Monday, December 12, 2011

യേശുവിന്‍റെ ജനനകഥ സുവിശേഷങ്ങളില്‍

യേശുവിന്‍റെ ജനനത്തെക്കുറിച്ച് വിവരിക്കുന്ന ബൈബിള്‍ പുസ്തകങ്ങള്‍ പുതിയനിയമത്തിലെ മത്തായിയുടെയും ലൂക്കൊസിന്റെയും സുവിശേഷങ്ങള്‍ മാത്രമാണ്. മറ്റുരണ്ടു സുവിശേഷങ്ങളായ മാര്‍കോസൊ യോഹന്നാനോ പുതിയ നിയമത്തിലെ മറ്റേതെങ്കിലും പുസ്തങ്ങളോ യേശുവിന്‍റെ ജനത്തെ ക്കുറിച്ചോ, ബാല്യകാലത്തെ ക്കുറിച്ചോ പറയുന്നില്ല. എന്നാല്‍ മത്തായിയും ലൂകൊസും വിവരിക്കുന്ന യേശുവിന്‍റെ ജനനകഥകള്‍ തികച്ചും വിത്യസ്തവും പലപ്പോഴും വൈരുധ്യം പുലര്‍ത്തുന്നവയും ആണ്. ഈ രണ്ടു കഥകളെയും താരത്യം ചെയ്യുകയാണ് ഈ പോസ്റ്റിന്‍റെ ഉദ്ദേശം.

യേശുവിന്‍റെ ജനനകഥ മത്തായിയുടെ സുവിശേഷത്തില്‍

മത്തായിയുടെ സുവിശേഷത്തില്‍ 1:18 മുതല്‍  2:23  വരെയുള്ള വചനങ്ങളില്‍ ആണ് യേശുവിന്‍റെ ജനനവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വിവരിക്കുന്നത്. അവയുടെ ചുരുക്കം ഇങ്ങനെയാണ്.

യേശുവിന്‍റെ മാതാവായ മറിയവും ജോസഫും തമ്മില്‍ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അവര്‍ സഹവസിക്കുന്നതിനു മുമ്പ് മറിയം പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയാകുന്നു. ഈ വിവരം അറിഞ്ഞ ജോസഫ്‌, മറിയയെ  രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട്,  മറിയ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ് എന്നും അതുകൊണ്ട് തെന്നെ അവരെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ട എന്നും ജോസഫിനെ അറിയിക്കുന്നു. ഇത് പ്രകാരം ജോസഫ്‌ മറിയയെ ഭാര്യയായി സ്വീകരിക്കുകയും മറിയ യേശുവിനെ പ്രസവിക്കുകയും ചെയ്യുന്നു.

ഹെറോദേസ് രാജാവിന്‍റെ കാലത്ത്‌, യൂദായിലെ ബെത്ലെഹെമില്‍ യേശു ജനിച്ചപ്പോള്‍ കിഴക്ക് ദേശത്ത് നിന്ന് നക്ഷത്രത്തെ പിന്തുടര്‍ന്ന് ജ്ഞാനികള്‍ ജെറുസലേമില്‍ എത്തുകയും, എവിടെയാണ് യഹൂദരുടെ രാജാവായി ജനിച്ചവന്‍ എന്ന് അന്വേഷിക്കുകയും ചെയ്യുന്നു. ഇത് കേട്ട ഹെറോദേസ് രാജാവ് അസ്വസ്ഥനാകുകയും, പ്രധാന പുരോഹിതന്മാരെയും നിയമജ്ഞരെയും വിളിച്ചു കൂട്ടി ക്രിസ്തു എവിടെയാണ് ജനിക്കുക എന്ന് അന്വേഷിക്കുകയും യൂദായിലെ ബത്ലഹേമില്‍ ആണ് ക്രിസ്തു ജനിക്കുക എന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. പിന്നീട് ഹെറോദേസ്, ശിശുവിനെ ക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സൂക്ഷ്മമായി അന്വേഷിച്ചറിഞ്ഞു, തിരിച്ചു വരുമ്പോള്‍ തെന്നെ ധരിപ്പിക്കണം എന്ന നിബന്ധനയോടെ, ജ്ഞാനികളെ ബെത്ലെഹെമിലേക്ക്  പറഞ്ഞയക്കുന്നു. അങ്ങിനെ നക്ഷത്രത്തെ പിന്തുടര്‍ന്ന് ജ്ഞാനികള്‍ ബെത്ലെഹെമിലേക്ക് എത്തുകയും,  യേശുജനിച്ച വീടിന് മുമ്പില്‍ നക്ഷത്രം നിന്നതനുസരിച്ചു ആ വീട്ടില്‍ പ്രവേശിക്കുകയും നിക്ഷേപ പാത്രങ്ങള്‍ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ചയര്‍പ്പികുകയും ചെയ്യുന്നു. എന്നാല്‍ സ്വപ്നത്തില്‍ മുന്നറിയിപ്പ്‌ ലഭിച്ചതിനാല്‍ മടങ്ങിപ്പോകുമ്പോള്‍ അവര്‍ ഹെറോദേസിന്‍റെMap_Palastine അടുത്ത് പോകാതെ മറ്റൊരു വഴിയിലൂടെ സ്വദേശത്തേക്ക് പോകുന്നു

അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ ജോസഫിന് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട്, ഹെറോദേസ് ഉടന്‍ തെന്നെ ശിശുവിനെ വധിക്കുന്നതിന് വേണ്ടി അന്വേഷണം തുടങ്ങുമെന്നും അതുകൊണ്ട് ഉടന്‍ തെന്നെ ഈജിപ്തിലേക്ക് പാലായനം ചെയ്യണം എന്നുമറിയിക്കുന്നു. അതനുസരിച്ച് ജോസഫ്‌ ഉണര്‍ന്ന് ആ രാത്രി തെന്നെ ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്ക് യാത്രയാകുന്നു. ഹെറോദേസിന്‍റെ മരണം വരെ അവര്‍ ഈജിപ്തില്‍ താമസിക്കുന്നു.

ജ്ഞാനികള്‍ തെന്നെ  കബളിപ്പിച്ചുവെന്ന് മനസ്സിലാക്കിയ ഹെറോദേസ്,, ബെത്ലഹെമിലെയും സമീപ പ്രദേശങ്ങളിലെയും രണ്ടും അതില്‍ താഴെയും വയസ്സുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിക്കുന്നു.

പിന്നീട് ഹെറോദേസിന്‍റെ മരണത്തിന് ശേഷം, കര്‍ത്താവിന്‍റെ ദൂതന്‍ വീണ്ടും, ജോസഫിന് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട്, ശിശുവിനെ വധിക്കാന്‍ ശ്രമിച്ചവര്‍ മരിച്ചുവെന്നും  ഇസ്രായേലിലേക്ക് മടങ്ങണം എന്നും അറിയിക്കുന്നു. അതനുസരിച്ച് ജോസഫ്‌ അമ്മയെയും ശിശുവിനെയും കൂട്ടി ഇസ്രായേല്‍ ദേശത്തേക്ക് പുറപ്പെട്ടു, എന്നാല്‍  വഴിയില്‍ വെച്ച് യൂദായില്‍ ഇപ്പോള്‍ ഭരിക്കുന്നത് ഹെറോദേസിന്‍റെ മകനായ ആര്‍ക്കലാവോസാണ് എന്ന വിവരം കിട്ടുകയും ജോസഫിന് അങ്ങോട്ട്‌ പോകാന്‍ ഭയം തോന്നുകയും ചെയ്യുന്നു. അപ്പോള്‍ വീണ്ടും സ്വപ്നത്തില്‍ അറിയിപ്പ് ലഭിച്ചതനുസരിച്ച്, അവര്‍ ഗലീലി എന്ന പ്രദേശത്തെ നസ്രത്ത് എന്ന പട്ടണത്തില്‍ ചെന്ന് പാര്ക്കുന്നു. ഇവിടെയാണ്‌ യേശു വളര്‍ന്നത്. അവന്‍ നസ്രായെന്‍ എന്ന് വിളിക്കപ്പെടും എന്ന പഴയ നിയമപ്രവചനം പൂര്‍ത്തികരിക്കാന്‍ വേണ്ടിയായിരുന്നു ഇത് എന്നും മത്തായി പറയുന്നുണ്ട്.

യേശുവിന്‍റെ ജനനകഥ ലൂകൊസില്‍

ലൂകൊസിന്റെ സുവിശേഷം 1:5-2:40 വചനങ്ങളില്‍ യേശുവിന്‍റെ ജനനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വിവരിക്കുന്നത്. ലൂക്കാ തെന്റെ സുവിശേഷം ആരംഭിക്കുന്നത്, സഖറിയ-എലിസബത്ത് ദമ്പതികള്‍ക്ക് പുത്രന്‍ (സ്നാപകയോഹന്നാന്) ‍ ജനിക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വിവരിച്ചുകൊണ്ടാണ്. എലിസബത്തും സഖറിയാവും പ്രായമേറെ ചെന്നവരായിരുന്നു, എലിസബത്താകട്ടെ വന്ധ്യയും ആയിരുന്നു. പക്ഷെ കര്‍ത്താവിന്‍റെ ദൂതന്‍ സഖറിയാവിന് സ്വപ്നത്തില്‍ പ്രത്യക്ഷമായി പറഞ്ഞത് പുലരുകയും, എലിസബത്ത്‌ ഗര്‍ഭം ധരിക്കുകായും ചെയ്യുന്നു. ഗര്‍ഭം ധരിച്ചതിന് ശേഷം അഞ്ചു മാസത്തേക്ക് എലിസബത്ത്‌ മറ്റുള്ളവരുടെ മുമ്പില്‍ പ്രത്യക്ഷപെടാതെ കഴിഞ്ഞു കൂടി.

എലിസബത്ത്‌ ആറാം മാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍, എലിസബത്തിന്റെ ബന്ധുവായ, ജോസഫുമായി വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന മറിയം എന്ന കന്യകയുടെ  അടുത്ത്‌ കര്‍ത്താവിന്‍റെ ദൂതന്‍ പ്രത്യേക്ഷപ്പെടുകയും, അവര്‍ ഗര്‍ഭം ധരിച്ചു ഒരുആണ്‍കുഞ്ഞിനെ പ്രസവിക്കുമെന്നും അവന് യേശു എന്ന് പേരിടണമെന്നും നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. വിവാഹിതയാകാത്ത ഞാനെങ്ങിനെ ഗര്‍ഭിണിയാകുമെന്ന് അന്വേഷിക്കുന്ന മറിയത്തോട്, ദൈവത്തിന് അസാധ്യമായിട്ടൊന്നുമില്ലയെന്നു കര്‍ത്താവിന്‍റെ ദൂതന്‍ അറിയിക്കുന്നു. മറിയം പിന്നീട് എലിസബത്തിനെ സന്ദര്‍ശിക്കുന്നതായും , അപ്പോള്‍ എലിസബത്തിന്റെ  ഉദരത്തിലുള്ള കുഞ്ഞു സന്തോഷത്താല്‍ കുതിച്ചു ചാടിയതായും ലൂകാ പറയുന്നുണ്ട്. അങ്ങിനെ എലിസബത്ത്‌ കുഞ്ഞിനെ പ്രസവിക്കുകയും, എട്ടാം ദിവസം കുഞ്ഞിന് പരിച്ചേദന(circumcision) നടത്തുകയും യോഹന്നാന്‍ എന്ന് പേര് വിളിക്കുകയും ചെയ്യുന്നു. ഇത്രയും വിവരിച്ചതിന് ശേഷമാണ് ലൂകാ യേശുവിന്‍റെ ജനനവുമായി ബന്ധപ്പട്ട സംഭവങ്ങള്‍ വിവരിക്കുന്നത്.

 

അക്കാലത്ത്‌ റോമാ ഭരണാധികാരിയായിരുന്ന  അഗസ്റ്റസ് സീസര്‍, രാജ്യത്തുള്ള മുഴുവന്‍ ആളുകളുടെയും കണക്കെടുപ്പ് നടത്തുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ക്വിരിനിയോസ്‌ സിറിയയിലെ ഗവര്‍ണര്‍ ആയിരിക്കുമ്പോഴുള്ള ആദ്യത്തെ സെന്‍സസ്‌ ആയിരുന്നു ഇത്. ഈ ഉത്തരവ് പ്രകാരം ഓരോരുത്തരും പെരെഴുതിക്കാനായി തങ്ങളുടെ പൂര്‍വികരുടെ നഗരങ്ങളിലേക്ക് പോകണമായിരുന്നു. ജോസഫ്‌ ദാവീദിന്‍റെ കുടുംബത്തിലും വംശത്തിലും പെട്ടവനായിരുന്നതിനാല്‍, , ഗര്‍ഭിണിയായ  മറിയത്തെയും കൂട്ടി, ഗലീലിയിലെ പട്ടണമായ നസ്രത്തില്‍ നിന്നും, ദാവീദിന്റെ പട്ടണമായ ബെത് ലഹെമിലേക്ക് പോയി. അവിടെയായിരിക്കുമ്പോള്‍ മറിയക്ക് പ്രസവസമയം അടുക്കകയും യേശുവിനെ പ്രസവിക്കുകയും ചെയ്യുന്നു. അവര്‍ക്ക് സത്രത്തില്‍ ഇടം ലഭിക്കാഞ്ഞതിനാല്‍ തുണികൊണ്ട് ശിശുവിനെ പൊതിഞ്ഞു പുല്‍തൊട്ടിയില്‍ കിടത്തുന്നു..

ഈസമയം ആ പ്രദേശത്തെ വയലുകളില്‍ രാത്രി ആടുകളെ കാത്തിരുന്ന ഇടയന്മാരുടെയടുത്ത്‌‌ കര്‍ത്താവിന്‍റെ ദൂതന്‍ പ്രത്യക്ഷപ്പെട്ട്, ബെത് ലഹെമില്‍ മിശിഹ ഭൂജാതനായിട്ടുണ്ട് എഎന്ന് അറിയിക്കുന്നതിനരിച്ചു അവര്‍ ബെത് ലഹെമില്‍ പോകുകയും പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെ കാണുകയും ചെയ്യുന്നു. എട്ടാം ദിവസം യേശുവിന് പരിച്ച്ചേദന നടത്തുകയും, പിന്നീട് ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മോശയുടെ നിയമം അനുസരിച്ച് (ലേവ്യ പുസ്തകം 12  ആം അദ്ധ്യായത്തില്‍ ഈ നിയമം വിവരിക്കുന്നുണ്ട്) കുഞ്ഞിനെ കര്‍ത്താവിന് സമര്‍പ്പിക്കുന്നതിനു വേണ്ടി ജെറുസലേമിലെക്ക് കൊണ്ട് പോകുകയും ചെയ്യുന്നു. അങ്ങിനെ ഇവിടെ വെച്ച് മോശയുടെ നിയമപ്രകാരം ചെയ്യേണ്ട കര്‍മങ്ങളെല്ലാം ചെയ്തതിനു ശേഷം, ഗലീലിയയിലെ നസ്രെത്തിലെക്ക് തിരിച്ചു വരുകയും യേശു അവിടെ വളര്‍ന്നു വരികയും ചെയ്യുന്നു.

ജനന കഥകളുടെ ചരിത്രപരത

ജനകഥകള്‍ ഓരോന്നും എടുത്ത് പരിശോധിച്ചാല്‍, പല പരാര്‍ശങ്ങളും ചരിത്രപരമാകാന്‍ സാധ്യത കുറവാണ് എന്ന് കാണാം. താഴെ കൊടുത്ത  ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക.

ജ്ഞാനികള്‍ നക്ഷത്രത്തെ പിന്തുടര്‍ന്ന് ബത്ലെഹെമില്‍ വന്നു എന്നും ജോസെഫിന്റെയും മറിയുടെയും ഭവനത്തിന് മുകളില്‍ നക്ഷത്രം നിന്നുവെന്നും പറയുന്നിടത്ത്, സുവിശേഷ കര്‍ത്താവ് എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല. ഇതൊരു അത്ഭുത സംഭവമാണ് എന്ന് മനസ്സിലാക്കിയാല്‍ തെന്നെയും, ആകാശത്ത്‌ ഉദിച്ചു നില്‍ക്കുന്ന നക്ഷത്രം കൃത്യമായും ഏത്‌ വീടിന്‍റെ മുകളിലാണ് എന്ന് പറയുക അസാധ്യമാണ്.

മത്തായിയുടെ സുവിശേഷം പറയുന്ന തരത്തില്‍, ഹെറോദേസ് രാജാവ്‌ ബത്ലെഹിമിലും പരിസര പ്രദേശത്തുമുള്ള രണ്ടും വയസ്സും അതിന് താഴെയുമുള്ള മുഴുവന്‍ കുട്ടികളെയും കൊലപ്പെടുത്താന്‍ ഉത്തര വിട്ടതായിട്ട സംഭവം,  മറ്റെവിടെയും രേഖപ്പെടുത്തിയിട്ടില്ല. ഇത്രയും ഭയാനകമായ സംഭവം നടന്നിരുന്നുവെങ്കില്‍ റോമന്‍ ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുമായിരുന്നു.

അഗസ്റ്റസ് സീസറുടെ ഭരണ കാലത്തെക്കുറിച്ചുള്ള രേഖകള്‍ ഇന്ന് ലഭ്യമാണ്, എന്നാല്‍ ഇവയിലൊന്നും ലൂക്കാ പറയുന്ന മാതിരിയുള്ള രാജ്യവാപകമായിട്ടുള്ള സെന്സിനെ ക്കുറിച്ചുള്ള പരമാര്‍ശങ്ങള്‍ ഇല്ല.

അതെ പോലെതെന്നെ ലൂകാ പറയുന്നത്, ജോസഫ്‌ പേര് ചേര്‍ക്കുന്നതിനായി ബത് ലെഹെമിലെക്ക് പോകാന്‍ കാരണം ജോസഫിന്റെ പിതാമഹന്‍ ദാവീദ് അവിടെയാണ് ജനിച്ചത്‌ എന്നുള്ളതാണ്. പക്ഷെ ദാവീദ് ജോസഫിനും ആയിരം വര്‍ഷങ്ങള്‍ക്കും മുമ്പ് ജീവിച്ചയാളാണ്!. അതായത്‌ ലൂകാ  പറഞ്ഞത്‌ ശരിയാണെങ്കില്‍‍,  റോമന്‍ സാമ്രാജ്യത്തിലെ എല്ലാവരും ചുരുങ്ങിയത്‌ ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പെങ്കിലുമുള്ള തങ്ങളുടെ പൂര്‍വികര്‍ ജീവിച്ചിരുന്ന സ്ഥലത്തേക്ക് പോയിട്ട് വേണം പേര് രജിസ്റ്റര്‍ ചെയ്യാന്‍. ഇത് രാജ്യെത്തെ മുഴുവന്‍ ആളുകളെയും, തങ്ങള്‍ താമസിക്കുന്ന സ്ഥലത്ത നിന്ന് യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാക്കും.   ഇത്തരമൊരു സെന്‍സസ്‌ നടന്നുവെന്നത് വിശ്വസനീയല്ല.  മാത്രവുമല്ല ഇത്രയും വിപുലമായ രീതിയില്‍ സെന്‍സസ്‌ നടന്നിരുന്നുവെങ്കില്‍ അത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമായിരുന്നു.

മത്തായിയും ലൂക്കായും താരത്യം ചെയ്യുമ്പോള്‍

മത്തായിയുടെയും ലൂക്കായുടേയും ജനന കഥകള്‍ താരത്യം ചെയ്യുമ്പോള്‍ കാണപ്പെടുന്ന വിത്യാസം വളരെ വലുതാണ്‌. മത്തായി പറയുന്ന ഒരു സംഭവവവും ലൂക്കായും, ലൂക്കാ പറയുന്ന ഒരു സംഭവവവും മത്തായിയും പറയുന്നില്ല എന്നത് ശ്രദ്ദേയമാണ്. ജോസഫുമായി വിവാഹ നിശ്ചയം കഴിഞ്ഞ കന്യകയായ മറിയത്തിന് ബത് ലെഹെമില്‍ വെച്ച് യേശു ജനിച്ചു എന്നതൊഴിച്ചാല്‍, മത്തായിയും ലൂകായും പറയുന്ന കഥകള്‍ തികച്ചും വിത്യസ്തവും പരസ്പര വൈരുധ്യം പുലര്‍ത്തുന്നവയും ആണ്.പക്ഷെ പലപ്പോഴും യേശുവിന്‍റെ ജനന കഥവിവരിക്കുമ്പോള്‍‍ , ഈ രണ്ടു സുവിശേഷങ്ങളിലെ കഥകളും സന്ദര്‍ഭാനുസരണം കൂട്ടി യോചിപ്പിച്ചാണ് പറയാറ്. അതനുസരിച്ച്, മത്തായി പറയുന്ന ജ്ഞാനികളുടെ വരവും, ലൂക്കാ പറയുന്ന ഇടയന്മാരുടെ സന്ദര്‍ശനവും കഥയിലുണ്ടാകും. അതെപോലെ തെന്നെ മത്തായി പറയുന്ന ബെത് ലെഹിമിലെ ഭവനവും, ലൂക്കാ പറയുന്ന സത്രവും പുല്‍ക്കൂടും , മത്തായി പറയുന്ന  ഈജിപ്തിലെക്കുള്ള പാലായനവും, ലൂക്കാ പറയുന്ന നസ്രത്തിലേക്കുള്ള യാത്രയും കഥയില്‍ സ്ഥാനം പിടിക്കും. എന്നാല്‍ ശ്രദ്ധിച്ചു വായിച്ചാല്‍, ഇവ വിത്യസ്ത കഥകള്‍ ആണെന്ന് മാത്രമല്ല കൂട്ടി യോജിപ്പിക്കാന്‍ കഴിയാത്ത പല വൈരുധ്യങ്ങളും ഇവയിലുണ്ട് എന്നും മനസ്സിലാകും. താഴെ പറയുന്ന വസ്തുതുകള്‍ ശ്രദ്ധിക്കുക.

1. മത്തായി പറയുന്നതനുസരിച്ച് യേശു ജനിച്ചത് ഹെറോദേസ് രാജ്യം ഭരിക്കുമ്പോഴാണ്‌. ഇത് ശരിയാണ് എങ്കില്‍, യേശു ജനിച്ചത്‌ ക്വിരിനിയോസ്‌ സിറിയയിലെ ഗവര്‍ണര്‍ ആയിരിക്കുമ്പോഴാണ് എന്ന ലൂകായുടെ അവകാശവാദം തെറ്റാണ് എന്ന് വരും. കാരണം ബൈബിളിന് പുറത്തുള്ള മറ്റെനെകം ചരിത്ര രേഖകള്‍ പ്രകാരം, ക്വിരിനിയോസ്‌ സിറിയയിലെ ഗവര്‍ണര്‍ ആകുന്നത് AD 6  ല്‍‍ ആണ്. അതായത്‌ ഹെറോദേസ് മരണപ്പെട്ട് പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞതിനു ശേഷം!. 

2. മത്തായിയുടെ സുവിശേഷം സൂചിപ്പിക്കുന്നത് ജോസഫിന്റെയും മറിയയുടെയും സ്വദേശം ബത്ലേഹം ആണെന്നാണ്. നക്ഷത്രെത്തെ പിന്തുടര്‍ന്ന് ജ്ഞാനികള്‍, ജോസെഫിന്റെയും മറിയയുടെയും വീട്ടില്‍ പ്രവേശിച്ചു എന്നും മത്തായി പറയുന്നുണ്ട്. സത്രത്തെ ക്കുറിച്ച് മത്തായി പറയുന്നില്ല.  ഇതനുസരിച്ച് അവര്‍ക്കവിടെ വീടുണ്ട് അവര്‍ അവിടെ താമസിക്കുന്നവരും ആണ്. മാത്രവുമല്ല ഹെറോദോസിന്‍റെ ഉത്തരവ് രണ്ടു വയസ്സും അതില്‍ താഴെയുമുള്ള എല്ലാ ആനുകുട്ടികളെയും വധിക്കാനായിരുന്നു, ഇതും ജ്ഞാനികള്‍ വരുന്നതിനു കുറെ കാലം മുമ്പ് തെന്നെ അവര്‍ അവിടെ താമസിക്കുകയായിരുന്നു എന്ന് സൂചിപ്പിക്കുന്നു. കാരണം രണ്ടു വയസു പ്രായമുള്ള കുഞ്ഞ് ഏതാനും ദിവസം മുമ്പ് മാത്രം ജനിച്ചതല്ല എന്ന് റോമന്‍ പടയാളികള്‍ക്ക് മനസ്സിലാകുമല്ലോ.

മത്തായി പറയുന്നതാണ് ശരിയെങ്കില്‍ ലൂകാ പറയുന്നത് തെറ്റാണ് എന്ന് വരും. കാരണം ലൂക്കാ അനുസരിച്ച് ജോസഫും മറിയയും നസറത്തില്‍ നിന്നും വന്ന് യേശുവിനെ പ്രസവിച്ചു ഒരു മാസത്തിനുള്ളില്‍ തെന്നെ തിരിച്ച്‌ നസറത്തിലേക്ക്‌  പോയിരുന്നു.  .

3. മത്തായി പ്രകാരം ജോസഫും മറിയയും കുഞ്ഞിനെയുമെടുത്ത് ഈജിപ്തിലേക്ക് പാലായനം ചെയ്യുകയും പിന്നീട് , ഹെറോദോസിന്‍റെ മരണ ശേഷം തിരിച്ച്‌ ബെത്ലെഹാം സ്ഥിതി ചെയ്യുന്ന യൂദായിലേക്ക് തിരിച്ച്‌ വരാന്‍ ശ്രമിക്കുകയും ചെയ്യുന്നു.എന്നാല്‍ യൂദാ അപ്പോള്‍ ഭരിക്കുന്നത് ഹെറോദേസിന്‍റെ മകനായ ആര്‍ക്കലാവോസായിരുന്നതിനാല്‍ അവര്‍ക്ക് അങ്ങോട്ട്‌ തിരിച്ച് പോകാന്‍ കഴിഞ്ഞില്ല. ഇതനുസരിച്ചും ഇവരുടെ സ്വദേശം ബത്ലെഹമാണ്, എന്നാണ് മത്തായി പറയുന്നത്. ഇവിടെ മത്തായി പറഞ്ഞ പ്രകാരം, ജോസഫും മറിയയും കുഞ്ഞിനെയുമെടുത്ത് ഈജിപ്തിലേക്ക് പാലായനം ചെയ്തുവെങ്കില്‍, അവര്‍ ബത്ലഹെമില്‍ നിന്നും നേരിട്ട് നസ്രത്തിലേക്ക്‌ പോയീ എന്ന ലൂകായുടെ പ്രസ്താവന തെറ്റാണ് എന്ന് വരും.

എന്തുകൊണ്ട് ഈ വൈരുധ്യങ്ങള്‍ ?

സുവിശേഷ കര്‍ത്തക്കാള്‍ യേശു ചരിത്രം രചിച്ചത്, പഴയനിയമ പ്രവചനങ്ങള്‍ക്ക് അനുസൃതമായിട്ടായിരുന്നു. അതുകൊണ്ട് തെന്നെ മിശിഹയെ ക്കുറിച്ച് പഴയ നിയമത്തില്‍ ഉണ്ട് എന്ന് കരുതിപ്പോന്നിരുന്ന പ്രവചനങ്ങള്‍ക്ക് അനുസരിച്ച് യേശുവിന്‍റെ ചരിത്രം സുവിശേഷ കര്‍ത്താക്കള്‍ എഴുതി. ( സുവിശേഷങ്ങള്‍ പ്രവചനങ്ങള്‍ ചരിത്രമായി പുലര്‍ന്നതല്ല എന്നും ചരിത്രം പ്രവചനങ്ങള്‍ക്ക് അനുസൃതമായി എഴുതപ്പെട്ടതാണ് എന്നും മിശിഹൈക പ്രവചനങ്ങള്‍ എന്ന പോസ്റ്റില്‍  സൂചിപ്പിച്ചിരുന്നു )

ഇവിടെ സുവിശേഷ കര്‍ത്താക്കാള്‍, പഴയ നിയമം അനുസരിച്ച് മിശിഹ വരേണ്ടത് ദാവീദിന്റെ ജന്മസ്ഥലമായ ബത്ലെഹെമില്‍ നിന്നാവണം എന്ന് വിശ്വസിച്ചു. എന്നാല്‍ യേശു ജീവിച്ചത് ഗലീലിയിലെ വളരെ ചെറിയ പട്ടണമായ നസ്രേത്തിലാണ് എന്നത് സുവിദതവും. സ്വഭാവികമായും സുവിശേഷ കര്‍ത്താക്കള്‍ക്ക് , നസ്രേത്തില്‍ നിന്നുള്ള യേശു ജനിച്ചത്‌ ബത് ലഹെമിലാണ്  എന്ന് സ്ഥാപിക്കുന്ന രീതിയില്‍ ജനനകഥ‍ രചിക്കേണ്ടി വന്ന്. ഇതിന് വേണ്ടി മത്തായി യോസേഫും, മറിയയും ആദ്യമേ  ബത് ലഹെമില് ആയിരുന്നു വെന്നും പിന്നീട് ഈജിപ്ത് വഴി നസ്രത്തില്‍ എത്തി എന്നും എഴുതിയപ്പോള്‍,ലൂകാ മറ്റൊരു രീതിയില്‍ ജോസഫിനെയും മറിയയെയും ബത്ലഹേമില്‍ കൊണ്ട് വന്നു. രണ്ടു സുവിശേഷ കര്‍ത്താക്കളും തങ്ങളുടെതായ രീതിയില്‍ പഴയ നിയമം പ്രവചനം യേശുവില്‍ നിവൃത്തിയാക്കാന്‍ ശ്രമിച്ചു. സ്വഭാവികമായും അവ രണ്ടു വിത്യസ്ത കഥകളായി പരിണമിക്കുകയും ചെയ്തു.

Thursday, April 28, 2011

ആരായിരുന്നു യേശുക്രിസ്തു ?

മുസ്ലിംകളും ക്രിസ്ത്യാനികളും തമ്മില്‍ അഭിപ്രായ വിത്യാസമുള്ള പ്രധാനപ്പെട്ട ഒരു മേഖലയാണ് യേശു ക്രിസ്തു ആരായിരുന്നു എന്നുള്ളത്. യേശു ദൈവപുത്രനും ദൈവവും ആയിരുന്നു വെന്നു ക്രിസ്ത്യാനികള്‍ വിശ്വസിക്കുമ്പോള്‍ യേശു ദൈവത്തിന്‍റെ ദാസനും, മിശിഹയും  പ്രവാചക‍നും ആയിരുന്നുവെന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നു. യേശുവിന്‍റെ ജനനം അത്ഭുതകരമായിരുന്നുവെന്നും, അദ്ദേഹം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നും മുസ്ലിംകളും ക്രിസ്ത്യാനികളും ഒരു പോലെ വിശ്വസിക്കുന്ന കാര്യമാണ്.

ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത, യേശുവിനെ ക്കുറിച്ച് മുസ്ലിംകള്‍ വിശ്വസിക്കുന്ന മുകളില്‍ സൂചിപ്പിച്ച എല്ലാകാര്യങ്ങളും ക്രിസ്ത്യാനികളും വിശ്വസിക്കുന്നു എന്നതാണ്. അതായത് ക്രിസ്ത്യന്‍ വിശ്വാസപ്രകാരവും യേശു മിശിഹയും, ദൈവത്തിന്‍റെ ദാസനും, ദൈവത്തില്‍ നിന്ന് നിയോഗിക്കപ്പെട്ട പ്രവാചകനും ആണ്. എന്നാല്‍ യേശു പ്രവാചകനും, ദൈവത്തിന്‍റെ ദാസനും ആയിരിക്കുന്നതോടൊപ്പം തെന്നെ  ദൈവവും കൂടിയാണ് എന്ന് വാദിക്കുന്നിടത്താണ് മുസ്ലിംകളും ക്രിസ്ത്യാനികളും ആദര്‍ശപരമായി  വഴിപിരിയുന്നത്. യേശു യഥാര്‍ത്ഥത്തില്‍ ദൈവമാണ് എന്ന് അവകാശപ്പെട്ടിട്ടുള്ളതായി നിലവിലുള്ള പുതിയ നിയമ പുസ്തങ്ങള്‍ പറയുന്നുണ്ടോ, യേശുവിന്‍റെ ശിഷ്യന്മാര്‍ യേശുവിനെ ക്കുറിച്ച് അങ്ങിനെ മനസ്സിലാക്കിയുരുന്നോ എന്നീ കാര്യങ്ങള്‍ നമ്മുക്ക് പരിശോധിക്കാം.

യേശു ആരായിരുന്നു എന്ന് ചരിത്രപരമായി മനസ്സിലാക്കാന്‍ ഇന്ന് നമ്മുക്കുള്ള ഏക ആശ്രയം പുതിയ നിയമത്തിലെ പുസ്തകങ്ങളാണ്. പുതിയ നിയമത്തിന് പുറത്ത്‌ യേശുവിനെ ക്കുറിച്ച് പറയുന്ന വിശ്വസനീയമായ ചരിത്ര രേഖകള്‍ കാര്യമായൊന്നും ഇല്ല. പുതിയനിയമ പുസ്തകങ്ങളില്‍ നാല് സുവിശേഷങ്ങള്‍ യേശുവിനെ ക്കുറിച്ചുള്ളതാണ്. പുതിയ നിയമത്തിലെ മറ്റൊരു പുസ്തകമായ അപോസ്തല പ്രവര്‍ത്തികള്‍, ആദ്യകാല ക്രിസ്ത്യാനികളെ ക്കുറിച്ചും സഭയുടെ ചരിത്രത്തെ ക്കുറിച്ചും മനസ്സിലാക്കാന്‍ ഉതകുന്ന പുസ്തകമാണ്. എന്നാല്‍ ഈ പുസ്തകങ്ങള്‍ എല്ലാം തെന്നെ എഴുതപ്പെട്ടത് യേശുവിന് ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടാണ് എന്നും ഇവയുടെ ഗ്രന്ഥകര്‍ത്താക്കള്‍ ആരും തെന്നെ യേശുവിന്‍റെ ജീവിതത്തിന് ദൃസാക്ഷികള്‍ അല്ല എന്നും മനസ്സിലാക്കേണ്ടതാണ്. ഇവയില്‍ ആദ്യം എഴുതപ്പെട്ട പുസ്തകമായ മാര്‍കോസിന്റെ സുവിശേഷം രചിക്കപ്പെട്ടത്‌ ക്രിസ്താബ്ദം 65 ല്‍ ആണ് എന്നാണ് അനുമാനം. പിന്നീട് രചിക്കപ്പെട്ട മത്തായിയും ലൂകൊസും രചന നടത്തിയത് AD 80 നും  90  നും മധ്യെയായിരിക്കും എന്നാണ് കരുതപ്പെടുന്നത്. മത്തായിയും ലൂകൊസും തങ്ങളുടെ രചനക്ക് മുഖ്യമായും ഉപയോഗപ്പെടുത്തിയത് അതിന് മുമ്പ് രചിക്കപ്പെട്ട മാര്‍കോസിന്റെ സുവിശേഷമാണ്. മാര്‍കോസിന്റെ ഏകദേശം സുവിശേഷം മുഴുവനായും തെന്നെ മത്തായിയിലും മാര്‍കോസിലും കാണാം. എന്നാല്‍ മാര്‍കോസ് വിവരിക്കുന്ന യേശു കഥകളും, യേശുവിന്‍റെ വചനങ്ങളും മത്തായിലും ലൂകൊസിലും എത്തുമ്പോള്‍ പലപ്പോഴും, യേശുവിനെ മാര്‍കോസ് അവതരിപ്പിച്ചതില്‍ നിന്നും ഉയര്‍ന്ന സ്ഥാനത്ത് അവരോധിക്കുന്ന രീതിയില്‍ പരിണമിക്കുന്നത് കാണാം. ഈ പരിണാമം അവസാനം എഴുതപ്പെട്ട യോഹന്നാന്‍റെ   സുവിശേഷത്തില്‍  എത്തുമ്പോഴേക്കും, മാര്‍കോസ് അവതരിപ്പിച്ച യേശുവില്‍ നിന്നും വളരെ ഉയരത്തില്‍ നില്‍ക്കുന്ന തികച്ചും വിത്യസ്തനായ ഒരു യേശുവില്‍ എത്തുന്നതായാണ്  നമ്മുക്ക് കാണാന്‍ കഴിയുക. മാത്രവുമല്ല സമാന്തര സുവിശേഷങ്ങള്‍ (മാര്‍കോസ്, ,ലൂകോസ്, മത്തായി എന്നീ മൂന്ന്‍ സുവിശേഷങ്ങള്‍ പൊതുവായി സമാന്തര സുവിശേഷങ്ങള്‍ എന്നറിയപ്പെടുന്നു) നല്‍കുന്നതില്‍ നിന്നും വിത്യസ്തമായ യേശു കഥകളാണ് പലപ്പോഴും യോഹന്നാന്‍ അവതരിപ്പിക്കുന്നത്‌. AD 90 നും AD 100  നും ഇടയ്ക്കു  എഴുതപ്പെട്ട യോഹാന്നാന്റെ സുവിശേഷം അതുകൊണ്ട് തെന്നെ ചരിത്രപരമായി യേശുവില്‍ നിന്നും ഏറ്റവും അകന്ന് നില്‍കുന്നതായി മനസ്സിലാക്കാം. സുവിശേഷങ്ങളില്‍ നിന്ന് യേശുവിനെ മനസ്സിലാക്കുന്നതിന് മുമ്പ് സുവിശേഷങ്ങളുടെ രചനാകാലഘട്ടത്തെക്കുറിച്ചും  ചരിത്രപരതയെ ക്കുറിച്ചും ‌ ഇത്രയും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത് ?

നാം ഈ പോസ്റ്റില്‍ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്ന ചോദ്യം യേശു തെന്റെ ശിഷ്യന്മാരോട്  ചോദിക്കുന്നതായി സമാന്തര സുവിശേഷങ്ങള്‍ പറയുന്നുണ്ട്.  ആദ്യം എഴുതപ്പെട്ട സുവിശേഷമായ മാര്‍കോസിന്റെ സുവിശേഷപ്രകാരം,‍ യേശുവും അദ്ദേഹത്തിന്‍റെ ശിഷ്യന്മാരും തമ്മില്‍ നടന്ന പ്രസ്തുത സംഭാഷണം ഇങ്ങനെ വായിക്കാം.

യേശുവും ശിഷ്യന്‍മാരും കേസറിയാഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു പുറപ്പെട്ടു. വഴിമധ്യേ അവന്‍ ശിഷ്യന്‍മാരോടു ചോദിച്ചു: ഞാന്‍ ആരെന്നാണ് ആളുകള്‍ പറയുന്നത്?28 അവര്‍ പറഞ്ഞു: ചിലര്‍ സ്‌നാപകയോഹന്നാന്‍ എന്നും മറ്റുചിലര്‍ ഏലിയാ എന്നും, വേറെ ചിലര്‍ പ്രവാചകന്‍മാരില്‍ ഒരുവന്‍ എന്നും പറയുന്നു.29 അവന്‍ ചോദിച്ചു: എന്നാല്‍ ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? പത്രോസ് മറുപടി പറഞ്ഞു: നീ ക്രിസ്തുവാണ്.30 തെന്നെക്കുറിച്ച് ആരോടും പറയരുതെന്ന്‍ അവന്‍ അവരോടു കല്‍പിച്ചു. (മാര്‍കോസ് 8:27-30)

ഞാന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത് എന്നാണ് യേശു തെന്റെ ശിഷ്യന്മാരോട് അന്വേഷിക്കുന്നത്. അവര്‍ നല്‍കുന്ന മറുപടി യേശു സ്നാപക യോഹന്നാന്‍ ആണെന്നും, ഏലിയാ പ്രവാചകന്‍ ആണെന്നും അതല്ല പ്രവാചകന്മാരില്‍ ഒരുവന്‍ ആണെന്നും മറ്റും ആണ് ജനങ്ങള്‍ പറയുന്നത് എന്നാണ്. നോക്കൂ! യേശു ദൈവമാണ് എന്നാരും തെന്നെ പറഞ്ഞിരുന്നതായി ശിഷ്യന്മാര്‍ പറയുന്നില്ല. യേശു അങ്ങിനെ സൂചിപ്പിക്കുകയെങ്കിലും ചെയ്തിരുന്നുവെങ്കില്‍ കുറച്ചു പേരെങ്കിലും അങ്ങിനെ അവകാശപ്പെടുമായിരുന്നു. യേശു പിന്നീട് ശിഷ്യന്മാരോട് ചോദിക്കുന്നത്, നിങ്ങളുടെ അഭിപ്രായത്തില്‍ ഞാന്‍ ആരാണെന്നാണ്. അതിന് പത്രോസ് പറയുന്ന മറുപടി “നീ ക്രിസ്തുവാണ് (മിശിഹ)” എന്നാണ്. നോക്കൂ, യേശുവിന്‍റെ ശിഷ്യനായ പത്രോസിനും യേശു മിശിഹയാണ് എന്ന വിശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. യേശു ദൈവമാണ് എന്ന് കൂടി പത്രോസ് കരുതിയിരുന്നുങ്കില്‍ അതുകൂടെ ഇവിടെ സൂചിപ്പിക്കുമായിരുന്നു.

ഇനി ഈ സംഭാഷണം ലൂകൊസിലും പിന്നീട് മത്തായിയിലും എത്തുമ്പോള്‍ ഉണ്ടാകുന്ന പരിണാമം ശ്രദ്ധിക്കുക.

ആദ്യം ലൂകോസ്

ഒരിക്കല്‍ അവന്‍ തനിയെ പ്രാര്‍ഥിക്കുകയായിരുന്നു. ശിഷ്യന്‍മാരും അവന്റെ കൂടെ ഉണ്ടായിരുന്നു. അപ്പോള്‍ അവന്‍ ചോദിച്ചു: ഞാന്‍ ആരെന്നാണു ജനങ്ങള്‍ പറയുന്നത്? അവര്‍ മറുപടി നല്‍കി.19 ചിലര്‍ സ്‌നാപകയോഹന്നാനെന്നും മറ്റു ചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ പൂര്‍വപ്രവാചകന്‍മാരില്‍ ഒരാള്‍ ഉയിര്‍ത്തിരിക്കുന്നു എന്നുംപറയുന്നു.20 അപ്പോള്‍ അവന്‍ ചോദിച്ചു: ഞാന്‍ ആരെന്നാണു നിങ്ങള്‍ പറയുന്നത്? പത്രോസ് ഉത്തരം നല്‍കി: നീ ദൈവത്തിന്റെ ക്രിസ്തു ആണ്. (ലൂകോസ് 9:18-20)

നീ ക്രിസ്തുവാണ് എന്നത്  ലൂകൊസില്‍ എത്തിയപ്പോള്‍ നീ ദൈവത്തിന്‍റെ ക്രിസ്തുവാണ് എന്നായി മാറി. ഇനി ഇതേ സംഭവം മത്തായിയില്‍ വായിച്ചു നോക്കൂ.

15 അവന്‍ അവരോടു ചോദിച്ചു: എന്നാല്‍., ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്?16 ശിമയോന്‍ പത്രോസ് പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്.17 യേശു അവനോട് അരുളിച്ചെയ്തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങള., സ്വര്‍ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്.(മത്തായി 16:15-17)

മാര്‍കോസ് പ്രകാരം, പത്രോസ് നീ ക്രിസ്തുവാണ് എന്ന് മാത്രമാണ് പറയുന്നത്. ഇതാരോടും പറയരുത് എന്ന് പറഞ്ഞു ആ സംഭാഷണം അവിടെ അവസാനിപ്പിക്കുകയാണ് മാര്‍കൊസും ലൂകൊസും ചെയ്യുന്നത്.  എന്നാല്‍ ഇതേ സംഭവം മത്തായിയില്‍ എത്തിയപ്പോള്‍, നീ ക്രിസ്തുവാണ് എന്നത്, നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണ് എന്നായി മാറി. യേശു സ്വര്‍ഗസ്ഥനായ പിതാവിനെ ക്കുറിച്ച് സംസാരിക്കുന്നതും പുതുതായി വന്നു. തീര്‍ച്ചയായും ദൈവ പുത്രന്‍ എന്ന ബൈബിള്‍ പ്രയോഗം ദിവ്യത്തത്തെ ക്കുറി‍ക്കുന്നതല്ല (വിശദീകരണം വഴിയെ) എന്നാലും, മത്തായി ഇവിടെ യേശുവിനെ പത്രോസ് മനസ്സിലാക്കിയത്തിലും ഉയരത്തില്‍ പ്രതിഷ്ടിക്കുകയാണ് എന്ന് കാണാന്‍ കഴിയും.

 

എന്നെ എന്തിന് നല്ലവന്‍ എന്ന് വിളിക്കുന്നു

സമാന്തര സുവിശേഷങ്ങള്‍ എല്ലാം തെന്നെ ഉദ്ധരിക്കുന്ന, ഒരു സംഭവം നോക്കൂ. 

17 യേശു വഴിയിലേക്കിറങ്ങിയപ്പോള്‍ ഒരുവന്‍ ഓടിവന്ന് അവന്റെ മുമ്പില്‍ മുട്ടുകുത്തി ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തുചെയ്യണം?18 യേശു അവനോടുചോദിച്ചു: എന്തുകൊണ്ടാണ് നീ എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല(മാര്‍കോസ് 10:17-18)

മാര്‍കോസ് എഴുതിയത് പ്രകാരം യേശു, തെന്നെ നല്ലവന്‍ എന്ന് വിളിച്ച വ്യക്തിയെ തിരുത്തികൊണ്ട് ചോദിക്കുന്നു "എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നത് എന്തിനു?  ദൈവം ഒരുവനെ നല്ലവന്‍ ആയുള്ളൂ" എന്ന്. യേശു തെന്നെ സ്വയം ദൈവത്തില്‍ നിന്നും വ്യതിരിക്തമായ ഒരു വ്യക്തിത്തമായി  അവതരിപ്പിക്കുകയാണ് ഇവിടെ‌. തെന്നെ നല്ലവന്‍ എന്ന് പോലും വിളിക്കാന്‍ അനുവദിക്കാത്ത യേശു തെന്നെ ദൈവം എന്ന് വിളിക്കാന്‍ അനുവദിക്കുമോ? 

ഇനി യേശുവിന്‍റെ ഈ മറുപടി  മത്തായി ഉദ്ധരിക്കുന്നത് എങ്ങിനെയെന്നു നോക്കുക. യേശുവിന്‍റെ “എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നത്‌ എന്തിന് ദൈവം അല്ലാതെ ഒരുവനും നല്ലവന്‍ ഇല്ല” എന്ന മറുപടി,  മാര്‍കോസില്‍നിന്നും വളരെ ഉയരത്തില്‍ യേശുവിനെ അവതരിപ്പിച്ച മത്തായിക്ക് പ്രയാസം സൃഷ്‌ടിക്കുന്നതാണ്.  ഈ വചനം മത്തായിയുടെ സങ്കല്പത്തിലുള്ള യേശുവിന് വിരുദ്ധമായതുകൊണ്ട് തെന്നെ അദ്ദേഹം അത് താഴെ പറയുന്ന രീതിയില്‍ ആണ് തെന്റെ സുവിശേഷത്തില്‍ അവതരിപ്പിക്കുന്നത്. മത്തായി പറയുന്നത് ഇങ്ങനെയാണ്.

16 ഒരാള്‍ അവനെ സമീപിച്ചു ചോദിച്ചു: ഗുരോ, നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തു നന്‍മയാണു പ്രവര്‍ത്തിക്കേണ്ടത്?17 അവന്‍ പറഞ്ഞു: നന്‍മയെപ്പറ്റി നീ എന്നോട് ചോദിക്കുന്നതെന്തിന്? നല്ലവന്‍ ഒരുവന്‍ മാത്രം. ജീവനില്‍ പ്രവേശിക്കാന്‍ അഭിലഷിക്കുന്നെങ്കില്‍ പ്രമാണങ്ങള്‍ അനുസരിക്കുക.(മത്തായി 19:16-17)

നോക്കൂ, മത്തായി എങ്ങനെയാണ് യേശുവിനെ തെറ്റായി ഉദ്ധരിക്കുന്നത് എന്ന്.  "നന്‍മയെപ്പറ്റി നീ എന്നോട് ചോദിക്കുന്നതെന്തിന്", എന്ന പ്രസ്താവനയും “എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നതെന്തിന് നല്ലവന്‍ ദൈവം ഒരുവന്‍ മാത്രമേയുള്ളൂ” എന്നാ പ്രസ്താവനയും എന്ത് മാത്രം വിത്യാസമുണ്ടെന്നു ആലോചിച്ചു നോക്കൂ.

ആദ്യം എഴുതപ്പെട്ട മാര്‍കോസിന്റെ സുവിശേഷമാണ് ചരിത്രത്തോട് താരതമ്യേന അടുത്ത് നില്‍ക്കുന്നത് എന്ന് കരുതിയാല്‍, ഈ മറുപടിയിലൂടെ യേശു തെന്നെ ദൈവാക്കുന്നതിനുള്ള എല്ലാ സാധ്യതകളെയും നിരാകരിക്കുന്നതയാണ് നമ്മുക്ക് കാണാന്‍ കഴിയുന്നത്.

നസ്രത്തില്‍ നിന്നുള്ള പ്രവാചകനായ യേശു

യേശുവിന്‍റെ ക്രൂശീകരണത്തിന് ഏതാനും ദിവസം മുമ്പ് യേശു തെന്റെ ശിഷ്യന്മാരോടൊപ്പം ജെരുസലെമിലേക്ക് നടത്തിയ യാത്ര സുവിശേഷങ്ങള്‍ വിവരിക്കുന്നുണ്ട്.  അങ്ങിനെ യേശുവും യേശുവിനെ പിന്തുടര്‍ന്നിരുന്ന വന്‍ ജനക്കൂട്ടവും ജെരുസെലെമില്‍ പ്രവേശിച്ചപ്പോള്‍, യേശുവിനെ അറിയാത്ത ജെറുസലേമിലെ ജനങ്ങള്‍ ചോദിക്കുന്നുണ്ട് ആരാണിവന്‍ എന്ന്. യേശുവിനെയും ശിഷ്യന്മാരെയും ഗലീലിയയില്‍ നിന്നും ജെറികോയില്‍ നിന്നും ജെറുസലേം വരെ പിന്തുടര്‍ന്നിരുന്ന ആ ജനാവലി ജെറുസലേമിലെ ജനങ്ങള്‍ക്ക്‌ യേശുവിനെ പരിചയപ്പെടുത്തിക്കൊടുക്കുന്നത് മത്തായില്‍‍ നമ്മുക്ക് ഇങ്ങനെവായിക്കാം.

9 യേശുവിനു മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങള്‍ ആര്‍ത്തു വിളിച്ചു: ദാവീദിന്റെ പുത്രനു ഹോസാന! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളി. ഹോസാന!10 അവന്‍ ജറുസലെമില്‍ പ്രവേശിച്ചപ്പോള്‍ നഗരം മുഴുവന്‍ ഇളകിവശായി, ആരാണിവന്‍ എന്നു ചോദിച്ചു.11 ജനക്കൂട്ടം പറഞ്ഞു: ഇവന്‍ ഗലീലിയിലെ നസറത്തില്‍ നിന്നുള്ള പ്രവാചകനായ യേശുവാണ്. (മത്തായി 21:9-11)

ശ്രദ്ധിക്കൂ, യേശുവിനെ ഗലീലിയില്‍ നിന്നും ജെരുസെലേം വരെ പിന്തുടര്‍ന്നിരുന്ന യേശുവിനെ കാണുകയും കേള്‍ക്കുകയും ചെയ്തിരുന്ന ജനക്കൂട്ടമാണ് ഇതാരാണ് എന്ന് ചോദിക്കുമ്പോള്‍, ഇത് നസ്രത്തില്‍ നിന്നുള്ള പ്രവാചകനാണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തുന്നത്.! ഇതേ ചോദ്യം ഇന്ന് ഏതെങ്കിലും ക്രിസ്ത്യാനിയോട് ചോദിച്ചാല്‍ കിട്ടുക യേശു ദൈവപുത്രനാണ് എന്നോ, ദൈവം ആണെന്നോ ത്രിത്വത്തിലെ രണ്ടാമത്തെ  ആളാണ്‌ എന്നോ ആയിരിക്കും. അത് സ്വാഭാവികവുമാണ് കാരണം യേശുവിനെ ദൈവമായിട്ട് മനസ്സിലാക്കുന്നവര്‍ അങ്ങിനെയെ പരിചയപ്പെടുത്തൂ. ഒബാമ ഇന്ത്യയില്‍ വന്നു എന്ന് സങ്കല്‍പ്പിക്കുക, അദ്ദേഹത്തിന്‍റെ ചുറ്റും ജനക്കൂട്ടത്തെ കണ്ടു ഒബാമയെ അറിയാത്ത ആരെങ്കിലും, ഇതാരാണ് എന്ന് ചോദിച്ചാല്‍, ആ ജനക്കൂട്ടം ഇത് അമേരിക്കയിലെ ഇന്ന സ്ഥലത്ത് നിന്നും വരുന്ന നിന്നും ഒരാളാണ് എന്നല്ലല്ലോ പരിചയപ്പെടുത്തുക. അമേരിക്കയുടെ പ്രസിഡന്റ് ആണ് എന്നല്ലേ പറയുക. അതെല്ലെങ്കില്‍ യേശു ഇവിടെ ഒരു നാള്‍ പ്രത്യക്ഷപ്പെട്ടു എന്ന് വിചാരിക്കുക,  യേശുവിനെ ദൈവമായി കരുതുന്ന ഇന്നത്തെ ക്രിസ്ത്യാനികള്‍ എങ്ങനെയാകും യേശുവിനെ പരിചയപ്പെടുത്തുക? തീര്‍ച്ചയായും ഇതാ ദൈവം ഭൂമിയില്‍ അവതരിച്ചിരിക്കുന്നു എന്ന് തെന്നെയാകും പറയുക. യേശുവിന്‍റെ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ അനുയായികള്‍ക്ക് യേശു ദൈവമാണ് എന്ന് വിശ്വാസം ഇല്ലാതിരുന്നതിനാലാണ് അദ്ദേഹത്തെ അത്തരത്തില്‍ പരിചയപ്പെടുത്താഞ്ഞത് എന്ന് തെന്നെയാണ് നമ്മുക്ക് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്.

ഇനി മത്തായിയില്‍ തെന്നെ, രോഹിതന്മാരും ഫരിസേയരും യേശുവിനെ ഭയപ്പെട്ടിരുന്നതിന്റെ കാരണമായി  പറയുന്നത് നോക്കൂ.

46 അവര്‍ അവനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടത്തെ ഭയപ്പെട്ടു. കാരണം, ജനങ്ങള്‍ അവനെ പ്രവാചകനായി പരിഗണിച്ചിരുന്നു (മത്തായി 21:46)   

ജനങ്ങള്‍ യേശുവിനെ ദൈവമായി പരിഗണിച്ചിരുന്നു എന്ന് ബൈബിളില്‍ എവിടെയും ഇല്ല എന്ന് കൂടി ഇതിനോട് ചേര്‍ത്ത്‌ വായിക്കുക.

യേശു മനുഷ്യപുത്രന്‍

യേശുവിനെ ക്കുറിച്ച് ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വിശേഷണമാണ് ദൈവ പുത്രന്‍ എന്നത്. എന്നാല്‍ യേശു പുതിയ നിയമത്തില്‍ ഒരിക്കല്‍ പോലും ദൈവം പുത്രന്‍ എന്ന പദം സ്വന്തത്തെ ക്കുറിക്കാന്‍ നേര്‍ക്ക്‌ നേരെ ഉപയോഗിച്ചിട്ടില്ല എന്ന വസ്തുത പലര്‍ക്കും അജ്ഞാതമാണ്. യേശു മനുഷ്യ പുത്രന്‍ എന്ന പദമാണ് സ്വന്തത്തെ ക്കുറിക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്. സുവിശേഷങ്ങളില്‍ എണ്‍പത്തിമൂന്ന് പ്രാവശ്യമാണ് മനുഷ്യ പുത്രന്‍ എന്ന പദം ഉപയോഗിച്ചിട്ടുള്ളത്. ഇതില്‍ എണ്‍പത്തിരണ്ട്  പ്രാവശ്യവും ഈ പദം യേശു സ്വന്തത്തെ ക്കുറിക്കാന്‍ ഉപയോഗിച്ചിട്ടുള്ളതാണ്.

ഹീബ്രു, അറബി സെമിടിക്‌ ഭാഷകകള്‍  സാമാന്യമായി   പരിചയമുള്ളവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്നതാണ് മനുഷ്യപുത്രന്‍ എന്ന പ്രയോഗം. ഹീബ്രു വേദഗ്രന്ഥത്തില്‍ (ബൈബിള്‍ പഴയ നിയമത്തില്‍) വളരെയധികം പ്രാവശ്യം ഉപയോഗിച്ചിട്ടുള്ള ഒരു പദമാണ് മനുഷ്യ പുത്രന്‍ എന്നത്. ഹീബ്രുവില്‍ ben-'adam എന്നും അറബിയില്‍ ibn-'adam (ബഹുവചനം banee-‘adam) എന്നും ഉള്ള പ്രയോഗമാണ് മനുഷ്യ പുത്രന്‍ എന്ന് പരിഭാഷപ്പെടുത്തുന്നത്. ദൈവത്തിന് നേരെ വിപരീതമായിട്ടാണ് പഴയ നിയമത്തില്‍ ഈ പദം ഉപയോഗിച്ചിട്ടുള്ളത്. ഏക വചനത്തില്‍ മനുഷ്യ കുലത്തിന്റെ പ്രതിനിധി എന്ന അര്‍ത്ഥത്തിലും ബഹുവചനത്തില്‍ മനുഷ്യ കുലത്തെ ക്കുറിക്കാനും ben-'adam എന്ന് ബൈബിളില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇസ്ലാമിക പാരമ്പരര്യത്തിലും, ഖുര്‍ആനിലും മനുഷ്യ കുലത്തെ ക്കുറിക്കാന്‍ ബനീ ആദം എന്ന പ്രയോഗം സാധാരണയാണ് (ഹീബ്രുവും അറബിയും സഹോദര ഭാഷയാണ്‌ ). അഥവാ യേശു ഇവിടെ പറയുന്നത് അദ്ദേഹം പൂര്‍വ പ്രവാചകന്മാരെ പോലെ മനുഷ്യ കുലത്തിലെ ഒരഗം മാത്രമാണ് എന്നാണ്.

പഴയനിയമത്തില്‍ മനുഷ്യ പുത്രന്‍ എന്ന പദം, ദൈവത്തിന്‍റെ നേരെ വിപരീതമായി മനുഷ്യന്‍റെ പരിമിതകളും ദൌര്‍ബല്യങ്ങളും കാണിക്കാനും  മനുഷ്യ കുലത്തിന്റെ ഒരു പതിനിധി എന്ന അര്‍ത്ഥത്തിലും ആണ് ഉപയോഗിച്ചിട്ടുള്ളത് എന്ന് പറഞ്ഞുവല്ലോ. പഴയ നിയമത്തില്‍ ഈ പദം ആദ്യമായി കാണുന്നത് സംഖ്യ പുസ്തകത്തില്‍ ആണ്. പ്രസ്തുത വചനം ശ്രദ്ധിക്കുക.

19 വ്യാജം പറയാന്‍ ദൈവം മനുഷ്യനല്ല അനുതപിക്കാന്‍ അവിടുന്നു മനുഷ്യപുത്രനുമല്ല. പറഞ്ഞത് അവിടുന്നു ചെയ്യാതിരിക്കുമോ? പറഞ്ഞതു നിറവേറ്റാതിരിക്കുമോ? (സംഖ്യ 23:19)

നോക്കൂ, പഴയ നിയമത്തില്‍ ദൈവം അസന്നിഗ്ദമായി പറയുന്നു ദൈവം മനുഷ്യപുത്രനല്ല എന്ന്, പുതിയ നിയമത്തില്‍ യേശു എണ്‍പത്തിരണ്ട് പ്രാവശ്യം തെന്നെ മനുഷ്യ പുത്രന്‍ എന്ന് വിളിക്കുന്ന!. ഇതില്‍ നിന്നും എത്താവുന്ന നിഗമനം യേശു ദൈവമല്ല എന്ന് തെന്നെയെല്ലേ. പഴയ നിയമത്തിലെ ഇയ്യോബ്‌, യെശയ്യ, ജെറമിയ, എസകിയേല്‍ തുടങ്ങിയ പ്രവാചകന്മാരെല്ലാം ഉപയോഗിച്ച പദമാണ് മനുഷ്യപുത്രന്‍ എന്ന്. എസകിയേല്‍ പ്രവാചകന്‍ തൊണ്ണൂറ്റി നാല് പ്രാവശ്യമാണ് മനുഷ്യപുത്രന്‍ എന്ന പദം തെന്നെക്കുറിക്കാന്‍ ഉപയോഗിക്കുന്നത്! ഇതില്‍ നിന്നെല്ലാം മനസ്സിലാക്കുന്നത്‌ യേശു അദ്ദേഹത്തിന് മുമ്പ് കഴിഞ്ഞു പോയ പ്രവാചകന്മാരെ പോലയുള്ള ഒരു പ്രവാചകന്‍ മാത്രമാണെന്നാണ് സ്വയം അവകാശപ്പെട്ടതും ജനങ്ങള്‍ മനസ്സിലാക്കിയതും എന്നാണ്.

പുതിയ നിയമത്തില്‍  ഉപയോഗിച്ച ദൈവ പുത്രന്‍ എന്ന വാക്കിന് വിശദീകരണം നല്‍കേണ്ടത് ആവശ്യമാണ്‌ എന്ന് തോന്നുന്നു. സുവിശേഷങ്ങളില്‍ യേശു സ്വയം ആ വിശേഷണം ഉപയോഗിക്കുന്നില്ല എങ്കിലും സുവിശേഷ കര്‍ത്താക്കള്‍ യേശുവിനെ ദൈവ പുത്രന്‍ എന്ന് പരിചയപ്പെടുത്തുന്നുണ്ട്. ഇത് പക്ഷെ യേശുവിന്റെ ദിവ്യത്തത്തെ സൂചിപ്പിക്കാനുള്ളതായി മനസ്സിലക്കെണ്ടാതില്ല. കാരണം ബൈബിള്‍ ദൈവവുമായി പ്രത്യേക അടുപ്പമുള്ളവര്‍ എന്ന അര്‍ത്ഥത്തിലും, ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ എന്ന അര്‍ത്ഥത്തിലും പല ആളുകളെയും ദൈവ പുത്രന്‍ എന്ന് വിശേഷിപ്പിച്ചത് കാണാം. ഈ അര്‍ത്ഥത്തില്‍ അദാമിനെയും , സോളമനെയും  ദാവീദിനെയും ഒക്കെ ബൈബിള്‍ ദൈവ പുത്രന്‍ എന്ന് വിളിക്കുന്നുണ്ട്.  രാജാക്കന്മാരെയും  മാലാഖമാരെയും ഇസ്രായേല്‍ രാഷ്ട്രത്തെ  പോലും ദൈവ പുത്രന്‍ എന്ന് ബൈബിള്‍ അഭിസംബോധന ചെയ്തിട്ടുണ്ട്. സമാധനമുണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍ അവര്‍ ദൈവ പുത്രര്‍ എന്ന് വിളിക്കപ്പെടും എന്നുള്ളത് പുതിയ നിയമത്തിലെ പ്രസിദ്ധമായ വചനമാണല്ലോ. ഇതില്‍ നിന്നെല്ലാം മനസ്സിലാക്കുന്നത്‌ ദൈവ പുത്രന്‍ എന്ന പദം, അക്ഷരാര്‍ത്ഥത്തില്‍ എടുക്കേണ്ടതല്ല എന്നും ദിവ്യത്തത്തെ ക്കുറിക്കുന്നതല്ല എന്നുമാണ്.

ദൈവത്തിന്‍റെ ദാസനായ യേശു

യേശുവിനെ അദ്ധേഹത്തിന്റെ വിതകാലത്ത് ജനങ്ങള്‍ പ്രവാചകന്‍ എന്നും മിശിഹ എന്നും വിളിച്ചിരുന്നത്‌ നാം മനസ്സിലാക്കി. യേശു രംഗം വിട്ടതിന് ശേഷം, യേശുവിനെ ശിഷ്യന്മാര്‍ ദൈവത്തിന്‍റെ ദാസന്‍ എന്ന് വിളിക്കുന്നുണ്ട് ബൈബിളില്‍. ദൈവത്തിന്‍റെ ദാസന്‍ എന്ന് പറയുന്നതും ദൈവം എന്ന് പറയുന്നതും തമ്മില്‍ ഉള്ള അന്തരം ആലോചിച്ചു നോക്കൂ. അപോസ്തല പ്രവര്‍ത്തികളില്‍ യേശു ശിഷ്യനായ പത്രോസ് പറയുന്നത് നോക്കൂ.

13 അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, നമ്മുടെ പിതാക്കന്‍മാരുടെ ദൈവം, തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തിയിരിക്കുന്നു (അപോസ്തല പ്രവര്‍ത്തികള്‍ 3:13)

നോക്കൂ, പത്രോസ് യേശുവിനെ ദൈവത്തിന്‍റെ ദാസന്‍ എന്നാണ് വിളിക്കുന്നത്‌. അപോസ്തല പ്രവൃത്തികളില്‍ നമ്മുക്ക് വീണ്ടും വായിക്കാം.

27 അവിടുന്ന് അഭിഷേകംചെയ്ത അവിടുത്തെ പരിശുദ്ധദാസനായ യേശുവിനെതിരേ ഹേറോദേസും പന്തിയോസ് പീലാത്തോസും വിജാതീയരോടും ഇസ്രായേല്‍ജനങ്ങളോടുമൊപ്പം സത്യമായും ഈ നഗരത്തി. ഒരുമിച്ചുകൂടി (അപോസ്തല പ്രവര്‍ത്തികള്‍ 4:27)

വീണ്ടും നാം വായിക്കുന്നു.

30 അവിടുത്തെ പരിശുദ്ധ ദാസനായ യേശുവിന്റെ നാമത്തില്‍ രോഗശാന്തിയും അടയാളങ്ങളും അദ്ഭുതങ്ങളും സംഭവിക്കുന്ന തിനായി അവിടുത്തെ കൈകള്‍ നീട്ടണമേ. അവിടുത്തെ വചനം പൂര്‍ണധൈ ര്യത്തോടെ പ്രസംഗിക്കാന്‍ ഈ ദാസരെ അനുഗ്രഹിക്കണമേ (അപോസ്തല പ്രവര്‍ത്തികള്‍ 4:30)

യേശുവിനെ തങ്ങളെ പോലെതെന്നെ ദൈവത്തിന്‍റെ ദാസനായിട്ടാണ് ഇവിടെ പരിഗണിക്കുന്നത്. ദൈവവും അവന്‍റെ പരിശുദ്ധ ദാസന്‍ യേശുവും എന്ന വ്യക്തമായ വേര്‍തിരിവ്  ഇവിടെ നാം കാണുന്നു. യശയ്യാ പ്രവാചകന്‍റെ ഒരു വചനം യേശുവില്‍ നിവൃത്തിയായ പ്രവചനം ആണെന്ന് കാണിക്കാന്‍ മത്തായി ഉദ്ധരിക്കുന്നത് നോക്കുക

ഇത് ഏശയ്യാപ്രവാചകന്‍ വഴി അരുളിച്ചെയ്യപ്പെട്ടതു പൂര്‍ത്തിയാകുന്നതിനുവേണ്ടിയാണ്:18   ഇതാ, ഞാന്‍ തിരഞ്ഞെടുത്ത എന്റെ ദാസന്‍; എന്റെ ആത്മാവു പ്രസാദിച്ച എന്റെ പ്രിയപ്പെട്ടവന്‍! ഞാന്‍ അവന്റെ മേല്‍ എന്റെ ആത്മാവിനെ അയയ്ക്കും;(മത്തായി 12:18)

ഇവിടെയും യേശുവിനെ ദൈവത്തിന്‍റെ ദാസനും തിരഞ്ഞെടുത്തവനും ആയാണ് അവതരിപ്പിക്കുന്നത്‌.

 

യേശു പൂര്‍ണ മനുഷ്യനും പൂര്‍ണ ദൈവവുമോ?

യേശുവിനെ  പൂര്‍ണമായ മനുഷ്യനായാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത് എന്ന് നാം മനസ്സിലാക്കി. എന്നാല്‍ ഇത് ചൂണ്ടിക്കാണിച്ചാല്‍ ക്രിസ്തീയ വിശ്വാസികള്‍ പലപ്പോഴും വാദിക്കാറുള്ളത് യേശു ഒരേ സമയം മനുഷ്യനും ദൈവവും ആണെന്നാണ്‌. യഥാര്‍ത്ഥത്തില്‍ ഇവര്‍ ചെയ്യുന്നത്  യേശു ദൈവമാണ് എന്ന് ആദ്യമേ സ്വയം തീരുമാനിച്ചതിന് ശേഷം ബൈബിളില്‍ യേശു മനുഷ്യാണ് എന്ന് പറയുന്നുണ്ട് എന്ന് അന്ഗീകരിക്കുകയാണ് . യേശു ദൈവമാണ് എന്ന് ബൈബിളില്‍ വ്യക്തമായ രീതിയില്‍  എവിടെയും പറയുന്നില്ല. യേശു ഒരിക്കലും താന്‍ ദൈവമാണ് എന്നോ തെന്നെ ആരാധിക്കണമെന്നോ പറഞ്ഞതായി ബൈബിളില്‍ എവിടെയുമില്ല. യേശുഷിശ്യന്മാര്‍ അങ്ങിനെ മനസ്സിലാക്കിയിട്ടും ഇല്ല. അങ്ങിനെയുണ്ടായിരുന്നുവെങ്കില്‍ സുവിശേഷങ്ങളില്‍ നാം അത് വായിക്കുമായിരുന്നു. സുവിശേഷങ്ങളില്‍ ആദ്യം മുതല്‍ അവസാനം വരെ മനുഷ്യനായ യേശുവിനെയാണ് വരച്ചു കാണിക്കുന്നത്. എന്നാല്‍ പലപ്പോഴും യേശു ദൈവമാണ് എന്ന മുന്‍വിധിയോടെ ബൈബിള്‍ വായിക്കുന്ന ക്രൈസ്തവര്‍, വരികള്‍ക്കിടയില്‍ വായിച്ച് യേശുവിനെ ദൈവമായി കരുതാറാണ് പതിവ്.

മറ്റൊന്ന് ഒരേ സമയം ദൈവവും മനുഷ്യനും എന്ന് പറയുന്നത് ചതുരാകൃതിയിലുള്ള ത്രികോണം എന്ന് പറയുന്നത് പോലെ അസംബന്ധം ആണ്. കാരണം ദൈവത്തിന്റെയും മനുഷ്യന്റെയും ഗുണവിശേഷങ്ങള്‍ പരസ്പരവിരുദ്ധങ്ങളാണ്. ഉദാഹരണമായി  ദൈവം എല്ലാത്തിനും കഴിവുള്ളവനാണ്, മനുഷ്യന്‍ ദുര്‍ബലനാണ് ഒരേ സമയം ഇത് രണ്ടും ആവാന്‍ കഴിയില്ല. ദൈവം എല്ലാം അറിയുന്നവനാണ് മനുഷ്യന്‍ എല്ലാം അറിയുന്നവനല്ല ഒരേ സമയം എല്ലാം അറിയുന്നവനും അറിയാത്തവും ആകുക അസംഭവ്യമാണ്. യേശുവിനെ എല്ലാ കാര്യങ്ങളും അറിഞ്ഞിരുന്നില്ല എന്ന് ബൈബിളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയും എന്നതും പ്രസ്താവ്യമാണ്. 

ഇത്രയും വിശദീകരിച്ചതില്‍ മനസ്സില്‍ക്കാവുന്നത് യേശുവിനെ ക്കുറിച്ച ഇസ്ലാമിക കാഴ്ചപ്പാടാണ് യുക്തി നിരക്കുന്നതും ചരിത്രത്തോട് നീതി പുലര്‍ത്തുന്നതും എന്നാണ്.

Thursday, April 14, 2011

കന്യാജനനവും യെശയ്യാവിന്റെ പ്രവചനവും

യേശുക്രിസ്തുവില്‍ നിവൃത്തിയായി എന്ന് സുവിശേഷങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള മിശിഹ പ്രവചനങ്ങളില്‍ ഏറ്റവും പ്രസിദ്ധമായതാണ് യശയ്യാവിന്‍റെ പുസ്തകത്തില്‍ പറയുന്ന ‘കന്യക ഗര്‍ഭംധരിച്ചു കുഞ്ഞിനെ പ്രസവിക്കും അവനെ ഇമ്മാനുവേല്‍ എന്ന് വിളിക്കും’ എന്നുള്ള പ്രവചനം . മത്തായിയുടെ  സുവിശേഷത്തിന്റെ തുടക്കത്തില്‍ കൊടുത്തിരിക്കുന്ന അവകാശവാദം ഇങ്ങനെയാണ്.

20 അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുത് പരിശുദ്ധാത്മാവില്‍.നിന്നാണ്.21 അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും. 22 കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും.23   ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്നു അവന്‍ വിളിക്കപ്പെടും എന്നു കര്‍ത്താവ് പ്രവാചകന്‍ മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത് (മത്തായി 1:20-23)

ഇവിടെ മത്തായി സൂചിപ്പിക്കുന്ന പ്രവാചകന്‍ യശയ്യാപ്രവാചകന്‍ ആണ്. യശയ്യാപ്രവാചകന്‍റെ പുസ്തകത്തിലെ മത്തായി ഉദ്ധരിച്ച  പ്രസ്തുത വചനം താഴെക്കൊടുത്തതാണ്.

14 അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക് അടയാളം തരും.യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും.(യെശയ്യാ 7:14)

ഈ വരികള്‍ യഥാര്‍ത്തില്‍ യേശുവിനെ ക്കുറിച്ചാണോ ?. ഈ പ്രവചനത്തിന്റെ പശ്ചാത്തലം എന്താണ്? നമ്മുക്ക് പരിശോധിക്കാം.

യേശുവിന് ഏകദേശം 700  വര്‍ഷങ്ങള്‍ക്കു മുമ്പ് യൂദാ രാജ്യം ഭരിച്ചിരുന്ന അഹാസ്‌ രാജാവിനോട് യെശയ്യാ പ്രവാചകന്‍ പറഞ്ഞതാണ് ഈ വചനങ്ങള്‍.  യശയ്യാവിന്റെയും അഹാസിന്റെയും കാലത്ത് ജൂതന്മാര്‍ ജെറുസലേം തലസ്ഥാനം ആയ യൂദാ, എന്നും ഇസ്രായേല്‍ എന്നും രണ്ടു രാജ്യങ്ങളായിട്ട് വിഭജിക്കപ്പെട്ടിരുന്നു. യൂദാ ഭരിച്ചിരുന്നത് അഹാസ്‌ ആയിരുന്നു, ഇസ്രായീല്‍ ഭരിച്ചിരുന്നത് പെക്കഹും. അക്കാലത്ത്‌  ജെറുസലെമിനെതിരെ, സിറിയന്‍ രാജാവായിരുന്ന റസീനും ഇസ്രായേല്‍ രാജാവായിരുന്ന പെക്കാഹും ഒരുമിച്ചു ചേര്‍ന്ന്  യുദ്ധത്തിന് വന്നു. ഇസ്രായേലും സിറിയയും ഒരുമിച്ചു ചേര്‍ന്ന് യൂദായെ ആക്രമിക്കാന്‍ പോകുന്നു എന്ന വിവരം കിട്ടിയപ്പോള്‍ അഹാസും യൂദായിലെ ജനങ്ങളും സ്വാഭാവികമായും ഭയചകിതരായി. ഈ സന്നിഗ്ദ്ധ ഘട്ടത്തില്‍ ആണ് യശയ്യാ പ്രവാചകന്‍ കര്‍ത്താവ്‌ കല്‍പ്പിച്ചത് പ്രകാരം അഹാസിനെ സമാശ്വസിപ്പിക്കുന്നത്. ശത്രുക്കളുടെ ഗൂഡാലോചന കര്‍ത്താവ്‌ പരാജയപ്പെടുത്തുമെന്നും എന്നും അറുപത്തിയഞ്ച് വര്‍ഷത്തിനുള്ളില്‍ ഇസ്രായേല്‍ ചിന്നഭിന്നമാക്കും എന്നും  യശയ്യാപ്രവാചകന്‍ അഹാസിനോട് പറയുന്നു. 

കര്‍ത്താവ് ഏശയ്യായോട് അരുളിച്ചെയ്തു: നീ പുത്രനായ ഷെയാര്‍യാഷുബുമൊത്തു ചെര്‍ന്ന്‍ അലക്കുകാരന്റെ വയലിലേക്കുള്ള രാജവീഥിയുടെ അരികെയുള്ള മേല്‍ക്കളത്തിലെ നീര്‍ച്ചാലിന്റെ അറ്റത്തുവച്ച് ആഹാസിനെക്കണ്ട്4 ഇപ്രകാരം പറയുക: ശ്രദ്ധിക്കുക, സമാധാനമായിരിക്കുക, ഭയപ്പെടേണ്ട, പുകഞ്ഞുകൊണ്ടിരിക്കുന്ന ഈ രണ്ടു തീക്കൊള്ളി നിമിത്തം, റസീന്റെയും സിറിയായുടെയും റമാലിയായുടെ പുത്രന്റെയും ഉഗ്രകോപം നിമിത്തം, നീ ഭയപ്പെടരുത്.5 നമുക്ക് യൂദായ്‌ക്കെതിരേ ചെന്ന്്6 അതിനെ ഭയപ്പെടുത്തുകയും കീഴടക്കി തബേലിന്റെ പുത്രനെ അതിന്റെ രാജാവായി വാഴിക്കുകയും ചെയ്യാമെന്ന് പറഞ്ഞുകൊണ്ട് സിറിയായും എഫ്രായിമും റമാലിയായുടെ പുത്രനും നിനക്കെതിരേ ഗൂഢാലോചന നടത്തി.7 ആകയാല്‍ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു അതു സംഭവിക്കുകയില്ല, ഒരിക്കലും സംഭവിക്കുകയില്ല 8 സിറിയായുടെ തലസ്ഥാനം ദമാസ്‌ക്കസും, ദമാസ്‌ക്കസിന്റെ തലവന്‍ റസീനും ആണ്. അറുപത്തഞ്ചു വര്‍ഷത്തിനുള്ളില്‍ എഫ്രായിം ഛിന്നഭിന്നമാക്കപ്പെടും. മേലില്‍ അത് ഒരു ജനതയായിരിക്കുകയില്ല(യെശയ്യാ 7:3–7)

മേല്‍ പറഞ്ഞ കാര്യങ്ങള്‍ അഹാസിനെ വിശ്വസിപ്പിക്കാന്‍ വേണ്ടി  കര്‍ത്താവ് പിന്നീട് അഹാസിനോട് ഒരു അടയാളം ചോദിക്കാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ അഹാസ്‌  ഞാന്‍ കര്‍ത്താവിനെ പരീക്ഷിക്കുകയില്ല എന്ന് പറഞ്ഞുകൊണ്ട് അടയാളം ചോദിക്കാന്‍ വിസമ്മദിക്കുന്നു, അപ്പോള്‍ ദൈവം തെന്നെ അഹാസിന് ഒരു അടയാളം നല്‍കുന്നു.

കര്‍ത്താവ് വീണ്ടും ആഹാസിനോട് അരുളിച്ചെയ്തു:11 നിന്റെ ദൈവമായ കര്‍ത്താവില്‍ നിന്ന് ഒരടയാളം ആവശ്യപ്പെടുക; അതു പാതാളംപോലെ അഗാധമോ ആകാശംപോലെ ഉന്നതമോ ആയിരിക്കട്ടെ.12 ആഹാസ് പ്രതിവചിച്ചു: ഞാന്‍ അത് ആവശ്യപ്പെടുകയോ കര്‍ത്താവിനെ പരീക്ഷിക്കുകയോ ഇല്ല13 അപ്പോള്‍ ഏശയ്യാ പറഞ്ഞു: ദാവീദിന്റെ ഭവനമേ, ശ്രദ്ധിക്കുക, മനുഷ്യരെ അസഹ്യപ്പെടുത്തുന്നതു പോരാഞ്ഞിട്ടാണോ എന്റെ ദൈവത്തിന്റെ ക്ഷമ പരീക്ഷിക്കുന്നത്?14 അതിനാല്‍, കര്‍ത്താവുതെന്നെ നിനക്ക് അടയാളം തരും.യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും.15 തിന്‍മ ത്യജിക്കാനും നന്‍മസ്വീകരിക്കാനും പ്രായമാകുമ്പോള്‍ ബാലന്‍ തൈരും തേനും ഭക്ഷിക്കും.16 നന്‍മതിന്‍മകള്‍ തിരിച്ചറിയാന്‍ ആ ബാലനു പ്രായമാകുന്നതിനുമുന്‍പ് നിങ്ങള്‍ ഭയപ്പെടുന്ന രണ്ടു രാജാക്കന്‍മാരുടെയും രാജ്യങ്ങള്‍ നിര്‍ജനമാകും.(യശയ്യാ 7: 10-17)

.ഇത്രയുമാണ് ഈ പ്രവചനത്തിന്റെ പശ്ചാത്തലം. അഥവാ ഈ പ്രവചനം അവിശ്വാസിയും സന്ധേഹിയും  ആയിരുന്ന അഹാസിനോടുള്ളതാണ്, അതുകൊണ്ട് തെന്നെ ഇത് അഹാസിന് ശേഷം എഴുനൂറോളം വര്‍ഷങ്ങള്‍ കഴിഞ്ഞു ജനിക്കാനിരിക്കുന്ന യേശുവിനെക്കുച്ചാവുക അസംഭവ്യമാണ്. മാത്രവുമല്ല ഇവിടെത്തെ യഥാര്‍ത്ഥ പ്രവചനം ആഹാസിന്റെ രാജ്യത്തോട് യുദ്ധം ചെയ്യാന്‍ തീരുമാനിച്ച ഇസ്രായേല്‍, സിറിയ എന്നീ രാജ്യങ്ങളുടെ തകര്‍ച്ചയും പരാജയവുമാണ്‌, അല്ലാതെ യുവതി പ്രസവിക്കുക എന്നുള്ളതല്ല.  ഈ രാജാക്കന്മാരുടെ പതനം സംഭവിക്കാനുള്ള സമയമാണ്, അഹാസിന് പരിചയമുള്ള  ഒരു യുവതി പ്രസവിക്കുന്ന കുട്ടിക്ക് നന്മ തിന്മ അറിയാന്‍ പാകമാകുക എന്നുള്ളത്. ഇത് കന്യക പ്രവസവിക്കുന്നതിനെ ക്കുറിച്ചുള്ള പ്രവചനം അല്ല, കന്യക എന്ന് ഹീബ്രു ബൈബിളില്‍ പറയുന്നു പോലുമില്ല. മാത്രവുമല്ല്ല അവിശ്വാസിയായ അഹാസിന് കന്യക പ്രസവിക്കുക എന്നത് ഒരു നിലക്കും അടയാളം ആകില്ല , കാരണം കന്യക ഗര്‍ഭം ധരിച്ചു  എന്നത് തെന്നെ “വിശ്വസിക്കേണ്ട” കാര്യമാണ് , പരിശോധിച്ച് ബോധ്യപ്പെടാന്‍ കഴിയുന്നതല്ല.

ക്രൈസ്തവ കൈക്രിയകള്‍

ഈ പ്രവചനം കന്യകയുടെ പ്രസവത്തെ ക്കുറിച്ചല്ല എന്നും, നൂറ്റാണ്ടുകള്‍ക്ക്‌ ശേഷം സംഭവിക്കേണ്ടതല്ല എന്നും പറഞ്ഞുവല്ല്ല. എന്നാല്‍ ഇതിനെ യേശുവും ആയി ബന്ധിപ്പിക്കാന്‍, യശയ്യാവിന്റെ മേല്‍പറഞ്ഞ  വചനം കൃത്യതയില്ലാതെയാണ് കൃസ്ത്യന്‍ ബൈബിളുകളില്‍ പരിഭാഷപ്പെടുത്താറ്. ഏതാനും ഉദാഹരണങ്ങള്‍ നോക്കുക.

1. യുവതി, കന്യകയല്ല

യേശുവിന് ഏഴു നൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്ന അഹാസിനോട്, തന്‍റെ രാജ്യത്തെ ആക്രമിക്കാന്‍ വരുന്ന രാജ്യങ്ങളുടെ പരാജയത്തെ ക്കുറിച്ച് യെശയ്യാവ് നല്‍കിയ പ്രവചനം ആണ് ഇത് എന്നും ഇത് കന്യക പ്രസവിക്കുന്നതിനെ ക്കുറിച്ചല്ല എന്നും സൂചിപ്പിച്ചല്ലോ. ഈ പ്രവചനത്തിലെ ഒരു വാക്യം മത്തായി സന്ദര്‍ഭത്തില്‍ നിന്നടര്തിയെടുത്ത്  യേശുവുമായി ബന്ധിപ്പിക്കുകയായിരുന്നു. മത്തായി ഉദ്ധരിക്കുന്നത് “കന്യക ഗര്‍ഭം ധരിച്ചു പുത്രനെ പ്രസവിക്കും"  എന്നാണ്. എന്നാല്‍ യശയ്യാവില്‍ യഥാര്‍ത്ഥത്തില്‍ കന്യക എന്ന് പറയുന്നെയില്ല, യുവതി എന്നാണ് പറയുന്നത്.

ഹീബ്രു ബൈബിള്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്ന പദം almah  എന്നാണ്. ഈ വാക്കിന്‍റെ അര്‍ഥം യുവതി എന്നാണ്. കന്യക എന്നതിന് ഹീബ്രുവില്‍ bethula  എന്ന വാക്കാണ് ഉപയോഗിക്കുക. മാത്രവുമല്ല യശയ്യാവില്‍ യുവതി എന്ന്‍ അര്‍ത്ഥമുള്ള  almah  എന്ന വാക്ക് ഒരിക്കല്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ അത് ഈ വചനത്തില്‍ ആണ്. എന്നാല്‍ കന്യക എന്നര്‍ത്ഥമുള്ള bethula എന്ന പദം മറ്റ് അഞ്ച് സ്ഥലങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. അതായത് ഇവിടെ കന്യക എന്നാണ് യശയ്യാ ഉദ്ദേശിച്ചിരുന്നത് എങ്കില്‍ മറ്റു സ്ഥലങ്ങളില്‍ ഉപയോഗിച്ച പോലെ bethula എന്ന വാക്കുതെന്നെ ഇവിടെയും ഉപയോഗിക്കണം ആയിരുന്നു.

മത്തായിക്ക് യഥാര്‍ത്ഥത്തില്‍ കന്യക എന്ന വാക്ക് കിട്ടിയത് , ഹീബ്രു ബൈബിളിന്‍റെ ഗ്രീക്ക്‌ പരിഭാഷയായ സെപ്ടിജുവന്‍റ് ബൈബിളില്‍ നിന്നാണ്. സെപ്ടിജുവന്‍റ് ബൈബിളില്‍  almah  എന്ന പദത്തെ കന്യക എന്ന് തെറ്റായി പരിഭാഷപ്പെടുത്തിയത് അടിസ്ഥാനമാക്കിയാണ് മത്തായി യഥാര്‍ത്ഥത്തില്‍ ഈ പ്രവചനം നിര്‍മിച്ചത്.

2. ഒരു യുവതിയല്ല, ആ യുവതി

മത്തായി പറയുന്നത് ഒരു യുവതി ഗര്‍ഭം ധരിക്കും എന്ന് പ്രവചിച്ചിട്ടുണ്ട് എന്നാണ്. മിക്കവാറും ക്രൈസ്തവ ബൈബിളികളും യശയ്യാവിലെ ഈ പ്രവചനത്തെ ഒരു യുവതി ( a young woman) എന്നാണ് പരിഭാഷപ്പെടുത്താറുള്ളത്. യശയ്യാവിനു ശേഷം എഴുനൂറു കൊല്ലങ്ങള്‍ക്ക് ശേഷം പൂര്‍ത്തിയായ പ്രവചനം ആണ് ഇത് എന്ന് ധ്വനിപ്പിക്കുന്നതാണ് ഇങ്ങനെ തെറ്റായി പരിഭാഷപ്പെടുതുന്നത്. യശയ്യാവില്‍ യഥാര്‍ത്ഥത്തില്‍ ഇവിടെ പറയുന്നത് ഒരു യുവതി ( a young woman)  എന്നല്ല , ആ യുവതി (the woman) എന്നാണ്. "ha'almah" എന്ന ഹീബ്രു വാക്കാണ്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്, ഇത് യശയ്യാവും അഹാസും അറിയുന്ന ഒരു യുവതിയെ സൂചിപ്പിക്കാനാണ്. New Revised Standard Version (NRSV)  ബൈബിള്‍ ഈ വചനം പരിഭാഷപ്പെടുത്തുന്നത് നോക്കൂ.

Therefore the Lord himself will give you a sign. Look, the young woman is with child and shall bear a son, and shall name him Immanuel.(Isaiah 7:14)

3. അവള്‍ ഇമ്മാനുവേല്‍ എന്ന് വിളിക്കും എന്നാണ് അവര്‍ വിളിക്കും എന്നല്ല

പല ക്രിസ്ത്യന്‍ ബൈബിളുകളും പരിഭാഷപ്പെടുത്തുന്ന പോലെ അവര്‍ അവനെ ഇമ്മാനുവേല്‍ എന്ന് വിളിക്കും എന്നല്ല ശരിയായ പരിഭാഷ, മറിച്ചു അവള്‍ അവനെ ഇമ്മാനുവേല്‍ എന്ന് വിളിക്കും എന്നാണ്.

New Revised Standard Version (NRSV) യില്‍ ഈ വചനം വായിക്കൂ.

Therefore the Lord himself will give you a sign. Look, the young woman is with child and shall bear a son, and shall name him Immanuel.(Isaiah 7:14)

4. ഗര്‍ഭം ധരിക്കും എന്നല്ല ഗര്‍ഭം ധരിച്ചിട്ടുണ്ട് എന്നാണ്.

യശയ്യവിന് നൂറ്റാണ്ടുകള്‍ക്കു ശേഷം  നിവൃത്തിയായ ഒരു പ്രവചനം ആണ് ഇത് എന്ന് കാണിക്കാന്‍, ഈ വചനത്തെ മത്തായിയും മിക്ക ക്രിസ്ത്യന്‍ ബൈബിളുകളും യുവതി ഗര്‍ഭം ധരിക്കും (will conceive) എന്നാണ് പരിഭാഷപ്പെടുത്തിയിട്ടുള്ളത്. യഥാര്‍ത്ഥ പരിഭാഷ യുവതി ഗര്‍ഭംധരിച്ചിട്ടുണ്ട് (has conceived) എന്നോ ഗര്‍ഭം ധരിക്കാന്‍ പോകുന്നു എന്നോ ആണ്. ഞാന്‍ നേരെത്തെ ഉദ്ധരിച്ച NRSV വീണ്ടും വായിച്ചു നോക്കൂ.

Therefore the Lord himself will give you a sign. Look, the young woman is with child and shall bear a son, and shall name him Immanuel.(Isaiah 7:14)

മറ്റു ചില പരിഭാഷകളും വായിക്കുക

Youngs Literal Translation( YLT)  യില്‍ ഈ വചനം ഇങ്ങനെയാണ്.

Isaiah 7:14 ... is conceiving, And is bringing forth a son..

New English Translation (NET) കൊടുത്തിരിക്കുന്ന പരിഭാഷ ഇങ്ങനെയാണ്.

Isaiah 7:14 For this reason the sovereign master himself will give you a confirming sign. Look, this young woman is about to conceive and will give birth to a son. You, young woman, will name him Immanuel.

NET യുടെ ഫൂട്ട്നോട്ട് ഇതിനെ വിശദീകരിച്ചുകൊണ്ട് പറയുന്നു

" Elsewhere the adjective hr'h' (harah), when used predicatively, refers to a past pregnancy 1Sa 4:19 or to a present condition Gen 16:11.However in Isa 7:14 one could translate, "the young woman is pregnant." and in this case the woman is probably a member of the royal family. Another option, the one followed in the present translation, takes the adjective in an imminent future sense, "the young woman is about to conceive." In this case the woman could be a member of the royal family, or, more likely, the prophetess with whom Isaiah has sexual relations shortly after this (see 8:3)"

ഈ പ്രവചനം പുലര്‍ന്നുവോ

യെശയ്യാ പ്രവാചകന്‍റെ പ്രവചനം അഹാസിനോടായിരുന്നുവെന്നും ഇതിലെ പ്രവചനം യഥാര്‍ത്ഥത്തില്‍ കന്യക ഗര്‍ഭം ധരിന്നതിനെക്കുറിച്ചല്ല മറിച്ച് യൂദായെ ആക്രമിക്കുന്ന ഇസ്രായേല്‍, സിറിയന്‍ രാജാക്കന്മാരുടെ പതനമാണ്  എന്നും മുകളില്‍ പറഞ്ഞല്ലോ. ഇനി നമ്മുക്ക് പരിശോധിക്കാനുള്ളത് യഥാര്‍ത്ഥത്തില്‍ ഈ പ്രവചനം പുലര്‍ന്നുവോ എന്നതാണ്.  ഈ ചോദ്യത്തിനുത്തരം തേടിയാല്‍ നമ്മുക്ക് കാണാന്‍ കഴിയുക ബൈബിള്‍ ഈ വിഷയത്തില്‍ വ്യക്തമായ വൈരുദ്ധ്യം പുലര്‍ത്തുന്നു എന്നാണ്.

2 രാജാക്കന്മാരിലെ താഴെ  പരാമര്‍ശം വായിക്കുക.

5   സിറിയാ രാജാവായ റസീനും, ഇസ്രായേല്‍ രാജാവും റമാലിയായുടെ പുത്രനുമായ പെക്കാഹും ജറുസലെമിനെതിരേ വന്ന് ആഹാസിനെ ആക്രമിച്ചു; എങ്കിലും തോല്‍പിക്കാന്‍ കഴിഞ്ഞില്ല(2 രാജാക്കന്മാര്‍ 16:5)

ഇതനുസരിച്ച്, യശയ്യാവിന്റെ പ്രവചനം പുലര്‍ന്നു, കാരണം പെക്കാഹിനും റസീനും യൂദായെ തോല്‍പ്പിക്കാന്‍ കഴിഞില്ല. മാത്രവുമല്ല അഹാസ്‌ അസീറിയയിലെ രാജാവിനോട് സഹായം അഭ്യര്‍ഥിക്കുകയും അസീറിയയിലെ രാജാവ് ആ അഭ്യര്‍ത്ഥന സ്വീകരിക്കുകയും റസീനെ കൊല്ലുകയും ചെയ്തതായും രാജാക്കന്മാര്‍ പറയുന്നു

7 ആഹാസ് ദൂതന്‍മാരെ അയച്ച് അസ്‌സീറിയാ രാജാവായ തിഗ്ലാത്പിലേസറിനെ അറിയിച്ചു: ഞാന്‍ അങ്ങയുടെ ദാസനും പുത്രനുമാണ്. എന്നെ ആക്രമിക്കുന്ന സിറിയാരാജാവിന്റെയും ഇസ്രായേല്‍ രാജാവിന്റെയും കൈകളില്‍നിന്ന് അങ്ങ് എന്നെ രക്ഷിക്കണം.8 ആഹാസ് ദേവാലയത്തിലെ സ്വര്‍ണവും വെള്ളിയും കൊട്ടാരത്തിലെ നിധികളും അസ്‌സീറിയാരാജാവിനു സമ്മാനമായി അയച്ചു.9 അസ്‌സീറിയാരാജാവ് അപേക്ഷ സ്വീകരിച്ചു. അവന്‍ ചെന്ന് ദമാസ്‌ക്കസ് കീഴടക്കി, നിവാസികളെ ബന്ധിച്ചു കീറിലേക്കു കൊണ്ടുപോയി. റസീനെ കൊല്ലുകയും ചെയ്തു(2 രാജാക്കന്മാര്‍ 16:7-9)

ഇനി ഇതേ സംഭവം ദിവവൃത്താന്തത്തില്‍ വായിക്കുക.

ദൈവമായ കര്‍ത്താവ് അവനെ സിറിയാരാജാവിന്റെ കൈകളില്‍ ഏല്‍പിച്ചു. അവന്‍ ആഹാസിനെ തോല്‍പിച്ച് അനേകംപേരെ തടവുകാരാക്കി ദമാസ്‌ക്കസിലേക്കു കൊണ്ടുപോയി. കര്‍ത്താവ് ആഹാസിനെ ഇസ്രായേല്‍രാജാവിനു വിട്ടുകൊടുത്തു. ഇസ്രായേല്‍രാജാവു കൂട്ടക്കൊല നടത്തി അവനെ പരാജയപ്പെടുത്തി.6 തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനെ പരിത്യജിച്ചതിനാല്‍, യൂദാസൈന്യത്തി.നിന്നു ഒരു ലക്ഷത്തിയിരുപതിനായിരം ധീരയോദ്ധാക്കളെ റമാലിയായുടെ മകന്‍ പെക്കാഹ് ഒറ്റ ദിവസം കൊണ്ടു വധിച്ചു.7 ധീരനും എഫ്രായിംകാരനുമായ സിക്രി, രാജപുത്രനായ മാസേയായെയും കൊട്ടാരം വിചാരിപ്പുകാരനായ അസ്രിക്കാമിനെയും രാജാവുകഴിഞ്ഞാല്‍ അടുത്ത അധികാരിയായ എല്‍കാനയെയും വധിച്ചു.8 തങ്ങളുടെ സഹോദരരായ യൂദാനിവാസികളില്‍ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം രണ്ടു ലക്ഷംപേരെ ഇസ്രായേല്‍ തടവുകാരാക്കി. ധാരാളം കൊള്ളമുതലും അവര്‍ സമരിയായിലേക്കു കൊണ്ടുപോയി.(ദിനവൃത്താന്തം 2 28:5-8)

ഇതനുസരിച്ച് അഹാസ്‌ പരാജയപ്പെട്ടു. യശയ്യാവിന്റെ പ്രവചനം പുലര്‍ന്നില്ല. മാത്രവുമല്ല, മുകളില്‍ ഉദ്ധരിച്ച രാജാക്കന്‍മാര്‍ എന്ന പുസ്തക, ‍ അസീറിയന്‍ രാജാവിനോട് സഹായം അപേക്ഷിച്ച അഹാസിന്റെ അഭ്യര്‍ത്ഥന അസീറിയന്‍ രാജാവ് സ്വീകരിച്ചുവെന്നും എന്നും സഹായിച്ചു എന്നുമാണ് പറയുന്നത്. എന്നാല്‍ ദിനവൃത്താന്തം പറയുന്നത് ഇതിന് നേരെ എതിരാണ്. അത് വായിക്കുക.

17 ആഹാസ് രാജാവ് അസ്‌സീറിയാരാജാവിന്റെ സഹായം അപേക്ഷിച്ചു.. 20 അസ്‌സീറിയാ രാജാവായ തില്‍ഗത്ത്പില്‍നേ സര്‍ അവനെ സഹായിക്കുന്നതിനു പകരം ആക്രമിച്ചു പീഡിപ്പിച്ചു.21 ആഹാസ് ദേവാലയത്തിലും രാജകൊട്ടാരത്തിലും പ്രഭുക്കന്‍മാരുടെ ഭവനങ്ങളിലും നിന്നും ധനം ശേഖരിച്ച്, അസ്‌സീറിയാരാജാവിനു കപ്പം കൊടുത്തു. എന്നാല്‍, ഉപകാരമുണ്ടായില്ല (ദിവവൃത്താന്തം  2 28:17-21) 

രാജാക്കന്മാരും ദിനവൃത്താന്തവും രണ്ടു വിഭാഗം ജനങ്ങളില്‍ നിന്നുള്ള എഴുത്തുകാരാല്‍ രചിക്കപ്പെട്ടതായതിനാല്‍ ആണ് ഈ വൈരുധ്യം എന്നാണ് കരുതപ്പെടുന്നത്.

Tuesday, March 29, 2011

വിദ്വേഷത്തിന്റെ സുവിശേഷം പ്രചരിപ്പിക്കുന്ന മിഷനറിമാര്‍

മലപ്പുറം ജില്ലയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ പൊന്നാനിയിലെ മുസ്ലിം വീടുകളില്‍ ഒരു ക്രിസ്ത്യന്‍ മിഷനി കഴിഞ്ഞയാഴ്ച വിതരണം ചെയ്ത പുസ്തകത്തിന്‍റെ പുറം കവറാണ് ചിത്രത്തില്‍  കാണിച്ചിരിക്കുന്നത്.  പുസ്തകത്തിന്‍റെ പേര്   “ഒരു അന്വഷണത്തിന്റെ അന്ത്യം”, ഗ്രന്ഥകര്‍ത്താവിന്‍റെ പേരായി പുസ്തകത്തില്‍ കാണിച്ചിരിക്കുന്നത് ഖിസ്സിസ്‌ കെ ഷാലിയഖ് എന്നാണ്.  മലപ്പുറം ജില്ലയിലെ ഒരു പാരമ്പര്യ പുരോഹിത കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഷാലിയാഖ് എന്ന വ്യക്തിയുടെ ക്രിസ്തുമതാശ്ലേഷമാണ് പുസ്തകത്തിന്‍റെ ഇതിവൃത്തം എന്നാണ് പുസ്തകത്തിന്‍റെ പിന്‍ചട്ടയില്‍ ഈ പുസ്തകത്തെ ക്കുറിച്ച് പരിചയപ്പെടുത്തുന്നത്,

ഈ പുസ്തകം കണ്ടപ്പോള്‍ കൌതുകം തോന്നിയത് ഖിസ്സിസ്‌ കെ ഷാലിയഖ്  എന്ന പേരാണ്. മുസ്ലിംക‍ളോ ക്രിസ്ത്യാനികളോ ഇത്തരം ഒരു പേര് കേരളത്തില്‍ ഉപയോഗിക്കുന്നത് കെട്ടിട്ടില്ല, മലപ്പുറം ജില്ലയില്‍ ജീവിക്കുന്നു എന്നവകാശപ്പെടുന്ന ഇത്തരം ഒരു ക്രിസ്ത്യാനിയെക്കുറിച്ച് മുമ്പ് കേട്ടിട്ടും ഇല്ല. പുസ്തകത്തില്‍ പറയുന്നത് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത് `1977 ല്‍ ഇന്ഗ്ലീഷ് ഭാഷയില്‍ ആണെന്നാണ്. ഏതായിരുന്നാലും ഗ്രന്ഥകര്‍ത്താവിനെ ക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ പുസ്തകത്തിന്‍റെ പേര് ഇന്റര്‍നെറ്റില്‍ ചെയ്തു.

നെറ്റില്‍ സേര്‍ച്ച്‌ ചെയ്തപ്പോള്‍, ഈ പുസ്തകത്തിന്‍റെ ഇന്ഗ്ലീഷ് മൂലം അതെ പടി പല മിഷനറിസംഘടകളുടെ വെബ്സൈററ്റുകളിലും ലഭ്യമാണ് എന്ന് മനസ്സിലായി. ഗ്രന്ഥ കര്‍ത്താവ് പക്ഷെ ഖിസ്സിസ്‌ കെ ഷാലിയഖ്  അല്ല മറിച്ചു ഫാദര്‍ കെ കെ അലവി ആണ്!. ആ വെബ്സൈറ്റുകള്‍ ഈ പുസ്തകത്തെ പരിചയപ്പെടുത്തുന്നത് , ഇന്ത്യയിലെ മലപ്പുറം എന്ന മുസ്ലിംകള്‍ തിങ്ങി പ്പാര്‍ക്കുന്ന പ്രദേശത്ത് ക്രിസ്ത്യാനികള്‍ മുസ്ലിംകളില്‍ നിന്ന് അനുഭവിക്കുന്ന പീഡനത്തെ ക്കുറിച്ച് പറഞ്ഞുകൊണ്ടാണ്. ഫാദര്‍ അലവിയുടെ പീഡന കഥ, മുസ്ലിംകള്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തുന്ന കൊടിയ പീഡനത്തിന്റെ ചെറിയ ഒരു ഉദാഹരണം മാത്രമായാണ് അവര്‍ അവതരിപ്പിക്കുന്നത്‌. ഇന്റെര്‍നെറ്റില്‍ മിഷനറി സൈറ്റുകളില്‍ കൊടുത്തിരിക്കുന്ന വിവരം അനുസരിച്ച് ഈ പുസ്തകം ഇന്ഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് സ്വിറ്റ്സര്‍ലന്റിലെ ഒരു മിഷനറി സംഘടനയാണ്.‍ മലയാളത്തില്‍ എനിക്ക് കിട്ടിയ ഈ പുസ്കതത്തിന്റെ ആ മുഖത്തില്‍ പറയുന്നതനുസരിച്ച്, പുസ്തകം ആദ്യം പ്രസിദ്ധീകരിച്ചത് 1977ല്‍ ഇന്ഗ്ലീഷില്‍ ആണ്, പിന്നീട് അറബിയില്‍ പരിഭാഷപ്പെടുത്തി ഈജിപ്തില്‍ പ്രസിദ്ധീകരിച്ചു. അതെ പോലെ തെന്നെ മലയാളത്തിലും മറ്റു ലോക ഭാഷകളിലും ഭാഷകളിലും അതിന്‍റെ പരിഭാഷയും വന്നു.

ഈ ഫാദര്‍ അലവിയെ ക്കുറിച്ച് ഞാന്‍ ആദ്യം കേള്‍ക്കുന്നത് കുറെ വര്‍ഷങ്ങള്‍ക്കു മുമ്പാണ്. മര്‍കസുല്‍ ബിഷാറ എന്ന പേരില്‍, മഞ്ചേരി കേന്ദ്രമായി  മുസ്ലിംകള്‍ക്കിടയില്‍ മിഷനറി പ്രവര്‍ത്തനം നടത്താന്‍ വേണ്ടി സ്ഥാപനം ഉണ്ടാക്കിയ വ്യക്തിയായിരുന്നു ഫാദര്‍ അലവി. ദുരൂഹമായി പ്രവര്‍ത്തന രീതിയുണ്ടായിരുന്ന ഈ സ്ഥാപനം പിന്നീട് പെണ്‍വാണിഭ ആരോപണങ്ങളില്‍ പെടുകയും പോലീസ്‌ കേസെടുക്കുകയും ചെയ്തതിന് ശേഷം അടച്ചു പൂട്ടുകയാണ് ഉണ്ടായത് . ഫാദര്‍ അലവിയെക്കുറിച്ചോ, മര്‍കസുല്‍  ബിഷാറയെ ക്കുറിച്ചോ പിന്നീട് അധികം ഒന്നും ഞാന്‍ കേട്ടിട്ടില്ല. അദ്ദേഹം ഇപ്പോഴും മിഷനറി രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും അറിയില്ല.

ഏതായിരുന്നാലും ഈ പുസ്തകത്തില്‍ മലപ്പുറം ജില്ലയിലെ മുസ്ലിംകളെ അത്യന്തം ക്രൂരന്മാരും ഭീകരന്മാരുമായാണ് ചിത്രീകരിക്കുന്നത്. മുസ്ലിം ആയിരുന്ന ഒരു വ്യക്തി ക്രിസ്തുമതത്തെ ക്കുറിച്ച് പഠിച്ചു, ഇസ്ലാമിനെയും ക്രിസ്തുമതത്തെയും താരതമ്യം ചെയ്തു  ക്രിസ്തുമതത്തിന്റെ മേന്മ വിവരിക്കാന്‍ വേണ്ടി എഴുതിയ ഒരു പുസ്തകം ആയിരുന്നു ഇതെങ്കില്‍ എനിക്ക് എതിര്‍പ്പുണ്ടാകുമായിരുന്നില്ല.  എന്നാല്‍  ഈ പുസ്തകത്തില്‍, ഖിസ്സിസ്‌ കെ ഷാലിയഖ്  എന്ന ഫാദര്‍ അലവി നേരിടേണ്ടി വന്നു എന്ന് പറയുന്ന പീഡനങ്ങള്‍ അത്യന്തം ഭീകരമായ് രീതിയില്‍ വിവരിച്ചു അത് ഇസ്ലാമിന്‍റെ പേരില്‍ ആരോപിക്കുകയാണ് ചെയ്യുന്നത്.  മത സമൂഹങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയും അകല്‍ച്ചയും വെറുപ്പും വളര്‍ത്താന്‍ മാത്രം ഉതകുന്നതാണ് ഈ പുസ്തകം. മലപ്പുറം ജില്ലയില്‍ കൃസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നു എന്ന് പാശ്ചാത്യനാടുകളില്‍ പ്രചരിപ്പിക്കുന്നത് മിഷനറി ഫണ്ടിങ്ങിനു സഹായകരാമയെക്കാം, എന്നാല്‍ വിവിധ മത വിഭാഗങ്ങള്‍ അത്യന്തം സൌഹൃതതോടെ കഴിയുന്ന, പൊന്നാനി പോയുള്ള ഗ്രാമ പ്രദേശങ്ങളില്‍ ഒരു സമൂഹത്തെ മൊത്തം കരിവാരിത്തെക്കുന്ന ഇത്തരം വിതരണം ചെയ്യുന്നത് അത്യന്തം അപകടകരമാണ്. സമുദായങ്ങള്‍ തമ്മിലുള്ള  സ്പര്‍ദ്ധയും കാലുശ്യവും വളര്‍ത്താന്‍ മാത്രമേ ഇത്തരം പുസ്തകങ്ങള്‍ ഉതകൂ.

പുസ്തകത്തിന്‍റെ ഉള്ളടക്കം

ഖിസ്സിസ്‌ കെ ഷാലിയഖ്  എന്ന വ്യക്തി ക്രിസ്റ്യാനിയിലേക്ക് മതം മാറുന്നതും അതിനോടനുബന്ധിച്ചു നേരിടേണ്ടി വരുന്ന പീഡനങ്ങളും ആണ് പുസ്തകത്തിന്‍റെ മുഖ്യ പ്രദിപാദനം. പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന സമയത്ത് ഈ ഖിസ്സിസ്‌ കെ ഷാലിയഖിന്റെ പ്രായം എത്രയാണെന്നറിയെണ്ടേ? വെറും പതിനൊന്ന് വയസ്സ്, അഥവാ ആറാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥി. മലപ്പുറം ജില്ലയിലെ ചെറുകുന്ന് ദേശത്ത് ഒരു “മുസ്ലിം പുരോഹിതന്‍റെ” മകനായാണത്രേ ഖിസ്സിസ്‌ ജനിച്ചത്‌. അങ്ങിനെ കോട്ടക്കലില്‍ ഉള്ള ഗവര്‍മെന്റ് മാപ്പിള യു പി സ്കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍, ഒരു ദിവസം കോട്ടക്കല്‍ ചന്തയില്‍ വെച്ച്, ഒരു മിഷനറി  വിതരണം ചെയ്യുകയായിരുന്ന “തമ്പിയുടെ ഹൃദയം” എന്നാ പുസ്തകം ഖിസ്സിസിന് ലഭിക്കുവാന്‍ ഇടയായി. സുഹൃത്തിന് കിട്ടിയ പുസ്തകം അവന്‍ “നസ്രാണികളോടുള്ള ഒടുങ്ങാത്ത വിരോധം പ്രകടിപ്പിക്കാനായി പിച്ചിച്ചീന്തി ക്കളഞ്ഞു". നസ്രാണികള്‍ എന്ന് “മുസ്ലിംകളായ ഞങ്ങള്‍ വിളിക്കുന്ന” ക്രിസ്ത്യാനികളോട് എനിക്കും പുച്ഛമനോഭാവം ആയിരുന്നു എന്നും ഖിസ്സിസ്‌ പറയുന്നുണ്ട്. പിന്നീട് ഈ പുസ്തകത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌, ഖിസ്സിസ്‌ എന്ന ആറാം ക്ലാസുകാരന്‍, ക്രിസ്തുവിനെ ക്കുറിച്ച് കൂടുതല്‍ അറിയാന്‍  തപാല്‍ വഴി നടത്തെപ്പെടുന്ന ബൈബിള്‍ പഠന പദ്ധതിയില്‍ ചേര്‍ന്നു.

ഇതറിഞ്ഞ ഖിസ്സിസിന്റെ പിതാവ് അയാളെ ഒരു തൂണില്‍ കെട്ടിയിട്ട് അവശനാകുന്നത് വേരെ പൊതിരെ തല്ലുന്നു. എന്നിട്ട് പറഞ്ഞു. “മുസ്ലിംകളായ നാം ഇത്തരം പുസ്തകങ്ങള്‍ വായിച്ചു കൂടാ. അവ ഹറാം ആണ്. പ്രത്യേകിച്ച് ക്രിസ്ത്യാനികളുടെ പുസ്തകങ്ങള്‍. കാരണം അവ അത്യാകര്‍ഷകമത്രേ അവ വായിച്ചാല്‍ നാം കൂടെ ക്രിസ്ത്യാനികളായി പോകും..”

ഖിസ്സിസ്‌  എന്ന പതിനൊന്ന് കാരന്‍ പിന്നീട് ഖുറാനിലും “ഖിസ്സസുല്‍ അമ്പിയാ” പോലെയുള്ള മത ഗ്രന്ഥങ്ങളിലും യേശുവിനെ ക്കുറിച്ച് എന്ത് പറയുന്നു എന്ന് സമഗ്രമായി പഠിക്കുന്നു. പുസ്തകത്തില്‍ പിന്നീട് കൊടുത്തിട്ടുള്ളത് ഖിസ്സിസ്സിന്റെ സമഗ്ര പഠനം വഴി കണ്ടത്തിയ,  യേശുവിനെ ക്കുറിച്ച് പറയുന്ന കുറെ ഖുര്‍ആന്‍ വചനങ്ങളാണ്. ഏതായിരുന്നാലും സംശയങ്ങള്‍ വര്‍ദ്ധിച്ച ഖിസ്സിസ്‌ മലപ്പുറത്തെ ക്രിസ്ത്യന്‍ മിഷനറി ആശുപത്രില്‍ പോയി, മിഷനറി റവ.റോളണ്ട് ഇ. മില്ലറെ കാണുന്നു. അദ്ദേഹം പ്രായപൂര്തിയായിട്ടില്ലാത്ത ഖിസ്സിസിനോട് സണ്ടേസ്കൂളില്‍ ചേരാന്‍ ആവശ്യപ്പെടുന്നു. അങ്ങിനെ മാതാപിതാക്കളെ അറിയിക്കാതെ ഖിസ്സിസ്സും സുഹൃത്ത് അബുല്ലയും കൂടി, കോട്ടപ്പടിയിലുള്ള ഒരു ക്രിസ്ത്യന്‍ മിഷന്‍ വായനാശാലയുടെ പ്രവര്‍ത്തകന്‍ വഴി, സണ്ടേസ്കൂളില്‍ പോയിതുടങ്ങുന്നു. വായനാ ശാലാ പ്രവര്‍ത്തകര്‍ ബസ്സുകൂലിയടക്കം ഖിസ്സിസിന് വേണ്ടുന്ന സഹായങ്ങള്‍ ‍ ചെയ്തുകൊടുക്കുന്നു,

ഇത് വായിച്ചപ്പോള്‍ ഓര്‍ത്തത് ലവ് ജിഹാദ് വിവാദമാണ്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ പറഞ്ഞു പെറ്റിച്ചു മതം മാറ്റുന്നു എന്നയിരുന്നുവല്ലോ, കെ സി ബി സി യുടെ പരാതി. പ്രായപൂര്തിയാകത്തെ ബാലന്മാരെ, അവരുടെ വീട്ടുകാരറിയാതെ സണ്ടേ സ്കൂളില്‍ ചേര്‍ക്കുന്നതിനെയും മതം മാറ്റാന്‍ ശ്രമിക്കുന്നതിനെയും എന്ത് ജിഹാദ്‌ എന്നാണാവോ വിളിക്കേണ്ടത്?

ഖിസ്സിസ് സണ്ടേസ്കൂളില്‍ പോകുന്നത് പിതാവ് അറിയുന്നു.പിന്നീട് പിതാവ്  തെന്റെ  ആറാം ക്ലാസ്സുകാരനായ മകനെതിരെ കൈകൊള്ളുന്ന ശിക്ഷണരീതി പുസ്തകത്തില്‍ വിവരിക്കുന്നത് ഇങ്ങനെ.

“ഞാന്‍ വീട്ടിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ പെട്ടന്ന് എന്റെ പിതാവ് ഉച്ചത്തില്‍ അലറിക്കൊണ്ട് വന്ന് എന്നെ പിടിച്ചു കൈ രണ്ടും പിന്നിലേക്ക്‌ കെട്ടി ഒരു ചുമരരുകില്‍ കിടത്തി അടിക്കുകയും കണ്ണിലും മുഖത്താകമാനം അരച്ച കാന്താരിമുളക് പുരട്ടുകയും ചെയ്തു. ആസമയതെല്ലാം ഞാന്‍ ക്രിസ്ത്യന്‍ പുസ്തകങ്ങള്‍ വായിച്ചതെന്തിനെന്നും ക്രിസ്ത്യാനികളും ആയി കൂട്ടുകൂടുന്നതെന്തിനെന്നും ചോദിച്ചുകൊണ്ടിരിന്നു..ഈ രീതിയിലുള്ള ശിക്ഷ പല പ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്”

മലപ്പുറം ജില്ലയില്‍, പതിനൊന്ന് വയസ്സുകാരനെ പോലും ക്രൂരമായി പീഡിപ്പിക്കുന്ന മുസ്ലിംകള്‍ എന്ന ഒരു ജനവിഭാഗം ഉണ്ട് എന്ന് അവരില്‍ നിന്നും ക്രിസ്ത്യാനികളെ രക്ഷിക്കാന്‍ ഫണ്ട് തരണം എന്നും പാശ്ചാത്യരെ ബോധ്യപ്പെടുത്താന്‍ എഴുതിയതാണ് ഈ വരികള്‍ എന്ന് വ്യക്തം.

പിതാവിന്‍റെ ക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷവും  ഖിസ്സിസ്‌ സണ്ടേസ്കൂളില്‍ പോകുന്നു, പിതാവ് ഖിസ്സിസിനെ പിടികൂടുന്നു വീണ്ടും  ക്രൂരമായി മര്‍ദ്ധിക്കുന്നു. തുടര്‍ന്ന് നാട്ടില്‍ വിവരം അറിയുകയും ജനങ്ങള്‍ എല്ലാം ഖിസ്സിസ്‌ എന്ന ബാലനെ പരിഹസിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ആവിവരണം ഇങ്ങനെ.

“ജനങ്ങള്‍ എന്നെ പരിഹസിക്കുകയും പേരുകള്‍ വിളിക്കുകയും എന്റെ നേരെ കല്ലെറിയുകയും പതിവായി തീര്‍ന്നു. സ്കൂള്‍ വിട്ടു വീട്ടില്‍ പോകുമ്പോള്‍ :ശപിക്കപ്പെട്ടവന്‍ ഇതാ പോകുന്നു”, “മത്തായി ഇതാ വരുന്നു; നസ്രാണി വരുന്നു" എന്നല്ലാം പറഞ്ഞു കൂവി വിളിക്കുക പതിവായിരുന്നു. ബന്ധുക്കളും സുഹൃത്തുകളും അദ്ധ്യാപകര്‍ പോലും എന്നോട് ക്രൂരമായി പെരുമാറി”

ഖിസ്സിസു പിന്നീടും ക്രിസ്ത്യന്‍ മിഷനറി മാരും ആയുള്ള ബന്ധം തുടര്‍ന്നുകൊണ്ടിരിന്നു. അങ്ങിനെ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട് വിട്ടിറങ്ങുകയും പിന്നീട് പിടിക്കപ്പെടുകയും ഉണ്ടായി. അതിന് ശേഷം സംഭവിച്ചത് ഇങ്ങനെയാണ്:

“കുറെ സമയത്തിന് ശേഷം ചില മുസ്ലിംകള്‍ എന്നെ കണ്ടു പിടിച്ചു. ‘മാപ്പിള നാട്‘ എന്ന് പേരുള്ള ഒരു മുസ്ലിം വായനാശാലയില്‍ അവര്‍ എന്നെ കൊണ്ട് പോയി ചോദ്യങ ചെയ്തു. എന്റെ നേരെ അട്ടഹസിക്കുകയും ക്രൂരമായി പെരുമാറുകയും ചെയ്തു. ആ സമയത്ത് ജ്യേഷ്ഠന്റെ ഭാര്യാസഹോദരന്മാര്‍ അവിടെയെത്തുകയും ആ ഭീകരന്‍മാരില്‍ നിന്നും എന്നെ രക്ഷിക്കുകയും ചെയ്തു”

പൊന്നാനിയിലെ സാധാരണക്കാരായ മുസ്ലികളുടെ വീടുകളില്‍  അഥിതികളെ പോലെ വന്ന് , വിതരണം ചെയ്ത പുസ്തകത്തില്‍ അവരെക്കുറിച്ച് ഉപയോഗിച്ച പദമാണ് ഭീകരര്‍ എന്ന്. ഇങ്ങനെയാണോ സുഹൃത്തുക്കളെ മതം പ്രച്പ്പിക്കേണ്ടത് ??

പിന്നീട് വീട്ടിലെക്കിത്തിയെ ഖിസ്സിസ്സ് എന്ന ബാലനെ എന്ത് ചെയ്യണം എന്ന് കൂടിയാലോചിക്കുകയാണ് പിതാവും ബന്ധുക്കളും. ആ വിവരണം വായിക്കൂ.

“എല്ലാവരും എത്തി കഴിഞ്ഞപ്പോള്‍ ഓരോരുത്തരോടുമായി പിതാവ് ചോദിച്ചു: ‘നമ്മുക്കിവനെ ഇനി എന്ത് ചെയ്യണം ?..എന്നെ കഴുതറുത്ത് കൊല്ലാനാണ് ഒന്നാമത്തെ എളാപ്പ നിര്‍ദ്ദേശിച്ചത്. ഒരു ഖുര്‍ആന്‍ വചനം ഉദ്ധരിച്ചുകൊണ്ട് രണ്ടാമത്തെ എളാപ്പയും അത് തെന്നെ നിര്‍ദ്ദേശിച്ചെങ്കിലും കുറച്ചു കൂടെ തന്ത്രപരമായി അത് ചെയ്യണം എന്നായി. മൂന്നാമത്തെ എളാപ്പക്ക് വിത്യസ്തമായ ഒരഭിപ്രായമാണ് ഉണ്ടായിരുന്നത്. പട്ടിണിക്കിട്ട് കൊല്ലണം എന്നായിരുന്നു അദ്ദേഹം നിര്‍ദ്ദേശിച്ചത്. കാരണം ഒന്നാമത്തെയും രണ്ടാമത്തെയും എളാപ്പമാര്‍ പറഞ്ഞ പ്രകാരം പ്രവര്‍ത്തിച്ചാല്‍ കുടുംബം മൊത്തം ജയിലില്‍ പോകേണ്ടി വരും.”

നോക്കൂ, കൊല്ലണം എന്നതില്‍ ആര്‍ക്കും അഭിപ്രായ വിത്യാസമില്ല, ഒരു എളാപ്പ ഖുര്‍ആന്‍ ആയത് വരെ ഉദ്ധരിച്ചുവത്രേ. ബാക്കി കൂടി വായിക്കൂ.

“മൂന്നാമത്തെ എളാപ്പയുടെ തീരുമാനം പരക്കെ അന്ഗീകരിക്കപ്പെട്ടു. ഉടന്‍ തെന്നെ ഒരു എളാപ്പ എന്നെ ക്രൂരമായി തല്ലി. പിതാവ് വന്ന് നിര്‍ത്തുന്നത് വരെ അടിച്ചു. പിതാവ് എന്‍റെ കൈകള്‍ പിറകോട്ട് കെട്ടി മൂന്നഴ്ച്ചക്കാലം എന്നെ ബന്ധനസ്തനായിക്കിടത്തി..അവസാനം പിതാവിന്‍റെ കല്പന പ്രകാരം എന്‍റെ കാലുകളില്‍ ഇരുമ്പുവളയങ്ങള്‍ ഇട്ടു ചങ്ങല ഇട്ടു പൂട്ടി. ആറാഴ്ചക്കാലം ഞാന്‍ ആ അവസ്ഥയില്‍ ചങ്ങലയില്‍ കിടന്നു”

പിന്നീട് ഖിസ്സിസ്‌ രക്ഷപ്പെട്ട് നാട് വിടുന്നതും പിന്നീട് സെമിനാരിയില്‍ ചേരുന്നതും അങ്ങിനെ സുവിശേഷകനാകുന്നതും ഒക്കെയാണ് വിവരണം. മലപ്പുറത്ത്‌ ഉച്ചഭാഷിണിയിലൂടെ പേരെടുത്തു പറഞ്ഞു കൊണ്ട് ക്രിസ്ത്യന്‍ മിഷനറിമാരെ ഉപദ്രവിച്ചുകൊണ്ടിരുന്നതും, ക്രിസ്ത്യന്‍ മിഷനറി സ്കൂളിലേക്ക് കുട്ടികളെ വിടരുത് എന്ന് മുസ്ലിം മതനേതാക്കള്‍ ആഹ്വാനം നല്‍കി എന്നും ഇതുറപ്പു വരുത്താന്‍ മുസ്ലിംകള്‍ കാവല്‍ക്കാരെ നിറുത്തി എന്നുമൊക്കെയുള്ള വിവരണങ്ങള്‍ ഉണ്ട്..

സ്നേഹത്തിന്‍റെ മോത്തക്കച്ചവടക്കാരായ ക്രിസ്ത്യന്‍ മിഷനറിമാര്‍ വ്യക്തമാക്കേണ്ടതുണ്ട്, ഈ പുസ്തകം കേരളം പോലെയുള്ള ഒരു പ്രദേശത്ത് വിതരണം ചെയ്താല്‍ സ്നേഹമാണോ വെറുപ്പാണോ കൂടുക? വിത്യസ്ത സമൂഹങ്ങള്‍ തമ്മില്‍ അടുപ്പമാണോ അകല്‍ച്ചയാണോ ഉണ്ടാകുക? ഇങ്ങനെ കള്ളക്കഥകള്‍ പറഞ്ഞും വികാരം ഇളക്കിവിട്ടും നടത്തെണ്ടാതാണോ മത പ്രചരണം ?

പുസ്തകത്തിന്‍റെ തുടര്‍ന്നുള്ള ഭാഗം ഖുര്‍ആന്‍ സൂക്തങ്ങളും നബി വചന ങ്ങളും ഉദ്ധരിച്ചു ക്രിസ്തുമതത്തെ സ്ഥാപിക്കാനുള്ള ശ്രമമാണ്. മിഷനറിമാര്‍ ഖുര്‍നാന്‍ ഉദ്ധരിക്കുന്നതിലോ വിമര്‍ശിക്കുന്നതിലോ ‍ എനിക്ക് എതിര്‍പ്പില്ല, പക്ഷെ വിമര്‍ശനം കള്ളത്തരങ്ങള്‍ നടത്തികൊണ്ടായിരിക്കരുത്. ഈ പുസ്തകത്തിലെ കള്ളത്തരത്തിന് ഒരു ഉദാഹരണം മാത്രം നല്‍കാം. ഇസ്ലാമിലെ മോക്ഷത്തിന്റെ മാര്‍ഗമാണ് ജിഹാദ് എന്ന് പറഞ്ഞുകൊണ്ട് അതുമായി ബന്ധപ്പെട്ടു കുറെ സൂക്തങ്ങള്‍ വികലമായ പരിഭാഷയില്‍ തലയും വാലും മുറിച്ചു ഈ പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്‌. അത്തരത്തില്‍ പെട്ട ഒരു സൂക്തം   നോക്കൂ.

“മര്‍ദനം ഇല്ലാതായിതീരുകയും മതം അല്ലാഹുവിന്‍റെത് മാത്രമായിത്തീരുകയും ചെയ്യുന്നത് വരെ നിങ്ങളവരെ കൊലനടത്തിക്കൊള്ളുക” (1:193)

ഇനി ഈ സൂക്തത്തിന്റെ ശരിയായ പരിഭാഷ താഴെ വായിക്കുക.

193.മര്‍ദ്ദനം ഇല്ലാതാകുകയും, മതം അല്ലാാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ ( യുദ്ധത്തില്‍നിന്ന് ) വിരമിക്കുകയാണെങ്കില്‍ (അവരിലെ ) അക്രമികള്‍ക്കെതിരിയല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളല്ല (1:193)

നോക്കൂ, ഒരു സൂക്തം നമ്പറിട്ട് കൊടുത്തിട്ട് അത് പൂര്‍ണമായും ഉദ്ധരിച്ചില്ല. മാത്രവുമല്ല യുദ്ധം എന്ന വാക്കിനെ കൊല എന്ന് മാറ്റി, നിങ്ങളവരെ കൊല നടത്തികൊള്‍ക എന്നാക്കി. ഇവിടെ സൂചിപ്പിക്കുന്നത് ഇങ്ങോട്ട് യുദ്ധം ചെയ്യുന്നവരെ പ്രതിരോധിക്കുന്നതിനെ ക്കുറിച്ചാണ് അതും ശത്രുക്കള്‍ യുദ്ധത്തില്‍ നിന്നും പിന്മാറുന്നത് വരെ മാത്രം.  എന്നാല്‍ പുസ്തകത്തിലെ ഉദ്ധരണി വായിച്ചാല്‍ മുസ്ലിംകള്‍ ഏകപക്ഷീയമായി കൊലനടത്താനുള്ള ആഹ്വാനമായാണ് തോന്നുക. അതിന് വേണ്ടി ആ സൂക്തത്തിന്റെ രണ്ടാമത്തെ ഭാഗം മറച്ചു വെക്കുകയും ചെയ്തു.

നുണകള്‍ പറഞ്ഞും തെറ്റിദ്ധരിപ്പിച്ചും മതം പ്രചരിപ്പിക്കാന്‍ യേശു ക്രിസ്തു പറഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കേണ്ടത് മിഷനറിമാരാണ്.

ഇത്തരം അപകടകരമായ പുസ്തകങ്ങള്‍ ഗ്രാമ പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതില്‍ നിന്ന് മ,മിഷനറിമാരെ തടയാന്‍ വിവേകമുള്ള കൃസ്ത്യാനികള്‍ തയ്യാറാകണം എന്നാണ് എനിക്ക് പറയാനുള്ളത്..

Tuesday, February 15, 2011

മിശിഹൈക പ്രവചനങ്ങള്‍

യേശു യഹൂദര്‍ പ്രതീക്ഷിച്ചിരുന്ന വാഗ്ദത്ത മിശിഹയാണ് എന്നാണ് ക്രൈസ്തവ വിശ്വാസം. ഇന്ഗ്ലീഷില്‍ ക്രിസ്തു എന്ന് പറയുന്നത് മിശിഹ എന്ന ഹീബ്രു പദത്തിന്റെ വിവര്തനമായിട്ടാണ്.  യേശുവിന് മുമ്പ് എഴുതപ്പെട്ട ഹീബ്രു വേദഗ്രന്ഥത്തില്‍ (പഴയ നിയമം) പറയപ്പെട്ട വാഗ്ദത്ത മിശിഹയെ ക്കുറിച്ചുള്ള പ്രവചനങ്ങള്‍ യേശുവില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു എന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. ഇത്തരത്തില്‍ പെട്ട നൂറോളം മിശിഹൈക പ്രവചനങ്ങള്‍ ബൈബിളില്‍ ഉണ്ട് എന്ന് ക്രിസ്ത്യന്‍ സുവിശേഷകര്‍ അവകാശപ്പെടാറുണ്ട്. ബൈബിളിന്റെ സത്യതയും ദൈവികതയും സമര്‍ത്ഥിതിക്കുന്നതിനു വേണ്ടി, ഇത്തരത്തില്‍ പെട്ട പ്രവചനങ്ങളാണ് കൂടുതലായും ഉപയോഗിക്കാറുള്ളത്. യേശുവിന്റെ ജീവിതത്തെ ക്കുറിച്ച് വിവരിക്കുന്ന പുതിയ നിയമത്തിലെ നാല് സുവിശേഷങ്ങളും യേശുവിന്‍റെ ജീവതത്തിലെ പല സംഭവങ്ങളും പഴയ നിയമത്തിലെ പ്രവചനങ്ങളുടെ പുലര്‍ച്ചയായിട്ടു അവതരിപ്പിക്കുന്നുമുണ്ട്. മത്തായിയുടെ സുവിശേഷമാണ് ഈ വിഷയത്തില്‍ ഏറ്റവും അധികം പ്രവചനങ്ങള്‍ നിരത്തുന്നത്.

എന്നാല്‍ യഹൂദന്മാര്‍, ഈ പ്രവചങ്ങള്‍ ഒന്നും തെന്നെ അന്ഗീകരിക്കുന്നില്ല. മിശിഹൈക പ്രവചനങ്ങള്‍ യേശുവില്‍ പുലര്‍ന്നിട്ടില്ല എന്ന് അവര്‍ കരുതുന്നു. മാത്രവുമല്ല,  ക്രിസ്ത്യാനികള്‍ അവകാശപ്പെടുന്ന പല പ്രവചനങ്ങളും, തങ്ങളുടെ വേദഗ്രന്ഥം സുവിശേഷ കര്‍ത്താക്കള്‍ തെറ്റായി ഉദ്ധരിക്കുകയോ, ദുര്‍വ്യാഖ്യാനിക്കുകയോ ചെയ്തവയാണ് എന്നും അവര്‍ വാദിക്കുന്നു. അതുകൊണ്ട് തെന്നെ യഹൂദര്‍ ഇപ്പോഴും മിശിഹായുടെ വരവിനെ പ്രതീക്ഷിക്കുന്നു. മുസ്ലിംകള്‍ യേശു മിശിഹയാണ് എന്ന് വിശ്വസിക്കുന്നു. അതുകൊണ്ട് തെന്നെ മിശിഹയെക്കുറിച്ചുള്ള നിവൃത്തിയായ പ്രവചനങ്ങള്‍, ഹീബ്രു വേദഗ്രന്ഥത്തില്‍ ഉണ്ടായിരുന്നിരിക്കണം എന്ന് തെന്നെയാണ് മുസ്ലിംകള്‍ കരുതുക.

എന്നാല്‍ നിലവിലുള്ള പഴയ നിയമവും അവ അതിനെ അടിസ്ഥാനമാക്കിയുള്ള സുവിശേഷകരുടെ അവകാശവാദവും നിഷ്പക്ഷമായി പരിശോധിച്ചാല്‍, അതില്‍ വ്യക്തമായ പ്രവചനങ്ങള്‍ ഒന്നും തെന്നെയില്ല എന്നാണ് നിര്‍ഭാഗ്യവശാല്‍ കാണാന്‍ കഴിയുക.  സുവിശേഷ കര്‍ത്താക്കള്‍ ബോധപൂര്‍വമോ അല്ലാതെയോ, പ്രവചനങ്ങള്‍ ഉണ്ടാക്കുന്നതിന്‌ വേണ്ടി പഴയനിയമത്തെ തെറ്റായി ഉദ്ധരിക്കുകയോ, തെറ്റായി വ്യഖാനിക്കുകയോ ചെയ്യുന്നതാനും നാം കാണുന്നു.

മിശിഹൈക പ്രവചനങ്ങളെ ക്കുറിച്ചുള്ള സുവിശേഷകരുടെ അവകാശവാദത്തെ താഴെക്കൊടുത്ത കഥയോട് ഉപമിക്കാവുന്നതാണ്.

ഒരിക്കല്‍ ഒരാള്‍ ഒരു കാട്ടിലൂടെ സഞ്ചരിക്കുകയായിരിന്നു. അദ്ദേഹം പോകുന്ന വഴിയിലുള്ള മരങ്ങളില്‍ ഒരു വൃത്തം വരച്ചിരിക്കുന്നതായും ആ വൃത്തത്തിന്റെ കൃത്യം നടുവിലായി ഒരു അമ്പ് തറച്ചിരിക്കുന്നതായും അയാളുടെ ശ്രദ്ധയില്‍ പെടുന്നു. അദ്ദേഹം വീണ്ടും മുന്നോട്ട് പോയപ്പോള്‍, കൃത്യമായ ലക്ഷ്യത്തില്‍ അമ്പുകള്‍ തറച്ച  ഇത്തരത്തില്‍ പെട്ട കൂടുതല്‍ മരങ്ങള്‍ അയാള്‍ കണ്ടു. എല്ലാ മരങ്ങളിലും, എല്ലായ്പ്പോഴും വളരെ കൃത്യമായി വൃത്തത്തിന്റെ നടുവില്‍ തെന്നെ അമ്പ് കൊള്ളിക്കുന്ന അമ്പെയ്ത്ത് കാരന്‍റെ കഴിവ്  ഓര്‍ത്ത്‌  അയാള്‍ അത്ഭുതപ്പെട്ടു.  വീണ്ടും മുന്നോട്ട് പോയപ്പോള്‍ അയാള്‍ ആ അമ്പെയ്തുകാരനെ കണ്ടുമുട്ടി. അയാള്‍ അമ്പെയ്ത്ത് കാരനോട് അദ്ദേഹത്തോട് ചോദിച്ചു "എങ്ങിനെയാണ് നിങ്ങള്‍ ഒരിക്കല്‍ പോലും തെറ്റാതെ, ഇത്ര കൃത്യമായി കൃത്യമായി ലക്ഷ്യത്തിലേക്ക് തെന്നെ അമ്പെയ്ത് കൊള്ളിക്കുന്നത് ?". അമ്പെയ്തുകാരന്‍ പ്രതിവചിച്ചു. "അത് വളരെ എളുപ്പമാണ്, ഞാന്‍ ആദ്യം അമ്പെയ്യും പിന്നെ അതിന് ചുറ്റും ഒരു വൃത്തം വരക്കും!".

പല ബൈബിള്‍ പ്രവചനങ്ങളുടെയും അവസ്ഥ മുകളില്‍ പറഞ്ഞ കഥയോട് സമാനമാണ്. സുവിശേഷ കര്‍ത്താക്കള്‍, യേശു വാഗ്ദത്ത മിശിഹയാണ് എന്ന് തങ്ങളുടെ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ്, യേശുവിന് പതിറ്റാണ്ടുകള്‍ക്കു ശേഷം കേട്ടറിവുകള്‍ വെച്ച് സുവിശേഷങ്ങള്‍ രചിക്കുന്നത്. സ്വാഭാവികമായും ആ സമൂഹത്തില്‍ മിശിഹ എങ്ങിനെയാകണം എന്നതിനെക്കുറിച്ച് നിലനിന്ന ധാരണകള്‍ക്ക് അനുസൃതമായി അവര്‍ യേശുകഥകള്‍ രചിച്ചു അഥവാ സുവിശേഷങ്ങളില്‍ ഉള്ളത് പ്രവചനങ്ങള്‍ ചരിത്രമായി പുലര്‍ന്നതല്ല മറിച്ചു ചരിത്രം പ്രവചനങ്ങള്‍നുസൃതമായി എഴുതപ്പെട്ടതാണ്. ഒരു ചെറിയ ഉദാഹരണം നോക്കുക.

യേശുവിന്‍റെ ജെറുസലേമിലേക്ക് യേശുവിന്‍റെ രാജകീയ പ്രവേശനവുമായി ബന്ധപ്പെട്ട് മത്തായി പറയുന്ന ഒരു പ്രവചനം ഇതാണ്.

1 അവര്‍ ജറുസലെമിനെ സമീപിക്കവേ, ഒലിവുമലയ്ക്കരികെയുള്ള ബഥ്ഫഗെയിലെത്തി. അപ്പോള്‍ യേശു തന്റെ രണ്ടു ശിഷ്യന്‍മാരെ ഇപ്രകാരം നിര്‍ദേശിച്ചയച്ചു:2 എതിരേ കാണുന്ന ഗ്രാമത്തിലേക്കു പോകുവിന്‍. അവിടെ ഒരു കഴുതയെയും അടുത്ത് അതിന്റെ കുട്ടിയെയും കെട്ടിയിരിക്കുന്നത് ഉടനെ നിങ്ങള്‍ കാണും. അവയെ അഴിച്ച് എന്റെ അടുക്കല്‍ കൊണ്ടുവരുക.3 ആരെങ്കിലും നിങ്ങളോട് എന്തെങ്കിലുംചോദിച്ചാല്‍, കര്‍ത്താവിന് അവയെക്കൊണ്ട് ആവശ്യമുണ്ടെന്നു പറയുക, അവന്‍ ഉടനെ തെന്നെ അവയെ വിട്ടുതരും.4 പ്രവാചകന്‍ വഴി പറയപ്പെട്ട വചനം പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്.5   സീയോന്‍പുത്രിയോടു പറയുക: ഇതാ, നിന്റെ രാജാവ് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് നിന്റെ അടുത്തേക്കു വരുന്നു.6 ശിഷ്യന്‍മാര്‍പോയി യേശു ക.പിച്ചതുപോലെ ചെയ്തു.7 അവര്‍ കഴുതയെയും കഴുതക്കുട്ടിയെയും കൊണ്ട് വന്ന് അവയുടെമേല്‍ വസ്ത്രങ്ങള്‍ വിരിച്ചു. അവന്‍ കയറി ഇരുന്നു (മത്തായി 21:1-7)

യേശു ഒരു കഴുതയുടേയും അതിന്‍റെ കുട്ടിയുടെ പുറത്ത് കയറിയാണ് ജെറുസസലേമില്‍ പ്രവേശിച്ചത് എന്നാണ് മത്തായി പറയുന്നത്. ഒരേ സമയം രണ്ടു കഴുതകളുടെ പുറത്തു യാത്ര ചെയ്യുന്ന മിശിഹായേ സങ്കല്പിച്ചു നോക്കൂ. എങ്ങിനെയായിരിക്കും അദ്ദേഹം ഇരുന്നിട്ടുണ്ടാണ്ടാകുക? ഇത്തരത്തില്‍ യാത്രചെയ്താല്‍ യേശു പരിഹാസ്യനാകുകയല്ലേ ചെയ്യുക, എങ്ങിനെയാണ് ഇത് രാജകീയ യാത്രയാകുക ?  ഇത് വായിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന സ്വാഭാവിക സംശയങ്ങള്‍ ആണ് ഇവ.

പക്ഷെ മത്തായിയെ സംബന്ധിച്ചടത്തോളം ഈ ചോദ്യങ്ങള്‍ പ്രസക്തമായിരുന്നില്ല. കാരണം അദ്ദേഹത്തിന് പഴയനിയമതത്തില്‍ ഉണ്ട് എന്ന് അദ്ദേഹം കരുതുന്ന പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ തെന്നെ യേശുവില്‍ പുലര്‍ന്നു എന്ന് കാണിക്കല്‍ മാത്രമായിരുന്നു ഉദ്ദേശം. ചരിത്രം അതിന് ശേഷം മാത്രം വരുന്ന കാര്യമായിരുന്നു. യഥാര്‍ത്ഥത്തില്‍ മത്തായി ഉദ്ധരിച്ച പഴയനിയമ ഭാഗം എന്താണ് പറയുന്നത്?  സഖറിയാ 9:9  ആണ് മത്തായി ഉദ്ധരിക്കുന്നത്. ആ വചനങ്ങള്‍ ഇങ്ങനെയാണ്.

സീയോന്‍ പുത്രീ, അതിയായി ആനന്ദിക്കുക. ജറുസലെം പുത്രീ, ആര്‍പ്പുവിളിക്കുക. ഇതാ, നിന്റെ രാജാവ് നിന്റെ അടുക്കലേക്കു വരുന്നു. അവന്‍ പ്രതാപവാനും ജയശാലിയുമാണ്. അവന്‍ വിനയാന്വിതനായി, കഴുതപ്പുറത്ത്, കഴുതക്കുട്ടിയുടെ പുറത്ത്, കയറിവരുന്നു(സഖറിയാ 9:9 )

ഹീബ്രു കാവ്യ ഭാഷയില്‍ എഴുതപ്പെട്ട ഈ വചനത്തില്‍ ഒരു കഴുതക്കുട്ടിയുടെ കാര്യമാണ് പറഞ്ഞിട്ടുള്ളത്. കഴുതപ്പുറത്തു എന്ന് പറഞ്ഞതിന് ശേഷം, അതിനെ വിശദീകരിച്ചാണ് കഴുതക്കുട്ടി എന്ന് പറഞ്ഞത്. അതായത് ഇവിടെ ഒരു കഴുതയെക്കുറിച്ചേ പറയുന്നുള്ളൂ. എന്നാല്‍ മത്തായി ഇത് കഴുതയും കഴുതകുട്ടിയും ആയി തെറ്റിദ്ധരിച്ചു, യേശുവിനെ ഒരേ സമയം കഴുതയുടെയും കഴുതകുട്ടിയുടെയും മേല്‍ ഇരുത്തി യാത്ര ചെയ്യിച്ചു.

മത്തായിക്ക് ഇവിടെ തെറ്റിയെങ്കിലും മാര്‍കോസും ലൂകൊസും ഈ വചനം ശെരിയായി മനസ്സിലാക്കിയിട്ടുണ്ട്. മാര്‍കോസില്‍ വചനങ്ങള്‍ ഇങ്ങനെയാണ് കൊടുത്തിട്ടുള്ളത്.

.4 അവര്‍ പോയി, തെരുവില്‍ ഒരു പടിവാതില്‍ക്കല്‍ ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു. അവര്‍ അതിനെ അഴിക്കുമ്പോള്‍5 അവിടെ നിന്നിരുന്നവര്‍ അവരോടു ചോദിച്ചു: നിങ്ങളെന്തിനാണ് കഴുതക്കുട്ടിയെ അഴിക്കുന്നത്?6 യേശു പറഞ്ഞതുപോലെ ശിഷ്യന്‍മാര്‍ മറുപടി പറഞ്ഞു. അതിനെ കൊണ്ടുപോകാന്‍ അവര്‍ അനുവദിച്ചു.7 അവര്‍ കഴുതക്കുട്ടിയെ യേശുവിന്റെ അടുത്തു കൊണ്ടുവന്ന്, അതിന്റെ പുറത്ത് തങ്ങളുടെ വസ്ത്രങ്ങള്‍ വിരിച്ചു. അവന്‍ കയറിയിരുന്നു(മാര്‍കോസ് 11:4-7)

മാര്‍കോസില്‍നിന്നും ലൂകൊസില്‍ നിന്നും വിത്യസ്തമായി മത്തായി യേശു ശിഷ്യനാണ് എന്നാണ് ക്രൈസ്തവ പാരമ്പര്യം. ഇവിടെ പക്ഷെ ശിഷ്യന്മാരല്ലാത്ത മാര്‍ക്കോസും, ലൂകൊസും ആണ് പഴയ നിയമം ശരിയായി മനസ്സിലാക്കിയത്‌.

തുടര്‍ന്ന് വരുന്ന പോസ്റ്റുകളില്‍ മറ്റു ചില പ്രവചനങ്ങളും പരിശോധിക്കുന്നതാണ്.

കടപ്പാട്: ഈ ബ്ലോഗിലെ പോസ്റ്റുകള്‍ക്ക് പൊതുവായും, പ്രവചനങ്ങള്‍ സംബന്ധിച്ച പോസ്റ്റുകള്‍ക്ക് പ്രത്യേകമായും, ഓര്‍ക്കുട്ട് കമ്മ്യൂനിടികളില്‍ വച്ച് പരിചയപ്പെട്ട സുഹൃത്ത്‌ ശര്‍ജീലിനോട് കടപ്പാടുണ്ട്. ഗ്രീക്ക്‌ ഭാഷയിലും ബൈബിള്‍ വിഞ്ജാനീയങ്ങളിലും അപാരമായ പാണ്ഡിത്യം ഉണ്ടായിരുന്ന ആ സുഹൃത്ത് അകാലത്തില്‍ നിര്യാതനായി. അദ്ദേഹത്തിന് അല്ലാഹു പൊറുത്തുകൊടുക്കയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യേട്ടെ.

Tuesday, February 1, 2011

ക്രൂശീകരണം നടന്നതെപ്പോള്‍ - മാര്‍കോസും യോഹന്നാനും ഒരു താരതമ്യം

യേശുവിന്‍റെ ക്രൂശീകരണം നാല് സുവിശേഷങ്ങളിലും പറയുന്നതാണ്. ഇവയില്‍ മാര്‍കോസ്, ലൂകൊസ്‌, മത്തായി എന്നിവരുടെ പേരില്‍ അറിയപ്പെടുന്ന സുവിശേഷങ്ങള്‍ സമാന്തര സുവിശേഷങ്ങള്‍ (synoptic gospels)എന്നറിയപ്പെടുന്നു. മത്തായിയും, ലൂകൊസും തങ്ങളുടെ സുവിശേഷങ്ങള്‍ എഴുതിയത് മാര്‍കോസിന്റെ സുവിശേഷം അടിസ്ഥാനമാക്കിയാണ് എന്നതാണ്. അതിനാല്‍ തെന്നെ ഈ മൂന്നു സുവിശേഷങ്ങളും തമ്മില്‍ ധാരാളം സാമ്യങ്ങള്‍ ഉണ്ട്. ലൂകൊസും മത്തായിയും മാര്‍കോസിന്റെ സുവിശേഷം ഏകദേശം മുഴുവനായും തെന്നെ തങ്ങളുടെ സുവിശേഷങ്ങളില്‍ പകര്‍ത്തിയിട്ടുണ്ട് എന്ന് പറയാം. എന്നാല്‍ അവസാനം എഴുതപെട്ട സവിശേഷമായ യോഹന്നാന്‍റെ സുവിശേഷം, സമാന്തര സുവിശേഷത്തില്‍ തികച്ചും വിത്യാസപ്പെട്ടിരിക്കുന്നു. സമാന്തര സുവിശേഷങ്ങള്‍ നല്‍കുന്നതില്‍ തികച്ചും വിത്യസ്തമായ ഒരു യേശുവിന്‍റെ ചിത്രമാണ് യോഹന്നാന്‍റെ സുവിശേഷം വരച്ചു കാണിക്കുന്നത്. പല വിവരണങ്ങളിലും യോഹന്നാനും സമാന്തര സുവിശേഷങ്ങളും പ്രകടമായ വൈരുധ്യം പുലര്‍ത്തുന്നത് കാണാം. ഇത്തരത്തില്‍ പെട്ട ഒരു വൈരുധ്യമാണ് യേശുവിനെ ക്രൂശിച്ച ദിവസത്തെ ക്കുറിച്ച് യോഹന്നാനും സമാന്തര സുവിശേഷങ്ങളും നല്‍കുന്ന വിവരണം. ഇവിടെ ക്രൂശീകരണം നടന്ന ദിവസത്തെ ക്കുറിച്ച്  യോഹന്നാന്‍റെ സുവിശേഷവും സമാന്തര സുവിശേഷങ്ങളില്‍ ആദ്യം എഴുതപ്പെട്ട മാര്‍കൊസും പറയുന്നത് താരതമ്യം ചെയ്യുകയാണ്  സുവിശേഷങ്ങള്‍ ക്രൂശീകരണം നടന്ന ദിവസത്തെ ക്കുറിച്ച്  പെസഹ ആഘോഷത്തോട് ബന്ധപ്പെടുത്തി പറയുന്നതിനാല്‍ ആദ്യം പെസഹ എന്താണ് എന്ന് മനസ്സിലാക്കാം.

പെസഹ (Passover)

പെസഹ എന്നത് ജൂതന്മാരുടെ വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. യേശുവിനും നൂറ്റാണ്ടുകള്‍ക്കു മുമ്പ്, മോശയുടെ കാലത്ത് നടന്ന, പുറപ്പാട് 5-15‍ ല്‍ വിവരിച്ചിരിക്കുന്ന സംഭവങ്ങളുടെ ഓര്‍മക്കായിട്ടാണ് പെസഹ ആചരിക്കുന്നത്. ആ സംഭവങ്ങളുടെ ചുരുക്കം ഇങ്ങനെയാണ്. നാനൂറ് വര്‍ഷത്തോളം ഇസ്രായീല്‍ മക്കള്‍ ഈജിപ്തില്‍ അടിമകളായി ജീവിച്ചു. അവസാനം ദൈവം അവരുടെ ദീന രോദനം കേള്‍ക്കുകയും, അബ്രഹാതിനോടും ഇസഹാക്കിനോടും യാകൊബിനോടും ചെയ്ത ഉടമ്പടി ഓര്‍മിക്കുകയും തല്‍ഫലമായി  മോശെയെ അവരുടെ രക്ഷകനായി നിയോഗിക്കുകയും ചെയ്യുന്നു. അങ്ങിനെ മോശെയും സഹോദരന്‍ അഹരോനും കൂടി, കര്‍ത്താവിന്റെ നിര്‍ദേശ പ്രകാരം   ഫറോവയുടെ അടുത്ത് ചെല്ലുകയും ഇസ്രെയീലി മക്കളെ വിട്ടയക്കണം എന്നാവശ്യപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഫറോവ ചക്രവര്‍ത്തി ആ ആവശ്യം നിരസിക്കുന്നു. ഇസ്രായേല്‍ മക്കളെ വിട്ടയക്കാന്‍ ഫറോവയെ  പ്രേരിപ്പിക്കുന്നതിന് വേണ്ടി,  കര്‍ത്താവ്  ഈജിപ്ത്കാര്‍ക്ക് നേരെ, ജലം രക്തമാക്കുക, തവളെകളെ വര്‍ദ്ധിപ്പിക്കുക, പേന്‍ വര്‍ദ്ധിപ്പിക്കുക, വെട്ടുകിളികളെ അയക്കുക തുടങ്ങിയ   പത്ത് മഹാമാരികള്‍ അയക്കുന്നു. ‍ ഇതില്‍ പത്താമത്തെതാണ് ഏറ്റവും ഭയാനകമായത്. ഈജിപ്ത്കാര്‍ക്ക് നേരെ ദൈവം അയച്ച പത്താമത്തെ മഹാമാരി,   അവരുടെ എല്ലാ ആദ്യജാത സന്താനങ്ങളെയും .കാലികളുടെ കടിഞ്ഞൂല്‍ സന്താനങ്ങളെയും വധിക്കുക എന്നതാണ്. കര്‍ത്താവ്‌ ഈജിപ്ത്കാരുടെ ആദ്യജാതരെ വധിക്കുമ്പോള്‍, ഇസ്രെയീലീ കുടുംബങ്ങളെ തിരിച്ചറിയാനും അത് വഴി അവരുടെ  സന്താനങ്ങള്‍ ദൈവത്തിന്‍റെ ദൂതനാല്‍ വധിക്കപ്പെടാതിരിക്കാനും ദൈവം  ഓരോ ഇസ്രീയീല്‍ കുടുംബവുത്തോടും  ഒരു ആടിനെ അറുത്ത് അവയുടെ രക്തം വീടിന്‍റെ മുമ്പില്‍ തളിക്കണം എന്ന് നിര്‍ദേശിച്ചു. ദൈവത്തിന്‍റെ ദൂതന്‍ ആദ്യ ജാതരെ വധിക്കാനായി വീടുകള്‍ തോറും വരുമ്പോള്‍, വീട്ടു പടിക്കാള്‍ രക്തം തളിചിരിക്കുന്നത് കണ്ടാല്‍ ‍ അത് ഇസ്രായേല്‍ വീടാണ് എന്ന് മനസ്സിലാകുകയും ആ വീട്ടിലെ ആളുകളെ കൊല്ലാതെ ആ വീട് മറികടക്കുകയും (passover in English, pâsach in Hewbrew) ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഇത്.

കര്‍ത്താവ് പറഞ്ഞ പോലെ തെന്നെ സംഭവിക്കുകയും ഈജിപ്തുകാരുടെ മനുഷ്യരുടെയും മൃഗങ്ങളുടെയും, ആദ്യ സന്താനങ്ങള്‍ കര്‍ത്താവിന്റെ ദൂതനാല്‍ വധിക്കപ്പെടുകയും ചെയ്തു. ഈ പത്താമത്തെ മഹാമാരിയില്‍ ഭയ ചകിതനായ ഫറോവ ഇസ്രയീലുകാരെ പോകാന്‍ അനുവദിച്ചു. എന്നാല്‍ പിന്നീട് ഫറോവയുടെ മനസ്സ് മാറുകയും തെന്റെ സൈന്യവുമായി അവരെ പിന്തുടരുകയും ചെയ്തു. പക്ഷെ ദൈവം ചെങ്കടല്‍ പിളര്‍ത്തി മോശയെയും ജനത്തെയും രക്ഷിക്കുകയും, അവരെ പിന്തുടര്‍ന്നിരുന്ന ഫറോവയെ ചെങ്കടലില്‍ മുക്കികൊല്ലുകയും ചെയ്തു.

ഇസ്രായേല്‍ മക്കള്‍ ഈജിപ്തിലെ അടിമത്തത്തില്‍ മോചിതരായ ഈ സംഭവത്തിന്റെ ഓര്‍മക്കായിട്ടാണ് ജൂതന്മാര്‍ പെസഹ ആചരിക്കുന്നത്. യേശുവിന്‍റെ കാലത്ത് യഹൂദന്മാര്‍ വിവിധഭാഗങ്ങളില്‍ നിന്നും പെസഹ ആചരിക്കാന്‍ വേണ്ടി ജെറുസലേമില്‍ വരുമായിരുന്നു. പെസഹ ആരംഭിക്കുന്നത് യഹൂദ കലണ്ടറിലെ ആദ്യമാസത്തിലെ (Nisan/Abib) 15 ന് ആണ്. യഹൂദന്മാര്‍ മുസ്ലിംകളെ പോലെ, ചാന്ദ്രകലണ്ടര്‍ ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് ഒരു ദിവസം ആരംഭിക്കുന്നത് സൂര്യാസ്തമയാതോട് കൂടിയാണ്. പെസഹയുടെ തലേ  ദിവസമാണ് (നിസാന്‍ 14) പെസഹയുടെ ഒരുക്കനാള്‍ എന്നറിയപ്പെടുന്നത്. പെസഹയുടെ ഒരുക്ക നാള്‍ യഹൂദര്‍ അറുക്കുന്നതിനുള്ള ആടിനെ ജെറുസലേമിലേക്ക് കൊണ്ട് വരികയും പുരോഹിതര്‍ അറുക്കുകായും ചെയ്യും. ഇത് വീട്ടില്‍ കൊണ്ട് പോയി പാചകം ചെയ്ത ശേഷം, അന്ന് സൂര്യന്‍ അസ്തമിച്ചതിന് ശേഷം (സൂര്യാസ്തമനതോടെ പെസഹയുടെ ദിവസം, നിസാന്‍ 15 ആരംഭിക്കുന്നു) കഴിക്കുകയും ചെയ്യും. ഇതിനെയാണ് പെസഹ അത്താഴം എന്ന് പറയുന്നത്.

ക്രൂശീകരണം നടന്ന ദിവസവും സമയവും മാര്‍ക്കോസില്‍

മാര്‍കോസ് ക്രൂശീകരണ സംഭവങ്ങള്‍ വിവരിക്കുന്നത് ഇപ്രകാരമാണ്. യേശുവും ശിഷ്യന്മാരും ജെരുസേലമിലേക്ക് വരുന്നു. ജറുസലേമില്‍ വെച്ച് ശിഷ്യന്മാര്‍ യേശുവിനോട് എവിടെയാണ് പെസഹ ഒരുക്കേണ്ടത് എന്ന് ചോദിക്കുന്നു. അതായത് ആ ദിവസം പെസഹയുടെ ഒരുക്കനാളാണ് (നിസാന്‍ 14)എന്നര്‍ത്ഥം. മാര്‍കോസ് പറയുന്നത് നോക്കൂ.

12   പെസഹാബലി അര്‍പ്പിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം, ശിഷ്യന്‍മാര്‍ യേശുവിനോടു ചോദിച്ചു: നിനക്കു ഞങ്ങള്‍ എവിടെ പെസഹാ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?13 അവന്‍ രണ്ടു ശിഷ്യന്‍മാരെ അയച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍ നഗരത്തിലേക്കുചെല്ലുക. ഒരുകുടം വെള്ളം ചുമന്നുകൊണ്ട് ഒരുവന്‍ നിങ്ങള്‍ക്കെതിരേ വരും. അവനെ അനുഗമിക്കുക.14 അവന്‍ എവിടെ ചെന്നുകയറുന്നുവോ അവിടത്തെ ഗൃഹ നാഥനോടു പറയുക: ഗുരു ചോദിക്കുന്നു, ഞാന്‍ എന്റെ ശിഷ്യന്‍മാരുമൊത്തു പെ സഹാ ഭക്ഷിക്കുന്നതിന് എന്റെ വിരുന്നുശാല എവിടെയാണ്?15 സജ്ജീകൃതമായ ഒരു വലിയ മാളികമുറി അവര്‍ കാണിച്ചുതരും. അവിടെ നമുക്കുവേണ്ടി ഒരുക്കുക (മാര്‍കോസ് 14:12-15)

ശിഷ്യന്മാര്‍ യേശു പറഞ്ഞത് പോലെ ചെയ്യുകയും, സന്ധ്യയായപ്പോള്‍ (പെസഹയുടെ ദിവസംതുടങ്ങിയപ്പോള്‍) അവര്‍ പെസഹ ഭക്ഷിക്കുകയും ചെയ്യുന്നു.

16 ശിഷ്യന്‍മാര്‍ പുറപ്പെട്ട് നഗരത്തിലെത്തി, അവന്‍ പറഞ്ഞിരുന്നതുപോലെ കണ്ടു.17 അവര്‍ പെസഹാ ഒരുക്കി. സന്ധ്യയായപ്പോള്‍ അവന്‍ പന്ത്രണ്ടുപേരുമൊരുമിച്ചു വന്നു.18 അവര്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ യേശു പറഞ്ഞു.. (മാര്‍കോസ് 14)

യേശുവും ശിഹ്യന്മാരും പെസഹ ഭക്ഷിച്ച ശേഷം, ഗത്സമന തോട്ടത്തിലേക്ക് പൊകുകയും അവിടെ വെച്ച് യേശു ദുഖിതനായി നിലത്ത് വീണ്, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും നീക്കണേ എന്ന് ദൈവത്തോട്  പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അവിടെ അവര്‍ സംസാരിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ യേശുവിനെ ഒറ്റുകൊടുത്ത യൂദാസ്  ജനക്കൂട്ടവും ആയി യേശുവിനെ പിടികൂടാനായി വരികയും അവര്‍ യേശുവിനെ ബന്ധിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് അന്ന് തെന്നെ യേശുവിനെ ന്യാധിപസംഘത്തിന് മുന്നില്‍ ഹാജരാക്കുകയും,  പിറ്റേന്ന് അതിരാവിലെ പുരോഹിതപ്രമുഖര്‍ യേശുവിനെ റോമന്‍ ഗവര്‍ണറായ പിലാത്തോസിന് കൈമാറുകായും ചെയ്യുന്നു. പിന്നീട് പിലോതോസ് യേശുവിനെ ക്രൂശിക്കാന്‍ വിധിക്കുകയും അന്ന് രാവിലെ ഒമ്പത് മണിക്ക് തെന്നെ (മാര്‍കോസ് 15:25) യേശുവിനെ ക്രൂശിക്കുകയും ചെയ്യുന്നു. അതായത് മാര്‍കോസ് പ്രകാരം യേശു ക്രൂശിക്കപ്പെടുന്നത് പെസഹയുടെ അന്ന്(നിസാന്‍ 15) നു രാവിലെ ഒമ്പത്‌ മണിക്കാണ്.

ക്രൂശീകരണം നടന്ന ദിവസവും സമയവും യോഹന്നാനില്‍

യോഹന്നനാനിലും യേശുവും ശിഷ്യന്മാരും ജെറുസലേമിലേക്ക് വരുന്നതായും ഒരുമിച്ച് അത്താഴം കഴിക്കുന്നതായും പറയുന്നു. എന്നാല്‍ യോഹന്നാനില്‍ യേശു പെസഹ ഒരുക്കാന്‍ വേണ്ടി ശിഷ്യന്മാരോട് ആവശ്യപ്പെടുകയോ, അവസാനത്തെ അത്താഴം പെസഹയാണ് എന്ന് പറയുകയോ ചെയ്യുന്നില്ല. യോഹന്നാന്‍ പ്രകാരം യേശു സാധാരണ അത്താഴം ആണ് ശിഷ്യന്മാരോട് കൂടെ കഴിക്കുന്നത്‌. അത്താഴത്തിന് ശേഷം അവര്‍ പുറത്തു പോകുന്നു.  യേശു ഇവിടെയും ജൂദാസിനാല്‍ ഒറ്റുകൊടുക്കപ്പെടുകയും പ്രധാന പുരോഹിതന്‍റെ മുമ്പില്‍ ഹാജരാക്കപ്പെടുകയും പിന്നീട് പുലര്‍ച്ചെ പിലാത്തോസിന്റെ മുമ്പില്‍ ഹാജരാക്കുകയും ചെയ്യുന്നു. പെസഹ അപ്പോഴും തുടങ്ങിയിട്ടില്ല എന്നാണ് യോഹന്നാന്‍ പറയുന്നത്. യോഹന്നാന്‍ പറയുന്നത് നോക്കൂ.

28 യേശുവിനെ അവര്‍ കയ്യാഫാസിന്റെ അടുത്തുനിന്ന് പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. അപ്പോള്‍ പുലര്‍ച്ചയായിരുന്നു. അശുദ്ധരാകാതെ പെസഹാ ഭക്ഷിക്കേണ്ടതിനാല്‍ അവര്‍ പ്രത്തോറിയത്തില്‍ പ്രവേശിച്ചില്ല.29 അതിനാല്‍ പീലാത്തോസ് പുറത്ത് അവരുടെ അടുക്കല്‍ വന്നു ചോദിച്ചു: ഈ മനുഷ്യനെതിരേ എന്താരോപണമാണു നിങ്ങള്‍ കൊണ്ടുവരുന്നത(യോഹന്നാന്‍ 18)

പിന്നീട് പിലാത്തോസ് യേശുവിനെ ക്രൂശിക്കാന്‍ വിധിക്കുകയും യേശു ക്രൂശിക്കപ്പെടുകയും ചെയ്യുന്നു. അങ്ങിനെ പെസഹയുടെ ഒരുക്കാനാള്‍ ഏകദേശം ഉച്ചക്ക് യേശുവിനെ ക്രൂശിക്കുകയും ചെയ്യുന്നു. യോഹന്നാന്‍ പറയുന്നത് ഇങ്ങനെയാണ്.

14 അന്ന് പെസഹായുടെ ഒരുക്കത്തിനുള്ള ദിവസമായിരുന്നു. അപ്പോള്‍ ഏകദേശം ആറാം മണിക്കൂറുമായിരുന്നു. അവന്‍ യഹൂദരോടു പറഞ്ഞു:15 ഇതാ, നിങ്ങളുടെ രാജാവ്! അവര്‍ വിളിച്ചുപറഞ്ഞു: കൊണ്ടുപോകൂ, അവനെ കൊണ്ടുപോയി കുരിശില്‍ തറയ്ക്കൂ. പീലാത്തോസ് അവരോടു ചോദിച്ചു: നിങ്ങളുടെ രാജാവിനെ ഞാന്‍ ക്രൂശിക്കണമോ? പുരോഹിതപ്രമുഖന്‍മാര്‍ പറഞ്ഞു: സീസറല്ലാതെ ഞങ്ങള്‍ക്കു വേറെ രാജാവില്ല.16 അപ്പോള്‍ അവന്‍ യേശുവിനെ ക്രൂശിക്കാനായി അവര്‍ക്കു വിട്ടുകൊടുത്തു.(യോഹന്നാന്‍ 19)

അതായത് യോഹന്നാന്‍ പ്രകാരം യേശു ക്രൂശിക്കപ്പെടുന്നത് പെസഹയുടെ ഒരുക്കനാള്‍ അഥവാ നിസാന്‍ 14 ന് ഉച്ചക്കാണ്. മാര്‍കോസിലാകെട്ടെ ഈ സമയം യേശു ജീവനോടെ ശിഷ്യന്‍മാര്‍ക്കോപ്പമായിരുന്നു. അന്ന് വൈകുന്നേരവും കഴിഞ്ഞ്  രാത്രി പെസഹ ഭക്ഷിച്ചതിന് ശേഷം പിറ്റേന്ന് രാവിലെയാണ് മാര്‍കോസ് പ്രകാരം യേശു ക്രൂശിക്കപ്പെടുന്നത്.

എന്താണ് ഈ വൈരുധ്യത്തിന് കാരണം ?

യോഹന്നാനും, സമാന്തര സുവിശേഷങ്ങളും തങ്ങളുടെ ദൈവശാസ്ത്ര സങ്കല്പതിനനുസൃതമായി യേശുകഥ രചിച്ചതാണ് ഈ വിത്യാസത്തിന് കാരണം. യോഹന്നാനെയും പൌലോസിനെയും സംബന്ധിച്ചിടത്തോളം യേശു തെന്നെയാണ് ലോകത്തിന് സ്വയം ബലി നല്‍കിയ പെസഹ കുഞ്ഞാട്. സ്വാഭാവികമായും യേശു കുരിശില്‍ മരിക്കേണ്ടതു പെസഹ ബലി നല്‍കേണ്ട അതെ ദിവസവും(പെസഹ ഒരുക്ക നാള്‍) അതെ സമയത്തും(ഉച്ചക്ക് ശേഷം) ആയിരിക്കണം. ഇതിന് വേണ്ടിയാണ് യോഹന്നാന്‍ യേശുവിനെ കുരിശില്‍ തറക്കുന്നത്  പെസഹ ഒരുക്കനാള്‍ ഉച്ചക്ക് ശേഷമാണ് എന്ന് പറയുന്നത്. ഇത് മാത്രമല്ല്ല, പെസഹ കുഞ്ഞാടിന് ഉണ്ടായിരിക്കേണ്ട ഒരു നിബന്ധനയാണ് അതിന്‍റെ അസ്ഥികള്‍ ഒന്നും ഓടിയാതിരിക്കുക എന്ന്. ഇതിനനുസൃതമായി യോഹന്നാന്‍  പറയുന്നുണ്ട് യേശുവിന്‍റെ അസ്ഥികള്‍ ഒന്നു പോലും തകര്‍ക്കപ്പെട്ടിരുന്നില്ല എന്ന്. (അസ്ഥികള്‍ തകര്‍ക്കപ്പെടാതെ കയ്യിലും കാലിലും ആണി അടിച്ചു കയറ്റാന്‍ സാധ്യത കുറവാണ്)  എന്നാല്‍ യോഹന്നാനു പതിറ്റാണ്ടുകള്‍ക്കു മുമ്പ് എഴുതപ്പെട്ട സമാന്തര സുവിശേഷങ്ങളുടെ കര്താക്കള്‍ക്ക് ഇത്തരത്തില്‍ ഉള്ള ധാരണയില്ലാതിരുന്നതിനാല്‍ അവര്‍, യേശു പെസഹ അറുക്കേണ്ട ദിവസം കഴിഞ്ഞിട്ടാണ് യേശുക്രൂശിക്കപ്പെട്ടതായി പറയുന്നത്. ഇതില്‍ ഏത് വിവരണമാണ് ചരിത്രത്തോട് കൂടുതല്‍ നീതി പുലര്‍ത്തുന്നത് എന്ന് പറയാന്‍ സാധ്യമല്ല.

Monday, January 3, 2011

പുതിയ നിയമത്തിലെ തിരുത്തലുകള്‍ – 3

രണ്ടാം ഭാഗം ഇവിടെ വായിക്കുക

4) മത്തായി 24:36

മത്തായിയുടെ സുവിശേഷത്തില്‍ യേശു അന്ത്യനാളിനെ ക്കുറിച്ച് പറയുന്ന വചനമാണ് താഴെക്കൊടുത്തത്.

36 ആദിവസത്തെക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗത്തിലെ ദൂതന്‍മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ.(മത്തായി 24:36)

ഈ വചനം  യേശു ദൈവമാണ് എന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം പ്രയാസം സൃഷ്ടിക്കുന്നതാണ്. കാരണം എല്ലാം അറിയുന്നവനാണ് ദൈവം. യേശു ദൈവമാണ് എങ്കില്‍, എല്ലാം അറിയുന്നവനായിരിക്കണം. എങ്ങിനെയാണ് ദൈവത്തിന് അന്ത്യനാളിനെ ക്കുറിച്ച് അറിവില്ലാതിരിക്കുക. മത്തായുടെ സുവിശേഷത്തിന്റെ ചില പകര്പ്പെഴുത്ത്കാര്‍ക്കും ന്യായമായ ഈ സംശയം തോന്നിക്കാണണം. കാരണം മത്തായിയുടെ സുവിശേഷത്തിന്റെ പില്കാലതുള്ള പല കയ്യെഴുത്ത് പ്രതികളിലും പുത്രന് പോലുമോ എന്നാ ഭാഗം, നീക്കം ചെയ്തിര്‍ക്കുന്നു. ഇത്തരം കയ്യെഴുത്ത് പ്രതികള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ KJV  പോലെയുള്ള  ബൈബിളുകളില്‍ പുത്രന് പോലുമോ എന്ന് ഇല്ല. ഉദാഹരണമായി KJV  യില്‍ ഈ വചനം താഴെ പ്പറയുന്ന പോലെയാണ് കൊടുത്തിട്ടുള്ളത്.

But of that day and hour knoweth no man, no, not the angels of heaven, but my Father only. (Mat 24:36, KJV)

ഇത്  New International Version Bible ഉം ആയി താരതമ്യപ്പെടുത്തി നോക്കൂ.

But about that day or hour no one knows, not even the angels in heaven, nor the Son,but only the Father.((Mat 24:36, NIV)

5) മാര്‍കോസ് 1:2-3‍

മാര്കൊസിന്റെ സുവിശേഷന്‍റെ തുടക്കത്തിലുള്ള വചനങ്ങളാണ്‌ താഴെക്കൊടുത്തവ:

ഇതാ, നിനക്കുമുമ്പേ ഞാന്‍ എന്റെ ദൂതനെ അയയ്ക്കുന്നു അവന്‍ നിന്റെ വഴി ഒരുക്കും.3   മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം: കര്‍ത്താവിന്റെ വഴി ഒരുക്കുവിന്‍. അവന്റെ പാത നേരെയാക്കുവിന്‍ എന്ന് ഏശയ്യാ പ്രവാചകന്റെ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ (മാര്‍കോസ് 1:2-3‍ )

ഇവിടെ സുവിശേഷ കര്‍ത്താവ്‌ പഴയ നിയമത്തിലെ യശയ്യാവിന്റെ ഗ്രന്ഥം ഉദ്ധരിചിരിക്കുകയാണ്. എന്നാല്‍ യശയ്യാവില്‍  “ഇതാ, നിനക്കുമുമ്പേ ഞാന്‍ എന്റെ ദൂതനെ അയക്കുന്നു..” എന്ന് തുടങ്ങുന്ന വചനം ഇല്ല. ഈ ഉദ്ധരണി യഥാര്‍ത്ഥത്തില്‍ പുറപ്പാട് 23:20 ഉം മലാക്കി 3:1 ഉം കൂടിച്ചേര്‍ന്നതാണ്. ചില പകര്പ്പെഴുത്ത് കാര്‍ക്ക് ഇതൊരു പ്രശനമായി തോന്നുകയും അവര്‍, തങ്ങളുടെ കോപിയില്‍ “എന്ന് ഏശയ്യാ പ്രവാചകന്റെ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ” എന്നത് മാറ്റി പകരം “എന്ന് പ്രവാചകന്മാരില്‍ എഴുതിയിരിക്കുന്നതുപോലെ” എന്ന് തിരുത്തി. അതുകൊണ്ട് തെന്നെ പല കയ്യെഴുത്ത് പ്രതികളിലും ഈ വചനത്തില്‍ “എന്ന് പ്രവാചകന്മാരില്‍ എഴുതിരിക്കുന്നത് പോലെ” എന്നാണു കാണാന്‍ കഴിയുക. ഇംഗ്ലീഷില്‍ കിംഗ്‌ ജയിംസ് വേര്‍ഷന്‍ ബൈബിളില്‍ ഈ വചനം ഇങ്ങനെ വായിക്കാം.

As it is written in the prophets, Behold, I send my messenger before thy face, which shall prepare thy way before thee. (Mar 1:2 )

6) 1 തിമോത്തിയോസ് 3:16

ബൈബിള്‍ യേശുവിനെ നേര്‍ക്ക്‌ നേരെ ദൈവമായി പരിചയപ്പെടുതുന്നില്ല. ആദ്യകാല ക്രിസ്ത്യാനികള്‍ക്ക് അത്തരത്തില്‍ ഒരു വിശ്വാസം ഇല്ലാതിരുന്നതാണ് കാരണം. എന്നാല്‍ ഇതിന് വിരുദ്ധമായി, പൗലോസ്‌ തിമോത്തിയോസിനെഴുതിയ ലേഖനത്തിലെ 3:16 ല്‍ യേശുവിനെ ദൈവം ദൈവം ശരീരത്തില്‍ പ്രത്യക്ഷപ്പെട്ടവന്‍ എന്ന് ചില ബൈബിളുകളില്‍ പരിചയെപ്പെടുത്തുന്നുണ്ട് . യേശു ദൈവമാണ് എന്ന് ബൈബിള്‍ പറയുന്നുണ്ട് എന്ന് സ്ഥാപിക്കാന്‍ പണ്ട് മുതലേ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു വചനമാണ് ഇത്. ഉദാഹരണമായി കിംഗ്‌ ജയിംസ് വേര്‍ഷന്‍ ബൈബിളില്‍ ഈ വചനം ഇങ്ങനെയാണ് കൊടുത്തിരിക്കുന്നത്‌.

And without controversy great is the mystery of godliness: God was manifest in the flesh, justified in the Spirit, seen of angels, preached unto the Gentiles, believed on in the world, received up into glory (1Timothy 3:16 )

എന്നാല്‍ ചില കയ്യെഴുത്ത് പ്രതികളില്‍ കാണപ്പെടുന്ന ഈ പരാമര്‍ശം, പില്‍കാലത്ത് പകര്പ്പെഴുത്ത് കാരന്‍ നടത്തിയ തിരുത്തലിന്റെ ഫലമാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജോഹന്‍ ജെ വെറ്റെസ്ടിന്‍ (JOHANN J. WETTSTEIN ) എന്ന പ്രോടസ്ടന്റ്റ്‌ പണ്ഡിതന്‍ ആണ് തിരുത്തല്‍ ആദ്യമായി കണ്ടെത്തുന്നത്. 1715 ല്‍ വെറ്റെസ്ടീന്, ഇന്ഗ്ലാണ്ടില്‍ വെച്ച്  കോഡക്സ് ആള്‍ക്സാണ്ട്രിനസ് (Codex Alexandrinus) പരിശോധിക്കാന്‍ അവസരം ലഭിക്കുകയും 1 തിമോത്തിയോസ് 3:16 ലെ തിരുത്തല്‍ അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ പെടുകയും ആണുണ്ടായത്.

പകര്‍പ്പെഴുത്തുകാര്‍, പുതിയനിയമത്തില്‍ ഉപയോഗിച്ചിരുന്ന പല വിശുദ്ധനാമങ്ങളും, രണ്ടോ മൂന്നോ അക്ഷരങ്ങള്‍ ഉപയോഗിച്ച്  ചുരുക്കി എഴുതുന്ന രീതി അവലബിച്ചിരുന്നു. ഈ രീതിയെയാണ് ലാറ്റിന്‍ പദമായ Nomina sacra എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതനുസരിച്ച് ദൈവം(Θεός) എന്ന വാക്കിനെ ചുരുക്കി   ΘΣ എന്ന് എഴുതി, ഇത് ചുരുക്കി എഴുതിയതാണ് എന്ന് കാണിക്കാന്‍  മുകളില്‍ ഒരു വര വരക്കും. യേശു, പിതാവ്, പുത്രന്‍ തുടങ്ങിയ പദങ്ങളും ഇപ്രകാരം ചുരുക്കു എഴുതാറുണ്ട്.

വെറ്റെസ്ടിന്‍ പരിശോധിച്ച കയ്യെഴുത്ത് പ്രതിയില്‍ ഇപ്രകാരം  ΘΣ (theta, sigma എന്നീ രണ്ടക്ഷരങ്ങള്‍) എന്ന വാക്കാണ് ദൈവത്തെ ക്കുറിക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്.എന്നാല്‍ ഇത് ചുരുക്കെഴുത്താണ് എന്ന് സൂചിപ്പിക്കാന്‍ വേണ്ടി മുകളില്‍ വരച്ച വര മറ്റൊരു മാഷികൊണ്ട് പിന്നീട് വരച്ചു ചേര്‍ത്തതാണ് എന്ന് അദ്ദേഹം ശ്രദ്ധിച്ചു. മാത്രവുമല്ല Θ (theta) എന്ന അക്ഷരത്തിന്‍റെ നടുവിലെ വരയും കയ്യെഴുത്ത് പ്രതിയില്‍ പിന്നീട് കൂട്ടി ചേര്‍ത്തതാണ് എന്ന് മനസിലായി. യഥാര്‍ത്ഥത്തില്‍ ഇന്നയാള്‍(who) എന്നര്‍ത്ഥമുള്ള OΣ(omicron, sigma) എന്ന പദം ആയിരുന്നു അവിടെ ഉപയോഗിച്ചിരുന്നത്. ഇതിലെ omicron നെ theta എന്ന് തിരുത്തിയും  മുകളില്‍ വര വരച്ചും ദൈവം എന്ന് ആക്കുകയായിരുന്നു പില്‍കാലത്ത് വന്ന പകര്‍പ്പെഴുതുകാരന്‍. ഇതേ തിരുത്ത് ഇതേ രീതിയില്‍ നടന്നിട്ടുള്ള മറ്റ് നാല് കയ്യെഴുത്ത് പ്രതികള്‍ കൂടിയുണ്ട്.  വെറ്റെസ്ടീന്‍ തന്‍റെ പഠനത്തെ തുടര്‍ന്ന്  ഇത്തരത്തില്‍ ഉള്ള മറ്റ് തിരുത്തലുകള്‍ കണ്ടെത്തുകയും തല്‍ഫലമായി  യേശുവിന്‍റെ ദിവ്യതിലുള്ള വിശ്വാസതിന് എതിരാകുകയും ചെയ്തു. ഇതുമൂലം അദ്ദേഹത്തിന് കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വരികയും അദ്ദേഹത്തെ  ജന്മ സ്ഥലമായ ബാസലില്‍ (Basel) നിന്നും നാട് കടത്തെപ്പെടുകയും ഉണ്ടായി.

1 തിമോത്തിയോസ് 3:16 പുതിയ ആധുനിക മലയാളം ബൈബിളില്‍ ഇങ്ങനെയാണ് കൊടുതിര്‍ക്കുന്നത്.

16 നമ്മുടെ മതത്തിന്റെ രഹസ്യം ശ്രേഷ്ടമാണെന്നു ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. ശരിരത്തില്‍ പ്രത്യക്ഷപ്പെട്ടവന്‍ ആത്മാവില്‍ നീതികരിക്കപ്പെട്ടു; ദൂതന്‍മാര്‍ക്കു ദൃശ്യനായി; ജനപദങ്ങളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ടു; ലോകം അവനില്‍ വിശ്വസിച്ചു. മഹത്വത്തിലേക്ക് അവന്‍ സംവഹിക്കപ്പെടുകയും ചെയ്തു(1 തിമോത്തിയോസ് 3:16).

NIV ബൈബിളില്‍ ഈ വചനം ഇങ്ങനെ കൊടുത്തിരിക്കുന്നു.

Beyond all question, the mystery of godliness is great: He appeared in a body, was vindicated by the Spirit, was seen by angels, was preached among the nations, was believed on in the world, was taken up in glory. (1 Tim 3:16)

 

7) ലൂകൊസു 23:34

യേശുവിനെ കുരിശില്‍ തറച്ചതിനു ശേഷം യേശു നടത്തുന്ന വളരെ പ്രസിദ്ധമായ ഒരു പ്രാര്‍ഥനയാണ് ഈ വചനത്തില്‍ ഉള്ളത്.

യേശു പറഞ്ഞു: പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല.. അവന്റെ വസ്ത്രങ്ങള്‍ ഭാഗിച്ചെടുക്കാന്‍ അവര്‍ കുറിയിട്ടു.(ലൂകൊസു 23:34)

ലൂകൊസിന്റെ സുവിശേഷത്തില്‍ മാത്രം ഉള്ള ഈ പ്രസ്താവനയും യഥാര്‍ത്ഥത്തില്‍ ലൂകൊസിന്റെ കര്‍ത്താവ്‌ എഴുതിയതല്ല, പില്‍കാലത്ത്  പകര്‍പ്പെഴുതുകാരാല്‍ കൂടിചെര്‍ക്കപ്പെട്ടതാണ്. ആദ്യകാല കയ്യെഴുത്ത് പ്രതികളില്‍ ഈ വചനത്തിന്‍റെ ആദ്യഭാഗം ഇല്ല.  ജെറുസേലെമെന്റെ തകര്‍ച്ച, യേശുവിനെ ക്രൂശിച്ച യാഹൂദന്മാര്‍ക്ക്   ദൈവം പൊറുത്തു കൊടുത്തില്ല എന്നതിന്‍റെ തെളിവാണ് എന്ന് കരുതിയ പകര്പ്പെഴുത്ത് കാര്‍ ആദ്യകാല കയ്യെഴുത്ത് പ്രതികളില്‍ നിന്നും ഈ ഭാഗം നീക്കം ചെയ്തായിരിക്കും എന്നഭിപ്രായപ്പെട്ട പണ്ഡിതന്‍മാരുണ്ട്. എന്നാല്‍ ബ്രൂസ് മെസ്ഗര്‍(Bruce Metzger) നെ പോലെയുള്ള പണ്ഡിതന്മാര്‍ ഈ ഭാഗം ലൂകൊസു എഴുതിയതല്ല എന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. ആധുനിക ബൈബിളുകളില്‍ ഈ ഭാഗം ബ്രാകറ്റില്‍ കൊടുക്കയോ, ഈ ഭാഗം ആദ്യകാല കയ്യെഴുത്ത് പ്രതികളില്‍ ഇല്ല എന്നത് ഫുട് നോട്ടില്‍ സൂചിപ്പിക്കുകയോ ചെയ്തിരിക്കും.

ബ്രൂസ് മെസ്ഗര്‍ പറയുന്നത് നോക്കൂ.

The absence of these words from such early and diverse witnesses as î75 B D* W Q ita, d syrs copsa, bomss al is most impressive and can scarcely be explained as a deliberate excision by copyists who, considering the fall of Jerusalem to be proof that God had not forgiven the Jews, could not allow it to appear that the prayer of Jesus had remained unanswered. At the same time, the logion, though probably not a part of the original Gospel of Luke, bears self-evident tokens of its dominical origin, and was retained, within double square brackets, in its traditional place where it had been incorporated by unknown copyists relatively early in the transmission of the Third Gospel.(A Textual Commentary On The Greek New Testament by Bruce M. Metzger)

 

8) യോഹന്നാന്‍ 7:8-10

ഈ വചനങ്ങള്‍ ഇങ്ങനെ വായിക്കാം.

8 നിങ്ങള്‍ തിരുനാളിനു പൊയ്‌ക്കൊള്ളുവിന്‍. ഞാന്‍ ഈ തിരുനാളിനു പോകുന്നില്ല. എന്തെന്നാല്‍., എന്റെ സമയം ഇനിയും പൂര്‍ത്തിയായിട്ടി..9 ഇപ്രകാരം പറഞ്ഞ് അവന്‍ ഗലീലിയില്‍ത്തന്നെതാമസിച്ചു.10 എന്നാല്‍., അവന്റെ സഹോദരന്‍മാര്‍ തിരുനാളിനു പോയതിനുശേഷം അവനും പോയി; പരസ്യമായല്ല, രഹസ്യമായി.(യോഹന്നാന്‍ 7:8-10 )

ഈ വചനങ്ങള്‍ പ്രകാരം യേശു തിരുനാളിന് പോകുന്നില്ല എന്ന് സഹോദരന്മാരോട് പറയുകയും, പിന്നീട് അവര്‍ പോയതിനു ശേഷം രഹസ്യമായി തിരുനാളിന് പോകുകയും ചെയ്യുന്നു. ഇത് തീര്‍ച്ചയായിട്ടും, യേശു ദൈവമാണ് എന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ചടത്തോളം പ്രയാസം സൃഷ്‌ടിക്കുന്നതാണ്. യോഹന്നാന്‍ സുവിശേഷത്തിന്റെ ഒരു പകര്‍പ്പെഴുത്തുകാരന്‍ ഇതിന് പരിഹാരം കണ്ടത് ഈ വചനം തിരുത്തിക്കൊണ്ടായിരുന്നു. ഞാന്‍ പോകുന്നില്ല(not,  ouk  in greek  ) എന്ന് യേശുപറയുന്നത് ഞാന്‍ ഇപ്പോള്‍ പോകുന്നില്ല(not yet, oupo in greek) എന്ന് തിരുത്തിയ കയ്യെഴുത്ത് പ്രതികള്‍ ലഭ്യമാണ്.

താരതമ്യേന പുതിയ കയ്യെഴുത്ത് പ്രതികള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ കിംഗ്‌ ജയിംസ് വേര്‍ഷന്‍ ബൈബിളില്‍ ഈ വചനം ഇങ്ങനെയാണ് കൊടുത്തിരിക്കുന്നത്.

Go ye up unto this feast: I go not up yet unto this feast; for my time is not yet full come (John 7:8, KJV)

ഇത് NAB യും ആയി താരതമ്യപ്പെടുത്തി നോക്കൂ.

You go up to the feast. I am not going up  to this feast, because my time has not yet been fulfilled."  (John 7, NAB):

 

9) അപോസ്തല പ്രവര്‍ത്തികള്‍ 8:37

KJV ബൈബിളില്‍ ഈ വചനം ഇങ്ങനെ വായിക്കാം.

Act 8:36  And as they went on their way, they came unto a certain water: and the eunuch said, See, here is water; what doth hinder me to be baptized?
Act 8:37  And Philip said, If thou believest with all thine heart, thou mayest. And he answered and said, I believe that Jesus Christ is the Son of God.
Act 8:38  And he commanded the chariot to stand still: and they went down both into the water, both Philip and the eunuch; and he baptized him.

ഈ വചനം അനുസരിച്ച്, ഒരു ഒരാള്‍ പീലിപ്പോസിനോട് തെന്നെ  ജ്ഞാന സ്നാനം ചെയ്യണം എന്നാവശ്യപ്പെടുകയും അപ്പോള്‍ പീലിപ്പോസ് ആവശ്യപ്പെട്ടതനുസരിച്ച് യേശു ദൈവ പുത്രനാണ് അയാള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.എന്നാല്‍ യേശു ദൈവ പുത്രനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്ന ഈ വചനം പൂര്‍ണമായും പില്കലാത്ത് കയ്യെഴുത്ത് കാരനാല്‍ കൂട്ടി ചേര്‍ക്കപ്പെട്ടതാണ്. ആധുനിക ബൈബിളുകളില്‍ നിന്നും ഈ വചനം പൂര്‍ണമായി തെന്നെ നീക്കം ചെയ്തതായി കാണാം.

Revised Version(RV) ല്‍ ഈ വചനം ഇങ്ങനെയാണ് കൊടുത്തിട്ടുള്ളത്.

Act 8:36  And as they went on the way, they came unto a certain water; and the eunuch saith, Behold, here is water; what doth hinder me to be baptized?
Act 8:37  <??
Act 8:38  And he commanded the chariot to stand still: and they both went down into the water, both Philip and the eunuch; and he baptized him.

10) ലൂകൊസ്‌ 22:43-44

യേശുവിനെ ഒറ്റുകൊടുക്കുന്നതിനു മുമ്പ് യേശു ദൈവത്തോട് പ്രാര്തിക്കുന്നതാണ് രംഗം. ആ വചനങ്ങള്‍ താഴെകൊടുക്കുന്നു.

.41 അവന്‍ അവരില്‍ നിന്ന് ഒരു കയ്യേറു ദൂരം മാറി മുട്ടിന്‍മേല്‍ വീണു പ്രാര്‍ഥിച്ചു:42 പിതാവേ, അങ്ങേക്ക് ഇഷ്ട മെങ്കില്‍ ഈ പാനപാത്രം എ്ന്നില്‍ നിന്നും അകറ്റണമേ. എങ്കിലും, എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ!43 അപ്പോള്‍ അവനെ ശക്തിപ്പെടുത്താന്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു ദൂതന്‍ പ്രത്യക്ഷപ്പെട്ടു.44 അവന്‍ തീവ്രവേദനയില്‍ മുഴുകി കൂടുതല്‍ തീക്ഷ്ണമായി പ്രാര്‍ഥിച്ചു. അവന്റെ വിയര്‍പ്പു രക്തത്തുള്ളികള്‍പോലെ നിലത്തുവീണു.45 അവന്‍ പ്രാര്‍ഥന കഴിഞ്ഞ് എഴുന്നേറ്റ് ശിഷ്യന്‍മാരുടെ അടുത്തു വന്നപ്പോള്‍ അവര്‍ വ്യസനം നിമിത്തം തളര്ന്ന്  ഉറങ്ങുന്നതു കണ്ടു. (ലൂകൊസ്‌ 22:4121-45)

ഇതില്‍ സ്വര്‍ഗത്തില്‍ നിന്നും ദൂതന്‍ വന്നു യേശുവിനെ ശക്തിപ്പെടുത്തുന്നതു പറയുന്ന വാക്യമുള്ള 43, 44  വചനങ്ങള്‍ പല ആദ്യകാല കയ്യെഴുത്ത് പ്രതികളിലും ഇല്ല. ഇവ യഥാര്‍ത്ഥത്തില്‍ പിന്നീട് കൂട്ടി ചര്തതാണോ, അതോ പകര്പ്പെഴുത്ത് കാര്‍, ലൂകൊസിന്റെ സുവിശേഷത്തില്‍ നിന്നും ദൈവ ശാസ്ത്രപരമായ കാരണങ്ങളാല്‍  പിന്നീട് നീക്കം ചെയ്തതാണോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വിത്യാസമുണ്ട്. Bruce Metzger റുടെ അഭിപ്രായത്തില്‍ ഈ വചനങ്ങള്‍ ലൂകൊസിന്റെ സുവിശേഷത്തിന്റെ കര്‍ത്താവ്‌ എഴുതിയതല്ല.

The absence of these verses in such ancient and widely diversified witnesses as î(69vid), 75 aa A B T W syrs copsa, bo armmss geo Marcion Clement Origen al, as well as their being marked with asterisks or obeli (signifying spuriousness) in other witnesses (Dc Pc 892c mg 1079 1195 1216 copbomss) and their transferral to Matthew’s Gospel by family 13 and several lectionaries (the latter also transfer, strongly suggests that they are no part of the original text of Luke .

ഈ വചനങ്ങള്‍ ലൂകൊസു ന്‍റെ ഭാഗമായിരുന്നില്ല എങ്കിലും, വളരെ പൌരാണികമായതിനാല്‍ ബൈബിളിന്റെ ഭാഗമായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു എന്നാണ് മെസ്ഗര്‍ പറയുന്നത്. (Textual Commentary On The Greek New Testament)

ബൈബിള്‍ കയ്യെഴുത്ത് പ്രതികളില്‍ പകര്പ്പെഴുത്ത്കാര്‍ നടത്തിയ ആയിരക്കണക്കിന് തിത്തലുകളില്‍ നിന്നും‍ ദൈവ ശാസ്ത്രപരമായ പ്രാധാന്യമുള്ള തിരുത്തലുകള്‍ക്ക് ഏതാനും ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഇവിടെ നല്‍കിയത്.

(അവസാനിച്ചു)