യേശുവിന്റെ ക്രൂശീകരണം നാല് സുവിശേഷങ്ങളിലും പറയുന്നതാണ്. ഇവയില്‍ മാര്‍കോസ്, ലൂകൊസ്, മത്തായി എന്നിവരുടെ പേരില്‍ അറിയപ്പെടുന്ന സുവിശേഷങ്ങള്‍ സമാന്തര സുവിശേഷങ്ങള്‍ (synoptic gospels)എന്നറിയപ്പെടുന്നു. മത്തായിയും, ലൂകൊസും തങ്ങളുടെ സുവിശേഷങ്ങള്‍ എഴുതിയത് മാര്‍കോസിന്റെ സുവിശേഷം അടിസ്ഥാനമാക്കിയാണ് എന്നതാണ്. അതിനാല്‍ തെന്നെ ഈ മൂന്നു സുവിശേഷങ്ങളും തമ്മില്‍ ധാരാളം സാമ്യങ്ങള്‍ ഉണ്ട്. ലൂകൊസും മത്തായിയും മാര്‍കോസിന്റെ സുവിശേഷം ഏകദേശം മുഴുവനായും തെന്നെ തങ്ങളുടെ സുവിശേഷങ്ങളില്‍ പകര്‍ത്തിയിട്ടുണ്ട് എന്ന് പറയാം. എന്നാല്‍ അവസാനം എഴുതപെട്ട സവിശേഷമായ യോഹന്നാന്‍റെ സുവിശേഷം, സമാന്തര സുവിശേഷത്തില്‍ തികച്ചും വിത്യാസപ്പെട്ടിരിക്കുന്നു. സമാന്തര സുവിശേഷങ്ങള്‍ നല്‍കുന്നതില്‍ തികച്ചും വിത്യസ്തമായ ഒരു യേശുവിന്‍റെ ചിത്രമാണ് യോഹന്നാന്‍റെ സുവിശേഷം വരച്ചു കാണിക്കുന്നത്. പല വിവരണങ്ങളിലും യോഹന്നാനും സമാന്തര സുവിശേഷങ്ങളും പ്രകടമായ വൈരുധ്യം പുലര്‍ത്തുന്നത് കാണാം. ഇത്തരത്തില്‍ പെട്ട ഒരു വൈരുധ്യമാണ് യേശുവിനെ ക്രൂശിച്ച ദിവസത്തെ ക്കുറിച്ച് യോഹന്നാനും സമാന്തര സുവിശേഷങ്ങളും നല്‍കുന്ന വിവരണം. ഇവിടെ ക്രൂശീകരണം നടന്ന ദിവസത്തെ ക്കുറിച്ച് യോഹന്നാന്‍റെ സുവിശേഷവും സമാന്തര സുവിശേഷങ്ങളില്‍ ആദ്യം എഴുതപ്പെട്ട മാര്‍കൊസും പറയുന്നത് താരതമ്യം ചെയ്യുകയാണ് സുവിശേഷങ്ങള്‍ ക്രൂശീകരണം നടന്ന ദിവസത്തെ ക്കുറിച്ച് പെസഹ ആഘോഷത്തോട് ബന്ധപ്പെടുത്തി പറയുന്നതിനാല്‍ ആദ്യം പെസഹ എന്താണ് എന്ന് മനസ്സിലാക്കാം.
പെസഹ (Passover)
പെസഹ എന്നത് ജൂതന്മാരുടെ വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. യേശുവിനും നൂറ്റാണ്ടുകള്‍ക്കു മുമ്പ്, മോശയുടെ കാലത്ത് നടന്ന, പുറപ്പാട് 5-15 ല്‍ വിവരിച്ചിരിക്കുന്ന സംഭവങ്ങളുടെ ഓര്‍മക്കായിട്ടാണ് പെസഹ ആചരിക്കുന്നത്. ആ സംഭവങ്ങളുടെ ചുരുക്കം ഇങ്ങനെയാണ്. നാനൂറ് വര്‍ഷത്തോളം ഇസ്രായീല്‍ മക്കള്‍ ഈജിപ്തില്‍ അടിമകളായി ജീവിച്ചു. അവസാനം ദൈവം അവരുടെ ദീന രോദനം കേള്‍ക്കുകയും, അബ്രഹാതിനോടും ഇസഹാക്കിനോടും യാകൊബിനോടും ചെയ്ത ഉടമ്പടി ഓര്‍മിക്കുകയും തല്‍ഫലമായി മോശെയെ അവരുടെ രക്ഷകനായി നിയോഗിക്കുകയും ചെയ്യുന്നു. അങ്ങിനെ മോശെയും സഹോദരന്‍ അഹരോനും കൂടി, കര്‍ത്താവിന്റെ നിര്‍ദേശ പ്രകാരം ഫറോവയുടെ അടുത്ത് ചെല്ലുകയും ഇസ്രെയീലി മക്കളെ വിട്ടയക്കണം എന്നാവശ്യപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഫറോവ ചക്രവര്‍ത്തി ആ ആവശ്യം നിരസിക്കുന്നു. ഇസ്രായേല്‍ മക്കളെ വിട്ടയക്കാന്‍ ഫറോവയെ പ്രേരിപ്പിക്കുന്നതിന് വേണ്ടി, കര്‍ത്താവ് ഈജിപ്ത്കാര്‍ക്ക് നേരെ, ജലം രക്തമാക്കുക, തവളെകളെ വര്‍ദ്ധിപ്പിക്കുക, പേന്‍ വര്‍ദ്ധിപ്പിക്കുക, വെട്ടുകിളികളെ അയക്കുക തുടങ്ങിയ പത്ത് മഹാമാരികള്‍ അയക്കുന്നു. ഇതില്‍ പത്താമത്തെതാണ് ഏറ്റവും ഭയാനകമായത്. ഈജിപ്ത്കാര്‍ക്ക് നേരെ ദൈവം അയച്ച പത്താമത്തെ മഹാമാരി, അവരുടെ എല്ലാ ആദ്യജാത സന്താനങ്ങളെയും .കാലികളുടെ കടിഞ്ഞൂല്‍ സന്താനങ്ങളെയും വധിക്കുക എന്നതാണ്. കര്‍ത്താവ് ഈജിപ്ത്കാരുടെ ആദ്യജാതരെ വധിക്കുമ്പോള്‍, ഇസ്രെയീലീ കുടുംബങ്ങളെ തിരിച്ചറിയാനും അത് വഴി അവരുടെ സന്താനങ്ങള്‍ ദൈവത്തിന്‍റെ ദൂതനാല്‍ വധിക്കപ്പെടാതിരിക്കാനും ദൈവം ഓരോ ഇസ്രീയീല്‍ കുടുംബവുത്തോടും ഒരു ആടിനെ അറുത്ത് അവയുടെ രക്തം വീടിന്‍റെ മുമ്പില്‍ തളിക്കണം എന്ന് നിര്‍ദേശിച്ചു. ദൈവത്തിന്‍റെ ദൂതന്‍ ആദ്യ ജാതരെ വധിക്കാനായി വീടുകള്‍ തോറും വരുമ്പോള്‍, വീട്ടു പടിക്കാള്‍ രക്തം തളിചിരിക്കുന്നത് കണ്ടാല്‍ അത് ഇസ്രായേല്‍ വീടാണ് എന്ന് മനസ്സിലാകുകയും ആ വീട്ടിലെ ആളുകളെ കൊല്ലാതെ ആ വീട് മറികടക്കുകയും (passover in English, pâsach in Hewbrew) ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഇത്.
കര്‍ത്താവ് പറഞ്ഞ പോലെ തെന്നെ സംഭവിക്കുകയും ഈജിപ്തുകാരുടെ മനുഷ്യരുടെയും മൃഗങ്ങളുടെയും, ആദ്യ സന്താനങ്ങള്‍ കര്‍ത്താവിന്റെ ദൂതനാല്‍ വധിക്കപ്പെടുകയും ചെയ്തു. ഈ പത്താമത്തെ മഹാമാരിയില്‍ ഭയ ചകിതനായ ഫറോവ ഇസ്രയീലുകാരെ പോകാന്‍ അനുവദിച്ചു. എന്നാല്‍ പിന്നീട് ഫറോവയുടെ മനസ്സ് മാറുകയും തെന്റെ സൈന്യവുമായി അവരെ പിന്തുടരുകയും ചെയ്തു. പക്ഷെ ദൈവം ചെങ്കടല്‍ പിളര്‍ത്തി മോശയെയും ജനത്തെയും രക്ഷിക്കുകയും, അവരെ പിന്തുടര്‍ന്നിരുന്ന ഫറോവയെ ചെങ്കടലില്‍ മുക്കികൊല്ലുകയും ചെയ്തു.
ഇസ്രായേല്‍ മക്കള്‍ ഈജിപ്തിലെ അടിമത്തത്തില്‍ മോചിതരായ ഈ സംഭവത്തിന്റെ ഓര്‍മക്കായിട്ടാണ് ജൂതന്മാര്‍ പെസഹ ആചരിക്കുന്നത്. യേശുവിന്‍റെ കാലത്ത് യഹൂദന്മാര്‍ വിവിധഭാഗങ്ങളില്‍ നിന്നും പെസഹ ആചരിക്കാന്‍ വേണ്ടി ജെറുസലേമില്‍ വരുമായിരുന്നു. പെസഹ ആരംഭിക്കുന്നത് യഹൂദ കലണ്ടറിലെ ആദ്യമാസത്തിലെ (Nisan/Abib) 15 ന് ആണ്. യഹൂദന്മാര്‍ മുസ്ലിംകളെ പോലെ, ചാന്ദ്രകലണ്ടര്‍ ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് ഒരു ദിവസം ആരംഭിക്കുന്നത് സൂര്യാസ്തമയാതോട് കൂടിയാണ്. പെസഹയുടെ തലേ ദിവസമാണ് (നിസാന്‍ 14) പെസഹയുടെ ഒരുക്കനാള്‍ എന്നറിയപ്പെടുന്നത്. പെസഹയുടെ ഒരുക്ക നാള്‍ യഹൂദര്‍ അറുക്കുന്നതിനുള്ള ആടിനെ ജെറുസലേമിലേക്ക് കൊണ്ട് വരികയും പുരോഹിതര്‍ അറുക്കുകായും ചെയ്യും. ഇത് വീട്ടില്‍ കൊണ്ട് പോയി പാചകം ചെയ്ത ശേഷം, അന്ന് സൂര്യന്‍ അസ്തമിച്ചതിന് ശേഷം (സൂര്യാസ്തമനതോടെ പെസഹയുടെ ദിവസം, നിസാന്‍ 15 ആരംഭിക്കുന്നു) കഴിക്കുകയും ചെയ്യും. ഇതിനെയാണ് പെസഹ അത്താഴം എന്ന് പറയുന്നത്.
ക്രൂശീകരണം നടന്ന ദിവസവും സമയവും മാര്‍ക്കോസില്‍
മാര്‍കോസ് ക്രൂശീകരണ സംഭവങ്ങള്‍ വിവരിക്കുന്നത് ഇപ്രകാരമാണ്. യേശുവും ശിഷ്യന്മാരും ജെരുസേലമിലേക്ക് വരുന്നു. ജറുസലേമില്‍ വെച്ച് ശിഷ്യന്മാര്‍ യേശുവിനോട് എവിടെയാണ് പെസഹ ഒരുക്കേണ്ടത് എന്ന് ചോദിക്കുന്നു. അതായത് ആ ദിവസം പെസഹയുടെ ഒരുക്കനാളാണ് (നിസാന്‍ 14)എന്നര്‍ത്ഥം. മാര്‍കോസ് പറയുന്നത് നോക്കൂ.
12 പെസഹാബലി അര്‍പ്പിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം, ശിഷ്യന്‍മാര്‍ യേശുവിനോടു ചോദിച്ചു: നിനക്കു ഞങ്ങള്‍ എവിടെ പെസഹാ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?13 അവന്‍ രണ്ടു ശിഷ്യന്‍മാരെ അയച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍ നഗരത്തിലേക്കുചെല്ലുക. ഒരുകുടം വെള്ളം ചുമന്നുകൊണ്ട് ഒരുവന്‍ നിങ്ങള്‍ക്കെതിരേ വരും. അവനെ അനുഗമിക്കുക.14 അവന്‍ എവിടെ ചെന്നുകയറുന്നുവോ അവിടത്തെ ഗൃഹ നാഥനോടു പറയുക: ഗുരു ചോദിക്കുന്നു, ഞാന്‍ എന്റെ ശിഷ്യന്‍മാരുമൊത്തു പെ സഹാ ഭക്ഷിക്കുന്നതിന് എന്റെ വിരുന്നുശാല എവിടെയാണ്?15 സജ്ജീകൃതമായ ഒരു വലിയ മാളികമുറി അവര്‍ കാണിച്ചുതരും. അവിടെ നമുക്കുവേണ്ടി ഒരുക്കുക (മാര്‍കോസ് 14:12-15)
ശിഷ്യന്മാര്‍ യേശു പറഞ്ഞത് പോലെ ചെയ്യുകയും, സന്ധ്യയായപ്പോള്‍ (പെസഹയുടെ ദിവസംതുടങ്ങിയപ്പോള്‍) അവര്‍ പെസഹ ഭക്ഷിക്കുകയും ചെയ്യുന്നു.
16 ശിഷ്യന്‍മാര്‍ പുറപ്പെട്ട് നഗരത്തിലെത്തി, അവന്‍ പറഞ്ഞിരുന്നതുപോലെ കണ്ടു.17 അവര്‍ പെസഹാ ഒരുക്കി. സന്ധ്യയായപ്പോള്‍ അവന്‍ പന്ത്രണ്ടുപേരുമൊരുമിച്ചു വന്നു.18 അവര്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ യേശു പറഞ്ഞു.. (മാര്‍കോസ് 14)
യേശുവും ശിഹ്യന്മാരും പെസഹ ഭക്ഷിച്ച ശേഷം, ഗത്സമന തോട്ടത്തിലേക്ക് പൊകുകയും അവിടെ വെച്ച് യേശു ദുഖിതനായി നിലത്ത് വീണ്, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും നീക്കണേ എന്ന് ദൈവത്തോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അവിടെ അവര്‍ സംസാരിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ യേശുവിനെ ഒറ്റുകൊടുത്ത യൂദാസ് ജനക്കൂട്ടവും ആയി യേശുവിനെ പിടികൂടാനായി വരികയും അവര്‍ യേശുവിനെ ബന്ധിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് അന്ന് തെന്നെ യേശുവിനെ ന്യാധിപസംഘത്തിന് മുന്നില്‍ ഹാജരാക്കുകയും, പിറ്റേന്ന് അതിരാവിലെ പുരോഹിതപ്രമുഖര്‍ യേശുവിനെ റോമന്‍ ഗവര്‍ണറായ പിലാത്തോസിന് കൈമാറുകായും ചെയ്യുന്നു. പിന്നീട് പിലോതോസ് യേശുവിനെ ക്രൂശിക്കാന്‍ വിധിക്കുകയും അന്ന് രാവിലെ ഒമ്പത് മണിക്ക് തെന്നെ (മാര്‍കോസ് 15:25) യേശുവിനെ ക്രൂശിക്കുകയും ചെയ്യുന്നു. അതായത് മാര്‍കോസ് പ്രകാരം യേശു ക്രൂശിക്കപ്പെടുന്നത് പെസഹയുടെ അന്ന്(നിസാന്‍ 15) നു രാവിലെ ഒമ്പത് മണിക്കാണ്.
ക്രൂശീകരണം നടന്ന ദിവസവും സമയവും യോഹന്നാനില്‍
യോഹന്നനാനിലും യേശുവും ശിഷ്യന്മാരും ജെറുസലേമിലേക്ക് വരുന്നതായും ഒരുമിച്ച് അത്താഴം കഴിക്കുന്നതായും പറയുന്നു. എന്നാല്‍ യോഹന്നാനില്‍ യേശു പെസഹ ഒരുക്കാന്‍ വേണ്ടി ശിഷ്യന്മാരോട് ആവശ്യപ്പെടുകയോ, അവസാനത്തെ അത്താഴം പെസഹയാണ് എന്ന് പറയുകയോ ചെയ്യുന്നില്ല. യോഹന്നാന്‍ പ്രകാരം യേശു സാധാരണ അത്താഴം ആണ് ശിഷ്യന്മാരോട് കൂടെ കഴിക്കുന്നത്. അത്താഴത്തിന് ശേഷം അവര്‍ പുറത്തു പോകുന്നു. യേശു ഇവിടെയും ജൂദാസിനാല്‍ ഒറ്റുകൊടുക്കപ്പെടുകയും പ്രധാന പുരോഹിതന്‍റെ മുമ്പില്‍ ഹാജരാക്കപ്പെടുകയും പിന്നീട് പുലര്‍ച്ചെ പിലാത്തോസിന്റെ മുമ്പില്‍ ഹാജരാക്കുകയും ചെയ്യുന്നു. പെസഹ അപ്പോഴും തുടങ്ങിയിട്ടില്ല എന്നാണ് യോഹന്നാന്‍ പറയുന്നത്. യോഹന്നാന്‍ പറയുന്നത് നോക്കൂ.
28 യേശുവിനെ അവര്‍ കയ്യാഫാസിന്റെ അടുത്തുനിന്ന് പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. അപ്പോള്‍ പുലര്‍ച്ചയായിരുന്നു. അശുദ്ധരാകാതെ പെസഹാ ഭക്ഷിക്കേണ്ടതിനാല്‍ അവര്‍ പ്രത്തോറിയത്തില്‍ പ്രവേശിച്ചില്ല.29 അതിനാല്‍ പീലാത്തോസ് പുറത്ത് അവരുടെ അടുക്കല്‍ വന്നു ചോദിച്ചു: ഈ മനുഷ്യനെതിരേ എന്താരോപണമാണു നിങ്ങള്‍ കൊണ്ടുവരുന്നത(യോഹന്നാന്‍ 18)
പിന്നീട് പിലാത്തോസ് യേശുവിനെ ക്രൂശിക്കാന്‍ വിധിക്കുകയും യേശു ക്രൂശിക്കപ്പെടുകയും ചെയ്യുന്നു. അങ്ങിനെ പെസഹയുടെ ഒരുക്കാനാള്‍ ഏകദേശം ഉച്ചക്ക് യേശുവിനെ ക്രൂശിക്കുകയും ചെയ്യുന്നു. യോഹന്നാന്‍ പറയുന്നത് ഇങ്ങനെയാണ്.
14 അന്ന് പെസഹായുടെ ഒരുക്കത്തിനുള്ള ദിവസമായിരുന്നു. അപ്പോള്‍ ഏകദേശം ആറാം മണിക്കൂറുമായിരുന്നു. അവന്‍ യഹൂദരോടു പറഞ്ഞു:15 ഇതാ, നിങ്ങളുടെ രാജാവ്! അവര്‍ വിളിച്ചുപറഞ്ഞു: കൊണ്ടുപോകൂ, അവനെ കൊണ്ടുപോയി കുരിശില്‍ തറയ്ക്കൂ. പീലാത്തോസ് അവരോടു ചോദിച്ചു: നിങ്ങളുടെ രാജാവിനെ ഞാന്‍ ക്രൂശിക്കണമോ? പുരോഹിതപ്രമുഖന്‍മാര്‍ പറഞ്ഞു: സീസറല്ലാതെ ഞങ്ങള്‍ക്കു വേറെ രാജാവില്ല.16 അപ്പോള്‍ അവന്‍ യേശുവിനെ ക്രൂശിക്കാനായി അവര്‍ക്കു വിട്ടുകൊടുത്തു.(യോഹന്നാന്‍ 19)
അതായത് യോഹന്നാന്‍ പ്രകാരം യേശു ക്രൂശിക്കപ്പെടുന്നത് പെസഹയുടെ ഒരുക്കനാള്‍ അഥവാ നിസാന്‍ 14 ന് ഉച്ചക്കാണ്. മാര്‍കോസിലാകെട്ടെ ഈ സമയം യേശു ജീവനോടെ ശിഷ്യന്‍മാര്‍ക്കോപ്പമായിരുന്നു. അന്ന് വൈകുന്നേരവും കഴിഞ്ഞ് രാത്രി പെസഹ ഭക്ഷിച്ചതിന് ശേഷം പിറ്റേന്ന് രാവിലെയാണ് മാര്‍കോസ് പ്രകാരം യേശു ക്രൂശിക്കപ്പെടുന്നത്.
എന്താണ് ഈ വൈരുധ്യത്തിന് കാരണം ?
യോഹന്നാനും, സമാന്തര സുവിശേഷങ്ങളും തങ്ങളുടെ ദൈവശാസ്ത്ര സങ്കല്പതിനനുസൃതമായി യേശുകഥ രചിച്ചതാണ് ഈ വിത്യാസത്തിന് കാരണം. യോഹന്നാനെയും പൌലോസിനെയും സംബന്ധിച്ചിടത്തോളം യേശു തെന്നെയാണ് ലോകത്തിന് സ്വയം ബലി നല്‍കിയ പെസഹ കുഞ്ഞാട്. സ്വാഭാവികമായും യേശു കുരിശില്‍ മരിക്കേണ്ടതു പെസഹ ബലി നല്‍കേണ്ട അതെ ദിവസവും(പെസഹ ഒരുക്ക നാള്‍) അതെ സമയത്തും(ഉച്ചക്ക് ശേഷം) ആയിരിക്കണം. ഇതിന് വേണ്ടിയാണ് യോഹന്നാന്‍ യേശുവിനെ കുരിശില്‍ തറക്കുന്നത് പെസഹ ഒരുക്കനാള്‍ ഉച്ചക്ക് ശേഷമാണ് എന്ന് പറയുന്നത്. ഇത് മാത്രമല്ല്ല, പെസഹ കുഞ്ഞാടിന് ഉണ്ടായിരിക്കേണ്ട ഒരു നിബന്ധനയാണ് അതിന്‍റെ അസ്ഥികള്‍ ഒന്നും ഓടിയാതിരിക്കുക എന്ന്. ഇതിനനുസൃതമായി യോഹന്നാന്‍ പറയുന്നുണ്ട് യേശുവിന്‍റെ അസ്ഥികള്‍ ഒന്നു പോലും തകര്‍ക്കപ്പെട്ടിരുന്നില്ല എന്ന്. (അസ്ഥികള്‍ തകര്‍ക്കപ്പെടാതെ കയ്യിലും കാലിലും ആണി അടിച്ചു കയറ്റാന്‍ സാധ്യത കുറവാണ്) എന്നാല്‍ യോഹന്നാനു പതിറ്റാണ്ടുകള്‍ക്കു മുമ്പ് എഴുതപ്പെട്ട സമാന്തര സുവിശേഷങ്ങളുടെ കര്താക്കള്‍ക്ക് ഇത്തരത്തില്‍ ഉള്ള ധാരണയില്ലാതിരുന്നതിനാല്‍ അവര്‍, യേശു പെസഹ അറുക്കേണ്ട ദിവസം കഴിഞ്ഞിട്ടാണ് യേശുക്രൂശിക്കപ്പെട്ടതായി പറയുന്നത്. ഇതില്‍ ഏത് വിവരണമാണ് ചരിത്രത്തോട് കൂടുതല്‍ നീതി പുലര്‍ത്തുന്നത് എന്ന് പറയാന്‍ സാധ്യമല്ല.