാന്‍ മാര്‍കോസിന്‍റെ സുവിശേഷത്തെയാണ് പ്രധാനമായും ഉപയോഗപ്പെടുത്തിയത്. മത്തായിയും, ലൂകൊസും മാര്‍കോസിന്‍റെ സുവിശേഷം ഏകദേശം മുഴുവനായും തെന്നെ തങ്ങളുടെ സുവിശേഷത്തിൽ പകര്‍ത്തിയിട്ടുണ്ട്. മാര്‍കോസിനെ കൂടാതെ മറ്റു ഉറവിടങ്ങളും മത്തായിയും ലൂകൊസും തങ്ങളുടെ സുവിശേഷ രചനക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് അനുമാനിക്കുന്നു. ഈ മൂന്ന് സുവിശേഷങ്ങള്‍ തമ്മില്‍ സാമ്യങ്ങളുള്ളത് കൊണ്ട് ഇവയെ സമാന്തര സുവിശേഷങ്ങള്‍ (synoptic gospels) എന്ന് വിളിക്കുന്നു.

മാര്‍കോസിന്‍റെ സുവിശേഷം അത് ആരാണ് എഴിയത് എന്ന് സ്വയം വ്യക്തമാക്കുന്നില്ല. പക്ഷെ പാരമ്പര്യ വിശ്വാസം അനുസരിച്ച് മാര്‍കോസിന്‍റെ സുവിശേഷം എഴുതിയത്, അപോസ്തലനായ പത്രോസിന്‍റെ ശിഷ്യനായ മാര്‍കോസ് എന്ന വ്യക്തിയാണ്.  യേശുവിന്‍റെ ജീവിതത്തെ ക്കുറിച്ചും, പ്രബോധനങ്ങളെ ക്കുറിച്ചും വളരെ സംക്ഷിപ്തമായ വിവരങ്ങളെ ഈ സുവിശേഷം നല്‍കുന്നുള്ളൂ. ആദ്യം എഴുതപ്പെട്ട ഈ സുവിശേഷം നല്‍കുന്ന ചിത്രം, എല്ലാവിധ പരിമിധികളും ഉള്ള തികച്ചും മനുഷ്യനായ ഒരു യേശുവിന്‍റെതാണ്. യേശു തെന്നെക്കുറിച്ചു വളരെ കുറച്ചു മാത്രം സംസാരിക്കുകയും ദൈവ രാജ്യത്തെ ക്കുറിച്ചു കൂടുതല്‍ സംസാരിക്കുകയും ചെയ്യന്നു ഈ സുവിശേഷത്തില്‍. 

മാര്‍കോസിന്‍റെ സുവിശേഷത്തില്‍ പ്രതിപാദിക്കുന്ന യേശുവിന്‍റെ ഉയിര്‍ത്തെഴുന്നേൽപ്പിനെക്കുറിച്ചുള്ള വചനങ്ങള്‍ (16 ആം അധ്യായത്തില്‍ 9 മുതല്‍ 20 വരെയുള്ള വചനങ്ങള്‍) പില്‍കാലത്ത് എഴുതി ചേര്‍ത്തതാണെന്ന്  ബൈബിള്‍ പണ്ഡിതന്മാര്‍ അഭിപ്രായപപ്പെടുന്നു. ആധുനിക ബൈബിളുകളില്‍ ഈ വചനങ്ങള്‍ ഫുട്നോട്ടില്‍ കൊടുക്കയോ, അതെല്ലെങ്കില്‍ ബ്രാകെറ്റില്‍ കൊടുക്കയോ ആണ് പതിവ്. മാര്‍കോസിന്‍റെ സുവിശേഷം റോമില്‍ (ഇറ്റലി) യില്‍ ആണ് എഴുതപ്പെട്ടത് എന്ന് കരുതുന്നു.

ലൂക്കോസിന്‍റെ സുവിശേഷവും ആരാണ് എഴുതിയത് എന്നതിന് വ്യക്തമായ തെളിവുകള്‍ ഇല്ല, ലൂകോസിന്‍റെ സുവിശേഷം പൌലോസിന്‍റെ  സുഹൃത്തും വിജാതീയരില്‍ നിന്നും പരിവര്‍ത്തനം ചെയ്തയാളുമായ ലൂകൊസ് എന്ന വൈദ്യന്‍ എഴുതിയതാണ് എന്നാണ് പാരമ്പര്യം. ലൂകൊസിന്‍റെ സുവിശേഷത്തിന്‍റെ രചന നടന്നത് സെസെറിയ (Caesarea ) യില്‍ ആണെന്ന് കരുത്തപ്പെടുന്നു. ലൂകൊസിന്‍റെ സുവിശേഷം എഴുതിയ വ്യക്തി, താന്‍ യേശുവിന്‍റെ ജീവിതത്തിന് ദൃക്സാക്ഷി അല്ല എന്നും., തനിക്ക് കിട്ടിയ വിവരങ്ങള്‍ പറയുക മാത്രമാണ് ചെയ്യുന്നത് എന്നും ആമുഖമായി പറയുന്നുണ്ട് (ലൂകൊസ്‌ 1-4).

ക്രിസ്തീയ പാരമ്പര്യം അനുസരിച്ച്, മത്തായിയുടെ സുവിശേഷം യേശു ശിഷ്യനായ മത്തായി എഴുതിയതാണ്. പക്ഷെ ആധുനിക ബൈബിള്‍ പണ്ഡിതന്മാര്‍ പല കാരണങ്ങളാല്‍ ഇത് അംഗീകരിക്കുന്നില്ല. ഉദാഹരണമായി യേശുവിന്‍റെ സന്തത സഹചാരിയായ ഒരാള്‍ക്ക്‌ യേശുവിനെക്കുറിച്ച് സ്വന്തമായി തെന്നെ എഴുതാന്‍ കഴിയും എന്നിരിക്കെ‍, യേശുവിന്‍റ ശിഷ്യനല്ലാത്ത മാര്‍കോസ് എഴുതിയ സുവിശേഷത്തെ അതെപടി പകര്‍ത്തേണ്ട ആവശ്യമില്ല. ബൈബിള്‍ പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ ഈ സുവിശേഷം ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന അജ്ഞാതനായ ഒരു ക്രിസ്ത്യാനി, അപോസ്തലനായ മത്തായിയുടെതെന്ന് കരുതെപ്പെടുന്ന യേശുവിന്‍റെ ഉപദേശങ്ങളുടെ സമാഹാരം ഉപയോഗിച്ച് എഴുതിയാതാകും എന്നതാണ്. 

നാല് സുവിശേഷങ്ങളും യേശു യഹൂദരുടെ വേദഗ്രന്ഥത്തില്‍ പ്രവചിക്കപ്പെട്ട മിശിഹയാണ് എന്ന് സ്ഥാപിക്കാന്‍ വേണ്ടി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ യഹൂദ വേദഗ്രന്ഥങ്ങള്‍ ഉപയോഗിച്ച് ഏറ്റവും അധികം പ്രവചനങ്ങള്‍ നിരത്തുന്നത് മത്തായിയാണ്. അതുകൊണ്ട് തെന്നെ ഈ സുവിശേഷം ഒരു ജൂത സമൂഹത്തിന് വേണ്ടി എഴുതപ്പെട്ടതാണ് എന്ന് അനുമാനിക്കെപ്പെടുന്നു. മത്തായിയുടെ സുവിശേഷം ആന്‍റിയോകില്‍ (സിറിയ) ആണ് എഴുതപ്പെട്ടത് എന്നാണു അനുമാനം.  മത്തായിയും ലൂകൊസും ഏകദേശം 80 നും 90 നും ഇടയിലായിരിക്കും എഴുതപ്പെട്ടത് എന്ന് കരുതുന്നു .

സമാന്തര സുവിശേഷങ്ങളില്‍ നിന്നും തികച്ചും വേറിട്ട ഒരു യേശു ചരിത്രമാണ് ഏറ്റവും അവസാനം എഴുതപ്പെട്ട യോഹന്നാന്‍റെ സുവിശേഷം നല്‍കുന്നത്. യോഹന്നാന്‍റെ സുവിശേഷം യേശു ശിഷ്യനായ യോഹന്നാന്‍ എഴുതിയതാണ് എന്നാണു പാരമ്പര്യം. പക്ഷെ ആധുനിക ബൈബിള്‍ പണ്ഡിതന്മാര്‍ ഇതിനെ  നിരാകരിക്കുന്നു. ചരിത്രപരമായി ഏറ്റവും കൃത്യത കുറഞ്ഞ സുവിശേഷമാണ് നാലാം സുവിശേഷം. ആദ്യകാല ക്രൈസ്തവര്‍ക്കിടയില്‍ ഈ സുവിശേഷത്തിന്റെ ആധികാരികതയെക്കുറിച്ച് അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടായിരുന്നു. 

ഈ സുവിശേഷം‍, മാര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ നിന്നും വിത്യസ്തമായി സാധാരണ മനുഷ്യരേക്കാള്‍ ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്ന ഒരു യേശുവിനെയാണ് വരച്ചു കാണിക്കുന്നത്, അതുകൊണ്ട് തെന്നെ ത്രിത്വവാദികള്‍ യേശുവിന്‍റെ ദിവ്യത്വം സ്ഥാപിക്കാന്‍ ഏറ്റവും അധികം ഉപയോഗിക്കുന്നത് ഈ സുവിശേഷമാണ്. ഈ സുവിശേഷത്തില്‍, ആദ്യം എഴുതപ്പെട്ട സുവിശേഷങ്ങളില്‍ നിന്നും വിത്യസ്തമായി, യേശു തെന്നെക്കുറിച്ചു വളരെയധികം സംസാരിക്കുകയും, ദൈവരാജ്യത്തെ ക്കുറിച്ചു വളരെക്കുറച്ചു മാത്രം സംസാരിക്കുകയും ചെയ്യുന്നു. ഈ സുവിശേഷം എഴുതപ്പെട്ടത് AD 90 കളില്‍ എഫസസില്‍ (Ephesus) വെച്ചാണ് എന്ന് കരുതപ്പെടുന്നു.

സുവിശേഷങ്ങള്‍ എല്ലാം വിത്യസ്ത കാലഘട്ടങ്ങളില്‍ രചിക്കപ്പെട്ടവയാണ് എന്നും വിത്യസ്ത്യ സ്ഥലങ്ങളില്‍ ഉള്ള ക്രിസ്ത്യന്‍ സമൂഹങ്ങൾക്ക് വേണ്ടി എഴുതപ്പെട്ടതാണ് എന്നും പറഞ്ഞുവല്ലോ. അതുകൊണ്ട് തെന്നെ ഒരു സുവിശേഷം ഉപയോഗിക്കുന്ന വിഭാഗം മറ്റു സുവിശേഷങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഇവ ഏക പുസ്തകമായി സമാഹരിക്കുന്നത് കാലങ്ങള്‍ക്കു ശേഷമാണ്. യേശുവിനെക്കുറിച്ച് ഒരൊറ്റ ചരിത്ര ഗ്രന്ഥത്തിന് പകരം നാല് സുവിശേഷങ്ങള്‍ ഉണ്ടാകാനുള്ള  കാരണം ഇതാണ്.

2. അപോസ്തല പ്രവര്‍ത്തികള്‍

അപോസ്തല പ്രവര്‍ത്തികള്‍ ആദ്യകാല ക്രിസ്ത്യാനികളെ ക്കുറിച്ചും, സഭയുടെ ചരിത്രത്തെയും കുറിച്ച് പറഞ്ഞു തരുന്ന പുസ്തകമാണ്. യേശു രംഗം വിട്ടത് മുതല്‍, പൌലോസ്‌  റോമില്‍ സുവിശേഷം പ്രസംഗിക്കുന്നത് വരെയുള്ള ചരിത്രം അത് വിവരിക്കുന്നു. ജെരുസേലം സഭയെക്കുറിച്ചും, അതിന്‍റെ നേതാക്കളെക്കുറിച്ചും സുവിശേഷം പ്രചരിപ്പിക്കാനുള്ള പൌലോസിന്‍റെ യാത്രകളെക്കുറിച്ചുമെല്ലാം ഈ പുസ്തകം പറഞ്ഞു തരുന്നു. 

നാല് സുവിശേഷങ്ങളെ പോലെതെന്നെ ഈ പുസ്തകവും ആരാണ് എഴുതിയത് എന്ന് പറയുന്നില്ല. ലൂകൊസിന്‍റെ സുവിശേഷവും, അപോസ്തല പ്രവര്‍ത്തികളും  ഒരാള്‍ തെന്നെയാണ് എഴുതിയത് എന്ന് കരുതപ്പെടുന്നു. ഈ പുസ്തകത്തിന്‍റെ രചനാകാലഘട്ടത്തെ ക്കുറിച്ച് വിത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ട് AD 65 -67 ല്‍ രചിച്ചതാണ് എന്നും, 80 കളില്‍ രചിച്ചതാണ് എന്നും അഭിപ്രായമുണ്ട്.

3. കത്തുകള്‍

പുതിയനിയമത്തിലെ 21 പുസ്തകങ്ങള്‍ വ്യക്തികള്‍ക്കും സഭകള്‍ക്കും എഴുതിയ കത്തുകളാണ്. ഈ കത്തുകളാണെങ്കിലും  പൊതുവായ കാര്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നതിനാല്‍ അവയെ ലേഖനങ്ങള്‍ (epistles) എന്നും വിളിക്കാറുണ്ട്. 

ഈ കത്തുകളില്‍ ഭൂരിഭാഗവും എഴുതിയിട്ടുള്ളത് പൌലോസ് ആണ്. പൌലോസിന്‍റെതായി 13 കത്തുകളാണ് ബൈബിളില്‍ ഉള്ളത്. അവയുടെ തലക്കെട്ട്‌ അവ ആര്‍ക്കെഴുതിയാണെന്ന് വ്യക്തമാക്കുന്നു. എബ്രായര്‍ക്കെഴുതിയ ലേഖനം പൌലോസ് എഴുതിയതാണ് എന്ന ഒരു ക്രിസ്ത്യന്‍ പാരമ്പര്യം ഉണ്ടെങ്കിലും, ഇന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ എല്ലാവരും തെന്നെ ഈ പുസ്തകത്തിന്‍റെ കര്‍ത്താവ്‌ അജ്ഞാതന്‍ ആണ് എന്ന് കരുതുന്നു. ഈ കത്തുകള്‍ വേദപുസ്തകായി സ്വീകരിക്കപ്പെടും എന്ന് കരുതി എഴുതിയവയാരിരുന്നില്ല. അതുകൊണ്ടു തെന്നെ വ്യക്തിപരമായ പല പരാമര്‍ശങ്ങളും ഈ കത്തുകളില്‍ കാണാം. ഉദാഹരണത്തിന്‌ പൌലോസ് തിമോത്തിയോസിന് എഴുതിയ രണ്ടാമത്തെ ലേഖനത്തിലെ നാലാം അധ്യായത്തിലെ ചില വചനങ്ങള്‍ ശ്രദ്ധിക്കുക.

13 നീ വരുമ്പോള്‍ ഞാന്‍ ത്രോവാസില്‍ കാര്‍പോസ്സിന്‍റെ പക്കല്‍ ഏല്‍പിച്ചിട്ടുപോന്ന എന്‍റെ പുറംകുപ്പായവും പുസ്തകങ്ങളും, പ്രത്യേകിച്ച്, തുകല്‍ച്ചുരുളുകളും കൊണ്ടുപോരണം.14 ചെമ്പുപണിക്കാരനായ അലക്സാണ്ടര്‍ എനിക്കു വലിയ ദ്രോഹം ചെയ്തു. കര്‍ത്താവ് അവന്‍റെ പ്രവൃത്തികള്‍ക്കു പ്രതിഫലം നല്കും.15 നീയും അവനെക്കുറിച്ചു കരുതലോടെയിരിക്കണം. കാരണം, അവന്‍ നമ്മുടെ വാക്കുകളെ ശക്തി പൂര്‍വ്വം എതിര്‍ത്തവനാണ് (2 തിമോത്തേയോസിന് 4:13-15 )
പൌലോസിന്‍റെതല്ലാതെ 7 കത്തുകളാണ് പുതിയനിയമത്തില്‍ ഉള്ളത്. ഏതെങ്കിലും ഒരു പ്രത്യേക ക്രൈസ്ത സമൂഹത്തിനു മാത്രമായല്ലാതെ, സഭയ്ക്കു മുഴുവനുംവേണ്ടി എഴുതപ്പെട്ടവയാണ് ഈ ലേഖനങ്ങള്‍ എന്നതിനാല്‍ ഇവയെ കാതോലിക എഴുത്തുകള്‍ എന്നോ പൊതു എഴുത്തുകൾ  ‍എന്നോ പറയുന്നു. 

കത്തോലിക ലേഖനങ്ങള്‍ യകോബ്,പത്രോസ്, യോഹന്നാന്‍, യൂദാസ് എന്നിവരുടെ പേരില്‍ അറിയപ്പെടുന്നു. ഈ പുസ്തകങ്ങള്‍ അവ ആര് എഴുതിയത് എന്ന് കരുതപ്പെടുന്നുവോ  അവരുടെ പേരില്‍ അറിയപ്പെടുന്നു. എന്നാല്‍ ഈ എഴുത്തുകളില്‍ പലതും അവ ആരോപിക്കപ്പെട്ട വ്യക്തികള്‍ എഴുതിയതല്ല എന്നാണ്  ബൈബിള്‍ പണ്ഡിതന്മാരുടെ പക്ഷം. 

ഉദാഹരണമായി പത്രോസിന്‍റെ പേരില്‍ അറിയപ്പെടുന്ന രണ്ടു ലേഖനങ്ങളും അപോസ്തലനായ പത്രോസ് എഴുതിയിരിക്കാന്‍ സാധ്യതയില്ല എന്നാണു ആധുനിക ബൈബിള്‍ പണ്ഡിതന്മാരില്‍ പലരും അഭിപ്രായപ്പെടുന്നുത്. പത്രോസിന്‍റെ ഒന്നാം ലേഖനവും രണ്ടാം ലേഖനവും ഒരാള്‍ എഴുതിയതല്ല എന്നതുകൊണ്ടും, മറ്റു കാരണങ്ങള്‍ കൊണ്ടും, പത്രോസിന്‍റെ രണ്ടാം ലേഖനം പത്രോസ് എഴുതിയതല്ല എന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ ഏറെക്കുറെ അഭിപ്രായഐക്യം ഉണ്ട്. ആദ്യകാല സഭാ പിതാക്കാന്‍മാര്‍ക്കിടയില്‍ തെന്നെ ഈ പുസ്തകത്തിന്‍റെ ആധികാരികതെയെക്കുറിച്ച് അഭിപ്രായവിത്യാസം ഉണ്ടായിരുന്നു. പത്രോസിന്‍റെ രണ്ടാം ലേഖനം സ്വയം അത് അപോസ്തലനായ പത്രോസ് എഴുതിയതാണ് എന്ന് അവകാശപ്പെടുന്നുണ്ട് എന്നത് ശ്രദ്ധിക്കുക. പക്ഷെ പ്രാചീന കാലത്ത്ആ ളുകള്‍ തങ്ങളുടെ പുസ്തങ്ങള്‍ക്ക് പ്രചാരവും സ്വീകാര്യതയും ലഭിക്കാന്‍ വേണ്ടി, അവ അന്നറിയപ്പെടുന്ന പ്രശസ്ത വ്യക്തികള്‍ എഴുതിയതാണ് എന്ന് അവകാശപ്പെടുന്നതില്‍ തെറ്റ് കണ്ടിരുന്നില്ല. ഇത്തരം എഴുത്തുകളെ വ്യാജപ്പെരുള്ള എഴുത്തുകള്‍ (pseudonymous writings) എന്നാണ് ആധുനിക ബൈബിളുകള്‍ പരിചയപ്പെടുത്തുന്നത്.

പൌലോസിന്റെ എഴുത്തുകളും, കാതോലിക എഴുത്തുകളും ബൈബിളിൽ  ക്രൊഡീകരിക്കപ്പെട്ടിട്ടുള്ളത്, അവയുടെ വലിപ്പത്തിന്‍റെ അടിസ്ഥാനത്തിലാണ്, ഒരോ ഗ്രൂപ്പിലും വലിയ ലേഖനങ്ങള്‍  ആദ്യവും ചെറിയ അവസാനവും ആയി സമാഹരിചിക്കുന്നു. ഈ ലേഖനങ്ങള്‍ ഏകദേശം അര നൂറ്റാണ്ട് കാലയളവിലാണ് വിരചിതമാകുന്നത്. ആദ്യം എഴുതപ്പെട്ട പൌലോസിന്റെ തെസ്സെലോനിയക്കാര്‍ക്കുള്ള ലേഖനം AD 50 കളില്‍ എഴുതപ്പെട്ടതാണ് എങ്കില്‍, യോഹന്നാന്‍റെ പേരില്‍ ഉള്ള ലേഖനങ്ങള്‍ AD 90  കളില്‍ എഴുതപ്പെട്ടതാണ്.

4. അപോകലിപ്സ്

അപോകലിപ്സ് എന്ന ഗ്രീക്ക്‌ പദത്തിന്‍റെ അര്‍ഥം വെളിപാട് എന്നാണ്. പുതിയനിയമത്തില്‍ വെളിപാട് പുസ്തകം മാത്രമാണ് ഈ ഗണത്തില്‍ വരുന്നത്. അപോസ്തലനായ യോഹന്നാനുണ്ടായ വെളിപാടുകളുടെ സമാഹാരണമാണ് ഈ പുസ്തകം എന്നാണ് പാരമ്പര്യ ക്രിസ്തീയ വിശ്വാസം. ക്രിസ്താബ്ദം 90 കളില്‍ ആണ് ഇതിന്‍റെ രചന നടന്നത് എന്ന് കരുതപ്പെടുന്നു.

ബൈബിള്‍ പുതിയനിയമ കനോനീകരണം

ബൈബിള്‍ പുതിയ നിയമത്തിലെ പുസ്തകങ്ങള്‍ ഒന്നും തെന്നെ ദൈവവചനം എന്നാ നിലയില്‍ എഴുതപ്പെട്ടതല്ല എന്ന് സൂചിപ്പിച്ചല്ലോ. ഈ പുസ്തകങ്ങളുടെ കര്‍ത്താക്കള്‍ തങ്ങള്‍ ദൈവനിവേശിദമായാണ് രചന നടത്തിയത് എന്ന് അവകാശപ്പെടുകയോ, ആദ്യകാല ക്രിസ്ത്യാനികള്‍ ഈ പുസ്തകങ്ങളെ വേദപുസ്തകമായി കരുതുകയോ ചെയ്തിരുന്നില്ല. മാത്രവുമല്ല യേശുവിനെക്കുറിച്ച് പ്രതിപാദിക്കുന്ന മറ്റെനേകം പുസ്തകങ്ങള്‍ അന്നുണ്ടായിരുന്നു. അവയില്‍ ഈ പുസ്തകങ്ങള്‍ മാത്രം വേദപുസ്തകമായി തിരഞ്ഞെടുക്കപ്പെടുന്നത് ഇവ എഴുതപ്പെട്ട് വളരെ കാലങ്ങള്‍ക്കു ശേഷമാണ്. ഇതിന്‍റെ ചരിത്രം ക്രിസ്തുമത ചരിത്രത്തോട് ബന്ധപ്പെട്ട് കിടക്കുന്നു.

യഥാര്‍ത്ഥത്തില്‍ യേശു പുതുതായി മതം സ്ഥാപിക്കുകയോ, യഹൂദ ഗ്രന്ഥങ്ങളെ പൂര്‍ണമായും തള്ളിപ്പറയുകയോ ചെയ്തതായി നാം കാണുന്നില്ല. നിലവിലെ ബൈബിളില്‍ ലഭ്യമായ ചരിത്ര പുസ്തകമായ അപോസ്തലപ്രവര്‍ത്തികള്‍ അനുസരിച്ച് യേശുവിന്‍റെ ശിഷ്യന്മാര്‍ യേശുവിനെ ദൈവത്തിന്‍റെ ദാസന്‍ എന്നാണ് വിളിച്ചിരുന്നത്‌. ഇവര്‍  ആരും തെന്നെ യേശു ദൈവമാണെന്നോ ത്രിത്വത്തിലെ ആളത്തമാണെന്നോ വിശ്വസിച്ചിരുന്നില്ല. ഈ ആദ്യ കാല "ക്രിസ്ത്യാനികള്‍" ക്രിസ്ത്യന്‍ യഹൂദർ (Christian Jews) എന്നാണ് അറിയപ്പെടുന്നത്. 

ഇവര്‍ യഥാര്‍ത്ഥത്തില്‍ തോറ പാലിച്ചു വന്നിരുന്ന, ശാബത് നിയമങ്ങളും, കോശര്‍ നിയമങ്ങളും മറ്റും ആചരിച്ചു വന്നിരുന്ന, പരിച്ചെദന  നടത്തിയിരുന്ന മൂന്നു നേരം പ്രാര്‍ഥിച്ചിരുന്ന യാഹൂദന്മാരാണ്.  ഇവരും മറ്റു യഹൂദന്മാരും തമ്മിലുള്ള വിത്യാസം, ഇവര്‍ യേശുവിനെ മിശിഹയായി അംഗീകരിച്ചിരിന്നു എന്നുള്ളതില്‍ മാത്രം പരിമിതമായിരുന്നു. AD 70 ല്‍ ജെറുസലേം തകര്‍ക്കപ്പെടുന്നത് വരെ ഈ ആദ്യ കാല "ക്രിസ്ത്യാനികള്‍" പ്രാര്‍ഥിച്ചിരുന്നതും, പ്രബോധനം നടത്തിയിരുന്നതും ജറുസലേമിലെ യഹൂദ സിനഗോകില്‍ ആയിരുന്നു. യേശു ദൈവമാണ് എന്നവര്‍ പ്രചരിപ്പിച്ചുവെങ്കില്‍ ഇതൊരിക്കലും സാധ്യമാകുമായിരുന്നില്ല എന്നതില്‍ ചരിത്രമാരന്മാര്‍ക്ക് അഭിപ്രയവിത്യാസമൊന്നുമില്ല.

ഈ ക്രിസ്ത്യന്‍-യഹൂദന്മാര്‍ വേദപുസ്തകമായി കരുതിയിരുന്നത് പഴയ നിയമം മാത്രമായിരുന്നു. പല പുതിയനിയമപുസ്തകങ്ങളും അന്ന് രചിക്കപ്പെട്ടിട്ട് പോലുമുണ്ടായിരുന്നില്ല.

എന്നാല്‍ ഇതില്‍ നിന്നും വിത്യസ്തമായ ഒരു ചിത്രമാണ് പൌലോസിന്‍റെ രചനകള്‍ നല്‍കുന്നത്. യേശു മിശിഹയാണ് എന്ന് വിശ്വസിച്ചിരുന്ന, സിനഗോഗുകളില്‍ പ്രാർത്ഥിച്ചിരുന്ന ഈ യഹൂദ വിഭാഗം റോമന്‍ ഭരണാധികാരികളാൽ പീഡിപ്പിക്കപ്പെട്ടിരുന്നു. ഈ പീഡനങ്ങളില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് പൌലോസ്. പിന്നീട് അദ്ദേഹം യേശു തെനിക്ക് പ്രത്യക്ഷപ്പെട്ടു എന്ന് അവകാശപ്പെട്ട് രംഗ പ്രവേശം ചെയ്യുകയും സുവിശേഷം പ്രചരിപ്പിക്കാന്‍ ആരംഭിക്കുകയും ചെയ്തു. 

പൌലോസിന്‍റെ പ്രവര്‍ത്തന മേഖല വിജാതിയരുടെ ഇടയിലായിരുന്നു. പൗലോസ്‌ വിജാതീയരുടെ ഇടയില്‍ തെന്‍റെ മതത്തിന് സ്വീകാര്യത ലഭിക്കുന്ന വിധത്തില്‍, പരിച്ചെദന, കോശര്‍ നിയമങ്ങള്‍ തുടങ്ങിയവ  പാലിക്കേണ്ടതില്ല എന്ന് പഠിപ്പിച്ചു. അതെപോലെതെന്നെ പൗലോസ് യേശുവിനെ ആദ്യകാല സുവിശേഷങ്ങളും യേശുവിന്‍റെ ശിഷ്യന്മാരും പരിചയപ്പെടുത്തിതന്നതില്‍ നിന്നും വ്യത്യസ്‍തമായി ദൈവത്തിന്‍റെയും സൃഷ്ടിയുടെയും ഇടയില്‍ മധ്യവര്‍ത്തിയായി പ്രതിഷ്ടിച്ചു, എന്നാല്‍ പോലും പൌലോസിനും യേശു ദൈവം ആയിരുന്നില്ല എന്നത് ശ്രേദ്ധേയമാണ്. എന്നാൽ പൌലോസിന്‍റെ ഇത്തരം അധ്യാപനങ്ങള്‍ പില്‍കാലത്ത് യേശുവിനെ പൂര്‍ണമായും ദൈവം തെന്നെ ആക്കുന്നതിലേക്ക് ആളുകളെ സഹായിച്ചു എന്ന് മലസ്സിലാക്കാവുന്നതാണ്. 

ആദ്യ നൂറ്റാണ്ടില്‍ ഉണ്ടായിരുന്ന, യേശു ദൈവം ആണ് എന്ന വിശ്വാസത്തെ തള്ളിക്കളയുന്ന Ebionites , Nazarenes, Arians തുടങ്ങിയ ക്രിസ്ത്യന്‍ വിഭാഗങ്ങളെ ക്കുറിച്ച് അറിയാന്‍ ഇന്ന് കാര്യമായ മാര്‍ഗമൊന്നുമില്ല. കാരണം ത്രിത്വത്തെ  അടിസ്ഥാനമാക്കിയുള്ള ക്രിസ്തുമതം റോമിന്‍റെ ഔദ്യോതികമതമായതിനു ശേഷം  അതിനു വിരുദ്ധമായി അന്ന് നിലനിന്നിരുന്ന പുസ്തകങ്ങളും മറ്റും നശിപ്പിക്കപ്പെട്ടു.  

ഇവര്‍ നിലനിന്നിരുന്നു എന്നതിന് ഇവരെ വിമര്‍ശിക്കാന്‍ വേണ്ടി ത്രിത്വ വാദികളായ സഭാപിതാക്കന്മാര്‍ ഇവരെക്കുറിച്ച് എഴുതിയതാണ് എന്ന് ആശ്രയം. യേശു ദൈവമാണ് എന്ന് ആദ്യകാല ക്രിസ്ത്യാനികള്‍ വിശ്വസിച്ചിരുന്നില്ല എന്നും അവര്‍ യഹൂദന്മാരില്‍ നിന്നും വ്യതിരിക്തമായത് യേശുവിനെ മിശിഹയായി അംഗീകരികരിക്കുന്നതില്‍ മാത്രമാണ് എന്നും പറഞ്ഞല്ലോ. എന്നാല്‍ പില്‍കാലത്ത് യേശു ദൈവമാണ് എന്ന വിശ്വാസം പ്രബലമാകുകയും,  ഏകദൈവ വിശ്വാസികളായ ക്രിസ്ത്യാനികളും യേശു ദൈവം ആണെന്ന് വിശ്വസിക്കുന്ന ക്രിസ്ത്യാനികളും തമ്മില്‍ തർക്കങ്ങൾ ഉടലെടുക്കകയും ചെയ്തു.

യേശു ദൈവമല്ല എന്ന് വാദിച്ചവരിൽ പ്രധാനപ്പെട്ട ഒരാളായിരുന്നു അരിയൂസ്‌ (AD 256-336). അരിയൂസ്‌ യേശുവും ദൈവവും ഒന്നാണ് എന്ന വിശ്വാസത്തെ ശക്തമായ എതിര്‍ത്തിരുന്ന ആളായിരുന്നു. അരിയൂസിന്റെ അനുയായികളും യേശു ദൈവമാണ് എന്നു വിശ്വസിച്ചിരുന്ന ആളുകളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കോന്‍സ്ടന്‍റെയിൻ ചക്രവര്‍ത്തി AD 325 ല്‍ വിളിച്ചു ചേര്‍ത്ത കൌണ്‍സില്‍ ആണ് നൈസിയന്‍ കൌണ്‍സില്‍ (First Council of Nicaea) എന്നറിയപ്പെടുന്നത്. ഇതില്‍ രണ്ടു വിഭാഗം ആളുകളും തങ്ങളുടെ വാദങ്ങള്‍ ശക്തമായി അവതരിപ്പിച്ചു, അവസാനം കൌണ്‍സില്‍ യേശു ദൈവമാണ് എന്ന് വിശ്വസിക്കുന്നവര്‍ക്കനുകൂലമായി വിധി പ്രസ്താവിച്ചു. ആരിയനിസവും അതുപോലെയുള്ള യേശു ദൈവമാണ് എന്ന് നിരാകരിക്കുന്ന മറ്റു വിശ്വാസങ്ങള്‍ എല്ലാം തെന്നെയും മതവിരുദ്ധമാണ് (heretics) എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഈ കൌണ്‍സില്‍ ആണ് യേശു പൂര്‍ണമായ ദൈവവും പൂര്‍ണമായ മനുഷ്യനും ആണ് എന്ന് പ്രഖ്യാപിക്കുന്ന  നൈസിയന്‍ വിശ്വാസ സംഹിത രൂപപ്പെടുത്തുന്നത്.  ആരിയന്‍ ജീവിച്ചിരിക്കെ തെന്നെ അദ്ദേഹത്തിന്‍റെയും ത്രിത്വതിനെതിരെയും എഴുതെപ്പെട്ട മുഴുവന്‍ മറ്റ് പുസ്തകങ്ങളും കത്തിക്കപ്പെട്ടു. ഇന്ന് ഇവരെക്കുറിച്ച് മനസ്സിലാക്കുന്നത് ഇവരുടെ എതിരാളികള്‍ എഴുതിയ പുസ്തകങ്ങളില്‍ നിന്നാണ്.

ഇവിടം മുതല്‍ ആണ് ഇന്നറിയപ്പെടുന്ന ക്രിസ്റ്യാനിടി റോമിലെ ഔദ്യോതിക മതമായി തുടങ്ങുന്നത്. പിന്നീട് AD 380 ല്‍ ആണ് ത്രിത്വതെ അടിസ്ഥാനമാക്കിയുള്ള ക്രിസ്തുമതം റോമിലെ ഔദ്യോദിക മതമായി പ്രഖ്യാപിക്കപ്പെടുന്നതും അതിന് വിരുദ്ധമായ അഭിപ്രായം പ്രകടിപ്പിക്കുന്നവരെയെല്ലാം മതവിരുദ്ധര്‍ (herectics) മുദ്രകുത്തുന്നതും. അപ്പോഴേക്കും ക്രിസ്തുമതം യേശുവിന്‍റെ പ്രബോധനങ്ങളില്‍ നിന്നും എത്രയോ അകന്നു പോയിരുന്നു. ഇന്ന് നിലനില്‍ക്കുന്ന സുവിശേഷങ്ങള്‍ പണ്ട് കാലത്ത്  പ്രചരിച്ചിരുന്ന പല സുവിശേഷങ്ങളില്‍ നൈസിയന്‍ വിശ്വാസ സംഹിതയുമായി യോചിക്കുന്ന നാലെണ്ണം മാത്രമാണ്.

കാനോന്‍ എന്ന ഗ്രീക്ക്‌ പദത്തിന്‍റെ അര്‍ത്ഥം മാനദണ്ഡം എന്നാണ്. ഔദ്യോതികമായി ബൈബിളില്‍ ഉള്‍പ്പെടുത്തെപ്പെട്ട പുസ്തകങ്ങളെക്കുറിക്കാനാണ് കാനോന്‍ എന്ന വാക്ക് ഉപയോഗിക്കുന്നത്.

 ആദ്യമായി ഒരു പുതിയനിയമ കാനോനിനെ ക്കുറിച്ചു സംസാരിക്കുന്നത്  AD 85-160 ല്‍ ജീവിച്ചിരുന്ന മാര്‍സിയോണ്‍ (Marcion) ആണ്. മാര്‍സിയോണ്‍ പഴയ നിയമം പരിചയപ്പെടുത്തുന്നത് ക്രൂരനായ ദൈവത്തെയാണ് എന്നും അത് യേശുവിന്‍റെ ആദ്യപനങ്ങളും ആയി യോചിച്ചുപോകില്ല എന്നും വിശ്വസിച്ചു. അതുകൊണ്ട് തെന്നെ മാര്‍സിയോണ്‍ പഴയ നിയമത്തെ പൂര്‍ണമായും തള്ളി പറഞ്ഞു. പകരം ലൂകൊസിന്‍റെ സുവിശേഷത്തിന്‍റെ ചില ഭാഗങ്ങളും, പൌലോസിന്‍റെ പത്തു ലേഖനങ്ങളും ഉള്‍പ്പെടെ 11 പുസ്തകങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു കാനോന് രൂപം നല്‍കി. പഴയനിയമ ബൈബിലെ ദൈവം മറ്റൊരു ദൈവമാണ് എന്നാണ് മാര്‍സിയോണ്‍  വാദിച്ചത്. മാര്‍സിയോന്‍റെ പുസ്തകങ്ങളൊന്നും തന്നെ ഇന്ന് ലഭ്യമല്ല, അവ നശിപ്പിച്ചതാകും എന്ന് കരുത്തപ്പെടുന്നു. മാര്‍സിയോണ് ശേഷം ആദ്യകാല സഭാപിതാക്കന്മാര്‍ വിത്യസ്ത പുസ്തകങ്ങള്‍ കാനോന്‍ ആയി അംഗീകരിച്ചിരുന്നുവെങ്കിലും എല്ലാവരാലും അംഗീകരിക്കപ്പെടുന്ന ഒരു കാനോന്‍ ഉണ്ടാകുന്നത് പിന്നെയും വളരെ കാലങ്ങള്‍ക്കു ശേഷം, നാലാം നൂറ്റാണ്ടില്‍, കൊന്‍സ്ടന്‍റെയിന്‍ ചക്രവര്‍ത്തി ക്രിസ്തുമതം റോമിലെ ഔദ്യോതിക മതമായി പ്രഖ്യാപിച്ചതിനും ശേഷമാണ്.

മുറാത്തോറിയന്‍ കാനോന്‍ (Muratorian ) ഇത്തരത്തില്‍ രേഖപ്പെട്ട  പുരാതന "കാനോന്‍" പട്ടികയാണ്.    ഒറിഗന്‍ Origen (A.D. c. 185 - 254), യൂസബിസ്‌ Eusebius Of Caesarea (A.D. 265 - 340), അതനാസിയാസ് Athanasius (A.D. 367) തുടങ്ങിയവരെല്ലാം പുതിയനിയമത്തിന് വിത്യസ്ത കാനോനുകള്‍ ഉണ്ടാക്കിയവരാണ്. ഇവര്‍ക്ക് പുറമേ വിത്യസ്ത ചര്‍ച്ചുകള്‍ വിത്യസ്ത കാനോന്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇന്ന് നിലവിലുള്ള 27 പുസ്തകങ്ങള്‍ ഉള്‍കൊള്ളുന്ന പുതിയ നിയമ കാനോന്‍ അന്ഗീകരിച്ചത് AD393 ള്‍ നടന്ന ഹിപ്പോ (Hippo) കൌണ്‍സിലില്‍ വച്ചാണ് ‌. ഈ കാനോന്‍ AD 397ല്‍ കാര്‍ത്തേജില്‍ (Carthage) വച്ച് നടന്ന  കൌണ്‍സിലില്‍ വച്ച് ഉറപ്പിക്കുകയും ചെയ്തു. 

നിലവിലെ ബൈബിളിലെ 27 പുസ്തകങ്ങള്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്ക് ശേഷം  തീരുമാനിക്കപ്പെട്ടതാണ് എന്നര്‍ത്ഥം. നിലവിലെ ബൈബിളില്‍ നിന്നും  പുറം തള്ളിയ പുസ്തകങ്ങളില്‍ ആദ്യകാലക്രൈസ്തവ വിഭാഗങ്ങളില്‍ പ്രസിദ്ധമായ ഒരു പക്ഷെ ഇന്നത്തെ ബൈബിളില്‍ ഉള്ള ചില പുസ്തകങ്ങളെക്കാള്‍  പ്രസിദ്ധമായ പുസ്തകങ്ങളും  ഉണ്ട്. Didache , Shepherd of Hermas, Epistle of Barnabas പോലുള്ളവ ഉദാഹരണങ്ങളാണ്.