Wednesday, October 20, 2010

യേശുവിന്‍റെ വംശാവലിയും പ്രശ്നങ്ങളും

മത്തായിയും ലൂകൊസും യേശുവിന്‍റെ വംശ പരമ്പര തങ്ങളുടെ സുവിശേഷങ്ങളില്‍ നല്‍കുന്നുണ്ട്. മത്തായി അബ്രഹാം വരേക്കും, ലൂക്കോ ആദ്യ മനുഷ്യനായ ആദം വരേക്കും യേശുവിന്‍റെ വംശാവലി വിവരിക്കുന്നുണ്ട്. ഈ വംശാവലികള്‍ തമ്മിലുള്ള വൈരുധ്യങ്ങള്‍ ആദ്യകാലം തൊട്ടേ ക്രിസ്ത്യന്‍ വ്യാഖ്യാതാക്കളെ അലട്ടിയിരുന്നു. രണ്ടു സുവിശേഷങ്ങള്‍ തമ്മിലുള്ള പ്രകടമായ വൈരുധ്യത്തിന് പുറമേ മറ്റു പ്രശ്നങ്ങളും ഇവയില്‍ ഉണ്ട് ഇവ സാമാന്യമായി നമ്മുക്ക് പരിചയപ്പെടാം.

മത്തായിയുടെ സുവിശേഷത്തിന്‍റെ തുടക്കത്തിലും (മത്തായി 1:1-17) ലൂകോസിന്‍റെ സുവിശേഷത്തിന്‍റെ മൂന്നാം അദ്ധ്യായത്തിലും ആണ് (ലൂകോസ്‌ 3: 23-38) വംശാവലി കൊടുത്തിട്ടുള്ളത്. അവ താഴെ പട്ടികയില്‍ കൊടുത്തിരിക്കുന്ന പോലെ സംഗ്രഹിക്കാം.


വംശാവലി മത്തായി പ്രകാരംവംശാവലി ലൂകോസ്  പ്രകാരം
മത്തായി അബ്രഹാമിന്‍റെ മുമ്പുള്ള വംശാവലി നല്‍കുന്നില്ല1. ആദം
2. സേത്ത്
3. ഏനോസ്
4. കൈനാന്‍
5. മഹലലേല്‍
6. യാരെദ്
7. ഹെനോക്ക്‌
8. മെത്തുസേലഹ്
9. ലാമെക്ക്
10. നോഹ
11. ഷേം
12. അര്‍ഫക്‌സാദ്
13. കൈനാന്‍
14. ഷേലാ
15. ഏബര്‍
16. പേലെഗ്
17. റവു
18. സെറൂഹ്
19. നാഹോര്‍
20. തേരാ
അബ്രഹാം മുതല്‍ ദാവീദ് വരെ
1. അബ്രഹാം21. അബ്രഹാം
2. ഇസഹാക്ക്22. ഇസഹാക്ക്
3. യാക്കോബ23. യാക്കോബ്
4. യൂദാ24. യൂദാ
5. പേരെസ്25. പേരെസ്
6. ഹെസ്‌റോന്‍26. ഹെസ്‌റോന്‍
7. ആരാം27. അര്‍നി
28. അദ്മിന്‍
8. അമിനാദാബ്29. അമിനാദാബ്
9. നഹഷോന്‍30. നഹഷോന്‍
10. സല്‍മോന്‍31. സാലാ
11. ബോവാസ്32. ബോവാസ്
12. ഓബദ്33. ഓബദ്
13. ജസ്‌സെ34. ജസ്‌സെ
14. ദാവീദ്35. ദാവീദ്
ദാവീദ് മുതല്‍ ബാബിലോണ്‍ പ്രവാസം വരെ
15. ശലമോന്‍36. നാഥാന്‍
16. രഹബ്യാം37. മത്താത്താ
17. ആബീയാവ്38. മെന്ന
18. ആസ39.മെലെയാ
19. യോശാഫാത്ത്40. ഏലിയാക്കീം
20. യോറാം41. യോനാം
21. ഉസ്സിയാവ് 42. ജോസഫ്‌
22. യോഥാം43. യൂദാ
23. ആഹാസ്44. ശിമയോന്‍
24. ഹിസ്‌കിയാവ്45. ലേവി
25. മനശ്ശെ46. മത്താത്ത്
26. ആമോസ്47. യോറീം
27. യോശിയാവ്48. എലിയേസര്‍
28. യൊഖൊന്യാവ്49. ജോഷ്വാ
ബാബിലോണ്‍ പ്രവാസം മുതല്‍ യേശു വരെ
29. ശയല്‍ത്തിയേല്‍50. ഏര്‍
30.സെരുബ്ബാബേല്‍ 51. എല്‍മാദാം
31. അബീഹൂദ്52. കോസാം
32. എല്‍യാക്കീം53. അദ്ദി
33. ആസോര്‍54. മേല്ക്കി
34. സാദോക്ക്55. നേരി
35. ആഖീം56. ശയല്‍ത്തിയേല്‍
36. എലീഹുദ്57. സെറുബാബേല്‍
37. എലിയാസര്‍58. റേസാ
38. മത്ഥാന്‍59. യോഹന്നാന്‍
39. യാക്കോബ്60. യോദ
40. യോസേഫ്61. യോസേക്ക്
41. യേശു62. സെമയിന്‍
63. മത്താത്തിയാ
64. മാത്ത്
65. നഗ്ഗായി
66. ഹെസ്‌ലി
67. നാവൂം
68. ആമോസ്
69. മത്താത്തിയാസ്
70. ജോസഫ്
71. യന്നാനി
72. മെല്ക്കി
73. ലേവി
74. മത്താത്ത്
75. ഹെലി
76. യോസേഫ്
77. യേശു
(യേശുവിന്‍റെ വംശാവലി മത്തായിലും ലൂക്കോസിലും)

ജോസഫിന്‍റെ വംശാവലി - യേശുവിന്‍റെതല്ല


ഈ വംശാവലിയിലെ ഏറ്റവും പ്രാഥമികമായ പ്രശനം ഇത് യേശുവിന്‍റെയല്ല മറിച്ചു ജോസഫിന്‍റെ വംശാവലി ആണ് എന്നതാണ്. യേശുവിന് മാതാവ് മാത്രമേയുള്ളൂ, പിതാവില്ല, അതുകൊണ്ട് തെന്നെ ജോസഫ്‌ യേശുവിന്‍റെ പിതാവല്ല. സുവിശേഷ കര്‍ത്താക്കള്‍  ഈ വംശാവലിയിലൂടെ സ്ഥാപിക്കാന്‍  ശ്രമിക്കുന്നത്, ദാവീദിന്‍റെ വംശ പരമ്പരയില്‍ ജനിക്കും എന്ന് യഹൂദര്‍ വിശ്വസിച്ചിരുന്ന വാഗ്ദത്ത മിശിഹയാണ് യേശു എന്നതാണ്. പക്ഷെ യേശുവിന്‍റെ പിതാവല്ലാത്ത ജോസഫിന്‍റെ വംശാവലി ഉപയോഗിച്ച് യേശു ദാവീദിന്‍റെ പിന്‍മുറക്കാരനാണ് എന്ന് പറയുന്നത് യുക്തിപരമല്ല.

ലൂക്കോസും മത്തായിയും തമ്മിലുള്ള താരതമ്യം


മത്തായി വംശാവലിയെ, പതിനാല് ആളുകള്‍(ഇതില്‍ അവസാനത്തെ ഗ്രൂപ്പില്‍ പതിനാല് ആളുകള്‍ ഇല്ല, വിശദീകരണം താഴെ)  വീതമുള്ള  മൂന്ന് ഭാഗമായി തരം തിരിക്കുന്നുണ്ട്. എബ്രഹാം മുതല്‍ ദാവീദ്‌ വരെ, ദാവീദ് മുതല്‍ ബാബിലോണ്‍ പ്രവാസം വരെ, ബാബിലോണ്‍ പ്രവാസം മുതല്‍ യേശു വരെ എന്നിങ്ങനെയാണ് ആ തരം തിരിവ് (മുകളിലെ പട്ടിക ശ്രദ്ധിക്കുക). മത്തായി അബ്രഹാമിന് മുകളിലേക്കുള്ള വംശാവലി നല്‍കുന്നില്ല. ലൂക്കോസ് പക്ഷെ യേശു മുതല്‍ ആദം വരെയുള്ള വംശാവലി നല്‍കുന്നുണ്ട്.

മുകളില്‍ കൊടുത്ത പട്ടിക പരിശോധിച്ചാല്‍ പ്രത്യക്ഷത്തില്‍ തെന്നെ, ലൂകൊസും മത്തായിയും തമ്മില്‍ തമ്മില്‍ വ്യക്തമായ വൈരുധ്യം പുലര്‍ത്തുന്നത് കാണാം. ഇവ തമ്മില്‍ ഏകദേശം സാമ്യമുള്ളത് രണ്ടാമത്തെ ഗ്രൂപ്പില്‍ മാത്രമാണ് അതായത്, ദാവീദ് മുതല്‍ ബാബിലോണ്‍ പ്രവാസം വരെയുള്ളവരുടെ വംശാവലിയില്‍. മത്തായി ഒരു പേര് വിട്ടിട്ടുള്ളതും, മറ്റു ചില പേരുകള്‍ തമ്മില്‍ ചെറിയ വിത്യാസമുള്ളതും അവഗണിച്ചാല്‍, രണ്ടു വംശാവലിയും ഏകദേശം തുല്യമാണ്. എന്ന് പറയാം. ഈ വിത്യാസങ്ങള്‍ക്ക് കാരണം പകര്‍ത്തി എഴുതിയപ്പോള്‍ പേര് വിട്ടുപോയതും, അതെ പോലെ തെന്നെ പേരുകളില്‍ ചെറിയ വിത്യാസം വന്നതാണ് എന്നും കരുതാവുന്നതാണ്.

എന്നാല്‍ പ്രവാസം മുതല്‍ യേശു വരെയുള്ളവരുടെ വംശാവലി, ലൂക്കോസ് കൊടുത്തതും, മത്തായി കൊടുത്തതും തമ്മില്‍ വ്യക്തമായ വൈരുധ്യം പുലര്‍ത്തുന്നതായി കാണുന്നു. ഇവ തമ്മില്‍ കാര്യമായ സാമ്യങ്ങള്‍ ഒന്നും ഇല്ല എന്ന് തെന്നെ പറയാം. ഉദാഹരണമായി ലൂക്കാ പ്രകാരം യേശുവിന്‍റെ പിതാവ് എന്ന് കരുതപ്പെടുന്ന ജോസഫിന്‍റെ പിതാവ് ഹെലിയാണ്. എന്നാല്‍ മത്തായി പ്രകാരം ജോസഫിന്‍റെ പിതാവ് യാകോബ് ആണ്. ദാവീദ് മുതല്‍ യേശു വരെ 42 തലമുറകള്‍ ആണ് ലൂക്കാ എണ്ണുന്നത്, എന്നാല്‍ മത്തായി പ്രകാരം 27 തലമുറകള്‍ ആണ്. ബൈബിള്‍ വ്യാഖ്യാതാക്കള്‍ വിത്യസ്ത രീതികളില്‍ ഈ പ്രശ്നത്തെ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

സുവിശേഷ കർത്താക്കള്‍, അന്നത്തെ സമൂഹത്തില്‍ നിലനിന്നിരുന്ന വംശാവലി പകര്‍ത്തി വെച്ചതാണ് എന്നും, അവയില്‍ അതുകൊണ്ട് തെന്നെ തെറ്റുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പറയുന്നവരുമുണ്ട്. ലൂക്കോസും, മത്തായിയും വിത്യസ്ത സമൂഹങ്ങളില്‍ വിത്യസ്ത കാലഘട്ടങ്ങളില്‍ പ്രചരിക്കപ്പെട്ട രചനകള്‍ ആയതുകൊണ്ട് അവ തമ്മിലുള്ള വൈരുധ്യങ്ങള്‍ ഉടലെടുത്തത് സ്വാഭാവികം ആണെണെന്നാണ് അഭിപ്രായം. ഇതാണ് സത്യസന്ധമായ നിരീക്ഷണം എന്ന് തോന്നുന്നു.

ഈ വൈരുധ്യത്തെ പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെടാറുള്ള ഒരു വ്യഖ്യാനം ഇങ്ങനെയാണ്, ലൂകൊസ് യേശുവിന്‍റെ മാതാവായ മറിയത്തിന്‍റെ വംശാവലിയാണ് നല്‍കിയത്, ഹെലി യഥാര്‍ത്ഥത്തില്‍ മറിയത്തിന്‍റെ പിതാവും ജോസഫിന്‍റെ ഭാര്യാപിതാവും ആണ്. ഹെലിയുടെ ജാമാതാവിനെ പുത്രന്‍ എന്ന് വിളിക്കുകയാണ് ലൂക്കാ ചെയ്തത്.

ഈ വ്യാഖ്യാനം പ്രശ്നം പരിഹരിക്കുമെങ്കിലും, ഈ വ്യഖാനത്തിന് വേണ്ടി ഗ്രന്ഥതിലുള്ളതിന് വിരുദ്ധമായ പല കാര്യങ്ങളും സങ്കല്‍പ്പിക്കെണ്ടതുണ്ട്.  അതെ പോലെ ലൂക്കാ മറിയത്തിന്റെ വംശാവലിയാണ് നല്‍കിയത് എങ്കില്‍ എന്തുകൊണ്ട് അവരുടെ പേര് പരാമര്‍ശിക്കാതെ ജോസഫിന്‍റെ പേര് പറഞ്ഞു എന്നതിന്  വ്യക്തമായ ഉത്തരവുമില്ല. മാത്രവുമല്ല ഈ വ്യാഖ്യാനം ലൂക്കോസിന്‍റെ മൂല ഗ്രന്ഥമുമായി യോചിച്ചു പോകുന്നില്ല. കാരണം ലൂക്കോസ് പുത്രന്‍ എന്ന പദം ഒരിക്കല്‍ മാത്രമേ വംശാവലി വിവരിക്കുന്നതില്‍ ഉപയോഗിക്കുന്നുള്ളൂ. ആ പദം വംശാവലിയിലുള്ള എല്ലാ വ്യക്തികള്‍ക്കും ബാധകമാക്കുകയാണ് ലൂക്കാ ചെയ്യുന്നത്, എന്നിരിക്കെ, ഇവരില്‍ ഹേലി മാത്രം ജോസഫിന്‍റെ ഭാര്യാപിതാവാണ്‌ എന്ന് പറയുന്നത് യുക്തിപമല്ല.

ഗ്രീക്ക്‌ മൂലത്തിന്റെ പദാനുപദ ഇന്ഗ്ലീഷ്‌ പരിഭാഷ താഴെകൊടുത്ത പോലെയാണ്.

And Jesus himself began to be about thirty years of age, being (as was supposed) the son of Joseph, of  Heli of .. (Luke 3:23)

മലയാളത്തില്‍ ഇങ്ങനെ പറയാം. ആദാമിന്‍റെ, സേതിന്‍റെ, എനോസിന്‍റെ…ഹേലിയുടെ, ജോസഫിന്‍റെ മകനായി കരുതപ്പെടുന്ന യേശു പരസ്യജീവിതം ആരംഭിക്കുമ്പോള്‍ മുപ്പത് വയസായിരുന്നു.

മറ്റൊരു വ്യാഖ്യാനം, ഏലി ജോസഫിന്‍റെ, നിയമപരമായ മകനാണ് എന്നും, യാകൊബാണ് യോസഫിന്‍റെ യഥാര്‍ത്ഥ പിതാവ് എന്നുമാണ്. ഇതാണ് സഭാപിതാക്കന്മാര്‍ അധികവും സ്വീകരിച്ച വ്യാഖ്യാനം. പഴയനിയമത്തില്‍ പറഞ്ഞിടുള്ള, മൂത്ത സഹോദരന്‍ മക്കളില്ലാതെ മരിച്ചാല്‍ ഇളയ സഹോദരന്‍, മൂത്ത സഹോദരന്‍റെ വിധവയെ വിവാഹം കഴിക്കുകയും അവളില്‍ കുട്ടികളെ ജനിപ്പിക്കുകയും വേണമെന്ന നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ വ്യാഖ്യാനം. ഇളയ സഹോദരുണ്ടാകുന്ന കുട്ടികള്‍ നിയമപരമായി മൂത്ത സഹോദരന്‍റെ കുട്ടികള്‍ ആയാണ് അറിയപ്പെടുക. അതുകൊണ്ട് ജോസഫിന്‍റെ യഥാര്‍ത്ഥ പിതാവ് യാകൊബും, നിയമപരമായ പിതാവ് ഹേലിയുമാണ് എന്നാണ് വാദം. മത്തായി യഥാര്‍ത്ഥ പിതാവിന്‍റെ പേര്‍ പറഞ്ഞപ്പോള്‍ ലൂകാ നിയപ്രകാരമുള്ള പിതാവിന്‍റെ പേര്‍ പറഞ്ഞു വെന്നും വാദിക്കുന്നു. ഈ വാദം ശേരിയാണെങ്കില്‍, ഹേലിയും, യാകൊബും സഹോദരന്മാരായിരിക്കണം അതുകൊണ്ട് തെന്നെ അവരുടെ പിതാക്കള്‍ ഒരേ ആളായിരിക്കണം. പക്ഷെ മത്തായിയും ലൂകൊസും അവിടെയും വൈരുധ്യം പുലര്‍ത്തുന്നുണ്ട്. കാരണം മത്തായി പ്രകാരം യാകൊബിന്‍റെ പിതാവ് മത്താനും, ലൂകൊസ് പ്രകാരം ഹെലിയുടെ പിതാവ് മത്താതും ആണ്. ഇത് പരിഹരിക്കാന്‍  വേണ്ടി , യകൊബും ഹെലിയും വിത്യസ്ത പിതാക്കന്മാര്‍ക്കും എന്നാല്‍ ഒരേ മാതാവിനും പിറന്ന (അര്‍ദ്ധ) സഹോദരന്‍മാര്‍ ആണ് എന്നാണ് വ്യാഖ്യാനം.! അതായത്‌ മത്താന് യാകോബ് പിറന്നതിന് ശേഷം, അദ്ദേഹം മരണപ്പെടുകയും, അതിന് ശേഷം മത്താന്റെ വിധവയെ മത്താത് വിവാഹം കഴിക്കുകയും അതില്‍ ഹേലി ഉണ്ടാകുകയും ചെയ്തു എന്നാണ് വ്യാഖ്യാനം.  ആധുനിക ബൈബിള്‍ പണ്ഡിതന്‍മാര്‍ ഇത്തരം വ്യാഖ്യാനങ്ങള്‍ നല്‍കാറില്ല, കാരണം പഴയ പുതിയ നിയമങ്ങളില്‍ വിവരിക്കുന്ന വംശാവലി പട്ടികകള്‍ ചരിത്രപരമാണ് എന്ന് വാദിക്കാന്‍ ബുദ്ധിമുട്ടാണ്.

മത്തായിയും പഴയനിയമവും തമ്മിലുള്ള താരതമ്യം


മത്തായി നല്‍കിയിരിക്കുന്ന വംശാവലി ലൂക്കോസുമായി വൈരുധ്യം പുലർത്തുന്നതോടൊപ്പംതെന്നെ പഴയ നിയമവുമായും വൈരുധ്യം പുലര്‍ത്തുന്നു. മത്തായി തെന്‍റെ വംശാവലി, പതിനാല് പേര്‍ വീതമുള്ള മൂന്ന് ഭാഗമായിട്ടാണ് അവതരിപ്പിക്കുന്നത്‌. പതിനാലിന് പ്രാധാന്യം കല്‍പ്പിക്കാന്‍ പല കാരണങ്ങളും വ്യാഖ്യാതകള്‍ പറയുന്നുണ്ട്. ദാവീദ് എന്ന ഹീബ്രു പദത്തിലെ വ്യഞ്ജനാക്ഷരങ്ങള്‍ക്ക് തുല്യമായ അക്കങ്ങള്‍ ( D=4, V=6, D+V+D =14) എന്നിവ കൂടിയാല്‍ 14 കിട്ടുന്നതുകൊണ്ടാണ് മത്തായി പതിനാലായി തരം തിരിച്ചത് എന്ന് വ്യാഖ്യാനമുണ്ട്. ചില മുസ്ലിംകള്‍ ബിസ്മി അറബിയില്‍ ( ഹീബ്രുവും അറബിയും സഹോദര ഭാഷകള്‍ ആണ് ) എഴുതി ഇത്തരത്തില്‍ കൂട്ടികിട്ടുന്ന 786 എന്ന സംഖ്യയെ പ്രാധാന്യപൂര്‍വം പരിഗണിക്കാറുള്ളത് പോലെ.

എന്തായിരുന്നാലും പതിനാല് എന്ന സംഖ്യ ലഭിക്കുന്നതിനു വേണ്ടി മത്തായി പഴയ നിയമത്തില്‍ പറഞ്ഞ വംശാവലിയിലെ പല ആളുകളെയും ഒഴിവാക്കുന്നുണ്ട്. രണ്ടാമത്തെ ഗ്രൂപ്പില്‍ (ദാവീദ് മുതല്‍ ബാബിലോണ്‍ പ്രവാസം വരെ) ദാവീദിന്റെ ആദ്യത്തെ ആറു പിന്തുടര്ച്ച‍ക്കാരുടെ പേര്‍ കൊടുത്തത് പഴയനിയമവുമായി  ഒത്ത്പോകുമ്പോൾ  (15 മുതല്‍ 20 വരെയുള്ള പേരുകള്‍) പഴയ നിയമത്തില്‍ പറഞ്ഞിട്ടുള്ള, യെഹോവാഹാസ്, യോവാശ്, അമസ്യാവെ എന്നീ പേരുള്ള  യോറാമിന്റെ മൂന്നു സന്താന പരമ്പരകളെ, ഒഴിവാക്കിയിട്ടാണ്  (1 ദിനവൃത്താന്തം 3:11 നോക്കുക) മത്തായി രണ്ടാമത്തെ ഗ്രൂപ്പില്‍ പതിനാല് പേരെ എണ്ണുന്നത്. മത്തായി വംശാവലി നല്‍കുന്നത് ഇന്നയാളെ ഇന്നയാള്‍ ജനിപ്പിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് എന്ന് ശ്രദ്ദിക്കുക, അത്കൊണ്ട് തെന്നെ മത്തായി ഇവിടെ പ്രധാനപ്പെട്ട പേരുകള്‍ മാത്രമാണ് പറഞ്ഞത് എന്ന് വാദിക്കാന്‍ കഴിയില്ല.

മത്തായിലെ അബദ്ധം


മത്തായി തെന്‍റെ വംശാവലിയിലെ പേരുകളെ മൂന്നു ഭാഗമായി തിരിച്ചിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് പറഞ്ഞുവല്ലോ. ഇതിലെ ഓരോ വിഭാഗത്തിലും പതിനാല് വീതം ആളുകള്‍ ഉണ്ട് എന്നാണ് മത്തായിയുടെ സുവിശേഷം പറയുന്നത്.
17 ഇങ്ങനെ, അബ്രാഹം മുതൽ ദാവീദുവരെ പതിനാലും ദാവീദുമുതൽ ബാബിലോണ്‍ പ്രവാസംവരെ പതിനാലും ബാബിലോണ്‍ പ്രവാസം മുതൽ ക്രിസ്തുവരെ പതിനാലും തലമുറകളാണ് ആകെയുള്ളത്.  (മത്തായി 1:17)
പക്ഷെ രസകരമായ വസ്തുത ആദ്യത്തെ രണ്ടു വിഭാഗത്തിലും പതിനാല് വീതം പേരുകള്‍ ഉണ്ടെങ്കിലും അവസാനത്തെ വിഭാഗത്തില്‍ 13 പേരെ ഉള്ളൂ എന്നതാണ്. പകര്‍ത്തിയെഴുത്തുകാര്‍ ഒരു പേര്‍ വിട്ടു പോയതായിരിക്കാനാണ് സാധ്യത.

വംശാവലിയും ചരിത്രവും


ഈ വംശാവലിയിലെ വൈരുധ്യങ്ങളെ എത്ര തെന്നെ വ്യാഖിനിച്ചാലും ഇവ ചരിത്രപരമാണ് എന്ന് പറയാന്‍ കഴിയില്ല. പഴയ നിയമത്തിലെ കണക്കുകൾ പ്രകാരം, അബ്രഹാമിന്‍റെയും ആദാമിന്‍റെയും ഇടയില്‍ 19 നൂറ്റാണ്ടിന്‍റെ കാലയളവാണ് ഉള്ളത്. പഴയ നിയമത്തില്‍ പറഞ്ഞ ഇതേ വംശാവലിയാണ് ലൂക്കോസ് പകർത്തുന്നത് (ലൂകൊസ് ഉല്പത്തി പുസ്തകത്തില്‍  ഇല്ലാത്ത ഒരു പേര്‍ അധികമായി നല്‍കുന്നുണ്ട്, ഇത് പഴയനിയമത്തിന്‍റെ ഗ്രീക്ക്‌  പരിഭാഷയില്‍ എങ്ങിനെയോ കടന്നുകൂടിയ പേരാണ്, ലൂകൊസിന് ഹീബ്രു ബൈബിളിന്‍റെ ഗ്രീക്ക്‌ പരിഭാഷയില്‍ നിന്നാകും ഇത് കിട്ടിയത് എന്ന് കരുതാം ).

അബ്രഹാം BC 1850 ല്‍ ജീവിചിരിന്നു എന്ന് കണക്കാക്കപ്പെടുന്നു. അതായത്, ഈ വംശാവലി പ്രകാരം  ഭൂമിയില്‍ മനുഷ്യകുലം ആരംഭിച്ചത്  വെറും ആറായിരം വര്‍ഷം മുമ്പായിരിക്കണം. ഇത് തീര്‍ച്ചയായും ശാസ്ത്രീയമായി സ്വീകാര്യമല്ല. അതെ പോലെതെന്നെ അബ്രഹാമിനും അദാമിനും ഇടയില്‍ വെറും 19 ഓ 20 ഓ തലമുറകള്‍ മാത്രമേ ഉണ്ടായിരുന്നൂ എന്ന് പറയുന്നതും, ഇന്ന് ഭൂരിഭാഗം ആളുകളും ഇത് അംഗീകരിക്കുകയില്ല.